Showing posts with label രതി. Show all posts
Showing posts with label രതി. Show all posts

നദിയുടെ മൂന്നാംകര

കവണയുടെ അറ്റത്തെ കല്ലിനെപ്പോലെ
നീയെന്നെ ത്രസിപ്പിച്ച് നിര്‍ത്തുകയാണ്
വിസ്‌കി മണക്കുന്ന മുലക്കണ്ണുകളില്‍
എനിക്ക് എന്നെതന്നെ നഷ്ടമാകുന്നു.

പേരുകള്‍ക്കപ്പുറവും നദികളുണ്ട്
നിശ്ശബ്ദമായി ഒഴുകുന്ന വീടുകളില്‍
അവരുറങ്ങുന്നു.

വീട്ടില്‍ കുഞ്ഞുങ്ങളുണ്ട്
അവരുടെ കരച്ചിലുണ്ട്
ചിരികളുണ്ട്.

എല്ലാത്തിനുംമീതെ നദി തിളച്ച് മറിയുകയാണ്.

എല്ലാ പേരിലും നദികളുണ്ട്.
ആ നദിയുടെ പേരിടാന്‍
നമ്മള്‍ പോകുന്നു.

കിടക്കയില്‍ കെട്ടിമറിയുന്ന
രണ്ടുപേര്‍ക്കിടയില്‍
ഒഴുക്ക് നിലച്ചുപോയ നദി
വീര്‍പ്പുമുട്ടുന്നു.

നഗ്നരായി ഉറങ്ങുന്ന നമ്മളെ ഉപേക്ഷിച്ച്
നദി കടന്നുകളയുന്നു.

ഞാന്‍ നിന്നെ എന്റെ കോളനിയാക്കുന്നു
കൃഷിയിടങ്ങിലേക്ക് ആട്ടിത്തെളിച്ച് കൊണ്ടുവന്ന
അടിമകള്‍ നിന്നെ ഉഴുതു മറിക്കുകയാണ്.
മുത്തും പവിഴവും ലഭിക്കുമെന്ന്
അവരോട് കള്ളം പറഞ്ഞതാരാണ്.
അടിക്കാടുകളില്‍ തെച്ചിപൂക്കുന്ന
സന്ധ്യകളില്‍ നമ്മള്‍ ഇണചേരുന്നതുനോക്കി
ഒരു പൂച്ചയിരിക്കുന്നു.

എന്നിട്ടും നദിയുടെ വേര്
മാത്രം തെളിഞ്ഞില്ല.

എനിക്ക് കാണാന്‍
നീ മാറിടത്തില്‍ പൂക്കള്‍ സൂക്ഷിക്കുന്നു.
ഞാന്‍ നോക്കുമ്പോള്‍
പൂക്കള്‍ മാത്രമാണ് കാണുന്നത്
വിത്തുകള്‍ എവിടെയാണ്
ഒളിച്ചിരിക്കുന്നത്.

വിത്തുകളില്‍ എഴുതിയിരിക്കുന്ന പേര്
ഏത് നദിയുടേതാണ്.

എനിക്കിപ്പോള്‍ നിന്റെ ശരീരമറിയാം,
എന്റെ വീടുപോലെ.
അതിന്റെ ആശാരിയും
കല്‍പ്പണിക്കാരനും
ഞാന്‍ തന്നെയാണ്.
അതിരുകളില്‍ ഞാന്‍ എന്നെത്തന്നെ
കുഴിച്ചിട്ടിരിക്കുന്നു.

നദിയെ ആരോ വഴിതിരിച്ച്
വിടുകയായിരുന്നു.

നിന്റെ നിഷേധമാണ് നിന്റെ പ്രേമം
ഒരു ജനത നിഷേധിക്കുന്നയാള്‍
അവരുടെ ഭരണാധികാരി ആകുന്നതുപോലെ
നീ ഏറ്റവും കൂടുതല്‍ നിഷേധിക്കുന്നയാള്‍
നിന്റെ കാമുകനാകുന്നു.
നിഷേധങ്ങളില്‍ നിന്നാണ്
നിന്നെ കണ്ടെത്തുന്നത്.

ഒരു ചെറുകാറ്റ് നദിയെ കുഴമറിച്ചിടുന്നു

ഭാര്യയും കുഞ്ഞുങ്ങളുമുള്ള ഒരാള്‍
പൂര്‍ണ്ണ ഗര്‍ഭിണിയായ
കാമുകിയെ ഓര്‍ക്കുന്ന പോലെ
ഞാനെന്റെ നാടിനെ ഓര്‍ക്കുന്നു.
അടുത്ത കവലയില്‍ എന്നെ കാത്ത്
ഒരു പട്ടാളവണ്ടി കിടപ്പുണ്ട്.

2

കോഫിഷോപ്പിലെ ഉമ്മയില്‍ തുടങ്ങി
അരണ്ട വെളിച്ചമുള്ള കിടപ്പുമുറിയില്‍ ഒടുങ്ങുന്ന
ഒരു രംഗം എന്റെ എല്ലാ സിനിമകളിലുമുണ്ട്
പ്രേമം ആദ്യം തലച്ചോറിലും പിന്നെ അരക്കെട്ടിലുമാണ്
സംഭവിക്കുന്നതെന്ന് നീ പറയുന്നു
ചുണ്ട് പൊള്ളിക്കുന്ന ഉമ്മകളുടെ തോണി
നമ്മുടെ കിടക്കയില്‍ തകര്‍ന്നടിയുകയാണ്.

ആശുപത്രികള്‍ക്ക് വേണ്ടി രൂപകല്പന
ചെയ്ത കെട്ടിടം പോലെയാണ്
നമ്മുടെ ജീവിതം
അത്ര ഇടുങ്ങിയ മുറികള്‍
അത്ര ഇടുങ്ങിയ വഴികള്‍.

ഞാനൊരു നാഴ്‌സിസാണ്
നദിക്കരയിലിരുന്ന് ഞാന്‍ മരിക്കുമെന്ന്
പറയുന്ന ഒരാള്‍ എന്നില്‍ ജീവിച്ചിരിക്കുന്നു
മീനുകളുടെ പാട്ടുകള്‍
അയാള്‍ക്കുവേണ്ടിയാണ്.

3

ഒരു ദിവസം രണ്ട് ചെവിയും
പൊട്ടിയൊലിക്കുന്ന ഒരു വൃദ്ധന്‍
അവരുടെ ഗ്രാമത്തിലേക്ക്
കയറിവന്നു.
അയാളുടെ രണ്ട് തോളിലും
ഓരോ മുയലുകള്‍.
അയാള്‍ക്കുവേണ്ടി മുയലുകള്‍
കാത് കൂര്‍പ്പിക്കുന്നു
കേള്‍ക്കുന്നു
തലയാട്ടുന്നു.

ശബ്ദങ്ങളുടെ ലോകവുമായുള്ള
ബന്ധം അവസാനിക്കുകയാണ്.
ഇനി നിശബ്ദതയുടെ കാലമാണ്
ഉപേക്ഷിക്കപ്പെട്ട നീന്തല്‍ക്കുളം
അവസാനത്തെ നീന്തല്‍ക്കാരനെ
ഓര്‍ക്കുന്നതുപോലെ
അവസാനം കേട്ട വാക്ക്
ഞാന്‍ ഓര്‍ത്ത് നോക്കുകയാണ്.
അതിന്റെ പുളകങ്ങളില്‍
മതിമറക്കുകയാണ്.

4

ഇണചേരുമ്പോള്‍
തീയുണ്ടാകുന്ന കാലം
പെട്ടെന്ന് ഇല്ലാതാകും
പിന്നെ
അവിഞ്ഞ മണമുള്ള കാറ്റിന്റെ
കാലമാണ്
ആ കാലത്തേയും നമ്മള്‍
മറികടക്കുന്നു

5

മരിച്ചാല്‍ മാത്രമേ ഉറങ്ങാന്‍
സാധിക്കൂ എന്ന് പറയുന്ന ഒരാള്‍
എന്നില്‍
ഉണര്‍ന്നിരിക്കുന്നു.
നദിയെ അതിന്റെ ഒഴുക്കിലേക്ക് തിരിച്ചു കൊണ്ടുവരാന്‍
പോയവര്‍ മടങ്ങിവന്നിട്ടില്ല.
മീനുകള്‍ക്ക് ഉറങ്ങാനായി
കിടക്കയില്‍ നീയിറക്കിയ
കടലാസുതോണികള്‍ നനഞ്ഞു
കുതിരുകയാണ്.

6

ഡാന്‍സ് ബാറിലെ സ്റ്റീല്‍ കമ്പിയില്‍
നഗ്‌നത മറയ്ക്കുന്ന യുവതിക്കും
അവളെ നോക്കി വോഡ്ക നുണയുന്ന
വൃദ്ധനുമിടയില്‍ എന്റെ
ഞരമ്പുകള്‍ വലിഞ്ഞ് മുറുകുന്നു

7

മഴ വന്നു
വീട് കഴുകി
കമഴ്ത്തിവെച്ചു

8

പുറകിലേക്ക് കൈകുത്തി
ഇരിക്കുന്ന
മുലയുള്ള ഒരപ്പന്‍
അയാളുടെ മടിയിലിരിക്കുന്ന
ഒന്നര വയസുകാരി
അവരെ നോക്കിയിരിക്കുന്ന
മാമ്പഴ ഗന്ധമുള്ള ഒരു വൈകുന്നേരം

വായു സഞ്ചാരമില്ലാത്ത വീടുകളില്‍
താമസിക്കുന്നവരെപ്പോലെ
നമ്മള്‍ വീര്‍പ്പുമുട്ടുകയാണ്.
ക്രൂരനായ ഒരു ഭരണാധികാരിയുടെ
വീട്ടിലെ വെപ്പുകാരന്റെ വേഷത്തില്‍
നിനക്ക് ശോഭിക്കാനാകുന്നില്ല
എന്നിട്ടും നീ ആ കുപ്പായത്തിന്റെ
കുടുക്കുകള്‍ അഴിക്കുന്നില്ല.

ഒരു മലഞ്ചെരുവിനെ
അലങ്കരിക്കുകയാണ്
പൂക്കാലം
മുയലുകള്‍ അത് നോക്കി രസിക്കുന്നു.

9

ഏത് വിദഗ്ദനായ തുന്നല്‍ക്കാരനാണ്
നദിയുടെ ഉടുപ്പുകള്‍ തുന്നിയത്.
ഉടുപ്പില്‍ അല്പംപോലും ചെളിപറ്റാതെ
അവള്‍ നാടുനീളെ തെണ്ടി നടക്കുന്നു.

10

നിന്നെ ഭ്രാന്ത് പിടിച്ച് പ്രണയിക്കാന്‍
ഞാനുണ്ടാകും.
നീ പോയാല്‍
ഭ്രാന്ത് മാത്രമായിരിക്കും അവശേഷിക്കുക.

നമുക്കിടയില്‍ നടക്കുന്നത്
വലിയ യന്ത്രങ്ങളുടെ പ്രവര്‍ത്തനമാണ്
ഒരുപാട് ഇന്ധനം അതിനാവശ്യമുണ്ട്.

ഭൂമിയെക്കുറിച്ച് പറയുന്നതുപോലെ
ഞാന്‍ നിന്നെക്കുറിച്ച് പറയുന്നു.
അന്യഗ്രഹങ്ങളില്‍ നിന്ന് നോക്കുമ്പോള്‍
നാം ഒരു വള്ളിച്ചെടി.

ആലിംഗനം ചെയ്ത് നില്‍ക്കുന്ന നമുക്കിടയില്‍
ഒരു വള്ളിച്ചെടി പടര്‍ന്ന് പന്തലിച്ചിരിക്കുന്നു.
വള്ളിച്ചെടിക്ക് പടര്‍ന്ന് കയറാനും മാത്രം സമയം
നമ്മള്‍ ആലിംഗനം ചെയ്തുകാണുമോ?
അതോ മറ്റൊരു വള്ളിച്ചെടിയെന്ന്
കരുതിക്കാണുമോ?

നമ്മളില്‍ ഇനിയും തുറക്കാത്ത
പ്രണയത്തിന്റെ വലിയ ഖനികളുണ്ടെന്ന്
നാം തിരിച്ചറിയുകയാണ്.

അതിന്റെ താക്കോലുകള്‍
തിരയുകയാണ്

ഓഫ്‌സൈഡ്

കണ്ടുനില്‍ക്കുന്ന ആര്‍ക്കുവേണമെങ്കിലും
ഓഫ്‌സൈഡ് വിസില്‍ മുഴക്കാവുന്ന ഒരു നീക്കമാണ്
ഞാനിപ്പോള്‍ നടത്തുന്നത്.
രണ്ട് കാലുകള്‍ ഗോള്‍മുഖം ലക്ഷ്യമാക്കി
കുതിക്കുകയാണ്.
ആരവങ്ങള്‍ക്കിടയില്‍ ഒരു ഗോളിയുടെ ഏകാന്തത
ഞാനറിയുന്നുണ്ട്.
എനിക്ക് മാത്രം കേള്‍ക്കാവുന്ന ഒച്ചയില്‍
അയാള്‍ യാചിക്കുന്നുണ്ട്.

പൂച്ചക്കണ്ണന്‍ ഗോളിയെ കബളിപ്പിക്കുക
ഗോളടിക്കാന്‍ പാകത്തിന് മറ്റാര്‍ക്കെങ്കിലും
പാസ് കൊടുക്കുക.

ഗോള്‍പോസ്റ്റിന് കീഴില്‍ പീലിവിടര്‍ത്തിയാടുന്ന
മയിലിന്റെ ചിത്രത്തിന്
ഒരു ഗോളിയുടെ ഏകാന്തതയെന്നെഴുതാന്‍
നിനക്ക് മാത്രമാണ് കഴിയുക.

2

നിന്റ മണമുള്ള ബറോഡ
നീ നടന്ന വഴികളില്‍ മാത്രം കാണാനിടയുള്ള
പൂക്കള്‍
വെബ്കാമിലൂടെ നീ കൈമാറിയ
രഹസ്യങ്ങള്‍,
മൂക്കുത്തി.


3

കാറ്റ് മലര്‍ത്തിയടിച്ച കാറ്റിന്റെ തന്നെ വീടുകളാണ്
ഗ്രാമം മുഴുവന്‍


ആരുമില്ലാത്ത വീട്ടിലെ
അടച്ചിട്ട മുറിയില്‍ വീട്ടുകാരിയെ മലര്‍ത്തിയടിക്കുകയാണ്
യുദ്ധത്തില്‍ തോറ്റോടിയ ഒരു പട്ടാളക്കാരന്‍.
തന്റെ പരാജയപ്പെട്ട ജീവിതത്തിന്
ഇനിയെങ്കിലും ഒരു അര്‍ത്ഥമുണ്ടാകുമെന്ന്
അയാള്‍ പ്രതീക്ഷിക്കുന്നു.

ഗ്രാമത്തിലെ ചതിയന്‍ തടാകങ്ങളുടെ
ഓര്‍മ്മകളില്‍ നിന്നാണ്
ചീഞ്ഞളിഞ്ഞ മീനുകള്‍ യാത്ര തുടങ്ങുന്നത്
എത്ര ഉയരത്തില്‍ പറന്നിട്ടും വിട്ടുപോകാത്ത
ചീഞ്ഞഗന്ധം അവരെ ചേര്‍ത്ത് നിര്‍ത്തുന്നു. 

മേഘങ്ങള്‍ക്ക് വിശറിയുടെ വലുപ്പമുള്ള
ചെതുമ്പലുകള്‍ സമ്മാനിക്കുന്നു
ഉളുമ്പുമണമുള്ള ഉമ്മകള്‍ സമ്മാനിക്കുന്നു 


ഏത് നേരത്തും കയറിവരാവുന്ന അതിഥികളുടെ
ഗ്രാമമെന്ന പേരിലാണ് നീയിപ്പോള്‍ അറിയപ്പെടുന്നത്.
അവിടെ യാത്രാരേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍
ഉറുമ്പുകള്‍ പുറത്താക്കപ്പെടുന്നു. 

4

കുട്ടികള്‍ വലുതാകുമ്പോള്‍ കളിപ്പാട്ടങ്ങള്‍ ആത്മഹത്യ ചെയ്യുന്ന
മുനമ്പുകളുണ്ട് എല്ലാ വീട്ടിലും


പുറംലോകം കണ്ടിട്ടില്ലാത്ത കുതിരക്കുളമ്പടികള്‍
പമ്മിനില്‍ക്കുന്ന അടുക്കളയില്‍നിന്ന്
ഇറങ്ങിയോടാന്‍ ശ്രമിക്കുകയാണ് കാറ്റുപോയ ബലൂണുകള്‍.
കീ കൊടുത്താല്‍ മാത്രം അനങ്ങിയിരുന്ന
പാവകളും കോഴികളും
ഒരു ഷോര്‍ട്ട് സര്‍ക്യൂട്ടിനെ സ്വപ്നം കാണുന്നുണ്ട്. 

