Showing posts with label രാത്രി. Show all posts
Showing posts with label രാത്രി. Show all posts

നദിയുടെ മൂന്നാംകര

കവണയുടെ അറ്റത്തെ കല്ലിനെപ്പോലെ
നീയെന്നെ ത്രസിപ്പിച്ച് നിര്‍ത്തുകയാണ്
വിസ്‌കി മണക്കുന്ന മുലക്കണ്ണുകളില്‍
എനിക്ക് എന്നെതന്നെ നഷ്ടമാകുന്നു.

പേരുകള്‍ക്കപ്പുറവും നദികളുണ്ട്
നിശ്ശബ്ദമായി ഒഴുകുന്ന വീടുകളില്‍
അവരുറങ്ങുന്നു.

വീട്ടില്‍ കുഞ്ഞുങ്ങളുണ്ട്
അവരുടെ കരച്ചിലുണ്ട്
ചിരികളുണ്ട്.

എല്ലാത്തിനുംമീതെ നദി തിളച്ച് മറിയുകയാണ്.

എല്ലാ പേരിലും നദികളുണ്ട്.
ആ നദിയുടെ പേരിടാന്‍
നമ്മള്‍ പോകുന്നു.

കിടക്കയില്‍ കെട്ടിമറിയുന്ന
രണ്ടുപേര്‍ക്കിടയില്‍
ഒഴുക്ക് നിലച്ചുപോയ നദി
വീര്‍പ്പുമുട്ടുന്നു.

നഗ്നരായി ഉറങ്ങുന്ന നമ്മളെ ഉപേക്ഷിച്ച്
നദി കടന്നുകളയുന്നു.

ഞാന്‍ നിന്നെ എന്റെ കോളനിയാക്കുന്നു
കൃഷിയിടങ്ങിലേക്ക് ആട്ടിത്തെളിച്ച് കൊണ്ടുവന്ന
അടിമകള്‍ നിന്നെ ഉഴുതു മറിക്കുകയാണ്.
മുത്തും പവിഴവും ലഭിക്കുമെന്ന്
അവരോട് കള്ളം പറഞ്ഞതാരാണ്.
അടിക്കാടുകളില്‍ തെച്ചിപൂക്കുന്ന
സന്ധ്യകളില്‍ നമ്മള്‍ ഇണചേരുന്നതുനോക്കി
ഒരു പൂച്ചയിരിക്കുന്നു.

എന്നിട്ടും നദിയുടെ വേര്
മാത്രം തെളിഞ്ഞില്ല.

എനിക്ക് കാണാന്‍
നീ മാറിടത്തില്‍ പൂക്കള്‍ സൂക്ഷിക്കുന്നു.
ഞാന്‍ നോക്കുമ്പോള്‍
പൂക്കള്‍ മാത്രമാണ് കാണുന്നത്
വിത്തുകള്‍ എവിടെയാണ്
ഒളിച്ചിരിക്കുന്നത്.

വിത്തുകളില്‍ എഴുതിയിരിക്കുന്ന പേര്
ഏത് നദിയുടേതാണ്.

എനിക്കിപ്പോള്‍ നിന്റെ ശരീരമറിയാം,
എന്റെ വീടുപോലെ.
അതിന്റെ ആശാരിയും
കല്‍പ്പണിക്കാരനും
ഞാന്‍ തന്നെയാണ്.
അതിരുകളില്‍ ഞാന്‍ എന്നെത്തന്നെ
കുഴിച്ചിട്ടിരിക്കുന്നു.

നദിയെ ആരോ വഴിതിരിച്ച്
വിടുകയായിരുന്നു.

നിന്റെ നിഷേധമാണ് നിന്റെ പ്രേമം
ഒരു ജനത നിഷേധിക്കുന്നയാള്‍
അവരുടെ ഭരണാധികാരി ആകുന്നതുപോലെ
നീ ഏറ്റവും കൂടുതല്‍ നിഷേധിക്കുന്നയാള്‍
നിന്റെ കാമുകനാകുന്നു.
നിഷേധങ്ങളില്‍ നിന്നാണ്
നിന്നെ കണ്ടെത്തുന്നത്.

ഒരു ചെറുകാറ്റ് നദിയെ കുഴമറിച്ചിടുന്നു

ഭാര്യയും കുഞ്ഞുങ്ങളുമുള്ള ഒരാള്‍
പൂര്‍ണ്ണ ഗര്‍ഭിണിയായ
കാമുകിയെ ഓര്‍ക്കുന്ന പോലെ
ഞാനെന്റെ നാടിനെ ഓര്‍ക്കുന്നു.
അടുത്ത കവലയില്‍ എന്നെ കാത്ത്
ഒരു പട്ടാളവണ്ടി കിടപ്പുണ്ട്.

