നദിയുടെ മൂന്നാംകര

കവണയുടെ അറ്റത്തെ കല്ലിനെപ്പോലെ
നീയെന്നെ ത്രസിപ്പിച്ച് നിര്‍ത്തുകയാണ്
വിസ്‌കി മണക്കുന്ന മുലക്കണ്ണുകളില്‍
എനിക്ക് എന്നെതന്നെ നഷ്ടമാകുന്നു.

പേരുകള്‍ക്കപ്പുറവും നദികളുണ്ട്
നിശ്ശബ്ദമായി ഒഴുകുന്ന വീടുകളില്‍
അവരുറങ്ങുന്നു.

വീട്ടില്‍ കുഞ്ഞുങ്ങളുണ്ട്
അവരുടെ കരച്ചിലുണ്ട്
ചിരികളുണ്ട്.

എല്ലാത്തിനുംമീതെ നദി തിളച്ച് മറിയുകയാണ്.

എല്ലാ പേരിലും നദികളുണ്ട്.
ആ നദിയുടെ പേരിടാന്‍
നമ്മള്‍ പോകുന്നു.

കിടക്കയില്‍ കെട്ടിമറിയുന്ന
രണ്ടുപേര്‍ക്കിടയില്‍
ഒഴുക്ക് നിലച്ചുപോയ നദി
വീര്‍പ്പുമുട്ടുന്നു.

നഗ്നരായി ഉറങ്ങുന്ന നമ്മളെ ഉപേക്ഷിച്ച്
നദി കടന്നുകളയുന്നു.

ഞാന്‍ നിന്നെ എന്റെ കോളനിയാക്കുന്നു
കൃഷിയിടങ്ങിലേക്ക് ആട്ടിത്തെളിച്ച് കൊണ്ടുവന്ന
അടിമകള്‍ നിന്നെ ഉഴുതു മറിക്കുകയാണ്.
മുത്തും പവിഴവും ലഭിക്കുമെന്ന്
അവരോട് കള്ളം പറഞ്ഞതാരാണ്.
അടിക്കാടുകളില്‍ തെച്ചിപൂക്കുന്ന
സന്ധ്യകളില്‍ നമ്മള്‍ ഇണചേരുന്നതുനോക്കി
ഒരു പൂച്ചയിരിക്കുന്നു.

എന്നിട്ടും നദിയുടെ വേര്
മാത്രം തെളിഞ്ഞില്ല.

എനിക്ക് കാണാന്‍
നീ മാറിടത്തില്‍ പൂക്കള്‍ സൂക്ഷിക്കുന്നു.
ഞാന്‍ നോക്കുമ്പോള്‍
പൂക്കള്‍ മാത്രമാണ് കാണുന്നത്
വിത്തുകള്‍ എവിടെയാണ്
ഒളിച്ചിരിക്കുന്നത്.

വിത്തുകളില്‍ എഴുതിയിരിക്കുന്ന പേര്
ഏത് നദിയുടേതാണ്.

എനിക്കിപ്പോള്‍ നിന്റെ ശരീരമറിയാം,
എന്റെ വീടുപോലെ.
അതിന്റെ ആശാരിയും
കല്‍പ്പണിക്കാരനും
ഞാന്‍ തന്നെയാണ്.
അതിരുകളില്‍ ഞാന്‍ എന്നെത്തന്നെ
കുഴിച്ചിട്ടിരിക്കുന്നു.

നദിയെ ആരോ വഴിതിരിച്ച്
വിടുകയായിരുന്നു.

നിന്റെ നിഷേധമാണ് നിന്റെ പ്രേമം
ഒരു ജനത നിഷേധിക്കുന്നയാള്‍
അവരുടെ ഭരണാധികാരി ആകുന്നതുപോലെ
നീ ഏറ്റവും കൂടുതല്‍ നിഷേധിക്കുന്നയാള്‍
നിന്റെ കാമുകനാകുന്നു.
നിഷേധങ്ങളില്‍ നിന്നാണ്
നിന്നെ കണ്ടെത്തുന്നത്.

ഒരു ചെറുകാറ്റ് നദിയെ കുഴമറിച്ചിടുന്നു

ഭാര്യയും കുഞ്ഞുങ്ങളുമുള്ള ഒരാള്‍
പൂര്‍ണ്ണ ഗര്‍ഭിണിയായ
കാമുകിയെ ഓര്‍ക്കുന്ന പോലെ
ഞാനെന്റെ നാടിനെ ഓര്‍ക്കുന്നു.
അടുത്ത കവലയില്‍ എന്നെ കാത്ത്
ഒരു പട്ടാളവണ്ടി കിടപ്പുണ്ട്.

2

കോഫിഷോപ്പിലെ ഉമ്മയില്‍ തുടങ്ങി
അരണ്ട വെളിച്ചമുള്ള കിടപ്പുമുറിയില്‍ ഒടുങ്ങുന്ന
ഒരു രംഗം എന്റെ എല്ലാ സിനിമകളിലുമുണ്ട്
പ്രേമം ആദ്യം തലച്ചോറിലും പിന്നെ അരക്കെട്ടിലുമാണ്
സംഭവിക്കുന്നതെന്ന് നീ പറയുന്നു
ചുണ്ട് പൊള്ളിക്കുന്ന ഉമ്മകളുടെ തോണി
നമ്മുടെ കിടക്കയില്‍ തകര്‍ന്നടിയുകയാണ്.

ആശുപത്രികള്‍ക്ക് വേണ്ടി രൂപകല്പന
ചെയ്ത കെട്ടിടം പോലെയാണ്
നമ്മുടെ ജീവിതം
അത്ര ഇടുങ്ങിയ മുറികള്‍
അത്ര ഇടുങ്ങിയ വഴികള്‍.

ഞാനൊരു നാഴ്‌സിസാണ്
നദിക്കരയിലിരുന്ന് ഞാന്‍ മരിക്കുമെന്ന്
പറയുന്ന ഒരാള്‍ എന്നില്‍ ജീവിച്ചിരിക്കുന്നു
മീനുകളുടെ പാട്ടുകള്‍
അയാള്‍ക്കുവേണ്ടിയാണ്.

3

ഒരു ദിവസം രണ്ട് ചെവിയും
പൊട്ടിയൊലിക്കുന്ന ഒരു വൃദ്ധന്‍
അവരുടെ ഗ്രാമത്തിലേക്ക്
കയറിവന്നു.
അയാളുടെ രണ്ട് തോളിലും
ഓരോ മുയലുകള്‍.
അയാള്‍ക്കുവേണ്ടി മുയലുകള്‍
കാത് കൂര്‍പ്പിക്കുന്നു
കേള്‍ക്കുന്നു
തലയാട്ടുന്നു.

ശബ്ദങ്ങളുടെ ലോകവുമായുള്ള
ബന്ധം അവസാനിക്കുകയാണ്.
ഇനി നിശബ്ദതയുടെ കാലമാണ്
ഉപേക്ഷിക്കപ്പെട്ട നീന്തല്‍ക്കുളം
അവസാനത്തെ നീന്തല്‍ക്കാരനെ
ഓര്‍ക്കുന്നതുപോലെ
അവസാനം കേട്ട വാക്ക്
ഞാന്‍ ഓര്‍ത്ത് നോക്കുകയാണ്.
അതിന്റെ പുളകങ്ങളില്‍
മതിമറക്കുകയാണ്.

4

ഇണചേരുമ്പോള്‍
തീയുണ്ടാകുന്ന കാലം
പെട്ടെന്ന് ഇല്ലാതാകും
പിന്നെ
അവിഞ്ഞ മണമുള്ള കാറ്റിന്റെ
കാലമാണ്
ആ കാലത്തേയും നമ്മള്‍
മറികടക്കുന്നു

5

മരിച്ചാല്‍ മാത്രമേ ഉറങ്ങാന്‍
സാധിക്കൂ എന്ന് പറയുന്ന ഒരാള്‍
എന്നില്‍
ഉണര്‍ന്നിരിക്കുന്നു.
നദിയെ അതിന്റെ ഒഴുക്കിലേക്ക് തിരിച്ചു കൊണ്ടുവരാന്‍
പോയവര്‍ മടങ്ങിവന്നിട്ടില്ല.
മീനുകള്‍ക്ക് ഉറങ്ങാനായി
കിടക്കയില്‍ നീയിറക്കിയ
കടലാസുതോണികള്‍ നനഞ്ഞു
കുതിരുകയാണ്.