മരിച്ച വീടിനെ ഓര്‍മ്മിപ്പിക്കുന്ന ടെഡിബെയര്‍
ആകാശം നഷ്ടമായ പട്ടങ്ങള്‍
ഉറുമ്പ് തിന്ന് തീര്‍ക്കാറായ പാവകള്‍


ഒരു കൈയ്യടിപോലും ലഭിക്കാതെ വേദിയില്‍നിന്ന്
ഇറങ്ങിപ്പോയ പാട്ടുകാരെ
ഓര്‍ക്കുകയാണ് തൊണ്ടപ്പൊട്ടി പാടുന്ന
വിദൂഷകന്‍.

5

ഒറ്റപ്പെട്ട്
ഒറ്റപ്പെട്ട്
ഒറ്റപ്പെട്ട്
ആള്‍ത്താമസമില്ലാത്ത ഒരു ദ്വീപായി മാറണം.


ദൂരെ നഗരങ്ങളില്‍നിന്ന് വരുന്ന തൂപ്പുകാര്‍
പൊടിയും വിയര്‍പ്പും നിറഞ്ഞ കിടക്കവിരികള്‍
മാറ്റാതെ തിരിച്ചുപോകുകയാണ്.
ഒരു രാത്രിക്കുള്ളില്‍ മറ്റൊരു രാത്രിയുണ്ടെന്ന് അവര്‍
സാക്ഷ്യപ്പെടുത്തുന്നു.

എന്നിട്ടും ഉപഗ്രഹങ്ങള്‍ തമ്മിലുള്ള കുടിപ്പക
തീര്‍ക്കാന്‍ നീലശലഭപ്പുഴുക്കളെയാണ്
നാം പറഞ്ഞയച്ചത്.

തെരുവില്‍ കിടന്നുറങ്ങുന്നവര്‍
രാത്രി ജോലിക്കാരെ തിരിച്ചറിയുന്നതുപോലെ
നമ്മള്‍ പരസ്പരം തിരിച്ചറിയുകയാണ്.

തന്റേതല്ലാത്ത കാരണത്താല്‍
വീട് വിടേണ്ടിവന്നവര്‍ സംസാരിക്കുന്ന
ഭാഷയുണ്ട്.
അവര്‍ മാത്രം അലഞ്ഞ് തിരിയുന്ന
ചില വഴികളുണ്ട്.

എത്ര ആഞ്ഞ് പിടിച്ചാലും
വേറൊരാള്‍ക്ക് എത്തിച്ചേരാനാകില്ല
അവരുടെ സ്വപ്നങ്ങളില്‍.


6

ശുക്‌ളം നിറഞ്ഞ് തുളുമ്പുന്ന കക്കൂസ് കുഴികള്‍ക്ക്
എന്താണ് പറയുവാനാകുക.


രൂപകങ്ങള്‍ നദിയിലേക്ക് മറിഞ്ഞുവീണ
കൂറ്റന്‍ മഷിക്കുപ്പികളാണെന്ന് പറഞ്ഞവര്‍
തോണിയാത്ര അവസാനിപ്പിച്ച് തിരികെ പോകുകയാണ്.
ഭൂമിക്കടിയിലെ മരങ്ങളാണ് നദിക്കരയില്‍
നൃത്തം ചെയ്യുന്നതെന്ന് തോണിക്കാരന്‍ പറയുന്നു.
നദിയുമായുള്ള  നിന്റെ രഹസ്യസംഭാഷണങ്ങള്‍
ഞാന്‍ ചോര്‍ത്തിയെടുക്കുകയാണ്.

നിന്റെ ഓര്‍മ്മകളിലൂടെ
ആര്‍ത്തലച്ചുകൊണ്ട് ഒരു തെരുവ് കടന്നുപോകുന്നു.
ആണുങ്ങള്‍ മാത്രം താമസിക്കുന്ന
വീട്ടിലെ ചില മുറികള്‍പോലെ ഞാന്‍
അലങ്കോലപ്പെട്ടു കിടക്കുകയാണ്.

ഒരു ജാലവിദ്യക്കാരന്റെ മുഖഭാവമാണ് എനിക്കെന്ന്
നീ പറയുന്നു.
കാട്ടില്‍ ഒറ്റപ്പെട്ട് വളരുന്ന മരങ്ങളുടെ
ശിഖരങ്ങള്‍ തേടിപ്പോയവരാണ്
എന്നെ മാറ്റിമറിച്ചതെന്നും പറയുന്നു.
രാത്രിസത്രത്തിലെ പാറാവുകാരന്റെ നിഗൂഡതയാണ്
നിന്റെ മുഖത്ത്.
പതിവുകാര്‍ വരുമ്പോള്‍മാത്രം ചിരിക്കുന്ന
ഒരാളപ്പോലെ നീ അഴിഞ്ഞില്ലാതാകുന്നു.

ഉറുമ്പുകള്‍ നായകന്മാരാകുന്ന
ആനിമേഷന്‍ ചിത്രത്തില്‍
പുല്‍ച്ചാടികള്‍ വില്ലന്മാരാകുന്നത്
നമ്മള്‍ കണ്ട് നില്‍ക്കുകയാണ്.


പൊടിയും വിയര്‍പ്പും വില്‍ക്കാനിരിക്കുന്ന
മുഖം ചുളുങ്ങിയവര്‍
ഒരു വെടിയൊച്ചകൊണ്ട് വിജനതയെ
കൊന്ന് കുഴിച്ച് മൂടണമെന്ന് പറയുന്നു.


ഭൂമിയെ തകര്‍ത്ത് തരിപ്പണമാക്കുന്ന
ഭൂകമ്പം വരുന്നുണ്ട്. 
അതിന്റെ പ്രഭവകേന്ദ്രം
എന്റെ ഹൃദയമായിരിക്കും.
പ്രകമ്പനങ്ങള്‍ക്കുശേഷം ഏതാനം ചീട്ടുകൊട്ടാരങ്ങള്‍
മാത്രമായിരിക്കും അവശേഷിക്കുക. 

ചില ഹോളിവുഡ് സിനിമയിലെ ശവസംസ്‌കാര രംഗങ്ങളെ
ഓര്‍മ്മിപ്പിക്കുന്നുണ്ട് നമ്മുടെ ജീവിതം.
ഇത്ര നിശ്ശബ്ദമായി ഒരുകൂട്ടമാളുകള്‍ക്ക്
എങ്ങനെയാണ് ഒരുമിച്ച് നില്‍ക്കാനാകുക!
ഒന്ന് ചുംബിക്കുകപോലും ചെയ്യാതെ
എങ്ങനെയാണ് യാത്ര പറയാന്‍ സാധിക്കുക!


7

ചുവരില്‍ തൂങ്ങുന്ന ടീ ഷര്‍ട്ടില്‍
നിന്റെ മാറിടം വരച്ചിരിക്കുന്നു.
അതിനുള്ളില്‍നിന്ന് പുറത്തിറങ്ങാനാവാതെ
ഞാന്‍ വീര്‍പ്പുമുട്ടുകയാണ്.

അധികമുലയാത്ത ഒരു തീനാളത്തെ
ആലിംഗനം ചെയ്യുകയാണ്.
എത്ര അടക്കി പിടിച്ചിട്ടും പെയ്തുപോകുന്ന
മഴയുടെ കൂടെ വിരുന്ന് പോകുകയാണ്.

കോണിപ്പടിയില്‍ വിശ്രമിക്കുന്ന കാറ്റിന്
തീട്ടത്തിന്റെ മണമുണ്ട്.
അവനെ നിന്റെ മുറിയിലേക്ക് പറഞ്ഞുവിടുന്നു.


8

അളവുപാത്രത്തില്‍ കള്ളത്തരം
കാണിക്കുന്ന ബാറിലെ ഒഴിച്ചുകൊടുപ്പുകാരനെയാണ്
നീ ഓര്‍മ്മിപ്പിക്കുന്നത്.
നിന്റെ ചലനങ്ങളില്‍ നിഗൂഡമായ
ഒരു രഹസ്യം ഒളിപ്പിച്ചിരിക്കുന്നു.
രണ്ട് പെഗ്ഗ് വിട്ടാല്‍ നാവ് കുഴയുന്ന
ഒരാളുമായും നിനക്ക് ചങ്ങാത്തമില്ല.

കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്ന
കഥകളിലാണ് നിന്നെ കണ്ടിട്ടുള്ളത്.
ആ കഥകളില്‍നിന്ന് എനിക്ക് രക്ഷപെടാനാകുന്നില്ല.
കളിപ്പാട്ടങ്ങള്‍ക്ക് മുമ്പില്‍നിന്ന് കരയുന്ന
ഒരു കുഞ്ഞിനെയും മറികടക്കാനാകുന്നില്ല.

ചോരകള്‍ തമ്മില്‍ത്തല്ലി പിരിയുന്ന
ഒരു രംഗം എന്റെ തിരക്കഥയില്‍
ഉണ്ടായിരുന്നില്ല.
എന്നിട്ടും രക്തത്തിന്റെ നദി എനിക്ക് മുറിച്ച്
കടക്കാനാകുന്നില്ല.
കുന്നിറങ്ങി വരുന്ന ഒരു പാണ്ടിലോറി
എന്നെ അസ്വസ്തനാക്കുന്നുണ്ട്.

9

എത്ര ഉച്ചത്തില്‍ പാടിയാലാണ്
നിരാശഭരിതമായ ഒരു ഗാനത്തിന്
ജനക്കൂട്ടത്തെ കീഴ്‌പ്പെടുത്തനാകുക.

പ്രേമം ട്രാഫിക് ജാമില്‍പ്പെട്ടുപോയ
ഒരു ചടക്ക് വണ്ടിയാണെന്ന് നീ പാടുന്നു
അത് ശരിയാണെന്ന് ജനക്കൂട്ടം ഏറ്റുപാടുന്നു

10

അവിഹിതവേഴ്ചയ്ക്കുശേഷം പുറത്തുകടക്കുന്നവന്റെ
അഴിഞ്ഞുലഞ്ഞ വസ്ത്രംപോലെയാണ്
ജീവിതം.

കടിച്ചതിന്റെയും മാന്തിയതിന്റെയും പാടുകള്‍
കാതില്‍ നീ പറഞ്ഞ രഹസ്യങ്ങള്‍
കണ്ണില്‍ നിന്റെ നഗ്നത


പേനുകള്‍ നിറഞ്ഞ തലയില്‍നിന്ന്
വിരലുകള്‍ മടങ്ങുന്നതുപോലെ
ഞാന്‍ മടങ്ങുന്നു.

കാര്‍ലോസ് സന്താന


ഞാന്‍
കാര്‍ലോസ് സന്താനയുടെ
വെപ്പാട്ടി.
മെക്സിക്കോയിലേക്കുള്ള തീവണ്ടിയിലിരിക്കുന്നു.
ഇന്ന് ഞങ്ങള്‍ക്കൊരു കളിയുണ്ട്.
ഗിത്താറും ഡ്രമ്മും ചേര്‍ന്നാല്‍
ജനക്കൂട്ടം ഇളകിമറിയുന്നത് ഞങ്ങള്‍ പലതവണ
കണ്ടതാണല്ലോ?

തുണിയുടുകാത്ത ഒരുവന്റെ
ആടുന്ന ലിംഗംപോലുള്ള ജനക്കൂട്ടത്തെ മാത്രമാണ്
നിനക്ക് പരിചയം.
കൈയ്യില്‍ ബിയറോ ചുരുട്ടോ ഇല്ലാത്തവര്‍
നിന്റെ ആള്‍ക്കൂട്ടങ്ങളില്‍നിന്ന്
പുറത്താക്കപ്പെടാന്‍ തുടങ്ങിയത്
ഞാനുമായി കൂട്ടുകൂടിയതിനുശേഷമാണ്.

പാരീസിലെ ചില മുന്തിയ ബാറുകളിലെ
വീഞ്ഞുപാത്രങ്ങളുടെ മുഖമാണ് എനിക്കെന്ന്
നീ പറഞ്ഞിട്ടുണ്ട്.
നിന്നില്‍ ആടിയുലഞ്ഞ്
നിന്റെ പേരെഴുതിയ ബാനറുകള്‍ക്ക് കീഴില്‍നിന്ന്
നൃത്തമാടുന്ന ജനകൂട്ടമാകാന്‍
ആഗ്രഹിക്കുന്നുവെന്ന്
ഞാനും പറഞ്ഞിട്ടുണ്ട്.

വുഡ്സ്റോക്കില്‍നിന്ന്
ഭൂമിയെ മെരുക്കിയെടുക്കാനുള്ള നിന്റെ യാത്ര തുടങ്ങിയിട്ട്
വര്‍ഷങ്ങള്‍ പലതായിരിക്കുന്നു.
നീ കടന്നുപോയ പല രാജ്യങ്ങളും
ഇപ്പോള്‍ ഗിത്താറിന്റെ ഭാഷയിലാണ്
സംസാരിക്കുന്നത്.
ഭൂമിയും ഗിത്താറും തമ്മിലുള്ള രഹസ്യബന്ധത്തെക്കുറിച്ച്
നിന്റെ വിരലുകള്‍ക്ക് മാത്രമാണ്
അറിയാവുന്നത്.
ഭൂമിയും ഒരു ഗിത്താറായി മാറിക്കൊണ്ടിരിക്കുകയാണെന്ന്
നീ പറയാതെ പറയുന്നു.

ഭൂമി ഇനി ഉരുണ്ടതല്ല
ഒരു ഗിത്താറുപോലെ പരന്നതാണ്.
അതിന്റെ തന്ത്രികളില്‍ നമ്മള്‍ ഇണചേര്‍ന്ന
രാത്രികളെ രേഖപ്പെടുത്തിയിരിക്കുന്നു.
ജനക്കൂട്ടത്തെ ഇളക്കിമറിച്ച നിന്റെ വിരലുകളെ
രേഖപ്പെടുത്തിയിരിക്കുന്നു.

നീ മെക്സിക്കോയിലെ
ഒരു കാട്ടില്‍നിന്നാണ് വരുന്നത്.
കളിക്കൂട്ടുകാരായ മുയലുകളെക്കുറിച്ചും
പുല്‍ച്ചാടികളെക്കുറിച്ചുമുള്ള ഓര്‍മ്മകളാണ്
ഓരോ വേദിയിലും നീ പങ്കുവെയ്ക്കുന്നത്.
കാട്ടുമുയലുകളുടെ പാട്ടുകളെ
മനുഷ്യരുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള
ശ്രമങ്ങളാണ് നടത്തുന്നത്.

നീന്തല്‍ക്കുളം, സന്താന എന്നീ രൂപകങ്ങള്‍
ചെയ്തുകൂട്ടുന്ന വഷളത്തരങ്ങള്‍

രൂപകങ്ങളെക്കുറിച്ചുള്ള ആദ്യചിന്തകള്‍ തുടങ്ങുന്നത്
നീ ഉപേക്ഷിച്ചുപോയ
നീന്തല്‍ക്കുളങ്ങളില്‍നിന്നാണ്.
വൃത്തങ്ങള്‍ക്കും ചതുരങ്ങള്‍ക്കുമിടയില്‍
നീന്തല്‍ക്കാര്‍ക്ക് വഴിപിഴക്കുന്നതെവിടെയാണെന്ന്
ഞാനോര്‍ക്കുകയാണ്.
നിന്റെ നീന്തല്‍ക്കുളങ്ങളില്‍
എല്ലാവരും ചതിക്കപ്പെടുകയാണ്.
അടുത്ത ആയത്തിന് നീന്തല്‍ക്കാരെല്ലാം
പുറത്താക്കപ്പെടുകയാണ്.

(തെരുവിലെ അണ്ടിവില്‍പ്പനക്കാരും
നീന്തല്‍ക്കുളത്തിലെ തെമ്മാടികളും
അവിശുദ്ധമായതെന്തോ ചെയ്തുകൂട്ടുന്നുണ്ട്.
പുത്തന്‍ അടിവസ്ത്രങ്ങള്‍ ശേഖരിക്കുന്ന
കുട്ടികളാണ് അവര്‍ക്കിടയില്‍.