2

കോഫിഷോപ്പിലെ ഉമ്മയില്‍ തുടങ്ങി
അരണ്ട വെളിച്ചമുള്ള കിടപ്പുമുറിയില്‍ ഒടുങ്ങുന്ന
ഒരു രംഗം എന്റെ എല്ലാ സിനിമകളിലുമുണ്ട്
പ്രേമം ആദ്യം തലച്ചോറിലും പിന്നെ അരക്കെട്ടിലുമാണ്
സംഭവിക്കുന്നതെന്ന് നീ പറയുന്നു
ചുണ്ട് പൊള്ളിക്കുന്ന ഉമ്മകളുടെ തോണി
നമ്മുടെ കിടക്കയില്‍ തകര്‍ന്നടിയുകയാണ്.

ആശുപത്രികള്‍ക്ക് വേണ്ടി രൂപകല്പന
ചെയ്ത കെട്ടിടം പോലെയാണ്
നമ്മുടെ ജീവിതം
അത്ര ഇടുങ്ങിയ മുറികള്‍
അത്ര ഇടുങ്ങിയ വഴികള്‍.

ഞാനൊരു നാഴ്‌സിസാണ്
നദിക്കരയിലിരുന്ന് ഞാന്‍ മരിക്കുമെന്ന്
പറയുന്ന ഒരാള്‍ എന്നില്‍ ജീവിച്ചിരിക്കുന്നു
മീനുകളുടെ പാട്ടുകള്‍
അയാള്‍ക്കുവേണ്ടിയാണ്.

3

ഒരു ദിവസം രണ്ട് ചെവിയും
പൊട്ടിയൊലിക്കുന്ന ഒരു വൃദ്ധന്‍
അവരുടെ ഗ്രാമത്തിലേക്ക്
കയറിവന്നു.
അയാളുടെ രണ്ട് തോളിലും
ഓരോ മുയലുകള്‍.
അയാള്‍ക്കുവേണ്ടി മുയലുകള്‍
കാത് കൂര്‍പ്പിക്കുന്നു
കേള്‍ക്കുന്നു
തലയാട്ടുന്നു.

ശബ്ദങ്ങളുടെ ലോകവുമായുള്ള
ബന്ധം അവസാനിക്കുകയാണ്.
ഇനി നിശബ്ദതയുടെ കാലമാണ്
ഉപേക്ഷിക്കപ്പെട്ട നീന്തല്‍ക്കുളം
അവസാനത്തെ നീന്തല്‍ക്കാരനെ
ഓര്‍ക്കുന്നതുപോലെ
അവസാനം കേട്ട വാക്ക്
ഞാന്‍ ഓര്‍ത്ത് നോക്കുകയാണ്.
അതിന്റെ പുളകങ്ങളില്‍
മതിമറക്കുകയാണ്.

4

ഇണചേരുമ്പോള്‍
തീയുണ്ടാകുന്ന കാലം
പെട്ടെന്ന് ഇല്ലാതാകും
പിന്നെ
അവിഞ്ഞ മണമുള്ള കാറ്റിന്റെ
കാലമാണ്
ആ കാലത്തേയും നമ്മള്‍
മറികടക്കുന്നു

5

മരിച്ചാല്‍ മാത്രമേ ഉറങ്ങാന്‍
സാധിക്കൂ എന്ന് പറയുന്ന ഒരാള്‍
എന്നില്‍
ഉണര്‍ന്നിരിക്കുന്നു.
നദിയെ അതിന്റെ ഒഴുക്കിലേക്ക് തിരിച്ചു കൊണ്ടുവരാന്‍
പോയവര്‍ മടങ്ങിവന്നിട്ടില്ല.
മീനുകള്‍ക്ക് ഉറങ്ങാനായി
കിടക്കയില്‍ നീയിറക്കിയ
കടലാസുതോണികള്‍ നനഞ്ഞു
കുതിരുകയാണ്.

6

ഡാന്‍സ് ബാറിലെ സ്റ്റീല്‍ കമ്പിയില്‍
നഗ്‌നത മറയ്ക്കുന്ന യുവതിക്കും
അവളെ നോക്കി വോഡ്ക നുണയുന്ന
വൃദ്ധനുമിടയില്‍ എന്റെ
ഞരമ്പുകള്‍ വലിഞ്ഞ് മുറുകുന്നു

7

മഴ വന്നു
വീട് കഴുകി
കമഴ്ത്തിവെച്ചു

8

പുറകിലേക്ക് കൈകുത്തി
ഇരിക്കുന്ന
മുലയുള്ള ഒരപ്പന്‍
അയാളുടെ മടിയിലിരിക്കുന്ന
ഒന്നര വയസുകാരി
അവരെ നോക്കിയിരിക്കുന്ന
മാമ്പഴ ഗന്ധമുള്ള ഒരു വൈകുന്നേരം

വായു സഞ്ചാരമില്ലാത്ത വീടുകളില്‍
താമസിക്കുന്നവരെപ്പോലെ
നമ്മള്‍ വീര്‍പ്പുമുട്ടുകയാണ്.
ക്രൂരനായ ഒരു ഭരണാധികാരിയുടെ
വീട്ടിലെ വെപ്പുകാരന്റെ വേഷത്തില്‍
നിനക്ക് ശോഭിക്കാനാകുന്നില്ല
എന്നിട്ടും നീ ആ കുപ്പായത്തിന്റെ
കുടുക്കുകള്‍ അഴിക്കുന്നില്ല.