6

ഡാന്‍സ് ബാറിലെ സ്റ്റീല്‍ കമ്പിയില്‍
നഗ്‌നത മറയ്ക്കുന്ന യുവതിക്കും
അവളെ നോക്കി വോഡ്ക നുണയുന്ന
വൃദ്ധനുമിടയില്‍ എന്റെ
ഞരമ്പുകള്‍ വലിഞ്ഞ് മുറുകുന്നു

7

മഴ വന്നു
വീട് കഴുകി
കമഴ്ത്തിവെച്ചു

8

പുറകിലേക്ക് കൈകുത്തി
ഇരിക്കുന്ന
മുലയുള്ള ഒരപ്പന്‍
അയാളുടെ മടിയിലിരിക്കുന്ന
ഒന്നര വയസുകാരി
അവരെ നോക്കിയിരിക്കുന്ന
മാമ്പഴ ഗന്ധമുള്ള ഒരു വൈകുന്നേരം

വായു സഞ്ചാരമില്ലാത്ത വീടുകളില്‍
താമസിക്കുന്നവരെപ്പോലെ
നമ്മള്‍ വീര്‍പ്പുമുട്ടുകയാണ്.
ക്രൂരനായ ഒരു ഭരണാധികാരിയുടെ
വീട്ടിലെ വെപ്പുകാരന്റെ വേഷത്തില്‍
നിനക്ക് ശോഭിക്കാനാകുന്നില്ല
എന്നിട്ടും നീ ആ കുപ്പായത്തിന്റെ
കുടുക്കുകള്‍ അഴിക്കുന്നില്ല.

ഒരു മലഞ്ചെരുവിനെ
അലങ്കരിക്കുകയാണ്
പൂക്കാലം
മുയലുകള്‍ അത് നോക്കി രസിക്കുന്നു.

9

ഏത് വിദഗ്ദനായ തുന്നല്‍ക്കാരനാണ്
നദിയുടെ ഉടുപ്പുകള്‍ തുന്നിയത്.
ഉടുപ്പില്‍ അല്പംപോലും ചെളിപറ്റാതെ
അവള്‍ നാടുനീളെ തെണ്ടി നടക്കുന്നു.

10

നിന്നെ ഭ്രാന്ത് പിടിച്ച് പ്രണയിക്കാന്‍
ഞാനുണ്ടാകും.
നീ പോയാല്‍
ഭ്രാന്ത് മാത്രമായിരിക്കും അവശേഷിക്കുക.

നമുക്കിടയില്‍ നടക്കുന്നത്
വലിയ യന്ത്രങ്ങളുടെ പ്രവര്‍ത്തനമാണ്
ഒരുപാട് ഇന്ധനം അതിനാവശ്യമുണ്ട്.

ഭൂമിയെക്കുറിച്ച് പറയുന്നതുപോലെ
ഞാന്‍ നിന്നെക്കുറിച്ച് പറയുന്നു.
അന്യഗ്രഹങ്ങളില്‍ നിന്ന് നോക്കുമ്പോള്‍
നാം ഒരു വള്ളിച്ചെടി.

ആലിംഗനം ചെയ്ത് നില്‍ക്കുന്ന നമുക്കിടയില്‍
ഒരു വള്ളിച്ചെടി പടര്‍ന്ന് പന്തലിച്ചിരിക്കുന്നു.
വള്ളിച്ചെടിക്ക് പടര്‍ന്ന് കയറാനും മാത്രം സമയം
നമ്മള്‍ ആലിംഗനം ചെയ്തുകാണുമോ?
അതോ മറ്റൊരു വള്ളിച്ചെടിയെന്ന്
കരുതിക്കാണുമോ?

നമ്മളില്‍ ഇനിയും തുറക്കാത്ത
പ്രണയത്തിന്റെ വലിയ ഖനികളുണ്ടെന്ന്
നാം തിരിച്ചറിയുകയാണ്.

അതിന്റെ താക്കോലുകള്‍
തിരയുകയാണ്

ഗ്രാഫിറ്റി

അവള്‍ നദിയെ
നഗ്നതകൊണ്ട് സ്‌നാനപ്പെടുത്തുന്നു
ആഴങ്ങളില്‍ അവള്‍ ഏത് മീനിനെക്കാളും
വഴക്കമുള്ളവള്‍
ഏതൊഴുക്കിനെക്കാളും ചൂരുള്ളവള്‍

നദിയുടെ ആഴം
അവളുടെ ഓര്‍മ്മകളുമായി കെട്ടുപിണഞ്ഞ്
കിടക്കുന്നു.


എന്നില്‍ വേരുകളാഴ്ത്തിയ
നദിയുടെ ഉറവ തേടിയുള്ള യാത്രകള്‍ക്കിടയിലാണ്
നിന്നെ കണ്ടുമുട്ടിയത്.    

നദി മുറിച്ച് കടക്കുമ്പോള്‍
ഓര്‍മ്മകള്‍ക്ക് കുറുകെ നമ്മളൊരു
പാലം പണിയുകയാണ്.
ആഴത്തില്‍ വേരുകളുള്ള ഒഴുക്കിന്
ഒരു പേരറിയാപ്പക്ഷിയുടെ ചിറകുകള്‍ നല്‍കുകയാണ്.

(നാടോടികളുടെ ജീവിതമാണ് തങ്ങളുടേതെന്ന് പറഞ്ഞ്
നദി യാത്രയാകുന്നു)


നദിയുടെ തണുത്ത പുതപ്പിനുള്ളില്‍
നമ്മള്‍ ചേര്‍ന്ന് കിടക്കുകയാണ്.   
നദിക്കരയില്‍വെച്ച് കൈമാറാനായി
ചില കത്തുന്ന വാക്കുകള്‍ കരുതിവെയ്ക്കുന്നു.  

മഴയില്ലായിരുന്നു
വെയിലും. 
എന്നിട്ടും നമ്മള്‍
നനഞ്ഞു കുതിരുന്നു
വെയിലേറ്റ് വാടുന്നു. 

പ്രവാഹങ്ങള്‍ നമുക്കായി ഒളിപ്പിച്ചുകടത്തിയ
നദിയുടെ വിത്തുകള്‍ മോഷ്ടിച്ചത്
വേരുകളാണ്.
എന്നിട്ടും നമ്മള്‍ നദിക്കരയിലെ രാത്രികള്‍
ഉപേക്ഷിക്കുന്നില്ല.

(നദിയുടെ വിത്തുകള്‍ ഒളിപ്പിച്ചുകടത്തിയത്
വെയിലാണെന്ന് നീ തര്‍ക്കിക്കുന്നു)  

നദിയെ വാരിപുണര്‍ന്ന്
തിരികെപോകുന്ന മഴക്കാലം
നമ്മുടെ രാത്രികളെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നു.

കെണിവെച്ച് പിടിച്ച നദി
എന്റെ കൈയ്യില്‍ കിടന്ന് പിടയ്ക്കുന്നു
വീട്ടിലേക്ക് കൊണ്ടുപോകുന്നു.


2

നമുക്കിടയില്‍ കൈമാറ്റം ചെയ്യപ്പെടാത്ത
വാക്കുകള്‍ കെട്ടിക്കിടക്കുകയാണ്
ഇനിയാര്‍ക്കും കയറി വരാനാവാത്തവിധം
ഈ മുറി നിറഞ്ഞിരിക്കുന്നു.
അപരിചിതര്‍ക്ക് പ്രവേശമില്ലാത്ത ഗ്രഹത്തില്‍ 
ഞാന്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടുപോകുന്നു. 

നീ അയച്ച പഴയ മെസേജുകള്‍
വീര്യം കൂടിയ വീഞ്ഞുപോലെ
നുരഞ്ഞ് പതയുകയാണ്
അതിലിപ്പോള്‍ നീയും ഞാനുമില്ല
എന്നോ കൈകൊടുത്ത് പിരിഞ്ഞ
രണ്ടാത്മക്കള്‍ മാത്രം
ഇരുട്ടില്‍നിന്ന് പുറത്ത് കടക്കുമ്പോള്‍
നാം രണ്ടപരിചിതര്‍.   

വീഞ്ഞിന്റെ പുളിപ്പാണ്
ജീവിതത്തെ ചേര്‍ത്ത് പിടിക്കാന്‍ പ്രേരിപ്പിക്കുന്നത്
ബൈനോക്കുലറിലൂടെ നോക്കുമ്പോള്‍
അകന്നുപോകുന്ന പ്രദേശങ്ങളിലാണ്
നമ്മള്‍ ജീവിക്കുന്നത്. 


എനിക്കറിയാം
കൈവിട്ട് പോകുന്നത്
ഭൂമിയിലെ ഏറ്റവും തണുത്ത പ്രദേശങ്ങളാണെന്ന്
മഞ്ഞ് വീഴുന്ന താഴ്‌വരകളാണെന്ന്
എന്നിട്ടും നമ്മള്‍ ഇലകള്‍കൊണ്ട് നിര്‍മ്മിച്ച
നഗരങ്ങളിലേക്ക് യാത്ര തിരിക്കുന്നു 

പൊടുന്നനെ നിലച്ച് പോകുമ്പോഴാണ്
ഒരു ഗിത്താറിസ്റ്റ് പാട്ടില്‍
എന്ത് ചെയ്യുകയായിരുന്നുവെന്ന്
നമ്മള്‍ തിരിച്ചറിയുക.

ഗിത്താര്‍ നിര്‍മ്മിക്കപ്പെട്ട
അതേ തടിയിലാണ് നീയും സൃഷ്ടിക്കപ്പെട്ടത്
ഭൂമിയില്‍ എല്ലാവരും
ഒരുമിച്ച് ഉറങ്ങാന്‍ കിടന്ന ദിവസമായിരുന്നു
അത്.