അവരുടെ ചുണ്ടില്‍ ബീഡി പുകയുന്നു
കഞ്ചാവിന്റെ മണമുള്ള അവരുടെ പുറകെ
അടിവസ്ത്രങ്ങള്‍ക്കായി
പായുന്ന ജലയാത്രികരുടെ
ദൃശ്യങ്ങളാണ് നഗരത്തിന്
ഒരു കാഴ്ചബംഗ്ളാവിന്റെ രൂപംനല്‍കുന്നത്.)

നിന്റെ വിരലുകള്‍ ചുഴറ്റിയെറിഞ്ഞ
ഏത് രാത്രിയുടെ പ്രലോഭനമാണ്
ജലയാത്രികരുടെ തുറമുഖങ്ങളെ തെറ്റിച്ചുകളയുന്നത്.
അവരുടെ വഴികളില്‍ പാട്ടിന്റെ ഏത് വരികളാണ്
നീ വാരിവിതറിയിരിക്കുന്നത്.

രഹസ്യവേഴ്ചക്കിടയിലെ ആലിംഗനങ്ങളിലാണ്
നമ്മള്‍ ജീവിക്കുന്നത്.
അടയ്ക്കാന്‍ മറന്നുപോയ വാതില്‍വിടവിലൂടെ വരുന്ന
വെളിച്ചത്തില്‍ നമ്മള്‍ ചുംബിക്കുകയാണ്.

ഒഴുവുനേരങ്ങളില്‍
നിന്റെ കൂട്ടത്തില്‍ നഗരത്തിലിറങ്ങി
ചെറ്റത്തരങ്ങള്‍ കാണിക്കണം.
കഞ്ചാവോ മറ്റേതെങ്കിലും മുന്തിയയിനങ്ങളോ വീശിയെറിഞ്ഞ്
നാട്ടുകാരെ വിറപ്പിക്കണം.
ഒരു ഗിത്താര്‍കൊണ്ട് നഗരത്തെ
പൊളിച്ചടുക്കണം.

-നീയും പുല്‍ച്ചാടികളും തമ്മിലുള്ള ബന്ധത്തിന്റെ
അത്രപോലും വലുതല്ല ഞാനും നീയും തമ്മിലുള്ളതെന്ന്
ആരും പറയാതെതന്നെ എനിക്കറിയാം.

നീ എറിക് ക്ളാപ്ടനെ ആലിംഗനം ചെയ്യുന്ന
വേഗത്തില്‍ എനിക്ക് നിന്നെ ആലിംഗനം ചെയ്യാനാവില്ല
നീ ആമി വൈന്‍ഹൌസിനോട് പിറുപിറുക്കുന്ന ഭാഷയില്‍
എനിക്ക് നിന്നോട് സംസാരിക്കാനാവില്ല.

നമ്മുടെ ഭാഷ
ജനക്കൂട്ടത്തിന് മാത്രം മനസിലാകുന്നതാണ്.
നമ്മള്‍ സംഭാഷണം തുടങ്ങുമ്പോള്‍
ജനകൂട്ടം ആടിയുലഞ്ഞ് തുടങ്ങുന്നു-

എന്നാലും സന്താന
എന്റെ തെരുവിന് ഞാന്‍ നിന്റെ പേരിടുന്നു.
എന്റെ ചുവപ്പന്‍ കുപ്പായങ്ങളിലെ കുടുക്കുകള്‍ക്ക്
നിന്റെ ഗന്ധം നല്‍കുന്നു.
പുറത്തുപറയാന്‍ കൊള്ളാത്ത
എല്ലാത്തരം കളികള്‍ക്കും നിന്റെ ഓര്‍മ്മകള്‍ പകുത്തു നല്‍കുന്നു.

(രൂപകങ്ങളുടെ ലോകം
ഒരു മൂന്നാംകിട ലോകമാണ്
അവിടെ നിറയെ ചീഞ്ഞമണമുള്ള
കുളങ്ങളാണ്.)

ഒരു കുളവും നീന്തല്‍ക്കാരനും
ഗിത്താറുമുണ്ടെങ്കില്‍ ആര്‍ക്കും
നീയും ഞാനുമാകാം.
എന്നാല്‍ പിരിഞ്ഞുപോകുന്ന ജനകൂട്ടത്തെ
തിരിച്ചുകൊണ്ടുവരാന്‍ എനിക്കും നിനക്കുമല്ലാതെ
ആര്‍ക്ക് സാധിക്കും.

മുഴങ്ങാനായി കാഹളങ്ങള്‍ ഒരുപാട്
ബാക്കിയുള്ളപ്പോഴാണ്
നമ്മള്‍ നിശ്ശബ്ദമായ മുറികളന്വേഷിച്ച്
യാത്ര തിരിക്കുന്നതെന്ന് നീ പറഞ്ഞിട്ടുണ്ട്.

നിന്റെ ജനക്കൂട്ടം
നിറയെ ഇലകളുള്ള ഒരു മരമായി മാറുന്ന
കാഴ്ചയുണ്ട്.
അവസാനത്തെ ഇലയും കൊഴിഞ്ഞുവീഴുംവരെ
നീ ഗിത്താര്‍ വായിക്കുന്നു.

നൃത്തമാടുന്ന പെണ്‍കുട്ടികളുടെ
നനഞ്ഞ അടിവയറുപോലെ
നീയെനിക്ക് സുപരിചിതനാണ്.
നിന്റെ മുഖത്തിന് ഉറങ്ങിക്കിടക്കുന്ന ജിപ്സികളുടെ
മുഖവുമായി ഏറെ സാമ്യമുണ്ടെന്ന് ഞാന്‍ കണ്ടുപിടിച്ചിരിക്കുന്നു.
നീയുറങ്ങുമ്പോള്‍ ഒരു സിംഹത്തെ കാവല്‍നിര്‍ത്താന്‍
ഒരുങ്ങുകയാണ് ഞാന്‍.
അരികില്‍ ഒരു മണ്‍കൂജ നിറയെ വീഞ്ഞും
ഗിത്താറുണ്ടാകും.

പഴുത്തുനാറിയ മുറിവില്‍നിന്ന് വലിച്ചൂരിയെടുത്ത
മുള്ളുപോലെ നാം ഉപേക്ഷിക്കപ്പെടുകയാണ്.
നിലയ്ക്കാത്ത കൈയ്യടികള്‍ക്കൊടുവില്‍
നമ്മള്‍ ആലിംഗനം ചെയ്തുനില്‍ക്കുന്ന രംഗത്തോടെയാണ്
എല്ലാ നാടകങ്ങളും അവസാനിക്കുന്നത്.

പ്രാചീനനഗരങ്ങളില്‍നിന്ന് വിരുന്നെത്തിയവരാണ്
ഊണുമേശയ്ക്ക് ചുറ്റുമിരിക്കുന്നത്.
ഗിത്താറില്‍നിന്ന് നീ വിളിച്ചുണര്‍ത്തിയ
പെണ്‍കുട്ടികള്‍ എന്തിനും തയ്യാറായി നില്‍ക്കുന്നുണ്ട്.
പുള്ളിമാനിന്റെ നിലവിളിയും
തീയില്‍ ചുട്ടെടുത്ത പന്നിത്തുടകളുമെല്ലാമായി
വിരുന്ന് കൊഴുക്കുകയാണ്.

ഉപഗ്രഹങ്ങളില്‍നിന്ന് മടങ്ങിവന്നവരുടേതുപോലുള്ള
മുഖഭാവവുമായി നമ്മള്‍ കിടപ്പുമുറിയിലിരിക്കുന്നു.
നീയൊരു മെക്സിക്കന്‍ നാടോടിഗാനം മൂളുന്നുണ്ട്.
ഞാനത് കൊതിയോടെ കേട്ടിരിക്കുകയാണ്.
കന്യകമാരെ കുരുതികൊടുത്ത് വളര്‍ത്തിയെടുത്ത
ഓറഞ്ചമരങ്ങളെക്കുറിച്ചുള്ള പാട്ടാണ്.
വാറ്റുപുരകളിലെ കാവല്‍ക്കാരെക്കുറിച്ചും
അവരുടെ വലിയ ചന്തിയുള്ള ഭാര്യമാരെക്കുറിച്ചുമുള്ള
പാട്ടാണ്.
പാട്ടിനിടയിലും എനിക്കുള്ള ചുംബനങ്ങളില്‍
നീ പിശുക്കു കാണിക്കുന്നില്ല.

പക്ഷിക്കൂടുകളുടെയും ചെറിയയിനം മീനുകളുടെയും രാത്രികള്‍

നമുക്ക് നോട്ടങ്ങളെക്കുറിച്ച്
സംസാരിക്കാം
ഉറങ്ങിക്കിടക്കുന്ന വഴികളെക്കുറിച്ചും
അവയുടെ പാതിരാകാഴ്ചകളെക്കുറിച്ചും
സംസാരിക്കാം

ഒരു പക്ഷിക്കൂട്
അതിന് മുകളില്‍ ശിഖരങ്ങള്‍
വേരുകള്‍
കടപുഴകിവീണ ഒരു മരം.

ഒഴുക്കിനെതിരെ നീന്തുന്ന മരങ്ങളെക്കുറിച്ച് മാത്രമാണ്
സംസാരിക്കുന്നത്.
വരിക്കപ്ളാവിന്റെ കൊമ്പുകളില്‍നിന്ന് പറന്നുയര്‍ന്ന
കിളികളിലാണ് നിന്റെയുന്നം.
ചിറകടികള്‍ നിനക്കുള്ള ക്ഷണക്കത്തുകളാണെന്ന്
നീ കരുതുന്നു.

ആരാണ്
ഇതിലും വലിയൊരു പക്ഷി ഇനിയിതിലെ പറക്കില്ലെന്ന്
പറഞ്ഞത്
വാശിപിടിച്ചത്
യാചിച്ചത്

രണ്ട്- മണ്ണിരയുടെ വിയര്‍പ്പില്‍ കുതിര്‍ന്ന നഗരം

മണ്ണിരയുടെ വിയര്‍പ്പ്
എന്ന രൂപകത്തില്‍വെച്ചാണ്
നമ്മള്‍ കണ്ടുമുട്ടിയത്.
വൈന്‍ഗ്ളാസുകളുമായുള്ള നിന്റെ കാത്തിരിപ്പ്
എനിക്കോര്‍മ്മയുണ്ട്.
മുന്തിരിത്തോട്ടത്തിന്റെ നടുവിലെ
നിന്റെ വീടുപോലെ നീ മുഷിഞ്ഞിരിക്കുന്നു.
ജനക്കൂട്ടത്തെ ഉണര്‍ത്തിയിരുന്ന
നിന്റെ അരക്കെട്ടും മുലകളും
മണ്ണിരയുടെ വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നു.

മുലയും യോനിയുമുള്ള
പുരുഷന്മാരെ തേടിയാണ് നഗരത്തിലിറങ്ങിയത്.
യാത്രയ്ക്കിടയിലെ നിന്റെ നോട്ടങ്ങള്‍ എനിക്കോര്‍മ്മയുണ്ട്.
മുലകളുണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചുപോയ നോട്ടങ്ങള്‍.
എന്റെ നോട്ടങ്ങള്‍ക്കിടയില്‍ യോനി ഉണ്ടായിരുന്നുവെങ്കിലെന്ന്
നീയും ആഗ്രഹിച്ചു കാണണം.

റെയില്‍വേ സ്റേഷന്‍ വീടായിമാറിയ
കാലത്തേക്കൊരു യാത്ര നടത്തിയാലോ- അടുത്ത കൂട്ടുകാരന്‍ ചോദിക്കുന്നുണ്ട്.
അവന്റെ ചെപ്പക്കുറ്റിക്ക് ഒരെണ്ണം കൊടുക്കണമെന്നുണ്ട്. പണ്ട് യാത്ര തുടങ്ങിയ റെയില്‍വേ സ്റേഷനില്‍തന്നെയാണ് ഇപ്പോഴും വൈകുന്നേരങ്ങള്‍ ചെലവഴിക്കുന്നത്. ഒരു ബിയറും രണ്ട് ലാര്‍ജുമുണ്ടെങ്കില്‍ കാര്‍ലോസ് സന്താനയ്ക്ക് കൂട്ടുകിടക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുന്ന ഉന്മാദം എന്നെ വിട്ടുപോയിട്ടില്ല.

ഡ്രം വായിക്കുമ്പോള്‍ നീ മലമുകളിലെ
ഒറ്റമരത്തെ ഓര്‍മ്മിപ്പിക്കുന്നു.
കാറ്റിലാടിയുലയുന്ന നിന്റെ ശിഖരങ്ങളില്‍
തീപിടിക്കുമ്പോഴാണ്
ഞങ്ങള്‍ ഉന്മാദത്തിന്റെ വന്‍കരകള്‍
താണ്ടിയിരുന്നത്.

എന്റെ മുറിയില്‍നിന്നും
മെക്സിക്കോയിലേക്കും
അമേരിക്കയിലെ ചില തെരുവുകളിലേക്കും
ഗിത്താറില്‍ നിര്‍മ്മിച്ച ഒരു വഴിയുണ്ട്.

തെരുവിന്റെയറ്റത്ത് അവസാനിക്കുന്ന
രണ്ട് വീടുകളാണ് നമ്മള്‍.
ആകാശത്തുനിന്നും തൂക്കിയിട്ടിരിക്കുന്ന
വിളക്ക് എന്നര്‍ത്ഥം വരുന്ന പേരാണ്
നമ്മള്‍ പരസ്പരം വിളിക്കുന്നത്.

ഒരു ഓട്ടോറിക്ഷയില്‍ കൊണ്ടുപോകാവുന്നത്ര
ചെറുതാണ് എന്റെ നഗരങ്ങള്‍.

ഗ്രാമാതിര്‍ത്തിയിലെ
ഒരു മരത്തിന്റെ കീഴിലാണ്
നമ്മളെല്ലാവരും ജനിച്ച് വീഴുന്നതെന്ന് പറഞ്ഞത്
വായ്പുണ്ണ് വന്ന് മരിച്ച ഒരു കിഴവനാണ്.
അവിടെനിന്ന് ഓരോ രാത്രിയിലും
കൊതുമ്പുവള്ളങ്ങളില്‍ യാത്ര പോകുന്ന
ഇലകളാണ്
നമ്മുടെ നാട് നിശ്ചയിക്കുന്നതെന്നും
അയാള്‍ പറഞ്ഞിരുന്നു.

കഷണ്ടിയുള്ള രണ്ടുപേരുടെ സംസാരത്തില്‍നിന്നാണ്
ആ കിഴവനെക്കുറിച്ചും
കൊതുമ്പുവള്ളങ്ങള്‍ തുഴഞ്ഞുപോകുന്ന
ഇലകളെക്കുറിച്ചും നമ്മള്‍
ആദ്യമായി കേട്ടത്.

പാര്‍ക്കില്‍ രണ്ടാണുങ്ങള്‍
ചുംബിക്കുന്നത് നോക്കിനില്‍ക്കുന്ന
ഒരുവന്റെ മുഖത്തുനിന്നാണ്
നിരാശഭരിതനായ യുവാവിനെക്കുറിച്ചുള്ള
നമ്മുടെ ഗാനമാരംഭിക്കുന്നത്.

നിറയെ മീനുകള്‍ നീന്തുന്ന
ചിത്രത്തില്‍നിന്ന്
ഒരു പൊന്മാന്‍ ഇപ്പോഴാണ് പറന്നുപോയത്.
അവന്റെ ചിറകടിയില്‍
കുളം ഒന്നുലഞ്ഞ് നിവരുന്നുണ്ട്.

ചെറുവണ്ടുകളുടെ കൂട്ടമാണ്
ചുവന്ന താടിയുള്ളവരുടെ തെരുവില്‍വെച്ച്
നമ്മളെ വഴിതെറ്റിക്കാന്‍ ശ്രമിച്ചത്.
തളര്‍ന്ന് കിടക്കുന്ന
നര്‍ത്തകിമാരുടെ വീടുകള്‍ ആ തെരുവില്‍തന്നെയാണെന്ന്
അവര്‍ പറയുന്നു.

ഭൂമിയുടെ താക്കോല്‍ കുഴിച്ചിട്ടിരിക്കുന്ന
കിടപ്പറകള്‍ കണ്ടെത്താനാണ്
നമ്മളിറങ്ങിത്തിരിച്ചത്.
അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്നവരുടെ
ഹൃദയത്തിലാണ് ഭൂമി തിരിയുന്നതെന്ന് പറഞ്ഞത്
നര്‍ത്തകിമാരാണ്.