ഒരു മലഞ്ചെരുവിനെ
അലങ്കരിക്കുകയാണ്
പൂക്കാലം
മുയലുകള്‍ അത് നോക്കി രസിക്കുന്നു.

9

ഏത് വിദഗ്ദനായ തുന്നല്‍ക്കാരനാണ്
നദിയുടെ ഉടുപ്പുകള്‍ തുന്നിയത്.
ഉടുപ്പില്‍ അല്പംപോലും ചെളിപറ്റാതെ
അവള്‍ നാടുനീളെ തെണ്ടി നടക്കുന്നു.

10

നിന്നെ ഭ്രാന്ത് പിടിച്ച് പ്രണയിക്കാന്‍
ഞാനുണ്ടാകും.
നീ പോയാല്‍
ഭ്രാന്ത് മാത്രമായിരിക്കും അവശേഷിക്കുക.

നമുക്കിടയില്‍ നടക്കുന്നത്
വലിയ യന്ത്രങ്ങളുടെ പ്രവര്‍ത്തനമാണ്
ഒരുപാട് ഇന്ധനം അതിനാവശ്യമുണ്ട്.

ഭൂമിയെക്കുറിച്ച് പറയുന്നതുപോലെ
ഞാന്‍ നിന്നെക്കുറിച്ച് പറയുന്നു.
അന്യഗ്രഹങ്ങളില്‍ നിന്ന് നോക്കുമ്പോള്‍
നാം ഒരു വള്ളിച്ചെടി.

ആലിംഗനം ചെയ്ത് നില്‍ക്കുന്ന നമുക്കിടയില്‍
ഒരു വള്ളിച്ചെടി പടര്‍ന്ന് പന്തലിച്ചിരിക്കുന്നു.
വള്ളിച്ചെടിക്ക് പടര്‍ന്ന് കയറാനും മാത്രം സമയം
നമ്മള്‍ ആലിംഗനം ചെയ്തുകാണുമോ?
അതോ മറ്റൊരു വള്ളിച്ചെടിയെന്ന്
കരുതിക്കാണുമോ?

നമ്മളില്‍ ഇനിയും തുറക്കാത്ത
പ്രണയത്തിന്റെ വലിയ ഖനികളുണ്ടെന്ന്
നാം തിരിച്ചറിയുകയാണ്.

അതിന്റെ താക്കോലുകള്‍
തിരയുകയാണ്

വീഞ്ഞ് എന്ന നഗരത്തിലെ ഒരു രാത്രി

(ഒരു കോഴിക്കോടന്‍ സ്വപ്നത്തിന് സമര്‍പ്പണം...)

മീന്‍ ചെതുമ്പലുകള്‍ കൂട്ടിവെച്ച്
കടലിലേക്ക് നാം പണിത
പടവുകളില്‍
തിരമാലകള്‍ കാറ്റ് കൊള്ളാനിരിക്കുകയാണ്.

മരിച്ചവര്‍ വിരുന്നിനെത്തുന്ന
ദ്വീപുകളിലെ അമ്മമാരെപ്പോലെ
തിരക്കുകളില്‍നിന്ന് തിരക്കുകളിലേക്ക്
പോകുകയാണ് നമ്മള്‍. 

കല്‍പ്പണിക്കാരുടെ ഇടയില്‍ കിടന്ന്
വിയര്‍ക്കുന്നുണ്ട്
ഒരു വീട്.


ഓര്‍മ്മകളില്‍ ചതുപ്പുനിലങ്ങള്‍ ഇല്ലാത്തതാണ്
നമ്മുടെ പ്രശ്നം.
ഒന്നിലേക്കും ആണ്ടുപോകാന്‍ സാധിക്കാത്തവരായി
നമ്മള്‍ മാറിയിരിക്കുന്നു.

(നാരകത്തിന്റെ ഇലകള്‍കൊണ്ട്
നാണം മറച്ചിരുന്ന
ഒരു വീടുണ്ട് എന്റെ ഗ്രാമത്തില്‍. 
അവിടെനിന്ന് ഇടയ്ക്ക് ഞാനും
ഇടയ്ക്ക് അനിയനും ഇറങ്ങിപ്പോകാറുണ്ട്.
എന്റെ അമ്മയാണ്
ആ വീടിന്റെ മുറ്റം തൂക്കുന്നത്)

സദസിലെ ആദ്യത്തെ ആളെയും
അവസാനത്തെ ആളെയും തമ്മില്‍ ബന്ധിപ്പിക്കുകയാണ്
ഗിത്താറിസ്റ്.
ആദ്യത്തെയാള്‍ക്ക് രണ്ടാമത്തെയാളുടെ വീട്ടിലേക്കുള്ള
വഴി പറഞ്ഞുകൊടുക്കുകയാണ്.
അവിടെ നല്ലയിനം വീഞ്ഞുണ്ടെന്നും
വീട്ടമ്മ സത്കാര പ്രിയയാണെന്നും
പറയുകയാണ്.