3

നീ ഷൈലോക്കിന്റെ പെങ്ങള്‍
ഒരു റാത്തല്‍ ഇറച്ചിക്കുവേണ്ടി
പ്രേമത്തെ ഒറ്റിക്കൊടുത്തവള്‍
നീ പോയശേഷം
പോക്കറ്റടിക്കപ്പെട്ടവനെപ്പോലെ
ഞാന്‍ പകച്ചുപോകുന്നു.
നഗരത്തിലെ ആദ്യദിനംപോലെ
ജീവിതം അങ്കലാപ്പുകള്‍ നിറഞ്ഞതാകുന്നു.

സിംഹങ്ങള്‍ കാവല്‍ നില്‍ക്കുന്ന 
എന്റെ പ്രേമത്തെ
ആരോ കടത്തികൊണ്ടുപോകുന്നു. 
 

4

ഏറ്റവും നിരാശ ഭരിതമായ വരികള്‍
ഒരമ്മയെക്കുറിച്ചുള്ളതാകുമെന്ന് നീ പാടുന്നു
അമ്മയും കൂടെ പാടുന്നു.

5

തോകര്‍ത്തില്‍ കുടുങ്ങിയശേഷമുള്ള
അവസാനത്തെ കളിയിലാണ് പരല്‍മീനുകള്‍.  

നിറയെ എലികളുള്ള ഒരു വീട്ടിലെ
ഒറ്റക്കണ്ണന്‍ പൂച്ചയുടെ ജാഗ്രതയാണ് നീ
അതുകൊണ്ട് മാത്രമാണ്
എല്ലാ ആള്‍ക്കൂട്ടത്തിലും നീ റദ്ദാക്കപ്പെടുന്നത്.

നിനക്ക് ഒറ്റ ഊത്തിന്
ഏഴ് നദിയും കടത്തിവിടാവുന്ന
ഒരപ്പൂപ്പന്‍ താടി മാത്രമാണ് ഞാന്‍
ഗോള്‍ഫ് ഗ്രൗണ്ടിലേക്ക് തിരിച്ചുവരുന്ന പന്തുപോലെ
നീ കാണികളെ ആവേശഭരിതരാക്കുന്നു. 

പിയാനോയായി മാറാനിടയുള്ള
ഒരു മരമാണ് ഞാനെന്ന് നീ പറയുന്നു
ഒരു തച്ചന്റെ മനസോടെ ഞാനത് സമ്മതിക്കുന്നു. 
   

ഭ്രാന്ത് ഒരു വാദ്യോപകരണമാണ്

മലമടക്കില്‍നിന്ന് തിരിച്ചുവന്ന
കാറ്റിനെ വിരുന്നൂട്ടുകയാണ്
എന്റെ ഗ്രാമം.
പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ മീനിന്
കാറ്റ് ഒടിഞ്ഞുനുറുങ്ങിയ ചിറകുകള്‍ സമ്മാനിക്കുന്നു.

-ഭൂമിക്കടിയിലൂടെ പറക്കാന്‍ അത് ധാരാളമെന്ന്
മീന്‍ തിരിച്ചറിയുന്നുണ്ട്.

ഒരു മീന്‍ പോലുമില്ലാത്ത
കുളങ്ങള്‍ ആരുടെ ഓര്‍മ്മകളെയാണ്
ആര്‍ദ്രമാക്കുന്നത്.


ഭൂമിയിലെ ഏറ്റവും പ്രായമുള്ള
ഒരാള്‍ നിന്നില്‍ ഒളിച്ചിരിക്കുന്നുണ്ട്
ഏത് ഒഴുക്കിലേക്കും
എടുത്ത് ചാടാന്‍ കൊതിക്കുന്ന
ഒരു നീന്തല്‍ക്കാരനെയാണ് നീ ഓര്‍മ്മിപ്പിക്കുന്നത്.

മേല്‍ക്കൂരയില്ലാത്ത ഒരു വീടാണ് ഭൂമി

വീട് മാറുമ്പോള്‍ നഷ്ടപ്പെടുന്ന
ചില സാധനങ്ങള്‍പോലെ നിന്നെ
എന്നന്നേക്കുമായി നഷ്ടപ്പെടുന്നു.
ഭൂമിയില്‍നിന്ന് കാണാനാവാത്ത
ഒരു നക്ഷത്രത്തിലേക്കുള്ള വഴി നീ പറഞ്ഞു തരുകയാണ്.
പ്രേതങ്ങള്‍ക്ക് മാത്രം മനസിലാകുന്ന ഭാഷയില്‍
നീയെന്നോട് സംസാരിക്കുകയാണ്
നമുക്കിടയിലെ ചിലന്തിവലയില്‍നിന്ന്
ഒരു മൂളിപ്പാട്ടിറങ്ങിവരുന്നു. 

യക്ഷികളും ദുര്‍മന്ത്രവാദികളും മാത്രം പുറത്തിറങ്ങുന്ന
ഒരു രാത്രിക്കുവേണ്ടി നമ്മള്‍ കാത്തിരിക്കുകയാണ്.
ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്കുള്ള നടപ്പാത നിര്‍മ്മിക്കുന്ന
തിരക്കിലാണ് ഉറുമ്പുകള്‍.   

മറ്റൊരു ഗ്രഹത്തില്‍നിന്ന് നോക്കുമ്പോള്‍
ഭൂമി ഒരു അബ്‌സ്ട്രാറ്റ് പെയ്ന്റിംങ്ങ്


മരങ്ങളെ നദിയോട് ചേര്‍ത്ത് നിര്‍ത്തുന്നത്
ഉറുമ്പുകളായിരുന്നു.  
പക്ഷികള്‍ ചേക്കേറിയശേഷം മറവിയിലേക്ക്
പിന്‍വാങ്ങിയ മരങ്ങളെയും ഉറമ്പുകള്‍ തിരികെ കൊണ്ടുവരുന്നു.

വേരുകളില്ലാത്തതുകൊണ്ട് മാത്രമാണ്
ഒഴിഞ്ഞ വീഞ്ഞുപാത്രങ്ങളില്‍നിന്ന് പാനം ചെയ്യുന്നതെന്ന്
പറഞ്ഞ് മരങ്ങള്‍ പിന്‍വാങ്ങുന്നു.

രണ്ട് കോട്ടവായ്കള്‍ക്കിടയില്‍
കണ്ടുമുട്ടിയവരുടെ അപരിചിതത്വം നമ്മുക്കിടയില്‍
നിറഞ്ഞുനില്‍ക്കുന്നു.
പാടാനറിയാവുന്ന കിളികളെ ഒഴുക്ക് കൊണ്ടുപോകുന്നതുപോലെ
ഞാന്‍ നിന്നെ കൂട്ടുന്നു.

ജീവിതത്തെക്കാള്‍ വലുതെന്തോ കാലം
നമുക്കായി കരുതിവെച്ചിട്ടുണ്ട്
അതുകൊണ്ടാണ് നമ്മള്‍ നെടുവീര്‍പ്പുകളില്‍നിന്ന്
ഇന്ധനമുണ്ടാക്കുന്നവരെക്കുറിച്ച് സംസാരിക്കുന്നത്
കുന്നിക്കുരുവിന്റെ അത്രപോലും വലിപ്പമില്ലാത്ത
ഭൂമിയെ ഉപേക്ഷിച്ച് നാം കടന്നുകളയുന്നു.


കവിതകൊണ്ട് മാത്രം കീഴടക്കാവുന്ന
ഒരു രാജ്യമാണ് നീ
അവിടെ വിചിത്രമായ ആചാരങ്ങളാണ്
എന്നെ കാത്തിരിക്കുന്നത്.
ഒരിക്കലും ഇണങ്ങാനിടയില്ലാത്ത കാട്ടുകുതിരയുടെ
ചൂര് നമ്മളെ പൊതിഞ്ഞ് പിടിച്ചിരിക്കുന്നു.
ആത്മാവ് മാറ്റിവെയ്ക്കാനുള്ള ശസ്ത്രക്രിയകള്‍
മാത്രം നടത്തുന്ന ആശുപത്രിയിലെ ജീവനക്കാരെപ്പോലെയാണ്
നമ്മള്‍ ജീവിക്കുന്നത്.   

മരണങ്ങള്‍ക്ക് ഓശാന പാടുന്ന
മണ്‍വെട്ടികള്‍ മാത്രമാണ് ഇതുവഴി കടന്നുപോകുന്നത്.
നീ ഒറ്റയ്ക്ക് ഒരാള്‍ക്കൂട്ടമാണെന്ന് അവര്‍
വിളിച്ച് പറയുന്നു.
അന്യഗ്രഹങ്ങളില്‍നിന്ന് നാട് കടത്തിയവര്‍
ഒളിച്ച് താമസിക്കുന്ന പ്രേതനഗരമാണ്
ഭൂമിയെന്നും പറയുന്നു.