ഒരു നവവധുവിനെ അണിയിച്ചൊരുക്കുന്ന
വ്യഗ്രതയോടെയാണ്
നഗരം നമ്മളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നത്.

(ചില അപസര്‍പ്പക നോവലുകളിലെ
അന്വേഷണ ഉദ്യോഗസ്ഥരെപ്പോലെ നഗരം നമ്മളെ
വളഞ്ഞുപിടിച്ചിരിക്കുന്നു.)

അദൃശ്യമായ ചിറകുകളാണ് പക്ഷികളെക്കാള്‍ വേഗത്തില്‍ പറക്കാന്‍ സഹായിച്ചിരുന്നത്.

മൂന്ന്

വേരൊടെ പിഴുതെറിയപ്പെട്ട ഒരുവനാണ്
കണ്ണില്‍ തേനീച്ചകള്‍ കൂടുകൂട്ടിയ
ഒരു വിചിത്രജീവിയെക്കുറിച്ച് പാടുന്നത്.
പാട്ട് തീരുമ്പോള്‍ തേന്‍ കിനിഞ്ഞിറങ്ങിയ
മുഖവുമായി ഞാന്‍ യാത്ര തുടരുന്നു.

ശിലായുഗങ്ങള്‍ക്കരുകില്‍ മറ്റൊരു യുഗമുണ്ടായിരുന്നു.
അവിടെയാണ്
രാത്രികാലങ്ങളില്‍ നമ്മള്‍ മഞ്ഞുകാഞ്ഞിരുന്നത്.

അടിക്കുറിപ്പുകളില്ലാത്ത ചായക്കോപ്പകളുമായി
കത്തുന്ന കാലങ്ങളിലേക്ക് തിരിച്ചുപോകുന്നു.

വഴിതെറ്റിവഴിതെറ്റിവഴിതെറ്റിയാണ്
നേരെയായതെന്ന് പറയുന്ന
പുല്‍ച്ചാടികളാണ് വഴിനിറയെ.
നൂറ്റാണ്ടുകളായി
കൊറ്റികള്‍ കാത്തിരിക്കുന്ന
വയല്‍ക്കരകള്‍ ഒരു അരിമണിയുടെ വലുപ്പത്തില്‍
ചുരുങ്ങിപ്പോകുന്നു.
നോട്ടം മുറിഞ്ഞുപോകുന്ന ആ കാലത്തിനപ്പുറത്തുനിന്നും
നമ്മള്‍ മടങ്ങുകയാണ്.

മരിച്ചുപോയവരെല്ലാം തിരിച്ചുവരുകയാണ്.
തിരിച്ചുവരുന്ന
പടയാളിയുടെ പക്കല്‍ ഇപ്പോഴുള്ളത്
പൂക്കളാണ്.
വാതില്‍പ്പടിയില്‍ പൂക്കള്‍വെച്ച് അയാള്‍ കാത്തിരിക്കുന്നു.
ആ പൂക്കളുടെ ഗന്ധം അമ്മയും ഭാര്യയും തിരിച്ചറിയുന്നുണ്ട്.

നാല്

രണ്ട് മരങ്ങള്‍ ചുംബിക്കുമ്പോള്‍
തുപ്പലുകളുടെ ഒരു നദി ഒഴുകിത്തുടങ്ങുന്നു
ചിത്രങ്ങള്‍ ഒട്ടിച്ചുവെച്ച് തെരുവുകുട്ടികളുണ്ടാക്കിയ
നഗരങ്ങളിലൂടെയാണ് നദി ഒഴുകുന്നത്
ആ നദിക്കരയിലിരുന്ന്
നമ്മളും ചുംബിക്കുകയാണ്.

ദൂരെനിന്ന് നോക്കുമ്പോള്‍
നമ്മള്‍ ഒരേമരത്തിന്റെ വേരുകള്‍
ചെറിയയിനം മീനുകളുടെയും പുഴുക്കളുടെയും
ലോകങ്ങളെക്കുറിച്ച് സംസാരിക്കുന്നവര്‍.

തുറന്നുവെച്ച പിയാനോകളില്‍ മാമ്പഴങ്ങള്‍ ശേഖരിക്കുന്ന
മുയലുകളാണ് താഴ്വാരം നിറയെ.
പിയാനോകള്‍ നിറച്ച കപ്പലുകള്‍ തീരംവിടുന്ന
ചൂളംവിളികേട്ടാണ് നഗരം ഉണരുന്നത്.

യാത്ര, സംഗീതം എന്നിവയെക്കുറിച്ച് ഒരുപന്യാസം

രണ്ട് രാജ്യങ്ങള്‍ക്കിടയില്‍
ഒരു പാലമാകണമെന്നാഗ്രഹിച്ചവരാണ്
നമ്മള്‍.
അതുകൊണ്ട് മാത്രമാണ്
നമ്മുടെ വീടുകള്‍ക്ക് ജനലുകള്‍ ഇല്ലാതെപോയത്.

ഇവിടെ സംഗീതംകൊണ്ട് തിരിച്ചറിയാവുന്ന
തെരുവുകളുണ്ട്.
അവിടെ മുഖംമൂടികള്‍ ധരിച്ചവര്‍ക്കിടയില്‍നിന്നും
നിന്നെ ഗന്ധംകൊണ്ട് തിരിച്ചറിയുന്ന
പെണ്‍കുട്ടികളുണ്ട്.

ബാറിലെ അരണ്ടവെളിച്ചത്തില്‍ പാട്ടുകാരന്‍
പാടുന്നത് അവരെക്കുറിച്ച് മാത്രമാണ്.
നിതംബങ്ങളെക്കുറിച്ച് പാടുമ്പോള്‍
അയാളുടെ ശബ്ദം കനക്കുന്നത് നമ്മളറിയുന്നുണ്ട്.
മുലകളെക്കുറിച്ച് പാടുമ്പോള്‍ തേന്‍നിറഞ്ഞ
പാടങ്ങളിലേക്ക് വെയില്‍ വീഴുന്നത് കാണുന്നുണ്ട്.

(എന്നന്നേക്കുമായി
നിലച്ചുപോയ ഒരു തൊണ്ടയാണ് ആ പാട്ടുകാരനെന്ന്
നമ്മളിപ്പോള്‍ തിരിച്ചറിയുന്നു.

നിലച്ചുപോയ തൊണ്ടകള്‍
ഒഴുക്ക് നഷ്ടപ്പെട്ട നദികള്‍
പാതിരാനേരങ്ങളില്‍ മാത്രം വീശുന്ന ചുള്ളന്‍ കാറ്റുകള്‍- നീ പറയുന്നു
.)

അടിവയറ്റില്‍ ഭ്രൂണത്തിന്റെ
ചിത്രം വരച്ച അവിവാഹിതകളായ അമ്മമാരുമായി
ഞാന്‍ ഊരുചുറ്റുന്നു.
ഒരുവള്‍ അടിവയറ്റില്‍
ഭ്രൂണത്തിന്റെ ചിത്രം വരച്ചുചേര്‍ക്കുന്നത്
ഞാന്‍ കാണുന്നുപോലുമുണ്ട്.

(അവളാണ് നമ്മുടെ സിനിമയിലെ നായിക. അവളോടൊപ്പം പോയാല്‍ നഗരം കണ്ടുതീര്‍ക്കാമെന്ന് നമുക്കറിയാം. എന്നാല്‍ ഏതുനിമിഷം വേണമെങ്കിലും തെരുവില്‍ അലിഞ്ഞില്ലാതാകാന്‍ സാധ്യതയുള്ളവരുടെ കൂടിച്ചേരലാണ് അതെന്ന് വൈകിയാണ് നമ്മള്‍ തിരിച്ചറിഞ്ഞത്.)

എനിക്കുവേണം
വീഞ്ഞിന്റെയും അത്തിപ്പഴങ്ങളുടെയും
വീടുകള്‍.


കൊട്ടാരങ്ങളെക്കുറിച്ചും
രാജ്ഞിമാരുടെ കിടപ്പറകളെക്കുറിച്ചും മാത്രം
സംസാരിക്കുന്നവരുടെ കാലം കഴിഞ്ഞുപോകുകയാണ്.
ആ കൂട്ടത്തിലെ അവസാനത്തെയാളും കുന്നുകയറി മറയുന്നത്
നമ്മള്‍ കാണുന്നുണ്ട്.

(കുന്നിറങ്ങിപ്പോകുന്നവരുടെ
ചിത്രം പകര്‍ത്താന്‍ മരങ്ങള്‍ ശ്രമിക്കുന്നുണ്ട്.)

രണ്ട്

പതാകകള്‍
ജീവിതത്തിലേക്ക് വീണുപോയ തുവാലകളാണ്.


മഞ്ഞപൂക്കള്‍ക്കൊണ്ട്
നദി അലങ്കരിച്ചിരുന്ന ഒരാളെ എനിക്ക് പരിചയമുണ്ട്.
അയാളുടെ വീടിന്
നദിയിലൂടെ ഒഴുകിപ്പോയ മഞ്ഞപൂക്കളുടെ
ഗന്ധമായിരുന്നു.

നഷ്ടപ്പെട്ടുപോയ വസന്തക്കാലത്തെക്കുറിച്ചും
പൂക്കളുടെ ഗന്ധങ്ങളെക്കുറിച്ചുമാണ്
അയാള്‍ സംസാരിക്കുന്നത്.

ജീവിതം കൈവിട്ടുപോയവര്‍
സംസാരിക്കുന്നത് ഒഴുകുന്ന നദിയുടെ ഭാഷയിലാണെന്ന്
നീ പറയുന്നു.

(നിന്റെ ശബ്ദം പലപ്പോഴും ചിലന്തിവലയില്‍ കുരുങ്ങിക്കിടക്കുന്ന നദികളെ ഓര്‍മ്മിപ്പിക്കുന്നു)

ഒഴുക്കില്‍പ്പെടുമ്പോള്‍ മാത്രം
സ്വന്തമായി ഒരു ജീവിതമുണ്ടായിരുന്നുവെന്ന് തിരിച്ചറിയുന്ന
ഇലകളെപ്പോലെയാണ് നമ്മളെന്ന്
നാംതന്നെ പറയുന്നു.


ജീവിതത്തിനുപകരം നമ്മള്‍
കൈമാറിയിരുന്നത് കല്ലുകളാണ്.
അതുകൊണ്ടുമാത്രമാണ്
ശിലായുഗങ്ങളിലെ പാട്ടുകാരുടെ ജീവിതം
നമുക്ക് ഓര്‍ക്കാന്‍ സാധിക്കുന്നത്.

മരിച്ചുപോയവര്‍ ചുംബനങ്ങള്‍ കൈമാറാന്‍
എത്തുന്ന തുറമുഖങ്ങളാണ്
നമുക്ക് ചുറ്റമുള്ളത്.
സമുദ്രാതിര്‍ത്തിയില്‍ മഴ നനയുന്ന
പായ്ക്കപ്പലുകള്‍ അവര്‍ ഉപേക്ഷിച്ചുപോയ
അവരുടെതന്നെ ജീവിതങ്ങളാണ്.

ശീതസമരകാലത്തെ തുറമുഖങ്ങള്‍പോലെ
സംശയങ്ങള്‍ മാത്രം കയറ്റി അയക്കുന്ന ഒന്നായി
നമ്മുടെ ജീവിതം മാറിയിരിക്കുന്നു.


പ്രവാഹങ്ങളോടൊപ്പം യാത്രചെയ്യാമെന്ന്
നമ്മള്‍ തിരിച്ചറിഞ്ഞത് നദിയില്‍നിന്ന്
തിരിച്ചുകയറിയപ്പോള്‍ മാത്രമാണ്.

(നീന്തലറിയാത്തതുകൊണ്ട് മാത്രമാണ്
ഇങ്ങനെ ഒഴുകിനീങ്ങേണ്ടിവരുന്നതെന്ന്
നദിയോടാരും പറഞ്ഞില്ല.)

നദിയെ
അതിന്റെ ഒഴുക്കില്‍നിന്ന് അഴിച്ചെടുത്തുകൊണ്ടുപോകുന്നു.


മൂന്ന്

തീവണ്ടിയില്‍ മാത്രമെത്താനാകുന്ന
ഒരു നഗരമാണ് നീ.
ഒറ്റദിവസംകൊണ്ട് പുതുക്കിപ്പണിത വീടുപോലെ
നീ എല്ലാവരെയും മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു.

കിടപ്പറയില്‍മാത്രം മാറുന്ന പേടികളെക്കുറിച്ചാണ്
നമ്മള്‍ സംസാരിക്കുന്നത്.
രാത്രികള്‍ കൈവിട്ടുപോയവരുടെ പാട്ടുകളാണ്
പാടുന്നത്.

പാട്ടുകളില്‍ പുതച്ചെടുത്ത വീടുകള്‍
നദിയിലേക്ക് നോക്കവേ
ചുവന്നുപോയ നാരകമരങ്ങള്‍
ഭൂമിയിലേക്കുള്ള യാത്രയ്ക്കിടയില്‍
കൊള്ളയടിക്കപ്പെട്ട മഴ- ഇതിലാരാണ് നമ്മളെ ആവിഷ്കരിക്കുന്നത്.


(ഉലഞ്ഞ വസ്ത്രങ്ങളില്‍ യാത്ര തുടരാമെന്നുതന്നെ
നമ്മള്‍ തീരുമാനിക്കുന്നു.)

നമുക്കിനി കടലിന്റെ അച്ചില്‍ വീടുപണിയുന്നവരെക്കുറിച്ച്
സംസാരിക്കാം.


ഉപ്പുകാറ്റിന്റെ ഗന്ധമുള്ള വൈകുന്നേരങ്ങള്‍
വാതിലുകളായി മാറുന്നത്
നമ്മള്‍ കണ്ടുനിന്നു.
ഒരു മുക്കുവനും കണ്ടിട്ടില്ലാത്ത ആഴങ്ങളാണ്
മേല്‍ക്കൂരയായി രൂപംമാറിയത്.
തിരകളില്‍നിന്ന് ചുവരുകളുണ്ടാകുന്നതെങ്ങനെയെന്ന് മാത്രം
ആരും നമുക്ക് കാണിച്ചുതന്നില്ല.

നാല്

രാത്രികള്‍ മാത്രമുള്ള നശിച്ച നഗരമാണിത്.
പബ്ബുകളില്‍നിന്ന് ഒഴുകിയിറങ്ങുന്നത്
നദികളാണെന്നും
ഊതിവീര്‍പ്പിച്ച മുലകളുള്ള പെണ്ണുങ്ങളാണെന്നും
നമ്മള്‍ തര്‍ക്കിക്കുന്നു.

മുലഞെട്ടിലിരിക്കുന്ന
തുമ്പികള്‍
നാടുകടത്തപ്പെട്ട ചെറുവിമാനങ്ങളാണെന്ന്
നമ്മള്‍ തിരിച്ചറിയുന്നുണ്ട്.


ഭൂമിയിലെ ഏറ്റവുമധികം
കൊഴുത്ത കന്യകമാരുള്ള ഗ്രാമമാണ്
നമ്മുടെ ലക്ഷ്യം.
പനയോലകളുടെ ചുംബനം നല്‍കിയ മുറിവുകളുമായി
അവിടെ ചെന്നുകയറാമെന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്.

അഞ്ച്

ചുംബിക്കുമ്പോള്‍
നദിയിലേക്ക് അഴിഞ്ഞുവീഴുന്ന നിന്റെ മുടിയിഴകളുമായി
സംസാരിക്കുന്നു.
ആലിംഗനങ്ങളില്‍ ആടിയുലയുന്നത്
എത്ര ചേര്‍ത്തുപിടിച്ചിട്ടും കൈവിട്ടുപോകുന്ന
നമ്മുടെ തോണിയാത്രയാണെന്ന്
തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്.

പറക്കുംതളികകളെ മാത്രം സ്വപ്നം കാണുന്നവരാണ്
ഈ നദിയില്‍ തോണി തുഴയാനെത്തുന്നത്.
അവരുടെ വേഗങ്ങളില്‍ പടര്‍ന്ന് പന്തലിച്ച
കാറ്റാടിമരത്തിന്റെ വേരുകള്‍ തിണര്‍ത്തുകിടക്കുന്നു.