ഒരു വീഞ്ഞുപാത്രത്തില്‍നിന്നും
ഉന്മത്തരായവര്‍
ഒരു മരത്തിന്റെ ചില്ലയില്‍നിന്നും
നാണം മറച്ചവര്‍

(നഗരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണുന്ന ഫ്രിഡ്ജും വാദ്യോപകരണങ്ങളും എന്തിന്റെ സൂചനയാണ്)  


മരിച്ചവരുടെ ഉറക്കങ്ങള്‍ വില്‍പ്പനയ്ക്ക്
വെച്ചിരിക്കുന്ന തെരുവിലാണ്
നാം കണ്ടുമുട്ടിയത്
തീവണ്ടിയപകടത്തില്‍ മരിച്ചവര്‍
ഒരു ചൂളംവിളിയിലേക്ക്
ചുരുങ്ങിപ്പോയത് ഇവിടെയാണ്.

(മരിച്ചവര്‍ അവസാനത്തെ വണ്ടി കാത്തുനില്‍ക്കുന്ന
സ്ഥലമെന്നാണ്
മറ്റൊരു ഭാഷയില്‍ നിന്റെ പേരിനര്‍ത്ഥം.)

സ്വയം ഒരു രാജ്യമായി പ്രഖ്യാപിക്കുകയാണ്
ചുവന്ന സിംഹാസനങ്ങളുടെ
അധിപനായി പ്രഖ്യാപിക്കുകയാണ്
കന്യകമാരെയെല്ലാം
വെപ്പാട്ടിമാരുടെ മേലങ്കി അണിയിക്കുകയാണ്.

മേഘങ്ങളില്‍ കെട്ടിയിട്ട
ചരടുകളിലാണ് ഗ്രാമത്തിലെ കുട്ടികള്‍
ഊഞ്ഞാലാടുന്നത്.


ഇലകള്‍കൊണ്ട് നീയൊരു ആനക്കൊമ്പ്
ഉണ്ടാക്കുന്നു
കാടിനെ വിറപ്പിച്ച് നിര്‍ത്തുന്നു.

(തുപ്പല് വിഴുങ്ങി മരിച്ചുപോയവരുടെ
നാട്ടിലേക്ക് യാത്ര ചെയ്യാന്‍ നിന്റെ കൂട്ട് ആവശ്യമുണ്ട്.
നാരങ്ങ വെള്ളത്തിനും മദ്യത്തിനും പകരം
മരിച്ചു പോയവരുടെ തുപ്പലും ശുക്ളവും വില്‍ക്കുന്ന
കടകളില്‍ നമ്മളെന്ത് ചെയ്യാണ്.)

തിമിംഗലങ്ങളുടെ
രാത്രിയില്‍
കടലിനെ തോര്‍ത്തിയെടുക്കുകയാണ്
ഉരുക്കുതോണികള്‍
നങ്കൂരമിട്ട വടുക്കളില്‍
തേന്‍ പുരട്ടുകയാണ്.

ഉറഞ്ഞുപോയ
കപ്പല്‍ച്ചാലുകള്‍ സൂക്ഷിക്കുന്ന
അലമാരകള്‍
നെടുവീര്‍പ്പിടുമ്പോള്‍ അപ്രത്യക്ഷമാകുന്ന
രക്തത്തിന്റെ രാത്രികള്‍


ഋതുക്കളെ മാറ്റിമറിക്കുന്ന
അലക്കുകാരന്റെ വീട്
ഈ തെരുവിലാണ്.
ഒരു പാന്റോ ഷര്‍ട്ടോ
അലക്കുമ്പോള്‍
മഴക്കാലം മാറി മഞ്ഞുകാലം
വരുന്നു.
ഒരു കുഞ്ഞുടുപ്പ് തിരുമിയെടുക്കുമ്പോള്‍
വസന്തം വാതിലില്‍ മുട്ടുന്നു.

(രതിയിലേര്‍പ്പെടുന്നവരുടെ വിയര്‍പ്പില്‍നിന്നും
നിശ്വാസങ്ങളില്‍നിന്നും
അരക്കെട്ടിലെ ചലനങ്ങളില്‍നിന്നും
കൊട്ടാരത്തിലെ ധാന്യപുരകള്‍
നിറയ്ക്കുകയാണ്.)