6

പ്രണയത്തില്‍ ചുംബനം ചെയ്യുന്നത്
ഒരു നടപ്പാതയുടെ പണി മാത്രമാണ്
അതിലൂടെ നടക്കുന്നത് അവര്‍ മാത്രമായിരിക്കും
എന്ന് മാത്രം.

ഓഫ്‌സൈഡ്

കണ്ടുനില്‍ക്കുന്ന ആര്‍ക്കുവേണമെങ്കിലും
ഓഫ്‌സൈഡ് വിസില്‍ മുഴക്കാവുന്ന ഒരു നീക്കമാണ്
ഞാനിപ്പോള്‍ നടത്തുന്നത്.
രണ്ട് കാലുകള്‍ ഗോള്‍മുഖം ലക്ഷ്യമാക്കി
കുതിക്കുകയാണ്.
ആരവങ്ങള്‍ക്കിടയില്‍ ഒരു ഗോളിയുടെ ഏകാന്തത
ഞാനറിയുന്നുണ്ട്.
എനിക്ക് മാത്രം കേള്‍ക്കാവുന്ന ഒച്ചയില്‍
അയാള്‍ യാചിക്കുന്നുണ്ട്.

പൂച്ചക്കണ്ണന്‍ ഗോളിയെ കബളിപ്പിക്കുക
ഗോളടിക്കാന്‍ പാകത്തിന് മറ്റാര്‍ക്കെങ്കിലും
പാസ് കൊടുക്കുക.

ഗോള്‍പോസ്റ്റിന് കീഴില്‍ പീലിവിടര്‍ത്തിയാടുന്ന
മയിലിന്റെ ചിത്രത്തിന്
ഒരു ഗോളിയുടെ ഏകാന്തതയെന്നെഴുതാന്‍
നിനക്ക് മാത്രമാണ് കഴിയുക.

2

നിന്റ മണമുള്ള ബറോഡ
നീ നടന്ന വഴികളില്‍ മാത്രം കാണാനിടയുള്ള
പൂക്കള്‍
വെബ്കാമിലൂടെ നീ കൈമാറിയ
രഹസ്യങ്ങള്‍,
മൂക്കുത്തി.


3

കാറ്റ് മലര്‍ത്തിയടിച്ച കാറ്റിന്റെ തന്നെ വീടുകളാണ്
ഗ്രാമം മുഴുവന്‍


ആരുമില്ലാത്ത വീട്ടിലെ
അടച്ചിട്ട മുറിയില്‍ വീട്ടുകാരിയെ മലര്‍ത്തിയടിക്കുകയാണ്
യുദ്ധത്തില്‍ തോറ്റോടിയ ഒരു പട്ടാളക്കാരന്‍.
തന്റെ പരാജയപ്പെട്ട ജീവിതത്തിന്
ഇനിയെങ്കിലും ഒരു അര്‍ത്ഥമുണ്ടാകുമെന്ന്
അയാള്‍ പ്രതീക്ഷിക്കുന്നു.

ഗ്രാമത്തിലെ ചതിയന്‍ തടാകങ്ങളുടെ
ഓര്‍മ്മകളില്‍ നിന്നാണ്
ചീഞ്ഞളിഞ്ഞ മീനുകള്‍ യാത്ര തുടങ്ങുന്നത്
എത്ര ഉയരത്തില്‍ പറന്നിട്ടും വിട്ടുപോകാത്ത
ചീഞ്ഞഗന്ധം അവരെ ചേര്‍ത്ത് നിര്‍ത്തുന്നു. 

മേഘങ്ങള്‍ക്ക് വിശറിയുടെ വലുപ്പമുള്ള
ചെതുമ്പലുകള്‍ സമ്മാനിക്കുന്നു
ഉളുമ്പുമണമുള്ള ഉമ്മകള്‍ സമ്മാനിക്കുന്നു 


ഏത് നേരത്തും കയറിവരാവുന്ന അതിഥികളുടെ
ഗ്രാമമെന്ന പേരിലാണ് നീയിപ്പോള്‍ അറിയപ്പെടുന്നത്.
അവിടെ യാത്രാരേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍
ഉറുമ്പുകള്‍ പുറത്താക്കപ്പെടുന്നു. 

4

കുട്ടികള്‍ വലുതാകുമ്പോള്‍ കളിപ്പാട്ടങ്ങള്‍ ആത്മഹത്യ ചെയ്യുന്ന
മുനമ്പുകളുണ്ട് എല്ലാ വീട്ടിലും


പുറംലോകം കണ്ടിട്ടില്ലാത്ത കുതിരക്കുളമ്പടികള്‍
പമ്മിനില്‍ക്കുന്ന അടുക്കളയില്‍നിന്ന്
ഇറങ്ങിയോടാന്‍ ശ്രമിക്കുകയാണ് കാറ്റുപോയ ബലൂണുകള്‍.
കീ കൊടുത്താല്‍ മാത്രം അനങ്ങിയിരുന്ന
പാവകളും കോഴികളും
ഒരു ഷോര്‍ട്ട് സര്‍ക്യൂട്ടിനെ സ്വപ്നം കാണുന്നുണ്ട്. 

മരിച്ച വീടിനെ ഓര്‍മ്മിപ്പിക്കുന്ന ടെഡിബെയര്‍
ആകാശം നഷ്ടമായ പട്ടങ്ങള്‍
ഉറുമ്പ് തിന്ന് തീര്‍ക്കാറായ പാവകള്‍


ഒരു കൈയ്യടിപോലും ലഭിക്കാതെ വേദിയില്‍നിന്ന്
ഇറങ്ങിപ്പോയ പാട്ടുകാരെ
ഓര്‍ക്കുകയാണ് തൊണ്ടപ്പൊട്ടി പാടുന്ന
വിദൂഷകന്‍.

5

ഒറ്റപ്പെട്ട്
ഒറ്റപ്പെട്ട്
ഒറ്റപ്പെട്ട്
ആള്‍ത്താമസമില്ലാത്ത ഒരു ദ്വീപായി മാറണം.


ദൂരെ നഗരങ്ങളില്‍നിന്ന് വരുന്ന തൂപ്പുകാര്‍
പൊടിയും വിയര്‍പ്പും നിറഞ്ഞ കിടക്കവിരികള്‍
മാറ്റാതെ തിരിച്ചുപോകുകയാണ്.
ഒരു രാത്രിക്കുള്ളില്‍ മറ്റൊരു രാത്രിയുണ്ടെന്ന് അവര്‍
സാക്ഷ്യപ്പെടുത്തുന്നു.

എന്നിട്ടും ഉപഗ്രഹങ്ങള്‍ തമ്മിലുള്ള കുടിപ്പക
തീര്‍ക്കാന്‍ നീലശലഭപ്പുഴുക്കളെയാണ്
നാം പറഞ്ഞയച്ചത്.

തെരുവില്‍ കിടന്നുറങ്ങുന്നവര്‍
രാത്രി ജോലിക്കാരെ തിരിച്ചറിയുന്നതുപോലെ
നമ്മള്‍ പരസ്പരം തിരിച്ചറിയുകയാണ്.

തന്റേതല്ലാത്ത കാരണത്താല്‍
വീട് വിടേണ്ടിവന്നവര്‍ സംസാരിക്കുന്ന
ഭാഷയുണ്ട്.
അവര്‍ മാത്രം അലഞ്ഞ് തിരിയുന്ന
ചില വഴികളുണ്ട്.

എത്ര ആഞ്ഞ് പിടിച്ചാലും
വേറൊരാള്‍ക്ക് എത്തിച്ചേരാനാകില്ല
അവരുടെ സ്വപ്നങ്ങളില്‍.


6

ശുക്‌ളം നിറഞ്ഞ് തുളുമ്പുന്ന കക്കൂസ് കുഴികള്‍ക്ക്
എന്താണ് പറയുവാനാകുക.


രൂപകങ്ങള്‍ നദിയിലേക്ക് മറിഞ്ഞുവീണ
കൂറ്റന്‍ മഷിക്കുപ്പികളാണെന്ന് പറഞ്ഞവര്‍
തോണിയാത്ര അവസാനിപ്പിച്ച് തിരികെ പോകുകയാണ്.
ഭൂമിക്കടിയിലെ മരങ്ങളാണ് നദിക്കരയില്‍
നൃത്തം ചെയ്യുന്നതെന്ന് തോണിക്കാരന്‍ പറയുന്നു.
നദിയുമായുള്ള  നിന്റെ രഹസ്യസംഭാഷണങ്ങള്‍
ഞാന്‍ ചോര്‍ത്തിയെടുക്കുകയാണ്.

നിന്റെ ഓര്‍മ്മകളിലൂടെ
ആര്‍ത്തലച്ചുകൊണ്ട് ഒരു തെരുവ് കടന്നുപോകുന്നു.
ആണുങ്ങള്‍ മാത്രം താമസിക്കുന്ന
വീട്ടിലെ ചില മുറികള്‍പോലെ ഞാന്‍
അലങ്കോലപ്പെട്ടു കിടക്കുകയാണ്.