എനിക്കറിയാം
വായില്‍നിന്ന് വായിലേക്ക്
തുപ്പല് കയറ്റിക്കൊണ്ടുപോകുന്ന കപ്പലുകളെ
പിഞ്ഞാണങ്ങളില്‍ നിറയെ കഫവുമായി വരുന്ന
തൈക്കിളവികളെ


തളിരിലകളില്‍നിന്ന്
ജലം ശേഖരിക്കുന്നവരുടെ
ഓര്‍മ്മകളില്‍നിന്നാണ്
നിന്നെ ഒരു തടാകം പോലെ കുടിച്ച് വറ്റിക്കാന്‍
ആഗ്രഹിച്ചവനെക്കുറിച്ച് കേട്ടത്.

ആറ്

പൊള്ളിയടര്‍ന്നുപോയ
വീടുകള്‍കൊണ്ട് നിര്‍മ്മിക്കപ്പെട്ട നഗരങ്ങളില്‍
ആരെയാണ് കാത്തിരിക്കുന്നതെന്ന്
നമ്മള്‍ ചോദിച്ചുപോകുന്നു.

ഉരുകിയൊലിക്കുന്ന നഗരമാണ് നമ്മുടേതെന്ന് പറഞ്ഞ
വിദൂഷകന്‍ തെരുവില്‍ നമ്മളെത്തന്നെ നോക്കിനില്‍ക്കുന്നത്
കാണുന്നുണ്ട്.
പഴകിയ കുപ്പായങ്ങളിലും ചെളിയിലുമുണ്ടാക്കിയ
അയാളുടെ വീട് നമുക്ക് സമ്മാനിക്കുന്നു.

സംഗീതം- ഏതോ മന്ത്രവാദിനി മറന്നുപോയ വിത്തുകള്‍

ശരിയാണ്‌
പാകമായ മുന്തിരികള്‍ ഇറുത്തെടുക്കുന്നതില്‍
സംഗീതമുണ്ട്‌
അതുകൊണ്ടാവണം
ചുംബിക്കുമ്പോള്‍ ആരോ
തൊണ്ടപൊട്ടി പാടുകയാണെന്ന്‌
നമുക്ക്‌ തോന്നിയിരുന്നത്‌

അങ്ങനെ തോന്നിയിരുന്ന കാലങ്ങളില്‍നിന്നും
ആരും ഇറങ്ങിപോയിട്ടില്ല
ഇറങ്ങിപ്പോയവരാരും തിരിച്ചുവന്നിട്ടുമില്ല

നെഞ്ചത്തടിച്ചുള്ള ഈ പാട്ടുകള്‍ തിരിച്ചുവരാതിരിക്കാനാണ്‌
ഇറങ്ങിപ്പോയവന്മാരെല്ലാവരും
മുടിഞ്ഞുപോകാനാണ്‌

സംഗീതത്തിലായിരിക്കുമ്പോഴാണല്ലോ
നമുക്ക്‌ ജീവിതമുണ്ടായിരുന്നത്‌
ആ ജീവിതത്തില്‍ നാം പാട്ടുകാരായിരുന്നോ
അതോ പാട്ടുതന്നെയോ?

അലഞ്ഞുതിരിയുന്ന പാട്ടിനെ വീണ്ടും
അലഞ്ഞുതിരിയാന്‍ വിടുന്നു
അവന്റെ ഊരും പേരും
അവന്റെ ലിംഗത്തിലാണെന്നറിയാം
എന്നാലും അലഞ്ഞുതിരിയാന്‍ വിടുന്നു

ഗിത്താറില്‍നിന്ന്‌ പുറത്തുവരുന്നത്‌
പണിക്കുറ്റം തീര്‍ന്ന ഗ്രാമവഴികള്‍തന്നെയാണ്‌
അതിലൂടെയാണ്‌ പാട്ടുകാര്‍ സ്വന്തം വീട്ടിലേക്ക്‌ പോകുന്നത്‌
അവിടെ ഒരു ആഫ്രിക്കന്‍ ഡ്രം നിറയെ
വീഞ്ഞുമായി പാട്ടുകാരികള്‍ കാത്തുനില്‍ക്കുന്നു

പാട്ട്‌ തുടങ്ങുന്നു
ആട്ടവും

പാട്ട്‌
പാട്ടിനുള്ളില്‍ പാട്ട്‌
പാട്ടുകളുടെ കൊട്ടാരം

2

ബുറുണ്ടിയില്‍ എനിക്ക്‌ അയല്‍ക്കാരുണ്ട്‌
അവരാണ്‌ എല്ലാദിവസവും കൂറ്റന്‍ പൂച്ചെണ്ടുകള്‍
അയച്ചുതരുന്നത്‌
അവര്‍ അലറിച്ചിരിക്കുമ്പോള്‍
ഞാന്‍ നനഞ്ഞുകുതിരുന്നു

അവരുടെ പാട്ടുകേള്‍ക്കുമ്പോള്‍
എന്റെ ചോളപ്പാടങ്ങള്‍ ഒറ്റദിവസംകൊണ്ട്‌
വിളഞ്ഞു പാകമാകുന്നു
എന്റെ മീനുകള്‍ ഒറ്റനീന്തലില്‍ കൊഴുത്തുമുറ്റുന്നു

പിന്നെയും പാട്ടുമാത്രം ബാക്കിയാകുന്നു

3

പാട്ടുകാര്‍ ആള്‍ക്കൂട്ടത്തിലേക്ക്‌
നോക്കിയിരിക്കുമ്പോള്‍ കണ്ടത്‌/കേട്ടത്‌


രാജ്യാതിര്‍ത്തി കടന്നുപോകുന്ന
ചരക്കുവണ്ടിയില്‍ പഴക്കൊട്ടകള്‍ക്ക്‌
നടുവിലിരുന്ന്‌ കാമുകനെ സ്വപ്‌നം കാണുന്ന
മധ്യവയസ്‌കയാണ്‌
പാട്ടുകാരെ പാടിയുറക്കിയിരുന്നത്‌

പാട്ടുകാരുടെ ശരീരം ഏത്‌ ഋതുവിലേയ്‌ക്കും വളയുന്ന
ഇളംകൊമ്പുകളെ ഓര്‍മ്മിപ്പിച്ചു

അവളുടെ പാട്ടിന്റെ വരികളില്‍ ഒരിക്കലും പഴുക്കാത്ത
മാതളനാരങ്ങളെക്കുറിച്ച്‌ പറയുന്നു
എന്റെ ചുമലിലേക്ക്‌ ചാഞ്ഞുനില്‍ക്കുന്ന അവളുടെതന്നെ
മുലകളെക്കുറിച്ച്‌ പറയുന്നു

പൂക്കൊട്ട ചുമന്നുകൊണ്ടുപോകുന്ന പെണ്ണുങ്ങള്‍
ചന്തികുലുക്കുന്നത്‌ പൂക്കള്‍ക്കുവേണ്ടിയാണെന്ന്‌
പറയുന്ന കിഴവന്മാരാണ്‌
രാത്രിയാകുമ്പോള്‍ മടിശ്ശീലനിറയെ വിത്തുകളുമായി
കാടുകയറുന്നത്‌

കാട്ടിലേക്കുള്ള വഴികളില്‍ പൂത്തുനില്‍ക്കുന്ന
നില്‍ക്കുന്ന അവരെ നമ്മള്‍ തിരിച്ചറിഞ്ഞതേയില്ലല്ലോ?

അടിവയറ്റില്‍ വരച്ച പൂക്കളും
മധുരമുള്ള ഈന്തപ്പഴങ്ങളുമായി അതിരാവിലെ
യാത്രപോകുന്ന കന്യകമാരാണ്‌
നഗ്നരാവാനുള്ള മരങ്ങളുടെ ശ്രമമാണ്‌
വസന്തകാലമെന്ന്‌ പാടിയത്‌

അവരുടേത്‌ ഉറക്കത്തില്‍ ചെറിപ്പഴങ്ങള്‍ തിന്ന്‌
മരിച്ചുപ്പോയ ഒരു തലമുറയായിരുന്നു

നഗരത്തിലെ മരങ്ങള്‍ സ്വന്തമായി മുറിയുള്ള
വേശ്യകളെപ്പോലെയാണ്‌
അവര്‍ക്കറിയാം പിന്‍കഴുത്തിലെ ഓരോ ഉമ്മയും
ഓരോ ഭൂമികുലുക്കങ്ങളാണെന്ന്‌
അതിന്റെ തീവ്രവ രേഖപ്പെടുത്താനുള്ള
ശ്രമങ്ങളെല്ലാം ഒടുങ്ങാത്ത വിലാപമായി മാറുമെന്നും

3

ആഭിചാരങ്ങളുമായി കഴിഞ്ഞുകൂടുന്ന
മലമുകളിലെ
മന്ത്രവാദിനി ഞാനാണ്‌
ഒരു കൊട്ടനിറയെ ചിലന്തിക്കുഞ്ഞുങ്ങളുമായി
അവരെ കാണാന്‍ പോകുന്ന
ഗ്രാമത്തലവനും ഞാന്‍ തന്നെ

മന്ത്രവാദിനിയുടെ മുമ്പിലിരിക്കുന്ന
കാളത്തല
അല്‌പംമുമ്പുവരെ പാടത്തുണ്ടായിരുന്ന
എന്റെ കാളയുടേതാണ്‌

പല്ലികളുടെ ഒളിഞ്ഞുനോട്ടത്തില്‍നിന്ന്‌
കിടപ്പറകളെ രക്ഷിക്കണമെന്ന്‌
അപേക്ഷിക്കുന്നതും ഞാനാണ്‌

ഇത്രയും പറഞ്ഞ്‌
പാട്ടുകാര്‍ വിളക്കൂതി യാത്രയാകുന്നു

4

ആണിന്റെ നുണക്കുഴികളെക്കുറിച്ചും
ഉന്തിനില്‍ക്കുന്ന നിതംബത്തെക്കുറിച്ചും
നമുക്ക്‌ പാടാം
ഒരടിവസ്‌ത്രത്തിലുമൊതുങ്ങാത്ത
അവന്റെ അരക്കെട്ടിനെക്കുറിച്ചും
വയറ്റിലെ ചെമ്പന്‍രോമങ്ങളെക്കുറിച്ചും
പാടാം

ആഴ്‌ന്നിറങ്ങിയതിന്റെ വേദന ആറിത്തണുക്കുമ്പോള്‍
പാടിയതിനെക്കുറിച്ച്‌ വീണ്ടും പാടുന്നു

5

ചില സമയങ്ങളില്‍ സ്‌പെയ്‌ന്‍ വളരെ അടുത്തുള്ള രാജ്യമാണ്‌
അവിടത്തുകാരുടെ വിരലുകള്‍ എനിക്ക്‌ പരിചയമുണ്ട്‌
അവയില്‍നിന്ന്‌ ഇലകള്‍ പൊഴിയുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌

അന്ന്‌ ആ തെരുവില്‍ മഴ പെയ്‌തിരുന്നില്ല
എന്നാലും ഗിത്താര്‍ വായിക്കുന്ന ആള്‍
നനഞ്ഞുകുതിര്‍ന്നിരുന്നു
നൃത്തമാടുന്ന പെണ്‍കുട്ടിയില്‍ എനിക്ക്‌ ഒരു കുഞ്ഞ്‌ ജനിക്കുന്നു

അവള്‍ സ്‌പാനിഷില്‍ ചുംബിക്കുമ്പോള്‍
ഏതോ ഭാഷയില്‍ ഞാനതേറ്റുവാങ്ങുന്നു
ആ ഭാഷയില്‍ തന്നെ മരിച്ചുവീഴുന്നു

കൊട്ടക

തുറവൂരിലെ
ഓലക്കൊട്ടകയിലിരുന്നാണ്‌
രജനീകാന്തിന്റെ സിനിമ ആദ്യമായി കണ്ടത്‌.

കാര്‍ത്തികയെന്നോ
ലക്ഷ്‌മിയെന്നോ ആയിരുന്നു
കൊട്ടകയുടെ പേര്‌.

അമരത്തിലെ തിരയടിക്കുന്ന രംഗംകണ്ട്‌
എഴുന്നേറ്റോടിയതൊരു കൂട്ടുകാരന്‍
ഏതോ തമിഴ്‌ സിനിമയിലെ കത്തിയേറുകാരന്റെ മുമ്പില്‍
നെഞ്ചുപൊത്തി കരഞ്ഞതൊരു കൂട്ടുകാരന്‍.

രാത്രിയില്‍ കയറുപിരിക്കുന്ന പെണ്ണുങ്ങള്‍ക്കായി
ബെറ്റുവങ്കിള്‍ സിനിമാക്കഥ പറയുന്നുണ്ട്‌.
കൗരവറില്‍ അപ്പന്‍ മകളെ തിരിച്ചറിയുന്ന രംഗം വിവരിക്കുമ്പോള്‍
കരയാത്തവരായി അവിടെ ആരുമുണ്ടാവില്ല.
സിനിമ കണ്ട്‌ കണ്ട്‌ സോഡാക്കുപ്പിയുടെ അടപ്പുപോലത്തെ
കണ്ണട വെക്കേണ്ടിവന്ന ഒരു നാടന്‍ രജനീകാന്താണ്‌
ബെറ്റുവങ്കില്‍.

ചേര്‍ത്തല ഭവാനിയില്‍
അഞ്ചുരൂപായ്‌ക്ക്‌ ഒട്ടീരുപടങ്ങള്‍ കാണുമ്പോള്‍
അരികിലിരിക്കുന്നവരുടെ കുലുക്കങ്ങള്‍
സ്വന്തം കുലുക്കങ്ങളായി തിരിച്ചറിഞ്ഞത്‌.
(തിരിഞ്ഞുനോക്കുമ്പോള്‍
കൂതുഹലങ്ങളുടെ കുഞ്ഞാടുകളെ
എത്ര പേരാണ്‌ കെട്ടഴിച്ചുവിട്ടിരുന്നത്‌.)

പൊന്നാംവെളി ജയലക്ഷ്‌മിയില്‍
രാത്രിപ്പടങ്ങള്‍ കുളിച്ചൊരുങ്ങുന്നു.
കിന്നാരത്തുമ്പികളുടെ അമ്പതാം ദിവസം
ആഘോഷിക്കുന്നവരുടെ കൂട്ടത്തില്‍
കൂട്ടുകാരനുണ്ട്‌.
കടയുടെ ഉള്ളിലിരുന്ന്‌ സിഗരറ്റ്‌ വലിക്കുന്ന
ചളുങ്ങിയ മുഖമുള്ള അവന്റെ അപ്പനുണ്ട്‌.

കട്ടപ്പന സന്തോഷില്‍ കണ്ട ചൈനീസ്‌ സിനിമ
മറന്നിട്ടില്ല.
അവസാനം മുലകള്‍ മുയലുകളായി രൂപംമാറിയ
മൂന്നു പെണ്ണുങ്ങളെയും.

ഫോര്‍ട്ടുകൊച്ചി ഗ്യാലക്‌സി തീയറ്ററില്‍ നിന്നിറങ്ങിപ്പോയത്‌
മതിയായതുകൊണ്ടാണ്‌.
ജീവിതം മടുത്തതുകൊണ്ടാണ്‌.

രഹസ്യം - മൂന്നാമന്റെ കുറിപ്പുകള്‍

ഹോളിവുഡ്‌ വൈകുന്നേരങ്ങള്‍
അഥവാ നേരമ്പോക്കുകളുടെ ചൂതാട്ടകേന്ദ്രങ്ങള്‍.
ഒരുമണിക്കുള്ള തീവണ്ടിയില്‍ കയറ്റി അയയ്‌ക്കപ്പെടുന്ന
പഴക്കൊട്ടകള്‍.

ജയിംസ്‌ ബോണ്ട്‌ സിനിമകളില്‍ മാത്രം
കാണുന്ന ചടുലനീക്കങ്ങളിലൂടെ
റഷ്യയിലെ പുകമഞ്ഞുമൂടിയ തെരുവുകളില്‍നിന്ന്‌
ഒരു കുട്ടിക്കരണം മറിഞ്ഞ്‌
ഈജിപ്‌തിലെ അതിപുരാതന നഗരത്തിലെത്തുന്നു.
ആട്ടിടയന്മാരോട്‌ അടയാളവാക്യം പറഞ്ഞ്‌
രഹസ്യസങ്കേതത്തിലേക്കുള്ള വഴി ചോദിക്കുന്നു.
ചെമ്മരിയാടുകളുമായി യാത്രതുടരുന്നു.
കൂട്ടത്തിലുള്ള പെണ്ണിനെ തോന്നുമ്പോഴെല്ലാം
ഉമ്മവെയ്‌ക്കുന്നവനാണ്‌ ബോണ്ടിന്റെ റോളഭിനയിക്കുന്നത്‌- ചുരുട്ട്‌ കടിച്ചുപിടിച്ച്‌ അജ്ഞാതഭാഷയില്‍ ഉമ്മവെയ്‌ക്കുന്നവനെ ഏവിടെക്കാണ്‌ നാടുകടത്തേണ്ടത്‌. ആ നാട്ടിലും സ്വിംമ്മിങ്ങ്‌ പൂളില്‍ ബിക്കിനി വേഷത്തില്‍ നായിക കാത്തിരിപ്പുണ്ടാകുമോ? നമുക്ക്‌ അവളുടെ കൈയ്യില്‍ ഇരിക്കുന്ന മദ്യത്തെക്കുറിച്ചാലോചിക്കണോ, അതോ മുലകളെ പകര്‍ത്തിയെടുക്കണോ? (അല്‌പനേരത്തെ ആശങ്കയ്‌ക്കുശേഷം തമ്മില്‍ഭേദം മുലകള്‍ത്തന്നെയെന്ന്‌ നമ്മള്‍ തിരിച്ചറിയുന്നു.)