എന്റെ നഗരങ്ങള്‍ക്ക് കുപ്പായം തുന്നുകയാണ്
മരിച്ചുപോയ നെയ്ത്തുകാര്‍.
ഓരോ വളവിലും
അവരുടെ മക്കളുടെ ചിരിയും
കരച്ചിലും രാത്രികളും
തുന്നിചേര്‍ക്കുന്നുണ്ട്. 

നദിയില്‍
വെള്ളത്തിന്റെ വിത്തുകള്‍
ഉണക്കാനിടുന്നു


തൊലിപ്പുറത്തെ അസുഖങ്ങള്‍ക്കുള്ള
മരുന്നുകള്‍ സൂക്ഷിക്കുന്നതുപോലെ
ഞാന്‍ നിന്റെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്നു
ഇടയ്ക്ക് മാത്രമെടുത്ത് ലേപനം ചെയ്യുന്നു.

(ഒരു പ്രഭാതസവാരിക്കാരന്റെ
വേഗതയാണ് ഞാന്‍ നിന്നില്‍നിന്ന്
പ്രതീക്ഷിക്കുന്നത്.
ഗോള്‍ഫ് ഗ്രൌണ്ടില്‍നിന്ന് പൊടുന്നനെ കാണാതാകുന്ന
പന്തുപോലെ
വളവ് തിരിഞ്ഞ് നീ അപ്രത്യക്ഷയാകണം.)

ഒരു കുതിരയെ നെടുകെ പിളര്‍ത്തി
നാം രണ്ട് യുഗങ്ങളിലേക്ക് യാത്ര തിരിക്കുകയാണ്.

തണുത്തുറഞ്ഞ ദ്വീപുകളില്‍നിന്ന്
യാത്ര തിരിക്കുന്നവര്‍
മരുഭൂമിയുടെ ശിഖരങ്ങളില്‍ കൂടുകൂട്ടുന്നു.

വൈകുന്നേരങ്ങളില്‍ കാറ്റുകൊള്ളാനിറങ്ങുന്ന
നിലച്ച വാച്ചുകളുടെ വീട്
അലിഞ്ഞ് തീരുന്ന തണുപ്പിന്റെ മേല്‍വസ്ത്രങ്ങളില്‍നിന്ന്
പുറത്താക്കപ്പെടുന്നവര്‍
പ്രാര്‍ത്ഥനകളുടെ കാലം കഴിഞ്ഞ്
വാതിലില്‍ മുട്ടുന്ന ഭീമന്‍ ഉറുമ്പുകള്‍
നിറയെ തുരങ്കങ്ങളുമായി ജീവിക്കുന്ന ഒരു യാത്രക്കാരിയുടെ
രാത്രികള്‍


പരാജയപ്പെട്ടവര്‍ക്ക്
പരാജയപ്പെട്ടവരുടെ പാട്ടുകാരുണ്ട്
വിജയിച്ചവര്‍ക്ക് വേണ്ടിയും
അവര്‍ പാടുന്നു.

(സ്വപ്നങ്ങളില്‍ കണ്ടുമുട്ടുന്നവര്‍ക്ക് മാത്രമാണ്
പാദങ്ങളില്ലാതെ നടക്കാനാവുന്നത്.
മറ്റൊരാളുടെ സ്വപ്നത്തില്‍ അറിയാതെ പെട്ടുപോയവരുടെ
പിറുപിറുക്കലുകള്‍ക്ക് കനം വെയ്ക്കുന്നുണ്ട്.

ദൂരെ ഗ്രാമത്തില്‍ മറ്റൊരാളുടെ സ്വപ്നത്തില്‍
കാത്തിരിക്കുന്ന രഹസ്യക്കാരിയെ കാണാനിറങ്ങിയ രണ്ടുപേര്‍
ഒരാളുടെ സ്വപ്നത്തില്‍ അറിയാതെ പെട്ടുപോകുന്നു.
അവസാനം അവര്‍ തമ്മില്‍ സൌഹൃദംപോലുമുണ്ടാകുന്നുണ്ട്.

ബീഡിക്ക് തീകൊളുത്തി അവര്‍ നാട്ടിലെ മഴക്കാലത്തെക്കുറിച്ചും
അമ്മയുണ്ടാക്കുന്ന മീന്‍കറിയെക്കുറിച്ചും സംസാരിക്കുകയാണ്.
സംസാരം പതുക്കെ
പ്രണയത്തിലേക്കും രഹസ്യക്കാരിയിലേക്കും തിരിയുന്നുണ്ട്.

സൂചനകളില്‍നിന്ന് ഇരുവരുടേയും
രഹസ്യക്കാരി ഒരാള്‍തന്നെയെന്ന്
ഇരുവരും തിരിച്ചറിയുന്നു.
 
സംസാരം കേട്ട് ഉറങ്ങിക്കിടന്നയാള്‍
എഴുന്നേക്കുന്നു
ഒരു ബീഡിക്ക് തീകൊളുത്തുന്നു

സൂചനകളില്‍നിന്ന്
സ്വപ്നത്തില്‍ സംസാരിച്ചവരുടെ
രഹസ്യക്കാരി തന്നെയാണ്
തന്റേതെന്ന് അയാളും തിരിച്ചറിയുന്നുണ്ട്.)