ഒരു ജാലവിദ്യക്കാരന്റെ മുഖഭാവമാണ് എനിക്കെന്ന്
നീ പറയുന്നു.
കാട്ടില്‍ ഒറ്റപ്പെട്ട് വളരുന്ന മരങ്ങളുടെ
ശിഖരങ്ങള്‍ തേടിപ്പോയവരാണ്
എന്നെ മാറ്റിമറിച്ചതെന്നും പറയുന്നു.
രാത്രിസത്രത്തിലെ പാറാവുകാരന്റെ നിഗൂഡതയാണ്
നിന്റെ മുഖത്ത്.
പതിവുകാര്‍ വരുമ്പോള്‍മാത്രം ചിരിക്കുന്ന
ഒരാളപ്പോലെ നീ അഴിഞ്ഞില്ലാതാകുന്നു.

ഉറുമ്പുകള്‍ നായകന്മാരാകുന്ന
ആനിമേഷന്‍ ചിത്രത്തില്‍
പുല്‍ച്ചാടികള്‍ വില്ലന്മാരാകുന്നത്
നമ്മള്‍ കണ്ട് നില്‍ക്കുകയാണ്.


പൊടിയും വിയര്‍പ്പും വില്‍ക്കാനിരിക്കുന്ന
മുഖം ചുളുങ്ങിയവര്‍
ഒരു വെടിയൊച്ചകൊണ്ട് വിജനതയെ
കൊന്ന് കുഴിച്ച് മൂടണമെന്ന് പറയുന്നു.


ഭൂമിയെ തകര്‍ത്ത് തരിപ്പണമാക്കുന്ന
ഭൂകമ്പം വരുന്നുണ്ട്. 
അതിന്റെ പ്രഭവകേന്ദ്രം
എന്റെ ഹൃദയമായിരിക്കും.
പ്രകമ്പനങ്ങള്‍ക്കുശേഷം ഏതാനം ചീട്ടുകൊട്ടാരങ്ങള്‍
മാത്രമായിരിക്കും അവശേഷിക്കുക. 

ചില ഹോളിവുഡ് സിനിമയിലെ ശവസംസ്‌കാര രംഗങ്ങളെ
ഓര്‍മ്മിപ്പിക്കുന്നുണ്ട് നമ്മുടെ ജീവിതം.
ഇത്ര നിശ്ശബ്ദമായി ഒരുകൂട്ടമാളുകള്‍ക്ക്
എങ്ങനെയാണ് ഒരുമിച്ച് നില്‍ക്കാനാകുക!
ഒന്ന് ചുംബിക്കുകപോലും ചെയ്യാതെ
എങ്ങനെയാണ് യാത്ര പറയാന്‍ സാധിക്കുക!


7

ചുവരില്‍ തൂങ്ങുന്ന ടീ ഷര്‍ട്ടില്‍
നിന്റെ മാറിടം വരച്ചിരിക്കുന്നു.
അതിനുള്ളില്‍നിന്ന് പുറത്തിറങ്ങാനാവാതെ
ഞാന്‍ വീര്‍പ്പുമുട്ടുകയാണ്.

അധികമുലയാത്ത ഒരു തീനാളത്തെ
ആലിംഗനം ചെയ്യുകയാണ്.
എത്ര അടക്കി പിടിച്ചിട്ടും പെയ്തുപോകുന്ന
മഴയുടെ കൂടെ വിരുന്ന് പോകുകയാണ്.

കോണിപ്പടിയില്‍ വിശ്രമിക്കുന്ന കാറ്റിന്
തീട്ടത്തിന്റെ മണമുണ്ട്.
അവനെ നിന്റെ മുറിയിലേക്ക് പറഞ്ഞുവിടുന്നു.


8

അളവുപാത്രത്തില്‍ കള്ളത്തരം
കാണിക്കുന്ന ബാറിലെ ഒഴിച്ചുകൊടുപ്പുകാരനെയാണ്
നീ ഓര്‍മ്മിപ്പിക്കുന്നത്.
നിന്റെ ചലനങ്ങളില്‍ നിഗൂഡമായ
ഒരു രഹസ്യം ഒളിപ്പിച്ചിരിക്കുന്നു.
രണ്ട് പെഗ്ഗ് വിട്ടാല്‍ നാവ് കുഴയുന്ന
ഒരാളുമായും നിനക്ക് ചങ്ങാത്തമില്ല.

കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്ന
കഥകളിലാണ് നിന്നെ കണ്ടിട്ടുള്ളത്.
ആ കഥകളില്‍നിന്ന് എനിക്ക് രക്ഷപെടാനാകുന്നില്ല.
കളിപ്പാട്ടങ്ങള്‍ക്ക് മുമ്പില്‍നിന്ന് കരയുന്ന
ഒരു കുഞ്ഞിനെയും മറികടക്കാനാകുന്നില്ല.

ചോരകള്‍ തമ്മില്‍ത്തല്ലി പിരിയുന്ന
ഒരു രംഗം എന്റെ തിരക്കഥയില്‍
ഉണ്ടായിരുന്നില്ല.
എന്നിട്ടും രക്തത്തിന്റെ നദി എനിക്ക് മുറിച്ച്
കടക്കാനാകുന്നില്ല.
കുന്നിറങ്ങി വരുന്ന ഒരു പാണ്ടിലോറി
എന്നെ അസ്വസ്തനാക്കുന്നുണ്ട്.

9

എത്ര ഉച്ചത്തില്‍ പാടിയാലാണ്
നിരാശഭരിതമായ ഒരു ഗാനത്തിന്
ജനക്കൂട്ടത്തെ കീഴ്‌പ്പെടുത്തനാകുക.

പ്രേമം ട്രാഫിക് ജാമില്‍പ്പെട്ടുപോയ
ഒരു ചടക്ക് വണ്ടിയാണെന്ന് നീ പാടുന്നു
അത് ശരിയാണെന്ന് ജനക്കൂട്ടം ഏറ്റുപാടുന്നു

10

അവിഹിതവേഴ്ചയ്ക്കുശേഷം പുറത്തുകടക്കുന്നവന്റെ
അഴിഞ്ഞുലഞ്ഞ വസ്ത്രംപോലെയാണ്
ജീവിതം.

കടിച്ചതിന്റെയും മാന്തിയതിന്റെയും പാടുകള്‍
കാതില്‍ നീ പറഞ്ഞ രഹസ്യങ്ങള്‍
കണ്ണില്‍ നിന്റെ നഗ്നത


പേനുകള്‍ നിറഞ്ഞ തലയില്‍നിന്ന്
വിരലുകള്‍ മടങ്ങുന്നതുപോലെ
ഞാന്‍ മടങ്ങുന്നു.

വീഞ്ഞ് എന്ന നഗരത്തിലെ ഒരു രാത്രി

(ഒരു കോഴിക്കോടന്‍ സ്വപ്നത്തിന് സമര്‍പ്പണം...)

മീന്‍ ചെതുമ്പലുകള്‍ കൂട്ടിവെച്ച്
കടലിലേക്ക് നാം പണിത
പടവുകളില്‍
തിരമാലകള്‍ കാറ്റ് കൊള്ളാനിരിക്കുകയാണ്.

മരിച്ചവര്‍ വിരുന്നിനെത്തുന്ന
ദ്വീപുകളിലെ അമ്മമാരെപ്പോലെ
തിരക്കുകളില്‍നിന്ന് തിരക്കുകളിലേക്ക്
പോകുകയാണ് നമ്മള്‍. 

കല്‍പ്പണിക്കാരുടെ ഇടയില്‍ കിടന്ന്
വിയര്‍ക്കുന്നുണ്ട്
ഒരു വീട്.


ഓര്‍മ്മകളില്‍ ചതുപ്പുനിലങ്ങള്‍ ഇല്ലാത്തതാണ്
നമ്മുടെ പ്രശ്നം.
ഒന്നിലേക്കും ആണ്ടുപോകാന്‍ സാധിക്കാത്തവരായി
നമ്മള്‍ മാറിയിരിക്കുന്നു.

(നാരകത്തിന്റെ ഇലകള്‍കൊണ്ട്
നാണം മറച്ചിരുന്ന
ഒരു വീടുണ്ട് എന്റെ ഗ്രാമത്തില്‍. 
അവിടെനിന്ന് ഇടയ്ക്ക് ഞാനും
ഇടയ്ക്ക് അനിയനും ഇറങ്ങിപ്പോകാറുണ്ട്.
എന്റെ അമ്മയാണ്
ആ വീടിന്റെ മുറ്റം തൂക്കുന്നത്)

സദസിലെ ആദ്യത്തെ ആളെയും
അവസാനത്തെ ആളെയും തമ്മില്‍ ബന്ധിപ്പിക്കുകയാണ്
ഗിത്താറിസ്റ്.
ആദ്യത്തെയാള്‍ക്ക് രണ്ടാമത്തെയാളുടെ വീട്ടിലേക്കുള്ള
വഴി പറഞ്ഞുകൊടുക്കുകയാണ്.
അവിടെ നല്ലയിനം വീഞ്ഞുണ്ടെന്നും
വീട്ടമ്മ സത്കാര പ്രിയയാണെന്നും
പറയുകയാണ്.