എല്ലാ വൈകുന്നേരങ്ങളിലും
നിറയെ ചിരിയുമായി
സൂര്യനില്‍ അലിഞ്ഞുചേരുന്ന തീരദേശനഗരമാണിത്‌.
ഹോളിവുഡ്‌ സിനിമയിലെ നായകന്മാര്‍
കുതിരപ്പുറത്ത്‌ ചൂതുകളിക്കാനെത്തുന്ന മദ്യശാല
ഇവിടെയാണുള്ളത്‌.
കൊഴുത്ത തുടകള്‍ക്കാണിച്ച്‌ കളിക്കാരുടെ
കണ്ണുവെട്ടിക്കുന്ന ആറ്റന്‍ ചരക്കുകളും
ഇവിടെയുണ്ട്‌.
ജയിച്ചുകയറുന്നവന്റെ അരക്കെട്ടുഴിയുന്ന
കൈകള്‍ എതിരാളിയുടെ അരികിലിരിക്കുന്ന
പെണ്ണിന്റേതായിരിക്കും.

കിടന്നുക്കുളിക്കാനിടമുള്ള കുളിമുറിയിലാണ്‌
നിനക്ക്‌ ഞാന്‍ വിരുന്നൊരുക്കിയിരിക്കുന്നത്‌.
അവിടെ നമുക്ക്‌ പരസ്‌പരം വീഞ്ഞുകോപ്പകളാകാം.

ചൂതുകളിക്കുന്ന നായകനുമായി
ഒരു കോപ്പ വീഞ്ഞിനപ്പുറമിപ്പുറമിരുന്ന്‌
നഗരങ്ങള്‍ പങ്കിട്ടെടുക്കണം.
ചുവന്ന കോട്ടിട്ട കുരങ്ങനെ തോളില്‍വെച്ച്‌
കുതിരപ്പുറത്ത്‌ പാതിരാസമയത്ത്‌ ആ നഗരങ്ങളില്‍ റോന്തുചുറ്റണം.
വലത്തെതുടയില്‍ പാമ്പിനെ പച്ചകുത്തിയ
പെണ്ണുമായി ഇരുട്ടിലേക്ക്‌ പോണം.
നേടിയ നഗരങ്ങളെ അവള്‍ക്ക്‌ കൈമാറണം-അതുകൊണ്ടാണല്ലോ ഞാനുമായി സന്ധിസംഭാഷണത്തിന്‌
വരുന്നവര്‍ നഗരങ്ങളെക്കുറിച്ച്‌ സംസാരിക്കാത്തത്‌. പ്രാവിനെ തലോടുമ്പോള്‍ തോഴിമാര്‍ ഇറുത്തുതരുന്ന ഒറ്റമുന്തിരികള്‍ വായിലിട്ട്‌ നമുക്ക്‌ അഴിമുഖങ്ങളെക്കുറിച്ച്‌ സംസാരിക്കാം. അഴിമുഖങ്ങളില്‍ ആരും പരസ്‌പരം തിരിച്ചറിയില്ലല്ലോ. നഗരങ്ങളെ നമുക്ക്‌ വേറുതെ വിടാം. അവര്‍ക്ക്‌ അവരുടെതായ ജീവിതമുണ്ടല്ലോ. തെരുവ്‌ എന്റെ നിലച്ചുപോയ ഞരമ്പാണെന്ന്‌ വിളിച്ചുപറയുന്ന ഒരാളാണ്‌ നഗരം. നമുക്ക്‌ വഴിയരുകില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടിയില്‍ കയറിപ്പറ്റുന്ന ചെമ്മരിയാടുകളെ അഴിമുഖത്തേക്ക്‌ വഴിതിരിച്ചുവിടാം.

കൊച്ചിയുടെ തമ്പുരാക്കന്മാര്‍ ആലപ്പുഴയിലെ മുയലുകളായിരുന്നു

റെറ്റിനയിലെ കാല്‍പാടുകള്‍
കൊച്ചിയിലെ അധോലോകങ്ങളില്‍
കണ്ടുമുട്ടിയ രണ്ടുപേരുടെതായിരുന്നു.
മൊന്തയെന്നും മായനെന്നും പേരുള്ള രണ്ടുപേര്‍
കള്ളോ, കഞ്ചാവോ തേടി പോകുമ്പോള്‍ മാത്രം
കാണാനിടയുള്ള രണ്ടുപേര്‍.

ഭൂമിയുടെ തുമ്പത്തുനിന്നാണ്‌
തമ്പുരാക്കന്മാര്‍ കൊച്ചിയെ അധോലോകത്തിന്റെ
അലങ്കാരമുദ്രകള്‍ അണിയിക്കുന്നത്‌.
കാട്ടുറമ്മും വടിവാളും മാത്രമുള്ള
ഒരു രാജ്യമാണ്‌ അവര്‍ സ്വപ്‌നം കാണുന്നത്‌.

ഇവര്‍ ആലപ്പുഴയിലെ ധ്യാനകേന്ദ്രങ്ങളില്‍
ബന്ദീഞ്ഞയുമിട്ട്‌ അച്ചന്മാര്‍ക്ക്‌ സ്‌തുതികൊടുത്ത്‌ നടന്നുനീങ്ങാറുണ്ട്‌
അതിനാല്‍ അവര്‍ ആലപ്പുഴയിലെ മുയലുകളായിരുന്നു
എന്നും പറയപ്പെടുന്നു- ആലപ്പുഴയില്‍ നിന്ന്‌ എറണാകുളത്തേക്ക്‌ പോകുമ്പോള്‍ അരൂര്‍ പാലം കടക്കുന്നതിനിടയില്‍ അവരുടെ മുയലത്തം അലിഞ്ഞലിഞ്ഞ്‌ ഇല്ലാതാകുന്നത്‌ നാം കാണുന്നുണ്ട്‌.

സൂഫികള്‍

സൂഫികള്‍ നമ്മള്‍ കാണാത്ത
ഏതോ മരത്തില്‍നിന്നാണ്‌ ശ്വസിക്കുന്നത്‌
അതുകൊണ്ടാവണം, ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത
ഒരു നദിയുടെ പേര്‌ പറഞ്ഞ്‌ അവരെ
വീട്ടിലേക്ക്‌ കൂട്ടികൊണ്ടുപോകാനാകുന്നത്‌

ചിത്രങ്ങള്‍

കടലുനീന്തികടന്നുവന്നവന്‍
മുഖത്ത്‌
മുലകളും പൊക്കിളും
യോനിയിലേക്കുള്ള നടപ്പാതയും
വരച്ചുചേര്‍ക്കുന്നു.

കപ്പിത്താന്‍

ആ നടപ്പാതയിലൂടെ നാം എങ്ങോട്ടാണ്‌ പോകുന്നത്‌.
തിരിച്ചുവരാത്ത കപ്പിത്താന്റെ ഉപേക്ഷിക്കപ്പെട്ട വീട്ടിലേക്കോ.
ജലപാതയില്‍ അലഞ്ഞുതിരിയുന്ന അയാള്‍
പറയുന്ന കഥകളില്‍ ആരെല്ലാമാണ്‌ രാജാക്കന്മാര്‍.

ഏതോ ആഫ്രിക്കന്‍ പാട്ടുകാരന്റെ ഓര്‍മ്മയിലെ
വീടുതേടിയുള്ള യാത്രകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌
ചില സമയങ്ങളില്‍ കപ്പിത്താന്‍.

പറക്കമുറ്റാത്ത കാറ്റിനെ നാടുകടത്താനായി
ഉപയോഗിക്കുന്ന തരത്തിലുള്ള ശബ്‌ദങ്ങളാണ്‌
നദിക്കരയില്‍ വില്‍ക്കുന്നത്‌.

അനന്തതയിലേക്ക്‌ പോയ ഏതോ വാല്‍നക്ഷത്രത്തെ
തേടിയുള്ള പ്രയാണമാണ്‌ ആ നടപ്പാതയില്‍ നിന്നാരംഭിക്കുന്നത്‌- കപ്പിത്താന്മാരാണ്‌ കടലിനെ ഇത്ര മോശക്കാരിയാക്കിയത്‌. ആഴക്കടലെന്നാല്‍ മുടിഞ്ഞ മൊലയുള്ള ഒരു പെണ്ണാണാണെന്ന്‌ പറഞ്ഞത്‌ ഏതോ വഷളന്‍ കപ്പിത്താനാണ്‌.




















kiss by bracusi

ചുംബനം

ദീര്‍ഘചുംബനങ്ങളുടെ ശിലായുഗങ്ങള്‍
കഴിഞ്ഞിരിക്കുന്നുവെന്ന്‌ പറഞ്ഞതാരാണ്‌.
ചുംബിക്കുന്നവര്‍ ആരെയാണ്‌ പ്രതീക്ഷിക്കുന്നത്‌
ഒന്നും പറയാതെ യാത്രപോയവര്‍ നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം
കയറിവരുന്നത്‌ നാം കണ്ടുനില്‍ക്കുന്നു.
എല്ലാ ചോദ്യങ്ങള്‍ക്കുള്ള മറുപടികളും ഒരു ചുംബനത്തിലൊതുക്കുന്നവര്‍ക്ക്‌
കടലിന്റെ അടിത്തട്ടില്‍ കിടക്കവിരിക്കണം.

ചുംബനത്തിന്റെ അര്‍ത്ഥങ്ങളില്‍
ഒന്നുപോലുമറിയില്ല
അതിന്റെ അതിര്‍ത്തികള്‍ ആരാണ്‌ നിശ്ചയിക്കുന്നതെന്നും.
രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ മാറിയിരുന്ന ലോകമാണ്‌
എനിക്കുചുറ്റും ആര്‍ത്തിരമ്പുന്നത്‌.

ചുംബനം രണ്ടുപേരുടെ പരിചയപ്പെടല്‍ മാത്രമാണ്‌.
പേരു ചോദിച്ചുകഴിയുമ്പോള്‍ സ്വന്തം നാവിനെക്കുറിച്ച്‌
ആലോചിക്കുന്നവര്‍ക്കാണ്‌ അതില്‍നിന്ന്‌ മോചനമുള്ളത്‌.
നാവ്‌ വലിച്ചെടുക്കുമ്പോള്‍
നഷ്‌ടപ്പെടുന്നത്‌ ഏതുതരത്തിലുള്ള വാക്കുകളെയാണ്‌
എന്നതിനെ ചുംബനങ്ങള്‍ അടയാളപ്പെടുത്തുന്നുണ്ട്‌.

ചുംബനത്തിന്റെ സ്‌മാരകങ്ങളില്‍ കാറ്റാടിയന്ത്രങ്ങളുടെ
നിഴലുവീഴാതെ നോക്കണമെന്ന്‌ പറഞ്ഞതെന്തിനാണ്‌.
കൈകള്‍ ഗിഥാറുകളായി വളര്‍ന്നകൊണ്ടിരിക്കുന്ന രണ്ടുപേരുടെ
ഒത്തുചേരല്‍ നദിക്കരയിലായിരിക്കുമെന്ന്‌
ആരും പറയാതെത്തന്നെ നമുക്കറിയാമായിരുന്നു.
എന്നിട്ടും അന്യരുടെ കുപ്പായത്തിനുള്ളില്‍ നാമവരെ
കാത്തിരുന്നു.

നയന്‍താരയുടെ ചുണ്ടുകള്‍ കൊതിച്ച നാളുകളില്‍നിന്ന്‌
നാം ഏതെങ്കിലും അമ്മനടിയുടെ മടിയിലേക്ക്‌ വീഴുന്നു.

അതിനാല്‍ നമ്മുടെ ചുംബനം ഏതെങ്കിലും നാറികള്‍
ആവിഷ്‌കരിക്കുന്നതിന്‌ മുമ്പ്‌ ചുണ്ടുകള്‍ കണ്ട അലവലാതികളുടെ
വായീന്ന്‌ തിരിച്ചെടുക്കുക.

സ്വപ്‌നത്തില്‍- ഒരാളെ മൂന്നുതവണ മാറ്റിയെഴുതണം. പകര്‍ത്തിയെഴുതുമ്പോഴായിരിക്കുമല്ലോ ഒളിഞ്ഞുകിടക്കുന്ന കപ്പല്‍ച്ചാലുകള്‍ തെളിഞ്ഞുവരുക. തുറമുഖങ്ങളില്‍ കപ്പലുകള്‍ക്ക്‌ മാത്രമറിയാവുന്ന വഴികളുണ്ട്‌.

ജാസ്സ്‌സംഗീതവും ഉള്ളിത്തൊലിയും















Leith o'malley

അടുത്ത 420 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ ജാസ്‌സംഗീതമില്ലെന്ന ചിത്രത്തിന്‌ (യഥാര്‍ത്ഥത്തില്‍ അതൊരു പലകയാണ്‌) മുമ്പിലിരിക്കുമ്പോള്‍ ഏതൊരാളും കാലിന്റെ താളമിടലിനെ പഴിക്കാനിടയുണ്ട്‌. കൈകളില്‍ ബിയര്‍ക്കുപ്പികളുമായി ആടിയുലഞ്ഞ രാത്രികളെയോര്‍ത്ത്‌ നെടുവീര്‍പ്പിടും. നെഞ്ചത്ത്‌ fuck me എന്നെഴുതിയ ടീഷര്‍ട്ടുകള്‍ ഊരിയെറിഞ്ഞ്‌ ഉറഞ്ഞുതുള്ളുന്ന പെണ്‍കുട്ടികളെ നഷ്‌ടമാകുന്നതിനെ ക്കുറിച്ചോര്‍ക്കും. എന്തായാലും ജാസ്സ്‌ സംഗീതത്തെ സ്‌നേഹിക്കുന്ന ലെയ്‌ത്ത്‌ ഒ മല്ലെ എന്ന ചിത്രക്കാരനെ നമ്മള്‍ക്ക്‌ വല്ലാതെ ഇഷ്‌ടപ്പെടും. ഇരുവശവും തരിശ്ശായിക്കിടക്കുന്ന റോഡരുകിലാണ്‌ ആ പലകയുള്ളത്‌. പലകയുടെ മുകളില്‍ ഒരു പരുന്ത്‌ ആരെയോ നോക്കിയിരിക്കുന്നു (അതിനര്‍ത്ഥം അവിടെ ആരെങ്കിലുമുണ്ടെന്നല്ല.) റോഡിന്റെ മറുവശം എവിടെക്കോ കടന്നുപോകുന്ന, ഏതോ ഗ്രാമത്തിലേക്ക്‌ ഇരുട്ടുമായി പോകുന്ന പോസ്റ്റുകള്‍. നീലാകാശം ഒരു പണിയുമില്ലാതെ അവിടവിടെ ചിതറിക്കിടക്കുന്നു.
കള്ളിമുള്‍ച്ചെടികള്‍ എന്തിന്റെ സൂചനയാണ്‌. ഈ നൂറ്റാണ്ടിനപ്പുറം മരുഭൂമിയാണെന്നോ?. അതോ ആഴക്കടലിന്റെ വിരിപ്പുകള്‍ അവിടെ ഒളിച്ചിരിപ്പുണ്ടെന്നോ?. ഏത്‌ ഗോത്രചിഹ്നമാണ്‌ കള്ളിമുള്‍ച്ചെടികള്‍ നിശ്ശബ്‌ദമായി കൈമാറുന്നത്‌.