വീഞ്ഞ് എന്ന നഗരം
വീഞ്ഞ് എന്ന നഗരത്തിലെ രാത്രികള്‍
തെരുവിലെ മെഴുകുതിരികളെപ്പോലെ
അഴിഞ്ഞുലയുന്നു.
എല്ലാവരും നോട്ടമിടുന്ന
കുള്ളന്റെ സുന്ദരിയായ ഭാര്യയെപ്പോലെ
ചുളുങ്ങിക്കൂടുന്നു.

ട്രപ്പീസ് കളിക്കാര്‍ക്ക് മാത്രം കയറിവരാവുന്ന
ഒരു വീട്ടിലാണ് താമസിക്കുന്നത്.
കോണിപ്പടിക്ക് ചുവട്ടില്‍നിന്ന്
കുട്ടിക്കരണം മറിഞ്ഞ് കിടപ്പുമുറിയിലേക്കെത്തുന്ന
വിരുന്നകാര്‍ക്ക് മാത്രമാണ്
എന്റെ കന്യകമാരുടെ ആലിംഗനം ലഭിക്കുക. 
 
മുകളിലേക്കെറിഞ്ഞ തൊപ്പികള്‍ക്ക് തിരിച്ചെത്താന്‍
പാകത്തിന് കൈകളെ ക്രമീകരിക്കുകയാണ്.
തുവാലയില്‍നിന്ന് പറത്തിയ പ്രാവുകള്‍
ഇതുവരെ തിരിച്ചെത്തിയിട്ടില്ല. 

(ഈ നഗരത്തില്‍
വീഞ്ഞ്
രഹസ്യങ്ങളുടെ താക്കോലാണ്.

വിദൂഷകന്റെ വീട്
ഇലകള്‍ പൊഴിഞ്ഞുതീര്‍ന്ന
ഒരു മരത്തിന് കീഴേയാണ്.)

ക്ഷണിക്കപ്പെടാത്ത അതിഥികള്‍
നിറഞ്ഞിരിക്കുന്ന വീട്ടില്‍നിന്നും
പരിചാരികമാര്‍ ഒളിച്ചോടുകയാണ്.

കുഴിയിലേക്ക് കാലുംനീട്ടി ഇരിക്കുന്നവരുമായി
എനിക്ക് ബന്ധമില്ല.
ബീഡി മണക്കുന്ന അവരുടെ പാട്ടുകള്‍
എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നില്ല.
വ്രണം പൊതിഞ്ഞ അവരുടെ കാലുകള്‍ക്ക്
കാവല്‍ നില്‍ക്കുന്ന ഈച്ചകളുടെ നേതാവ് മാത്രമാണ്
ഞാന്‍.


വീഞ്ഞ് എന്ന ഗ്രാമം
തിരക്ക് പിടിച്ച ബസിലേക്ക് കയറുമ്പോള്‍
അനാവൃതമാകുന്ന നിന്റെ കണങ്കാലുകളുടെ കാഴ്ചയാണ്
എന്റെ ഏറ്റവും വില പിടിച്ച ഓര്‍മ്മ.

(ഒരു ഗുണ്ടാനേതാവിന്റെ ഇടിവളയാണ്
ഞാന്‍.
പോലീസ് സ്റേഷന്‍ ആക്രമിക്കാനോ
എതിര്‍സംഘത്തിലെ ഒരുവനെ
കുനിച്ച് നിര്‍ത്താനോ എനിക്ക് മടിയില്ല.
ഒത്തുതീര്‍പ്പ് മേശയില്‍
കപ്പിനും ചുണ്ടിനുമിടയില്‍
എന്റെ ഇടികൊണ്ട് നീ തൂറും.)

എന്തെന്നാല്‍
ചുംബനം മുഖം മുറിഞ്ഞുപോയ
രണ്ടുപേര്‍ തമ്മിലുള്ള സന്ധിസംഭാഷണമാകുന്നു.

പക്ഷിക്കൂടുകളുടെയും ചെറിയയിനം മീനുകളുടെയും രാത്രികള്‍

നമുക്ക് നോട്ടങ്ങളെക്കുറിച്ച്
സംസാരിക്കാം
ഉറങ്ങിക്കിടക്കുന്ന വഴികളെക്കുറിച്ചും
അവയുടെ പാതിരാകാഴ്ചകളെക്കുറിച്ചും
സംസാരിക്കാം

ഒരു പക്ഷിക്കൂട്
അതിന് മുകളില്‍ ശിഖരങ്ങള്‍
വേരുകള്‍
കടപുഴകിവീണ ഒരു മരം.

