വേനലവധിക്കുറിപ്പുകള്‍

നീ ഒരു നാഴികമണിയിലേയ്‌ക്ക്‌
കയറിപോകുന്നത്‌ ഞങ്ങള്‍ കണ്ടുനിന്നു
അതെന്തിനായിരുന്നു ?
പെണ്‍കുട്ടികള്‍ ഉറങ്ങാതെ കാത്തിരിക്കുന്നത്‌
നിന്നെയാണ്‌
വാതിലുകള്‍ പാതിതുറക്കപ്പെടുന്നത്‌
നിനക്കുവേണ്ടിയാണ്‌
ഏറ്റവുമൊടുവിലത്തെ വീട്ടിലും
നിന്നെ കാത്തിരിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരിക്കും
അവളുടെ അരക്കെട്ട്‌ നനഞ്ഞൊലിക്കുന്നുണ്ടാവും.
ഭൂമിയിലേയ്‌ക്ക്‌ നീയെറിഞ്ഞ തൂവാലയില്‍
എന്താണെഴുതിയിരുന്നത്‌?
ഗന്ധങ്ങളുടെ തമ്പുരാനേ,
വിരലുകളില്‍ നീയേത്‌
മാന്ത്രികനേയാണ്‌ ഒളിപ്പിച്ചുവെച്ചത്‌
ഏതു മാന്ത്രികവചനമാണ്‌
ഞങ്ങളെ നഗ്നരാക്കിയത്‌

തുന്നികെട്ടിയ
രണ്ട്‌ ചുവരുകള്‍ക്കുള്ളിലാണ്‌
നാം ജീവിക്കുന്നത്‌.
പരസ്‌പരം
നഗ്നരാകുന്നതുവരെ ചുംബിക്കുക.
വേരുകളില്‍നിന്ന്‌
ഈ ചില്ലകളെ മോചിപ്പിക്കുക.
മെഴുകുതിരികളില്‍നിന്ന്‌
അവസാനത്തെ രാത്രിയേയും അഴിച്ചുകളയുക.

പ്രാചീനനഗരങ്ങളില്‍ മഞ്ഞുപെയ്യുമ്പോള്‍
കുമിളകള്‍ക്കുള്ളില്‍ നാം തണുത്തുറയുന്നു.
നമ്മുക്കിടയിലെ റെയില്‍പ്പാതയില്‍
ചരക്കുവണ്ടികള്‍ ഉപേക്ഷിക്കപ്പെടുന്നു.

നിന്റെ മുലകണ്ണുകള്‍
അനന്തതയിലേയ്‌ക്ക്‌ തുറക്കുന്ന
വാതിലുകളാണെന്ന്‌ അറിഞ്ഞിരുന്നെങ്കില്‍
ചുണ്ടുകള്‍ക്ക്‌ വേണ്ടത്ര മൂര്‍ച്ചകൂട്ടുമായിരുന്നു.

സ്വയംഭോഗം ചെയ്യാനുപയോഗിക്കുന്ന
ഫോട്ടോകളില്‍നിന്നും
പെണ്‍കുട്ടികള്‍ ഓടിരക്ഷപെടുന്നു.

കപ്പലുകള്‍ പണയംവെച്ച്‌
കപ്പിത്താന്മാര്‍
പരല്‍മീനുകളുമായി ചൂതുകളിക്കുന്നു.

വനാന്തരങ്ങളില്‍നിന്ന്‌ കൊണ്ടുവന്നത്‌
ഒരു കാളവണ്ടിനിറയെ മഞ്ഞുമാത്രമാണ്‌
ഒരു കുമ്പിള്‍ നിറയെ തണുപ്പുമാത്രമാണ്‌
എന്നിട്ടും
അതിര്‍ത്തികല്ലില്‍
നിത്യവും ഞാനുടഞ്ഞുപോകുന്നു.

തുടയിടുക്കിലെ
ഉരുക്കുനിര്‍മ്മാണ ശാലകളില്‍
നൂറ്റാണ്ടുകളായി തീവണ്ടികള്‍ മാത്രമാണുണ്ടാക്കുന്നത്‌.