Leith o?malley is currently preparing more work for his ongoing exhibition ??Jazz ϳ Art, Art Is Jazz? which is a collection of both oil and pastel works with a jazz theme. A huge contemporary and traditional jazz fan, his love of this music led him to take up the tenor saxophone a few years ago and it is the music of choice when he is working on any of his paintings these days. ആ റോഡില്‍ കുടിയേറ്റക്കാരുമായി ഒളിച്ചുകടക്കുന്ന ഒരു ട്രക്ക്‌ കടന്നുപോയിട്ട്‌ അധികസമയമായില്ല എന്നതിന്റെ എല്ലാ തെളിവുകളുമുണ്ട്‌്‌. ശ്വാസംകിട്ടാതെ മരിക്കുന്നതിന്‌ മുമ്പ്‌ അതിലെ യാത്രികര്‍ പറഞ്ഞ വാക്കുകള്‍ അവിടെ തങ്ങിനില്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ ആ പരുന്തിനെ വരച്ചതാവില്ല, വന്നിരുന്നതാവണം. വിദൂരനഗരങ്ങളിലേക്ക്‌ പോകുന്നതിന്റെ കിതപ്പിനെ എത്രനേരമാണ്‌ അടക്കിനിര്‍ത്താനാകുക. പരുന്തിന്‌ ജാസ്സുമായുള്ള ബന്ധം അവന്റെ ചിറകടിയും ജാസ്സ്‌ വായിക്കുന്ന ആളിന്റെ വിരലുകളും ചാര്‍ച്ചക്കാരാണ്‌ എന്നതാണോ. നഗ്‌നതയെക്കുറിച്ചു മാത്രം പാടുന്ന ഒരു ബാന്റ്‌ ഉള്ളിത്തൊലി പൊളിക്കുന്നതുപോലെ തെരുവിനെ അഴിച്ചഴിച്ച്‌ പരിചരിച്ച രാത്രിയിലാണ്‌ ആ പരുന്തിനെ ആദ്യമായി കാണുന്നത്‌. കൈയ്യടികളുടെ വന്‍കര കടന്നുപോയവര്‍ വേറുംകൈയ്യോടെ തിരിച്ചുവരുന്നത്‌ അവന്‍ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. മുന്‍നിരയില്‍ നിന്ന ഒരു പെണ്‍കുട്ടി ഗിത്താറിസ്റ്റിന്‌ കൈവെള്ളയില്‍ പീച്ചിവിട്ട ചുംബനമാണ്‌ പരുന്തായി മാറിയതെന്ന്‌ ആരോ പറയുന്നുണ്ടായിരുന്നു.

വയലിനില്‍ രണ്ടുപേര്‍ കണ്ടുമുട്ടുന്നു അവര്‍ക്ക്‌ മുടിക്കുപകരം വേറൊന്തോ ആയിരുന്നെന്ന്‌ പറയപ്പെടുന്നു

താഴെ വയലിനുകള്‍ക്കും താഴെ
ഒരാള്‍ ആരെയോ പ്രതീക്ഷിച്ചിരിക്കുന്നു
ഇനിയും ജനിച്ചിട്ടില്ലാത്ത ഒരാളെ.
ആരോ നടന്നുവരുന്നത്‌ കാണുമ്പോള്‍
അയാളാണെന്ന്‌ കാത്തിരിക്കുന്നയാള്‍ ഉറപ്പിക്കുന്നു.
നടന്നുവരുന്ന ആളും പ്രതീക്ഷിക്കുന്നുണ്ട്‌
അവിടിരിക്കുന്നത്‌ താന്‍ തിരഞ്ഞുനടക്കുന്ന ആളാണെന്ന്‌.
രണ്ടനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍
അവര്‍ പരസ്‌പരം തിരിച്ചറിഞ്ഞതായി ഭാവിക്കുന്നു.

വെളിച്ചത്തെക്കുറിച്ചും ഇരുട്ടിനെക്കുറിച്ചുമുള്ള
പഴഞ്ചൊല്ലുകള്‍

ദൈവം പറഞ്ഞു: ?ഇരുട്ടുണ്ടാവട്ടെ?
മൂന്നുപേര്‍ താഴ്‌വരയിലെ വീട്ടില്‍നിന്ന്‌
പുറത്തിറങ്ങി
ഒഴുക്കിനെതിരെ നീന്തിതുടങ്ങി.
അവര്‍ക്ക്‌ കാലുകള്‍ക്ക്‌ പകരം
ചിറകുകളായിരുന്നു.

ദൈവം പറഞ്ഞു: ?വെളിച്ചമുണ്ടാവട്ടെ?
മൂന്നുപേരുടെ ശവശരീരം
തീരത്തടിഞ്ഞു.
അവര്‍ക്ക്‌ കാലുകള്‍ക്ക്‌ പകരം
ഏതോ മരത്തിന്റെ വേരുകളായിരുന്നു.

ദൈവത്തിന്‌
മുണ്ടാട്ടം മുട്ടി.

മുളകുപാടങ്ങളെങ്ങളെക്കുറിച്ചുള്ള കുറിപ്പുകള്‍

വിളവുകാലമാകുമ്പോള്‍ മാത്രം കുരുമുളക്‌ തോട്ടങ്ങളില്‍ കാണുന്ന
ചായകടകളില്‍ നാം ഇത്തവണ കണ്ടുമുട്ടിയതേയില്ല.


ആന്ധ്രയിലെ മുളകുപാടങ്ങള്‍ക്ക്‌ നടുവിലൂടെ
കടന്നുപോകുന്ന തീവണ്ടി
കൊട്ടാരത്തിലെ അകത്തളങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.
മുനിഞ്ഞുകത്തുന്ന റാന്തലിന്‌ കീഴില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്‌
രാജ്ഞിയുടേയോ രാജകുമാരിയുടെയോ ജാരനെയാവാം
അല്ലെങ്കില്‍, രാജാവിന്റെ കുണ്ടനെ.
രാജാവിന്റെ കുണ്ടന്‌ രാജാവിന്റെ തന്നെ ഛായയാണ്‌
അതുകൊണ്ട്‌ രാജ്ഞിക്കും തോഴിമാര്‍ക്കും സൗഖ്യം തന്നെ.

തീവണ്ടി മുളകുപാടങ്ങള്‍ക്ക്‌ നടുവിലെ
റാന്തല്‍വിളക്കാകുന്നു.
ആളിക്കത്തുന്ന റാന്തല്‍വിളക്കുകളുടെ സാധ്യതയെക്കുറിച്ച്‌
സംസാരിക്കുന്നവര്‍ക്കുള്ളവര്‍ക്കാണ്‌ ഈ ഉപമയുടെ
അകത്തുള്ള ഉപമകള്‍.

(പെണ്ണുപിടിക്കാനായി മാത്രം ആന്ധ്രാസ്‌കൂളികളിലേക്ക്‌
പഠിപ്പിക്കാന്‍ പോകുന്നവരെ നീ വേറുതെ ഓര്‍മ്മിപ്പിക്കുന്നു
ഛെ!)

മുലകുടിക്കുന്ന കുഞ്ഞിന്റെ അസ്‌തിത്വദുഃഖങ്ങള്‍

മുലകുടിക്കുന്ന കുഞ്ഞ്‌
വീട്ടിലേക്കുള്ള വഴി പഠിക്കുകയാണ്‌.
ഭൂപടങ്ങളില്‍ നിന്ന്‌ തന്റെ രാജ്യത്തെ
വേര്‍തിരിച്ചെടുക്കുകയാണ്‌.
അതിര്‍ത്തികളില്‍ കോട്ടക്കൊത്തളങ്ങള്‍
പണിയിപ്പിക്കുകയാണ്‌.

മുലകുടിക്കുന്ന കുഞ്ഞ്‌
മരം വളരുന്നതെങ്ങനെയെന്ന്‌ നോക്കികാണുകയാണ്‌.
ഓരോ ഇലയിലും സ്വന്തം പേരെഴുതേണ്ട ഭാഷ മനസ്സിലാക്കുകയാണ്‌.
വേരുകളില്‍ നിന്ന്‌ ജലത്തിന്റെ സഞ്ചാരപഥങ്ങളെ
തളിരിലകളിലേക്കും പൂക്കളിലേക്കും തിരിച്ചുവിടുകയാണ്‌.

മുലകുടിക്കുന്ന കുഞ്ഞ്‌
വാഴക്കൂമ്പിന്റെ മറവിലേക്ക്‌
വെയില്‍ ഒലിച്ചിറങ്ങുന്നതെങ്ങനെയെന്ന്‌ കണ്ടുപിടിക്കുന്നു.
ഒരുരുള ചോറും രാജകുമാരിയുടെ കഥയുമായി
വരുന്ന ചുളുങ്ങിക്കൂടിയ അമ്മൂമ്മയെ അവന്‍ കാണുന്നില്ല.

മുലകുടിക്കുന്ന കുഞ്ഞ്‌
ആപ്പിളിന്റെ ഉപമയില്‍നിന്ന്‌ രക്ഷനേടാനായി
ഭൂമിയെ കൂട്ടുപിടിക്കേണ്ടതെങ്ങനെയെന്ന്‌
ആലോചിക്കുകയാണ്‌.
ഒരു പെണ്‍കുട്ടിയുടെ ഓലപന്തുകളുണ്ടാക്കുന്ന
കൂട്ടുകാരനാവേണ്ടതെങ്ങനെയെന്ന്‌ ആലോചിക്കുകയാണ്‌.

അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന
പട്ടാളക്കാരന്‍ മാത്രമാണ്‌ അമ്മയെന്ന്‌ അവനറിയുന്നു- കുന്നിന്‍ചെരുവിലെ മണ്‍വീടിന്റെ ജനലരുകിലിരുന്ന്‌ മുലകുടിക്കുന്ന ആ കുഞ്ഞ്‌ അങ്ങകലെ ഓറഞ്ചുതോട്ടത്തില്‍ പാകമായ ഓറഞ്ചുകള്‍ മണത്തുനോക്കുന്ന തോട്ടക്കാരനാണ്‌. മുലകൊടുക്കുന്ന അവന്റെ അമ്മ ആ ഓറഞ്ചുതോട്ടത്തില്‍നിന്ന്‌ അധികം അകലെയല്ലാത്ത ഒരു വീട്ടില്‍ രാത്രിഭക്ഷണം തയ്യാറാക്കുന്ന യുവതിയുടെ ഇളയമകളാണ്‌. അവളുടെ അച്ഛന്‍ ഇന്ന്‌ യുദ്ധമുഖത്തേക്ക്‌ പോകുന്നതിന്‌ തയ്യാറെടുക്കുന്നു. അയാള്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട വീഞ്ഞ്‌ പകര്‍ന്നുവെയ്‌ക്കുകയാണ്‌ മകള്‍. പാകമായ ഓറഞ്ചുകളുമായി തോട്ടക്കാരന്‍ വീട്ടിലേക്ക്‌ പോകുന്നത്‌ അവള്‍ കാണുന്നുണ്ട്‌. അയാളെ നോക്കി അവള്‍ പുഞ്ചിരിക്കുന്നു.

കിടപ്പറക്കുറിപ്പുകള്‍

തന്റെ ആദ്യത്തെ പുരുഷനുമുമ്പില്‍ വിവസ്‌ത്രയാകുന്ന
പെണ്‍കുട്ടിയെ കിടപ്പറക്കുറിപ്പുകളില്‍നിന്ന്‌ പുറത്താക്കുക സാധ്യമല്ല.
രണ്ട്‌ കുന്നുകള്‍ക്കിടയിലെ മരത്തിന്റെ ആവിഷ്‌കാരത്തെ
അവഗണിച്ചുകൊണ്ട്‌ ഒരു യാത്രികനും കടന്നുപോകാനാവില്ലല്ലോ.

ഏതോ യവനദേവതയുടെ അരക്കെട്ടിനെക്കുറിച്ചുള്ള
ഓര്‍മ്മകളാണ്‌ നീ തരുന്നത്‌.
മൂത്രപ്പുരയുടെ ഭിത്തിയില്‍ വരച്ച പടങ്ങളിലെല്ലാം
നീയുണ്ടായിരുന്നു
നിന്റെ അമ്മയുണ്ടായിരുന്നു.
നിതംബം കവിയുന്ന മുടിയുള്ള നിന്റെ അമ്മായിയുണ്ടായിരുന്നു.
(ക്ലിയോപാട്രയെക്കുറിച്ച്‌ പഠിപ്പിച്ച ഇംഗ്ലീഷ്‌ ടീച്ചറായിരുന്നു
കുറേ കാലത്തേക്ക്‌ ഞങ്ങളുടെ ക്ലിയോപാട്ര)

അരക്കെട്ടിനെ പൂകൊണ്ട്‌ മറയ്‌ക്കുന്ന ചിത്രങ്ങളില്‍
നിന്നുള്ള പ്രയാണമായിരുന്നല്ലോ നിന്റെ ആദ്യകാല ചിത്രങ്ങള്‍.
പിന്നീടെന്താണ്‌ സംഭവിച്ചത്‌.
അരക്കെട്ടിന്‌ പകരം നീ എന്നുമുതലാണ്‌
കാറ്റത്താടിയുലയുന്ന പായ്‌ക്കപ്പലിനെ വരച്ചുതുടങ്ങിയത്‌.

കൈകള്‍ ത്രികോണാകൃതിയില്‍ ചേര്‍ത്തുവെച്ച്‌
പെണ്‍കുട്ടികളെ രഹസ്യമായി അടയാളപ്പെടുത്തിയിരുന്ന
കുട്ടികാലത്തിലേക്കിനി തിരിച്ചുപോകാനാവില്ല.
അതുകൊണ്ടാണല്ലോ അടികൊണ്ട്‌ ചുരുളുമ്പോഴും ആരും നിന്റെ പേര്‌
വിളിച്ച്‌ നിലവിളിക്കാത്തത്‌- വഷളന്മാരുടെ കൊട്ടകയായിരുന്നു ചേര്‍ത്തല ഭവാനി. അഞ്ചുരൂപയ്‌ക്ക്‌ കമ്പിസിനിമ കാണാവുന്ന ഒരേയൊരിടം. കുടുംബമെന്ന പേരിലും അറിയപ്പെടുന്ന ഭവാനിയില്‍ കയറി ആണത്തം തെളിയിക്കാനായത്‌ പതിനാറാം വയസ്സിലായിരുന്നു. അന്നവിടെ ആടിതിമിര്‍ത്തത്‌ മറിയയോ രേഷ്‌മയോ ആണ്‌. അവരുടെ കൂടെ ഞാനായിരുന്നു. ഞാന്‍ മാത്രമായിരുന്നു.

പിയാനോ ഒറ്റയ്‌ക്കൊരു പെണ്‍കുട്ടിയാണ്‌

പിയാനോയില്‍ നിന്നിറങ്ങിയ
പെണ്‍കുട്ടികള്‍ മഞ്ഞുവീണ്‌ വീണ്‌
ആപ്പിള്‍മരമായി മാറിയതിവിടെയാണ്‌.
അവളുടെ തുടുത്തകവളിലെ മുറിപ്പാട്‌ കാണുമ്പോള്‍
ഒന്നമര്‍ത്തിമൂളാനല്ലാതെ പേരിനെങ്കിലും ഒരു ഡ്രാക്കുളയെ
ഓര്‍ക്കാന്‍ ആര്‍ക്കുമാവില്ല.

ഒന്നും നേടാനാവാതെ മരിച്ചുപോയവരുടെ ആത്മാക്കള്‍
തോണിയാത്ര നടത്തുന്ന വിജനതയിവിടെയാണ്‌.
കുന്നിക്കുരുവിന്‌ രാത്രിയുടെ
ചുമന്ന തൊപ്പികള്‍ കളഞ്ഞുകിട്ടിയതിവിടെയാണ്‌.

അടിയുടുപ്പിന്റെ അവസാനത്തെ കുടുക്കില്‍
നിനക്ക്‌ സ്വന്തമാക്കാനുള്ള ഗ്രാമത്തിലെ
വംശവൃക്ഷത്തിന്റെ ചെറുശാഖകളുണ്ട്‌.
ചെരിപ്പുകള്‍ ആ മരചില്ലയില്‍ അഴിച്ചുവെയ്‌ക്കണം.
എന്നാലെ അതിനുകീഴില്‍ ഒരിക്കലുമുറങ്ങാത്ത
വെള്ളിമൂങ്ങയുടെ കൂട്‌ കാണാനാവു.

ഉറങ്ങുന്ന സിംഹത്തിന്റെ പ്രതിമയുള്ള പാര്‍ക്കിലാണ്‌
നാം അവസാനം കണ്ടുമുട്ടിയത്‌.
അന്ന്‌ സംസാരിച്ചത്‌ അണഞ്ഞ മെഴുകുതിരികള്‍ക്ക്‌
നടുവില്‍ നില്‍ക്കുന്ന പുരോഹിതനെക്കുറിച്ചായിരുന്നല്ലോ.