ഒഴുക്കിനെതിരെ നീന്തുന്ന മരങ്ങളെക്കുറിച്ച് മാത്രമാണ്
സംസാരിക്കുന്നത്.
വരിക്കപ്ളാവിന്റെ കൊമ്പുകളില്‍നിന്ന് പറന്നുയര്‍ന്ന
കിളികളിലാണ് നിന്റെയുന്നം.
ചിറകടികള്‍ നിനക്കുള്ള ക്ഷണക്കത്തുകളാണെന്ന്
നീ കരുതുന്നു.

ആരാണ്
ഇതിലും വലിയൊരു പക്ഷി ഇനിയിതിലെ പറക്കില്ലെന്ന്
പറഞ്ഞത്
വാശിപിടിച്ചത്
യാചിച്ചത്

രണ്ട്- മണ്ണിരയുടെ വിയര്‍പ്പില്‍ കുതിര്‍ന്ന നഗരം

മണ്ണിരയുടെ വിയര്‍പ്പ്
എന്ന രൂപകത്തില്‍വെച്ചാണ്
നമ്മള്‍ കണ്ടുമുട്ടിയത്.
വൈന്‍ഗ്ളാസുകളുമായുള്ള നിന്റെ കാത്തിരിപ്പ്
എനിക്കോര്‍മ്മയുണ്ട്.
മുന്തിരിത്തോട്ടത്തിന്റെ നടുവിലെ
നിന്റെ വീടുപോലെ നീ മുഷിഞ്ഞിരിക്കുന്നു.
ജനക്കൂട്ടത്തെ ഉണര്‍ത്തിയിരുന്ന
നിന്റെ അരക്കെട്ടും മുലകളും
മണ്ണിരയുടെ വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നു.

മുലയും യോനിയുമുള്ള
പുരുഷന്മാരെ തേടിയാണ് നഗരത്തിലിറങ്ങിയത്.
യാത്രയ്ക്കിടയിലെ നിന്റെ നോട്ടങ്ങള്‍ എനിക്കോര്‍മ്മയുണ്ട്.
മുലകളുണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചുപോയ നോട്ടങ്ങള്‍.
എന്റെ നോട്ടങ്ങള്‍ക്കിടയില്‍ യോനി ഉണ്ടായിരുന്നുവെങ്കിലെന്ന്
നീയും ആഗ്രഹിച്ചു കാണണം.

റെയില്‍വേ സ്റേഷന്‍ വീടായിമാറിയ
കാലത്തേക്കൊരു യാത്ര നടത്തിയാലോ- അടുത്ത കൂട്ടുകാരന്‍ ചോദിക്കുന്നുണ്ട്.
അവന്റെ ചെപ്പക്കുറ്റിക്ക് ഒരെണ്ണം കൊടുക്കണമെന്നുണ്ട്. പണ്ട് യാത്ര തുടങ്ങിയ റെയില്‍വേ സ്റേഷനില്‍തന്നെയാണ് ഇപ്പോഴും വൈകുന്നേരങ്ങള്‍ ചെലവഴിക്കുന്നത്. ഒരു ബിയറും രണ്ട് ലാര്‍ജുമുണ്ടെങ്കില്‍ കാര്‍ലോസ് സന്താനയ്ക്ക് കൂട്ടുകിടക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുന്ന ഉന്മാദം എന്നെ വിട്ടുപോയിട്ടില്ല.

ഡ്രം വായിക്കുമ്പോള്‍ നീ മലമുകളിലെ
ഒറ്റമരത്തെ ഓര്‍മ്മിപ്പിക്കുന്നു.
കാറ്റിലാടിയുലയുന്ന നിന്റെ ശിഖരങ്ങളില്‍
തീപിടിക്കുമ്പോഴാണ്
ഞങ്ങള്‍ ഉന്മാദത്തിന്റെ വന്‍കരകള്‍
താണ്ടിയിരുന്നത്.

എന്റെ മുറിയില്‍നിന്നും
മെക്സിക്കോയിലേക്കും
അമേരിക്കയിലെ ചില തെരുവുകളിലേക്കും
ഗിത്താറില്‍ നിര്‍മ്മിച്ച ഒരു വഴിയുണ്ട്.

തെരുവിന്റെയറ്റത്ത് അവസാനിക്കുന്ന
രണ്ട് വീടുകളാണ് നമ്മള്‍.
ആകാശത്തുനിന്നും തൂക്കിയിട്ടിരിക്കുന്ന
വിളക്ക് എന്നര്‍ത്ഥം വരുന്ന പേരാണ്
നമ്മള്‍ പരസ്പരം വിളിക്കുന്നത്.

ഒരു ഓട്ടോറിക്ഷയില്‍ കൊണ്ടുപോകാവുന്നത്ര
ചെറുതാണ് എന്റെ നഗരങ്ങള്‍.