പൂര്‍ണ്ണഗര്‍ഭിണികളായ പുല്‍നാമ്പുകള്‍
എന്തിനാണ്‌ ഭ്രമണപഥങ്ങളില്‍ അലഞ്ഞുതിരിയുന്നത്‌.

തകര്‍ന്ന നഗരങ്ങളില്‍നിന്നും
കല്ലുകള്‍ പലായനം ചെയ്യുന്നു.
കണ്ണാടികള്‍ തെരുവിനടിയിലെ രാത്രികളെ ഒപ്പിയെടുക്കുന്നു.
ചുവരിലെ ആയിരം തൊപ്പികള്‍ക്കും തീപിടിക്കുന്നു.

കണക്കുകൂട്ടലുകളെ തെറ്റിച്ച്‌
എല്ലാ രാത്രികളിലും
മണ്ണിനടിയിലെ ലായങ്ങളില്‍നിന്നും
പെണ്‍കുതിരകള്‍ കൊള്ളയടിക്കപ്പെടുന്നു.

ആരാണ്‌ പറഞ്ഞത്‌
പെണ്‍കുട്ടികള്‍ നീണ്ടമുടിയിഴകളുടെ കൊട്ടാരങ്ങള്‍ മാത്രമാണെന്ന്‌.
മുറിച്ചുവച്ച കണ്ണാടികള്‍ മാത്രമാണെന്ന്‌.

ഒരുവള്‍ അരകെട്ടുകൊണ്ടളന്ന്‌
ഭൂമി സ്വന്തമാക്കുന്നു
മുടിയിഴകളില്‍ സൂര്യനെ അടിമയാക്കുന്നു.

കുന്നിന്‍ചെരുവില്‍ നിന്ന്‌ കണ്ണുപറിക്കുമ്പോള്‍
റെറ്റിനയില്‍ ഒരു കൂറ്റന്‍ ആല്‍മരം കുടുങ്ങിയാല്‍
നമ്മളെന്തുചെയ്യും.

ഒട്ടകപക്ഷിയുടെ നീണ്ടകാലുകളില്‍നിന്നും
തണലുപറക്കുന്നു
വെയിലുപറക്കുന്നു
ഇരുട്ടുപറക്കുന്നു
പുകയില വില്‍ക്കുന്ന ഒറ്റക്കാലന്റെ
പാട്ടുമാത്രം ബാക്കിയാവുന്നു.

മുറ്റത്തൊരു കിളിയിരിക്കുന്നു
അതിന്റെ ചിറകുകള്‍
അന്യഗ്രഹങ്ങളില്‍ അലയുകയാവണം.

അടിമകളെ
മണ്ണുമാന്തിക്കപ്പലുകളോടുപമിച്ചതാരാണ്‌ ?
ആയിരം നാവുകളുണ്ടെങ്കില്‍
തോണിയുണ്ടാക്കാമെന്നും
ഭൂമിയെ വലംവെയ്‌ക്കാമെന്നും പറഞ്ഞതാരാണ്‌ ?

ഒരഞ്ചുവയസ്സുകാരന്റെ പാട്ടവണ്ടി
നിമിഷനേരംകൊണ്ട്‌
കണ്ണെത്താത്ത ദൂരങ്ങളെ ചുരുട്ടിയെടുക്കുന്നു
അവനുമാത്രമറിയാവുന്ന വഴികളിലൂടെ
അറിയപ്പെടാത്ത നഗരങ്ങളിലേക്ക്‌ പായുന്നു.

മേശപുറത്തുനിന്നും
ഒരുവനെടുക്കാന്‍ മറന്നുപോയ
വാക്കുകളുമായി
മൂന്നുവയസ്സുകാരന്‍ മകന്‍
തീവണ്ടിയോടിച്ചുകളിക്കുന്നു.
കാടിനടുത്തൊരു വളവില്‍
അവന്റെച്ഛന്‍
വിയര്‍ത്തൊലിച്ച്‌
ആ വണ്ടികാത്തുനില്‍ക്കുന്നത്‌
അവനറിഞ്ഞിരിക്കില്ല.

നമ്മുടെ നേരംമ്പോക്കുകള്‍ക്കിടയിലും
ഒരു മതില്‍ വിറയ്‌ക്കുന്ന വിരലുകളുമായി
വീട്ടുമുറ്റത്തുലാത്തുന്നു
അപരിചിതരുടെ കാല്‌പാടുകളെ
ഒപ്പിയെടുക്കുന്നു.