ഒരു വീഞ്ഞുപാത്രത്തില്‍നിന്നും
ഉന്മത്തരായവര്‍
ഒരു മരത്തിന്റെ ചില്ലയില്‍നിന്നും
നാണം മറച്ചവര്‍

(നഗരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണുന്ന ഫ്രിഡ്ജും വാദ്യോപകരണങ്ങളും എന്തിന്റെ സൂചനയാണ്)  


മരിച്ചവരുടെ ഉറക്കങ്ങള്‍ വില്‍പ്പനയ്ക്ക്
വെച്ചിരിക്കുന്ന തെരുവിലാണ്
നാം കണ്ടുമുട്ടിയത്
തീവണ്ടിയപകടത്തില്‍ മരിച്ചവര്‍
ഒരു ചൂളംവിളിയിലേക്ക്
ചുരുങ്ങിപ്പോയത് ഇവിടെയാണ്.

(മരിച്ചവര്‍ അവസാനത്തെ വണ്ടി കാത്തുനില്‍ക്കുന്ന
സ്ഥലമെന്നാണ്
മറ്റൊരു ഭാഷയില്‍ നിന്റെ പേരിനര്‍ത്ഥം.)

സ്വയം ഒരു രാജ്യമായി പ്രഖ്യാപിക്കുകയാണ്
ചുവന്ന സിംഹാസനങ്ങളുടെ
അധിപനായി പ്രഖ്യാപിക്കുകയാണ്
കന്യകമാരെയെല്ലാം
വെപ്പാട്ടിമാരുടെ മേലങ്കി അണിയിക്കുകയാണ്.

മേഘങ്ങളില്‍ കെട്ടിയിട്ട
ചരടുകളിലാണ് ഗ്രാമത്തിലെ കുട്ടികള്‍
ഊഞ്ഞാലാടുന്നത്.


ഇലകള്‍കൊണ്ട് നീയൊരു ആനക്കൊമ്പ്
ഉണ്ടാക്കുന്നു
കാടിനെ വിറപ്പിച്ച് നിര്‍ത്തുന്നു.

(തുപ്പല് വിഴുങ്ങി മരിച്ചുപോയവരുടെ
നാട്ടിലേക്ക് യാത്ര ചെയ്യാന്‍ നിന്റെ കൂട്ട് ആവശ്യമുണ്ട്.
നാരങ്ങ വെള്ളത്തിനും മദ്യത്തിനും പകരം
മരിച്ചു പോയവരുടെ തുപ്പലും ശുക്ളവും വില്‍ക്കുന്ന
കടകളില്‍ നമ്മളെന്ത് ചെയ്യാണ്.)

തിമിംഗലങ്ങളുടെ
രാത്രിയില്‍
കടലിനെ തോര്‍ത്തിയെടുക്കുകയാണ്
ഉരുക്കുതോണികള്‍
നങ്കൂരമിട്ട വടുക്കളില്‍
തേന്‍ പുരട്ടുകയാണ്.

ഉറഞ്ഞുപോയ
കപ്പല്‍ച്ചാലുകള്‍ സൂക്ഷിക്കുന്ന
അലമാരകള്‍
നെടുവീര്‍പ്പിടുമ്പോള്‍ അപ്രത്യക്ഷമാകുന്ന
രക്തത്തിന്റെ രാത്രികള്‍


ഋതുക്കളെ മാറ്റിമറിക്കുന്ന
അലക്കുകാരന്റെ വീട്
ഈ തെരുവിലാണ്.
ഒരു പാന്റോ ഷര്‍ട്ടോ
അലക്കുമ്പോള്‍
മഴക്കാലം മാറി മഞ്ഞുകാലം
വരുന്നു.
ഒരു കുഞ്ഞുടുപ്പ് തിരുമിയെടുക്കുമ്പോള്‍
വസന്തം വാതിലില്‍ മുട്ടുന്നു.

(രതിയിലേര്‍പ്പെടുന്നവരുടെ വിയര്‍പ്പില്‍നിന്നും
നിശ്വാസങ്ങളില്‍നിന്നും
അരക്കെട്ടിലെ ചലനങ്ങളില്‍നിന്നും
കൊട്ടാരത്തിലെ ധാന്യപുരകള്‍
നിറയ്ക്കുകയാണ്.)

എന്റെ നഗരങ്ങള്‍ക്ക് കുപ്പായം തുന്നുകയാണ്
മരിച്ചുപോയ നെയ്ത്തുകാര്‍.
ഓരോ വളവിലും
അവരുടെ മക്കളുടെ ചിരിയും
കരച്ചിലും രാത്രികളും
തുന്നിചേര്‍ക്കുന്നുണ്ട്. 

നദിയില്‍
വെള്ളത്തിന്റെ വിത്തുകള്‍
ഉണക്കാനിടുന്നു


തൊലിപ്പുറത്തെ അസുഖങ്ങള്‍ക്കുള്ള
മരുന്നുകള്‍ സൂക്ഷിക്കുന്നതുപോലെ
ഞാന്‍ നിന്റെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്നു
ഇടയ്ക്ക് മാത്രമെടുത്ത് ലേപനം ചെയ്യുന്നു.

(ഒരു പ്രഭാതസവാരിക്കാരന്റെ
വേഗതയാണ് ഞാന്‍ നിന്നില്‍നിന്ന്
പ്രതീക്ഷിക്കുന്നത്.
ഗോള്‍ഫ് ഗ്രൌണ്ടില്‍നിന്ന് പൊടുന്നനെ കാണാതാകുന്ന
പന്തുപോലെ
വളവ് തിരിഞ്ഞ് നീ അപ്രത്യക്ഷയാകണം.)

ഒരു കുതിരയെ നെടുകെ പിളര്‍ത്തി
നാം രണ്ട് യുഗങ്ങളിലേക്ക് യാത്ര തിരിക്കുകയാണ്.

തണുത്തുറഞ്ഞ ദ്വീപുകളില്‍നിന്ന്
യാത്ര തിരിക്കുന്നവര്‍
മരുഭൂമിയുടെ ശിഖരങ്ങളില്‍ കൂടുകൂട്ടുന്നു.

വൈകുന്നേരങ്ങളില്‍ കാറ്റുകൊള്ളാനിറങ്ങുന്ന
നിലച്ച വാച്ചുകളുടെ വീട്
അലിഞ്ഞ് തീരുന്ന തണുപ്പിന്റെ മേല്‍വസ്ത്രങ്ങളില്‍നിന്ന്
പുറത്താക്കപ്പെടുന്നവര്‍
പ്രാര്‍ത്ഥനകളുടെ കാലം കഴിഞ്ഞ്
വാതിലില്‍ മുട്ടുന്ന ഭീമന്‍ ഉറുമ്പുകള്‍
നിറയെ തുരങ്കങ്ങളുമായി ജീവിക്കുന്ന ഒരു യാത്രക്കാരിയുടെ
രാത്രികള്‍


പരാജയപ്പെട്ടവര്‍ക്ക്
പരാജയപ്പെട്ടവരുടെ പാട്ടുകാരുണ്ട്
വിജയിച്ചവര്‍ക്ക് വേണ്ടിയും
അവര്‍ പാടുന്നു.

(സ്വപ്നങ്ങളില്‍ കണ്ടുമുട്ടുന്നവര്‍ക്ക് മാത്രമാണ്
പാദങ്ങളില്ലാതെ നടക്കാനാവുന്നത്.
മറ്റൊരാളുടെ സ്വപ്നത്തില്‍ അറിയാതെ പെട്ടുപോയവരുടെ
പിറുപിറുക്കലുകള്‍ക്ക് കനം വെയ്ക്കുന്നുണ്ട്.

ദൂരെ ഗ്രാമത്തില്‍ മറ്റൊരാളുടെ സ്വപ്നത്തില്‍
കാത്തിരിക്കുന്ന രഹസ്യക്കാരിയെ കാണാനിറങ്ങിയ രണ്ടുപേര്‍
ഒരാളുടെ സ്വപ്നത്തില്‍ അറിയാതെ പെട്ടുപോകുന്നു.
അവസാനം അവര്‍ തമ്മില്‍ സൌഹൃദംപോലുമുണ്ടാകുന്നുണ്ട്.

ബീഡിക്ക് തീകൊളുത്തി അവര്‍ നാട്ടിലെ മഴക്കാലത്തെക്കുറിച്ചും
അമ്മയുണ്ടാക്കുന്ന മീന്‍കറിയെക്കുറിച്ചും സംസാരിക്കുകയാണ്.
സംസാരം പതുക്കെ
പ്രണയത്തിലേക്കും രഹസ്യക്കാരിയിലേക്കും തിരിയുന്നുണ്ട്.

സൂചനകളില്‍നിന്ന് ഇരുവരുടേയും
രഹസ്യക്കാരി ഒരാള്‍തന്നെയെന്ന്
ഇരുവരും തിരിച്ചറിയുന്നു.
 
