രഹസ്യം-രണ്ടാമന്റെ കുറിപ്പുകള്‍

തുന്വികളുടെ ഒറ്റച്ചിറകില്‍ ഇലകളില്‍നിന്ന് മടക്കയാത്ര തുടങ്ങിയ
അതിന്റെതന്നെ പച്ചപ്പിനെ ഉപ്പുകൊട്ടകള്‍ക്ക് കൈമാറുന്നു.

ശരീരം ഒരു നഗരമാണെന്ന്
വിളിച്ചുപറയുന്ന മരത്തെക്കുറിച്ച്
ചില കാര്യങ്ങള്‍

ആശാരിയുടെ നോട്ടം
മുലകളിലാണെന്ന്
തിരിച്ചറിയുന്ന
ഒരു മരം
കവലയില്‍ നില്‍പ്പുണ്ട്.
പൂക്കളുണ്ടായിരുന്ന ഒരു ചില്ല
കിളിയായി പറന്നുപോകുന്നത്
നോക്കി നില്‍ക്കുന്ന
ഒരു മരം.
പണ്ട് ഞാന്‍
നിറയെ മരമായിരുന്നെന്ന് പിറുപിറുക്കുന്ന
ഒരു മരം.

മരത്തില്‍നിന്ന് ഒലിച്ചിറങ്ങുന്ന ഇലകള്‍
നദിക്കരയില്‍ വീടുപണിയുന്നു.

വൈന്‍ഗ്ലാസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന
മേഘങ്ങള്‍ വരച്ചവനെ എനിക്കറിയാം.
അന്ധനായ പാതിരിയുടെ മാളികയില്‍
ഒരു രാത്രി മുഴുവനും അവനുമൊത്ത് വീഞ്ഞുമോന്തിയിട്ടുണ്ട്.
ആകാശം മേഘങ്ങളെ അഴിച്ചുകളയുന്നത്
എപ്പോഴാണെന്ന് പറഞ്ഞുതന്നിട്ടുണ്ട്.

.......... മോഷ്ടിക്കപ്പെട്ട മുഖംമൂടികള്‍
തടാകത്തില്‍ നിന്ന് കയറിവരുന്ന കുതിരകളെ
വശീകരിക്കാനുള്ളതാണെന്ന്
അന്നാണറിഞ്ഞത്.

നദിയിലെ വെള്ളം മുഴുവനും
കടത്തിക്കൊണ്ടുപോയത് ഏതോ പാട്ടുകാരനാണ്.
അയാളുടെ ചുളുങ്ങിക്കൂടിയ പരവതാനിയില്‍
നദി തടവിലാക്കപ്പെടുന്നത്
ഞങ്ങള്‍ നോക്കിനിന്നു.
അപ്പോഴും ഉറഞ്ഞുപോയ അഴിമുഖങ്ങളെക്കുറിച്ച്
അയാള്‍ പാടിക്കൊണ്ടേയിരുന്നു.

............ അപകടകാരിയായ ആ പാട്ടുകാരനെ
വേദിയില്‍നിന്നറക്കി വിടരുതേ
അവനാണ് ഞങ്ങള്‍ക്ക് അപ്പവും വീഞ്ഞും
വാഗ്ദാനം ചെയ്തിരിക്കുന്നത്.

മൂടല്‍ മഞ്ഞിന്റെ കൊന്വൊടിഞ്ഞ്
ഏതാനും ഉറുന്വുകളും മുലകുടിക്കുന്ന ഒരു കുഞ്ഞും
താഴേക്ക് വീഴുന്നു.

കൈയ്യുറകളിടാത്ത യുവതികളുടെ
നഗരങ്ങളില്‍
നീ തിരസ്കരിക്കപ്പെടുന്നു.
നിന്റെ വസ്ത്രമുലയുന്ന രീതികള്‍
ചോദ്യം ചെയ്യപ്പെടുന്നു.

വീഞ്ഞില്‍ കഴുകിയുണക്കിയ കൈയ്യുറകള്‍
നഗരാതിര്‍ത്തികളില്‍ കുടുങ്ങിക്കിടക്കുന്നു.
ദൂരെ ഗിത്താറു വായിക്കുന്ന ജൂതപെണ്‍കുട്ടി മാത്രം
ചലിച്ചുകൊണ്ടിരിക്കുന്നു.

പഴുതാരകളാണ്
ഭൂമിയിലേയ്ക്കുള്ള വഴി പണിയുന്നത്.

ഒരു അരക്കെട്ട് മുന്നോട്ട് വരുന്നു
എവിടെയോ ഉള്ള മറുക് കാട്ടി പേടിപ്പിക്കുന്നു.

പട്ടം പറത്തുന്നവന്‍
ആകാശത്തെ അളന്ന് തിട്ടപ്പെടുത്തുകയാണെന്ന്
ആരോ പറയുന്നു.

അടിമകള്‍ക്ക് ഉടുപ്പുതുന്നുന്ന ഒരു പെണ്‍കുട്ടി
തെരുവ് മുറിച്ചുകടക്കുന്നു.
തൂക്കിലേറ്റപ്പെട്ട കരുത്തനായ അപ്പന്
അവള്‍ വട്ടയിലകള്‍ തുന്നിയ ഒരുടുപ്പ് സൂക്ഷിക്കുന്നു.
അമ്മയെ സൂക്ഷിക്കുന്നു.

........തെരുവില്‍ ജാസ്സ് വായനക്കാരന്‍
ജനക്കൂട്ടത്തെ വിശകലനം ചെയ്യുന്നു.
അവസാനത്തെ നിരയില്‍
രണ്ട് പെണ്‍കുട്ടികള്‍ അയാളുടെ വിരലുകള്‍ക്ക് വേണ്ടി
ചിയേഴ്സ് പറയുന്നു.

ക്ലിയോപാട്ര എന്ന ചരക്കിനോടൊപ്പം
അന്തിയുറങ്ങുന്നതിന് വേണ്ടി മാത്രമാണ്
ഞാന്‍ യുദ്ധത്തിനിറങ്ങിയത്.
മുറിവുകള്‍ അവളുടെ മുലകള്‍
തുന്നിചേര്‍ക്കുമെന്ന് കരുതിയത്
തെറ്റായിരുന്നു.

1 comment:

Anonymous said...

ക്ലിയോപാട്ര എന്ന ചരക്കിനോടൊപ്പം
അന്തിയുറങ്ങുന്നതിന് വേണ്ടി മാത്രമാണ്
ഞാന്‍ യുദ്ധത്തിനിറങ്ങിയത്.

Post a Comment