ഏതോ ഗ്രഹത്തില്‍നിന്ന്‌ ലഹരിയുടെ വറ്റാത്ത
ഉറവതേടി ഭൂമിയിലെത്തിയതാണ്‌ അയാളുടെ പെണ്‍കുട്ടികള്‍.

പിയാനോയുടെ രാത്രികള്‍
ഗിത്താറിലെ രാത്രികളില്‍നിന്ന്‌ വേറിട്ടുനില്‍ക്കുന്നു.
രണ്ട്‌ രാജ്യങ്ങളിലെ വേശ്യകളുടേത്‌ പോലെ അവരുടെ
രീതികള്‍ വ്യത്യസ്‌തമാണ്‌.

കരിമ്പുതോട്ടത്തിലെ അടിമകളെ പുതച്ചിടുന്ന
മഞ്ഞിലാണ്‌ മധുരം കിനിയുന്നത്‌.
അവരുടെ മരിച്ചുപോയ ജീവിതം നമ്മോട്‌ ഏതോ
നൂറ്റാണ്ടില്‍ ഉറങ്ങിക്കിടക്കുന്ന മുത്തച്ഛനെക്കുറിച്ച്‌ പറയുന്നു.
അറ്റം കത്തിയടര്‍ന്ന കരിമ്പനയുടെ
ജീവിതമാണ്‌ ജീവിച്ചുതീര്‍ക്കുന്നതെന്ന്‌ പറയാതെ പറയുന്നു.

ആരില്‍നിന്നുള്ള ദൂരത്തിനിടയിലാണ്‌
ഒരു പാട്ടുകാരന്‍ ദൂതനായി മാറുന്നത്‌.
അയാള്‍ അയാളുടെ അമ്മയെക്കുറിച്ച്‌ പാടുമ്പോള്‍
ഞാന്‍ എന്റെ അമ്മയെ ഓര്‍ക്കുന്നു.
അയാളുടെ മുറിവിനുള്ള മരുന്നുമായി
ആശുപത്രി വരാന്തയില്‍കാത്തുനില്‍ക്കുന്നത്‌
എന്റെ അമ്മയാണെന്ന്‌ അയാള്‍ പാടുന്നു.
അയാളുടെ കൂട്ടത്തില്‍നിന്ന്‌ ഗിത്താറുവായിക്കുന്നയാള്‍
പറയുന്നത്‌ ഇതെല്ലാം ശരിയാണെന്നാണ്‌.

എപ്പോള്‍ വേണമെങ്കിലും മുറിഞ്ഞുപോകാവുന്ന
തൊണ്ട മാത്രമാണ്‌ അയാളുടെ വന്യത
നിലനിര്‍ത്തിയിരുന്നത്‌.

കിളികള്‍

ഒരു കിളിപോലും കൂടുകൂടാത്ത
ശിഖരങ്ങളുണ്ട്‌ ചില മരങ്ങള്‍ക്ക്‌.
ഉലഞ്ഞുലഞ്ഞുള്ള നില്‍പ്‌ കാണുമ്പോള്‍
കിളികള്‍ അവരുടെ ഭാഷയിലെ യക്ഷികളെ ഓര്‍ക്കുന്നതാവാം.
അല്ലെങ്കില്‍ അവരുടെ നാട്ടിലെ തൂങ്ങിമരിച്ച പെണ്ണുങ്ങളെ
ഓര്‍ക്കുന്നതാവാം.

തീവണ്ടിയുടെ ചുളംവിളി പകര്‍ത്തിയെഴുതുമ്പോള്‍
എല്ലാദിവസവും ആ വണ്ടിയിലെ യാത്രകാരെ കൈവീശി കാണിക്കുന്ന
കുഞ്ഞിനെ മറന്നുപോകരുത്‌.
അകലങ്ങളിലേക്കുള്ള ഏതൊരു യാത്രയും
കുഞ്ഞുങ്ങള്‍ക്ക്‌ അമ്മയിലേക്കുള്ള യാത്രയാണ്‌.
അവന്റെ കാഴ്‌ചയില്‍ ആ വണ്ടിയിലുള്ളവര്‍
അമ്മയെക്കാണാന്‍ പോകുന്നവരാണ്‌.
അതങ്ങനെതന്നെയിരിക്കട്ടെ.

നീ പറയുന്നത്‌ പലപ്പോഴും ഞാന്‍ മനസ്സിലാക്കിയിരുന്നത്‌
മറ്റൊരാള്‍ വിവര്‍ത്തനം ചെയ്‌തു തരുമ്പോഴായിരുന്നു.
അകല്‍ച്ചയുടെ പടവുകളില്‍ നിനക്കും ഞാനൊരു മെഴുകുതിരി
കത്തിക്കുന്നു.

കിളികളെ മണ്ണുവാരിയെറിഞ്ഞോടിച്ചത്‌ ഭൂതമാണെന്നും
ആഞ്ഞിലിമരമാണെന്നും രണ്ട്‌ കഥകള്‍ ചുറ്റിതിരിയുന്നുണ്ട്‌
ഗ്രാമചന്തയില്‍.

തുന്നല്‍ക്കാരന്റെ വീട്‌

തുന്നല്‍ക്കാരന്‍
അയാളുടെ വീട്‌ തുന്നിയെടുക്കുന്നു.

വെളുത്തപൂവിന്റെ ചിത്രമുള്ള
പഴകിയ തൂവാലകൊണ്ട്‌ മൂത്തമകള്‍ക്ക്‌ അയാളൊരു
ജാലകം തുന്നികൊടുക്കുന്നു.
അതിലൂടെയാണ്‌ അവള്‍ മറ്റൊരാള്‍ തുന്നിയ ചന്ദ്രനെ കാണുന്നത്‌.
ആരെങ്കിലും എപ്പോഴും തുന്നാന്‍ ശ്രമിച്ച്‌ പരാജയപ്പെടുന്ന
മഴ കാണുന്നത്‌.

എന്നോ മരിച്ചുപോയ ഭാര്യയുടെ
വലിയ ആഗ്രഹമായിരുന്നു
ഓര്‍മ്മകളുടെ വഴുവഴുപ്പുകൊണ്ടൊരു വീട്‌.
ആര്‍ക്കും കയറാനാവാത്ത,
എല്ലാവരും എപ്പോഴും വഴുതിവീഴുന്ന ഒരുവീട്‌.
മനപൂര്‍വ്വമല്ലെങ്കിലും,
അറിഞ്ഞുകൊണ്ടല്ലെങ്കിലും അയാള്‍ തുന്നിയ
വീട്ടിലും ആര്‍ക്കും കയറാനാവില്ലായിരുന്നു.

മരണശേഷവും രാജ്യം ഭരിക്കാനാണ്‌ രാജാക്കന്മാരെ
കൊട്ടാരങ്ങളെക്കാള്‍ വലിയ ശവകുടീരങ്ങളില്‍ അടക്കുന്നതെന്ന്‌
അയാള്‍ക്കറിയാമായിരുന്നു.
അതുകൊണ്ടാണ്‌ കണ്ണടച്ചുതുറക്കുന്ന
സമയംകൊണ്ട്‌ ശവകുടീരമായോ സര്‍ക്കസ്സ്‌ കൂടാരമായോ
മാറ്റാവുന്ന ഒരു വീട്‌
അയാള്‍ തുന്നികൊണ്ടിരുന്നത്‌.

എത്രതുന്നിയാലും തീരാത്താവീടാണയാളുടേത്‌
അതില്‍ തുന്നിപിടിപ്പിക്കുന്നത്‌
മറ്റാരും കാണാത്ത ആയാളുടെ ജീവിതമായിരിക്കുമോ?

ഉറക്കം

ഒരിക്കലും ഉണരാനിടയില്ലാത്ത
നൂറുപേരാണ്‌
ഈ നദിക്കരയില്‍ കാവല്‍നില്‍ക്കുന്നത്‌.
എന്നാലും പൊങ്ങിക്കിടക്കുന്ന ആ പാദങ്ങള്‍
ഒഴുകിനീങ്ങുവാന്‍ അവരനുവദിക്കില്ല.

കാവല്‍ക്കാരുടെ കാലുകള്‍
നദിയുടെ ആദിമഗോത്രങ്ങളെ മറികടക്കുന്നു
വിരലുകളില്‍ തടയുന്നത്‌ മുലയോ വയറോ എന്ന്‌ തിരിച്ചറിയാതെ
തിരിച്ചുപോരുന്നു.

നദിയില്‍നിന്ന്‌ കയറിവരുന്നവരോട്‌
ചോദിക്കണം
ഇന്നലെ ചത്ത പെണ്ണിന്റെ രുചിയെന്തെന്ന്‌?

രഹസ്യം- ഒന്നാമന്റെ കുറിപ്പുകള്‍

(ഒന്നാമന്റെ കുറിപ്പുകള്‍ക്കുശേഷമാണ്‌ കാര്യങ്ങളെല്ലാം
കീഴ്‌മേല്‍ മറിഞ്ഞതെന്ന്‌ കരുതപ്പെടുന്നു.
മൂവാണ്ടന്‍ മാവുകള്‍ക്കു കീഴിലൂടെ മണിയനീച്ചകള്‍
തീട്ടത്തിന്റെ ചെറിയ ഉരുള ഉരുട്ടികൊണ്ടുപോകുന്നു.)

1
H2O ഏറ്റവും നിശ്ശബ്‌ദമായ ഒരു യാത്രയാണെന്ന്‌
നമ്മളറിയുമ്പോഴേക്കും എല്ലാം അവസാനിച്ചിരിക്കും.
കള്ളുഷാപ്പിലേക്കുള്ള വഴികളെല്ലാം
പാടവരമ്പത്തൂന്ന്‌ വഴുതിവീണിരിക്കും.

2
നിന്റെ കൊഴുത്ത തുപ്പല്‍
എനിക്കും മണ്ണിരകള്‍ക്കും ഭക്ഷണമാകുന്നു.
ഭൂമിയിലെ ആദ്യ കാല്‍വെപ്പില്‍തന്നെ
നിന്റെ നാഭിയിലെ പച്ചമണ്ണില്‍ ഞാന്‍ പുതഞ്ഞുപോകുന്നു.
നിന്റെ ഉടല്‍
രണ്ട്‌ ശത്രുരാജ്യങ്ങള്‍ക്കിടയിലെ എന്റെ ഇടത്താവളമാണെന്ന്‌
ആരോ വിളിച്ചുപറയുന്നു.

നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വണ്ടിയില്‍
രണ്ട്‌ നാവുകള്‍ കുടിപ്പക തീര്‍ക്കുന്നത്‌ നാം കാണുന്നു.
ഒരുവള്‍ ആരുടെയോ അരക്കെട്ടിലിരുന്ന്‌
നദി നീന്തിക്കടക്കുന്നത്‌ നാം കാണുന്നു.

3
നമിതയെന്ന തമിഴ്‌നടിയുമായി
എനിക്ക്‌ ചില രഹസ്യബന്ധങ്ങളുണ്ട്‌.
രഹസ്യബന്ധങ്ങളിലെ കുട്ടിയുമായി
ഞാന്‍ ഊരുചുറ്റാനിറങ്ങുന്നു.
കമ്പം, തേനി വഴിപോകുന്ന ഒരു രാത്രിവണ്ടിക്ക്‌
അവനെ നാടുകടത്തുന്നു.

4
ആല്‍മരങ്ങളല്ലെങ്കിലും പണ്ടേ പാവങ്ങളാണ്‌.
കീറിപ്പറിഞ്ഞ വിശറികളുമായി ആടിതിമിര്‍ക്കുന്നവര്‍
പടര്‍ന്നുകയറാനുള്ള വേരുകളുടെ ആഗ്രഹങ്ങളെ
ഒരുതരത്തിലും തടഞ്ഞുനിര്‍ത്താത്തവര്‍.
തിരുമ്മിത്തിരുമ്മി എല്ലാവരെയും ഒരു കുന്നോളം വലുതാക്കുന്നവര്‍.

5
ഏതോ സിനിമയില്‍
റഷ്യന്‍ ഉപചാരവാക്കുകള്‍ പറഞ്ഞുകൊണ്ട്‌
മദ്യപിക്കുന്ന രണ്ടുപേരെ നാം കാണുന്നു.
ഒരാള്‍ ഷാംപെയ്‌ന്‍ വേണ്ടെന്നു പറയുമ്പോള്‍
ജീവിതമാണ്‌ വേണ്ടെന്ന്‌ പറയുന്നതെന്ന്‌
ജൂലിയന്‍ പറയുന്നു.
വിവാഹപാര്‍ട്ടിയില്‍ നവവധുവിനോടൊപ്പം
നൃത്തം ചെയ്യാനുള്ള അവസരം ആരും പാഴാക്കുന്നില്ല.

6
മുറിയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരാപ്പിളാണ്‌
എപ്പോഴും ഉണര്‍ന്നിരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്‌.
മുന്തിരിത്തോപ്പുകളിലെ എന്റെ ചാരവനിതകളെ
ആരോ വില്‍പനക്കുവെച്ചിരിക്കുന്നു.
കൈനിറയെ ഗോതമ്പുമണികളുമായി
ഒരു വയല്‍ ആര്‍ക്കോ കിടന്നുകൊടുക്കുന്നു.

7
നിന്റെ മുടിയിഴകളുമായി
സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍
ഒന്നാംക്ലാസ്സിലെ ആദ്യദിവസം
സ്വന്തം പേരുപറയുന്ന കുട്ടിയെപ്പോലെ
നീ ചുളുങ്ങിക്കൂടുന്നു.
ഏതോ മരത്തിന്റെ വേരുകളുമായി അവസാനം
നാം തിരിച്ചെത്തുന്നു.

8
പൂത്തുനില്‍ക്കുന്ന ഒരു തോടിന്റെ ഒറ്റക്കൊമ്പിലാണ്‌
മാനത്തുകണ്ണിയും വരാക്കണ്ണനും നീന്തിത്തുടിക്കുന്നത്‌.

9
ഒരു കുരുവിയും നെന്മണി തേടിവരുന്നില്ലല്ലോ
ഒരു കൊറ്റിയും വരമ്പുതേടി വരുന്നില്ലല്ലോ
ഒരു ആട്ടിന്‍കുട്ടിയും വഴിതെറ്റി വരുന്നില്ലല്ലോ
ഈ വയലുകളിലേക്ക്‌.

10
പ്ലാവിലകളില്‍നിന്ന്‌ നാണം വേര്‍തിരിച്ചെടുക്കുന്ന വിദ്യകൊണ്ട്‌
നദിയെ അരിച്ചരിച്ച്‌ ഒരു തുള്ളിയാക്കുന്നു.

11
ശരീരത്തിന്റെ വാതിലാണ്‌
കണങ്കാലിലെ വിളര്‍ത്ത ചെമ്പന്‍ രോമങ്ങളെന്ന്‌ തിരിച്ചറിയുന്നു.
ഇലകള്‍ക്കായി നീക്കിവെച്ചിരിക്കുന്ന രാത്രികളില്‍നിന്ന്‌
ആരോ നടന്നുമറയുന്നു.

മുറിയില്‍നിന്നുള്ള പാട്ടുകള്‍ക്കായി കാതോര്‍ത്തിരുന്ന
പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയിരിക്കുന്നു.
എന്നിട്ടും ചെതുമ്പലുകള്‍കൊണ്ട്‌ നിര്‍മിക്കപ്പെട്ട
ആ വാദ്യോപകരണം നീ ഉപേക്ഷിക്കുന്നില്ല.


ഭൂമിയിലെ ആദ്യത്തെ ഭാഷ ഏതെന്നറിയുവാന്‍
ഞാന്‍ നിന്നെ വീണ്ടും വീണ്ടും ചുംബിക്കുന്നു.

12
ദൂരെ കുന്നിന്‍ചെരുവില്‍ മഴനനയുന്ന
ഒറ്റമരത്തെ വരയ്‌ക്കാനെളുപ്പമാണ്‌
ഉറങ്ങിക്കിടക്കുന്ന ഒരു പെണ്‍കുട്ടിയുടെ അരുകില്‍
ഒരു രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്നാല്‍ മതി.

13
റാന്തല്‍വിളക്കന്റെ അരികിലിരുന്ന്‌
വൃദ്ധരായ പരിചാരികമാര്‍
കുട്ടിയുടുപ്പിന്റെ ഭംഗിനോക്കുന്നു.