സംസാരം കേട്ട് ഉറങ്ങിക്കിടന്നയാള്‍
എഴുന്നേക്കുന്നു
ഒരു ബീഡിക്ക് തീകൊളുത്തുന്നു

സൂചനകളില്‍നിന്ന്
സ്വപ്നത്തില്‍ സംസാരിച്ചവരുടെ
രഹസ്യക്കാരി തന്നെയാണ്
തന്റേതെന്ന് അയാളും തിരിച്ചറിയുന്നുണ്ട്.)


വീഞ്ഞ് എന്ന നഗരം
വീഞ്ഞ് എന്ന നഗരത്തിലെ രാത്രികള്‍
തെരുവിലെ മെഴുകുതിരികളെപ്പോലെ
അഴിഞ്ഞുലയുന്നു.
എല്ലാവരും നോട്ടമിടുന്ന
കുള്ളന്റെ സുന്ദരിയായ ഭാര്യയെപ്പോലെ
ചുളുങ്ങിക്കൂടുന്നു.

ട്രപ്പീസ് കളിക്കാര്‍ക്ക് മാത്രം കയറിവരാവുന്ന
ഒരു വീട്ടിലാണ് താമസിക്കുന്നത്.
കോണിപ്പടിക്ക് ചുവട്ടില്‍നിന്ന്
കുട്ടിക്കരണം മറിഞ്ഞ് കിടപ്പുമുറിയിലേക്കെത്തുന്ന
വിരുന്നകാര്‍ക്ക് മാത്രമാണ്
എന്റെ കന്യകമാരുടെ ആലിംഗനം ലഭിക്കുക. 
 
മുകളിലേക്കെറിഞ്ഞ തൊപ്പികള്‍ക്ക് തിരിച്ചെത്താന്‍
പാകത്തിന് കൈകളെ ക്രമീകരിക്കുകയാണ്.
തുവാലയില്‍നിന്ന് പറത്തിയ പ്രാവുകള്‍
ഇതുവരെ തിരിച്ചെത്തിയിട്ടില്ല. 

(ഈ നഗരത്തില്‍
വീഞ്ഞ്
രഹസ്യങ്ങളുടെ താക്കോലാണ്.

വിദൂഷകന്റെ വീട്
ഇലകള്‍ പൊഴിഞ്ഞുതീര്‍ന്ന
ഒരു മരത്തിന് കീഴേയാണ്.)

ക്ഷണിക്കപ്പെടാത്ത അതിഥികള്‍
നിറഞ്ഞിരിക്കുന്ന വീട്ടില്‍നിന്നും
പരിചാരികമാര്‍ ഒളിച്ചോടുകയാണ്.

കുഴിയിലേക്ക് കാലുംനീട്ടി ഇരിക്കുന്നവരുമായി
എനിക്ക് ബന്ധമില്ല.
ബീഡി മണക്കുന്ന അവരുടെ പാട്ടുകള്‍
എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നില്ല.
വ്രണം പൊതിഞ്ഞ അവരുടെ കാലുകള്‍ക്ക്
കാവല്‍ നില്‍ക്കുന്ന ഈച്ചകളുടെ നേതാവ് മാത്രമാണ്
ഞാന്‍.


വീഞ്ഞ് എന്ന ഗ്രാമം
തിരക്ക് പിടിച്ച ബസിലേക്ക് കയറുമ്പോള്‍
അനാവൃതമാകുന്ന നിന്റെ കണങ്കാലുകളുടെ കാഴ്ചയാണ്
എന്റെ ഏറ്റവും വില പിടിച്ച ഓര്‍മ്മ.

(ഒരു ഗുണ്ടാനേതാവിന്റെ ഇടിവളയാണ്
ഞാന്‍.
പോലീസ് സ്റേഷന്‍ ആക്രമിക്കാനോ
എതിര്‍സംഘത്തിലെ ഒരുവനെ
കുനിച്ച് നിര്‍ത്താനോ എനിക്ക് മടിയില്ല.
ഒത്തുതീര്‍പ്പ് മേശയില്‍
കപ്പിനും ചുണ്ടിനുമിടയില്‍
എന്റെ ഇടികൊണ്ട് നീ തൂറും.)

എന്തെന്നാല്‍
ചുംബനം മുഖം മുറിഞ്ഞുപോയ
രണ്ടുപേര്‍ തമ്മിലുള്ള സന്ധിസംഭാഷണമാകുന്നു.

ബലൂണുകള്‍

മുഷിപ്പന്‍ ദിനങ്ങളെക്കുറിച്ചുള്ള സംസാരമാണ്
ചുറ്റും നടക്കുന്നത്.

മറ്റൊരു ഗ്രഹത്തില്‍ മേഞ്ഞു നടക്കുന്ന
പശുക്കളെ ഓര്‍ക്കുകയാണ്
പുല്ല് തിന്ന് കഴിയുമ്പോള്‍
അവയെ ആട്ടിത്തെളിച്ച് കൊണ്ടുവരാന്‍
ഒരിടയനെ നോക്കുകയാണ്.

അന്യഗ്രഹങ്ങളില്‍നിന്ന് ഭൂമിയിലേക്കെത്താനുള്ള
ഊടുവഴികള്‍ എനിക്കറിയാം.
നാരങ്ങ മിഠായികള്‍കൊണ്ട് നിര്‍മ്മിച്ച
ഒരു വീടിന്റെ വേലി നൂണ്ടാല്‍
അന്യഗ്രഹ വണ്ടികള്‍ നിര്‍ത്തുന്ന ചാമ്പമരത്തിന്റെ
ചോട്ടിലെത്താം.

കാട്ടില്‍
ചിലയിനം കുതിരകള്‍ക്ക് മാത്രമറിയാവുന്ന വഴികളിലൂടെ
ആ വണ്ടി അന്യഗ്രഹങ്ങളിലെത്തുന്നു,
തിരിച്ചുപോരുന്നു.

വൈകുന്നേരം
കുണ്ടന്മാരെ തപ്പിയിറങ്ങുന്ന കിഴവന്മാരുടെ ലിംഗംപോലെ
ഞാന്‍ ഉണര്‍ന്നിരിക്കുന്നു.
എപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോകാന്‍
പാകത്തിന് തയ്യാറായിരിക്കുന്നു.
വെള്ളേം വെള്ളയുമിട്ടാല്‍ നാട്ടുകാരെ പറ്റിക്കാമെന്ന്
പറഞ്ഞതെന്തിനാണ്.

തപ്പിയും തലോടിയും
കുണ്ടനെ ഒരുക്കിയെടുക്കുകയാണ്.
മീശയും
നെഞ്ചിലെ രോമങ്ങളും
ഒതുങ്ങിയ വയറും
എനിഗ്മയിലെ വരികള്‍ മൂളുകയാണ്.

ആസക്തിയുടെ പ്രമാണങ്ങള്‍ പഠിക്കാനെളുപ്പമാണ്:-
തുടയിടുക്കില്‍നിന്ന് മുഖമുയര്‍ത്തുമ്പോള്‍
കുണ്ടന്റെ മുഖം ചുളുങ്ങിയിരിക്കുന്നു.
ഇടയ്ക്കെങ്കിലും ഒന്ന് കുളിക്കാന്‍ പറഞ്ഞ്
ചിറി തുടയ്ക്കുന്നു.

മുഷിപ്പന്‍ ദിനങ്ങള്‍
വയലിലേക്ക് നിറയെ കൊയ്ത്തുകാരുമായി പോകുന്ന
ട്രാക്ടറിനെ ഓര്‍മ്മിപ്പിക്കുന്നു.

ഓര്‍മ്മകള്‍ക്ക് മുകളില്‍
ഓര്‍മ്മകള്‍ അടുക്കിവെച്ച് നമ്മള്‍ ചീര്‍ത്ത് വീര്‍ത്തിരിക്കുന്നു.
എണ്ണപ്പാട നിറഞ്ഞ തടാകംപോലെ
ആയിരിക്കുന്നു.
പ്രാണവായു കിട്ടാതെ ചത്തടിയുന്ന മീനുകളുടെ ഗന്ധമാണ്
നമ്മുടെ ജീവിതങ്ങള്‍ക്ക്. 

ഒരിക്കലും മുറിച്ച് കടക്കാനാവാത്ത
ചില നദികളുണ്ട് ഓര്‍മ്മകളില്‍
ഒഴുക്ക് നിലച്ചുപോയ അവയുടെ തണുപ്പിലാണ്
നമ്മള്‍ ജീവിക്കുന്നത്.

ഈ മഴ പഠിപ്പിക്കുന്നത്
എനിക്ക് നൃത്തം ചെയ്യാന്‍ അറിയില്ല
എന്ന് മാത്രമാണ്.
എന്നാലും എത്ര തുറന്നുവെച്ചാലും അടഞ്ഞുപോകുന്ന
ജനലിനെ ഞാന്‍ പ്രണയിക്കുന്നു.
അതിലൂടെ വരുന്ന കാറ്റിന്റെ നിരാശാഭരിതമായ സംഗീതത്തിലേക്ക്
ഞാനെന്നെ വീണ്ടും വീണ്ടും വലിച്ചെറിയുന്നു.