ഉപ്പുപാടങ്ങള്‍ക്ക്‌ കാവല്‍നിന്ന
കന്യകമാരാണ്‌ ഉറുമ്പുകളെ വഴിതെറ്റിച്ചത്‌.

നിശ്ശബ്‌ദലിപികളുടെ വിനിമയങ്ങളില്‍
വിരലുകള്‍ മറന്നുവെയ്‌ക്കരുത്‌
പനിനീര്‍പ്പൂക്കളുടെ ചിത്രംതുന്നിയ
തൂവാലകള്‍ ഉപേക്ഷിക്കരുത്‌.

അഭയാര്‍ത്‌ഥികളുടെ നഗരത്തിന്‌
മെഴുകുപ്രതിമകളെ
കാവല്‍നിര്‍ത്തിയതാരാണ്‌?
കറുത്തപല്ലികള്‍ക്ക്‌
ചിറകുകള്‍ നല്‍കിയതാരാണ്‌?

നോക്കുമ്പോള്‍
തോട്ടില്‍നിന്നും ഒരു കിളി പറന്നുപോകുന്നു.
ഇത്രയാഴത്തില്‍
ആകാശംകാണാതെ എത്രകാലം കഴിഞ്ഞുകാണും.
എന്തായാലും
ഒറ്റനോട്ടത്തിന്‌ ചുണ്ടില്‍നിന്നും
മീനിന്റെ ചിത്രം മായിച്ചുകളഞ്ഞത്‌
സൂര്യനാകില്ല.

ജനലുകളെ
അവഗണിച്ചുകൊണ്ടൊന്നും
ഒരു വീടിനും അതിജീവനത്തെക്കുറിച്ച്‌
ചിന്തിക്കാനാകില്ല.

ഉണര്‍ന്നെണീക്കുമ്പോള്‍
കാലുകളില്‍ വേരുമുളച്ചതുകണ്ട്‌
നീ പേടിക്കും
നിലവിളിക്കും.
കൈവീശി നടക്കാനായുമ്പോള്‍
വിരലുകളില്‍നിന്ന്‌ പൂക്കളടരും.

ഒരുകുടം വെയിലുകൊണ്ടൊന്നും
ഇത്രയധികം മരങ്ങളെ കഴുകിവെടിപ്പാക്കാനാകില്ല.

എത്രനേരം ചാരിനിന്നാലാണ്‌
കാറ്റിന്‌
ഈ മരങ്ങളെ സ്വന്തമാക്കാനാകുക ?

കുന്നിന്‍ചെരുവില്‍നിന്ന്‌
അവസാനത്തെ മരവും കടന്നുകളയുന്നു.

വന്‍കരകളെ മറികടക്കുമ്പോള്‍
അടിയൊഴുക്കുകളില്‍ നാം ചിതറിപോകുന്നു
തലയിണകള്‍
ആഴങ്ങളിലേയ്‌ക്ക്‌ മടങ്ങിപോകുന്നു.

രണ്ടുപേരെ ഒരുമിച്ച്‌ കാണാതാകുമ്പോള്‍
തീര്‍ച്ചയായും
ഒരു ചൂണ്ടകൊളുത്തിനെ സംശയിക്കണം.

മൂന്നുമണിയുടെ തീവണ്ടി
വന്നപ്പോഴേയ്‌ക്കും
നഗരം ഒരു ചവറുകൂനയായി
മാറിയിരുന്നു.
ചീഞ്ഞപഴക്കുലകള്‍കൊണ്ട്‌
നിര്‍മ്മിച്ച സ്റ്റേഷനില്‍
ഏതാനം ഉറുമ്പുകള്‍ മാത്രമാണിറങ്ങിയത്‌.

2 comments:

Melethil said...

കൈപ്പിടിയിലോതുങ്ങുന്നില്ല സുഹൃത്തെ

Jayesh / ജ യേ ഷ് said...

ഓരോന്നോരോന്നായി വായിക്കുകയായിരുന്നു. ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് പിയാനോ ഒറ്റയ്‌ക്കൊരു പെണ്‍കുട്ടിയാണ്‌

Post a Comment