ഭോഗം തുടങ്ങുമ്പോള്‍ പൊടുന്നനെ ശൂന്യമാകുന്ന
അരക്കെട്ടാണ് നമ്മളെ ഇത്രകാലം ബന്ധിപ്പിച്ച് നിര്‍ത്തിയത്.

(ഇനിയും
യാത്ര പുറപ്പെടാത്ത
ഒരു തീവണ്ടി
തൊണ്ടയില്‍ കുരുങ്ങിപ്പോയ
ഒരു കരച്ചില്‍

വളരെ പതിഞ്ഞ ശബ്ദങ്ങളില്‍ മാത്രം ഉമ്മ വെയ്ക്കുന്നവര്‍
ഒരു നഗരത്തില്‍നിന്ന് മറ്റൊരു നഗരത്തിലേക്ക്
നിശ്വാസങ്ങളെ കടത്തികൊണ്ടുപോകുന്നവര്‍
ചുണ്ണാമ്പും പുകയിലയും മാത്രമുള്ള കടത്തിണ്ണകളില്‍
ആരെയോ കാത്തിരിക്കുന്നവര്‍)

പ്രണയം കൈമാറിയ ബലൂണുകള്‍ വീര്‍ത്ത് പൊട്ടുന്നത് കേട്ട്
ഉറക്കത്തില്‍ ഞെട്ടുന്നുണ്ട് നമ്മുടെതന്നെ ഓര്‍മ്മകള്‍

പ്രണയം അവശേഷിപ്പിക്കുന്നത്
വിയര്‍പ്പില്‍ മുങ്ങിയ ഏതാനം തലയിണകള്‍ മാത്രമാണ്
എന്നാലും അതിന്റെ ആരവങ്ങള്‍
അടങ്ങുന്നില്ല.
വിഭവസമൃദ്ധമായ ഊണിനിടയില്‍
തൊണ്ടയില്‍ തടഞ്ഞ മുള്ളുപോലെ
നീയെന്നെ വലിച്ചെറിയുന്നു.

(വിവാഹത്തിനുശേഷമുള്ള
എല്ലാ ബന്ധങ്ങളും വിവാഹേതിര ബന്ധങ്ങളായി മാത്രം
ചുരുങ്ങിപ്പോകുന്നു.)

യുദ്ധത്തില്‍ തോറ്റോടിയ മുടന്തന്‍ കുതിരകളുടെ പേരിലാണ്
നിന്റെ ഗ്രാമം ഇന്ന് അറിയപ്പെടുന്നത്.
ആ ചുവപ്പന്‍ കുതിരകള്‍
നാണക്കേടിന്റെ പര്യായമായി നാട്ടില്‍ അലഞ്ഞുതിരിയുന്നുണ്ട്.
മുടന്തന്‍ കുതിരകളുടെ നോട്ടക്കാരെന്നാണ്
നീയും നിന്റെ പിതാവും ഇപ്പോള്‍ അറിയപ്പെടുന്നത്.


പുരോഹിതന്റെ മുഷിപ്പന്‍ ഉപദേശ പ്രസംഗം കേട്ടിരുന്ന
ജനക്കൂട്ടം രഹസ്യമായി കൈമാറിയിരുന്നത്
കോട്ടവായ്കളായിരുന്നു.

ഉപ്പുകാറ്റിന്റെ ഗന്ധമുള്ള നിന്റെ മുലക്കണ്ണുകളില്‍
ചുംബിക്കുകയാണ്.
വില കുറഞ്ഞ തമാശകള്‍ പറയുന്ന
ദ്രവിച്ച വള്ളങ്ങളും
ചാകര വരുമ്പോള്‍ മാത്രം വഴിവാണിഭത്തിന് വരുന്ന
സ്ത്രീകളും അത് നോക്കി നില്‍ക്കുകയാണ്.
അവരും പരസ്പരം ചുംബിക്കുകയും
കാമുകന്മാരെ ഓര്‍ക്കുകയും ചെയ്യുന്നുണ്ട്.

പാര്‍ക്കിലെ ബഞ്ചിന് ചായം തേക്കുന്നത്
കമിതാക്കളുടെ ഉമിനീരും വിയര്‍പ്പുമാണ്.  

(പ്രണയം ഒരു മതമാണെങ്കില്‍
ഞാനതിന്റെ പോപ്പാണ്
അള്‍ത്താരയില്‍ ഞാനൊരു പുലിയാണ്
പള്ളിമണി മുഴങ്ങുമ്പോള്‍
ഞെട്ടിയുണരുന്നത് കുട്ടിക്കാലത്തെ
പേടികൊണ്ടാണ്.   

കാലിന്മേല്‍ കാലും കയറ്റിവെച്ച്
കുര്‍ബാന ചൊല്ലുകയാണ്.
രാത്രികാലങ്ങളില്‍ മാത്രം
അപ്പവും വീഞ്ഞും വാഴ്ത്തി വിതരണം ചെയ്യുകയാണ്.
എന്റെ പെണ്‍കുട്ടികള്‍
നില്‍ക്കുന്ന വരിയില്‍നിന്ന് മാലാഖമാര്‍പ്പോലും
പുറത്താക്കപ്പെടുന്നുണ്ട്.

അഴിഞ്ഞാട്ടക്കാര്‍ക്ക് മാത്രം
പ്രവേശനമുള്ള പള്ളിയില്‍
ഒരുവളെ അള്‍ത്താരയില്‍ നിര്‍ത്തി ഭോഗിക്കാന്‍
തയ്യാറെടുക്കുകയാണ് ഞാന്‍.

സ്ളീവ്ലെസിട്ട കന്യാമറിയവും
റെയ്മണ്ടില്‍ കുളിച്ച് നില്‍ക്കുന്ന ക്രിസ്തുവും
എന്തിനും തയ്യാറായി നില്‍ക്കുന്നുണ്ട്.
ചൂണ്ടുവിരലിന്റെ ദിശയൊന്ന് മാറിയാല്‍
അരയിലൊളിപ്പിച്ച ചാട്ടയെടുക്കാന്‍
എന്റെ ഗുണ്ടയ്ക്ക് ഒരു പേടിയുമില്ല.
പാതിരിമാരെയും കന്യാസ്ത്രീകളെയും അവന്‍ പള്ളിയില്‍നിന്ന്
അടിച്ച് പുറത്താക്കും.

വേണ്ടാതീനങ്ങളുടെയും പ്രലോഭനങ്ങളുടെയും
ഒരു ദേശമാണ് എന്റെ സ്വപ്നം.
ആദം ഹവ്വ എന്നീ ദ്വീപുകള്‍ക്കിടയില്‍
എന്റെ കൊമ്പന്‍ സ്രാവുകള്‍ ദിക്കുതെറ്റിയലയുന്നത്
ആരുമറിയുന്നില്ല.

പരാജയപ്പെട്ടവര്‍ ഉപേക്ഷിച്ചുപോയ
ചെരുപ്പുകള്‍കൊണ്ട് പള്ളിമേട നിറഞ്ഞിരിക്കുന്നു.
എനിക്ക് വഴങ്ങിത്തരാത്ത ഒരാളേയും കുമ്പസാരക്കൂടിന്
മുമ്പില്‍ ഞാന്‍ നിര്‍ത്തുന്നില്ല. 

വീഞ്ഞും മുദ്രാവാക്യങ്ങളുമായി
പള്ളിമൈതാനം നിറയുന്ന കള്ളന്മാരെ മട്ടുപ്പാവില്‍നിന്ന്
ആശീര്‍വദിക്കുന്നതില്‍ ഞാന്‍ ആഹ്ളാദിക്കുന്നുണ്ട്.
തിരഞ്ഞെടുത്ത ചിലരെ മാത്രമാണ്
രഹസ്യമുറിയില്‍വെച്ച് ആലിംഗനം ചെയ്യുന്നത്.)


വളവിനപ്പുറം മറ്റൊരു വളവാണ്

തീ പിടിച്ചവന് എന്താണ് പറയാനുള്ളത്
ഉറഞ്ഞുപോയ ഒരു കെട്ട് വെള്ളവുമായി ഒരാള്‍
തന്നെ കാണാന്‍ വരുന്നുമെന്നോ?
ഹിമയുഗത്തിലെ കഥകള്‍ നിറഞ്ഞ
ഒരു ഹസ്തദാനംകൊണ്ട് അയാള്‍ നിന്നെ അനശ്വരനാക്കുമെന്നോ? 

ഒന്നര വയസുള്ള മകനേയുംകൊണ്ട് 
ഭ്രമണപഥത്തില്‍ നടക്കാനിറങ്ങുകയാണ്.
പുറത്താക്കപ്പെട്ട ഉപഗ്രഹങ്ങള്‍ക്കും
ഉല്‍ക്കകള്‍ക്കുമിടയില്‍
അവന്‍ തുമ്പികളെ പിടിച്ച് കളിക്കുന്നു.