ഗ്രാമാതിര്‍ത്തിയിലെ
ഒരു മരത്തിന്റെ കീഴിലാണ്
നമ്മളെല്ലാവരും ജനിച്ച് വീഴുന്നതെന്ന് പറഞ്ഞത്
വായ്പുണ്ണ് വന്ന് മരിച്ച ഒരു കിഴവനാണ്.
അവിടെനിന്ന് ഓരോ രാത്രിയിലും
കൊതുമ്പുവള്ളങ്ങളില്‍ യാത്ര പോകുന്ന
ഇലകളാണ്
നമ്മുടെ നാട് നിശ്ചയിക്കുന്നതെന്നും
അയാള്‍ പറഞ്ഞിരുന്നു.

കഷണ്ടിയുള്ള രണ്ടുപേരുടെ സംസാരത്തില്‍നിന്നാണ്
ആ കിഴവനെക്കുറിച്ചും
കൊതുമ്പുവള്ളങ്ങള്‍ തുഴഞ്ഞുപോകുന്ന
ഇലകളെക്കുറിച്ചും നമ്മള്‍
ആദ്യമായി കേട്ടത്.

പാര്‍ക്കില്‍ രണ്ടാണുങ്ങള്‍
ചുംബിക്കുന്നത് നോക്കിനില്‍ക്കുന്ന
ഒരുവന്റെ മുഖത്തുനിന്നാണ്
നിരാശഭരിതനായ യുവാവിനെക്കുറിച്ചുള്ള
നമ്മുടെ ഗാനമാരംഭിക്കുന്നത്.

നിറയെ മീനുകള്‍ നീന്തുന്ന
ചിത്രത്തില്‍നിന്ന്
ഒരു പൊന്മാന്‍ ഇപ്പോഴാണ് പറന്നുപോയത്.
അവന്റെ ചിറകടിയില്‍
കുളം ഒന്നുലഞ്ഞ് നിവരുന്നുണ്ട്.

ചെറുവണ്ടുകളുടെ കൂട്ടമാണ്
ചുവന്ന താടിയുള്ളവരുടെ തെരുവില്‍വെച്ച്
നമ്മളെ വഴിതെറ്റിക്കാന്‍ ശ്രമിച്ചത്.
തളര്‍ന്ന് കിടക്കുന്ന
നര്‍ത്തകിമാരുടെ വീടുകള്‍ ആ തെരുവില്‍തന്നെയാണെന്ന്
അവര്‍ പറയുന്നു.

ഭൂമിയുടെ താക്കോല്‍ കുഴിച്ചിട്ടിരിക്കുന്ന
കിടപ്പറകള്‍ കണ്ടെത്താനാണ്
നമ്മളിറങ്ങിത്തിരിച്ചത്.
അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്നവരുടെ
ഹൃദയത്തിലാണ് ഭൂമി തിരിയുന്നതെന്ന് പറഞ്ഞത്
നര്‍ത്തകിമാരാണ്.

ഒരു നവവധുവിനെ അണിയിച്ചൊരുക്കുന്ന
വ്യഗ്രതയോടെയാണ്
നഗരം നമ്മളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നത്.

(ചില അപസര്‍പ്പക നോവലുകളിലെ
അന്വേഷണ ഉദ്യോഗസ്ഥരെപ്പോലെ നഗരം നമ്മളെ
വളഞ്ഞുപിടിച്ചിരിക്കുന്നു.)

അദൃശ്യമായ ചിറകുകളാണ് പക്ഷികളെക്കാള്‍ വേഗത്തില്‍ പറക്കാന്‍ സഹായിച്ചിരുന്നത്.

മൂന്ന്

വേരൊടെ പിഴുതെറിയപ്പെട്ട ഒരുവനാണ്
കണ്ണില്‍ തേനീച്ചകള്‍ കൂടുകൂട്ടിയ
ഒരു വിചിത്രജീവിയെക്കുറിച്ച് പാടുന്നത്.
പാട്ട് തീരുമ്പോള്‍ തേന്‍ കിനിഞ്ഞിറങ്ങിയ
മുഖവുമായി ഞാന്‍ യാത്ര തുടരുന്നു.

ശിലായുഗങ്ങള്‍ക്കരുകില്‍ മറ്റൊരു യുഗമുണ്ടായിരുന്നു.
അവിടെയാണ്
രാത്രികാലങ്ങളില്‍ നമ്മള്‍ മഞ്ഞുകാഞ്ഞിരുന്നത്.

അടിക്കുറിപ്പുകളില്ലാത്ത ചായക്കോപ്പകളുമായി
കത്തുന്ന കാലങ്ങളിലേക്ക് തിരിച്ചുപോകുന്നു.

വഴിതെറ്റിവഴിതെറ്റിവഴിതെറ്റിയാണ്
നേരെയായതെന്ന് പറയുന്ന
പുല്‍ച്ചാടികളാണ് വഴിനിറയെ.
നൂറ്റാണ്ടുകളായി
കൊറ്റികള്‍ കാത്തിരിക്കുന്ന
വയല്‍ക്കരകള്‍ ഒരു അരിമണിയുടെ വലുപ്പത്തില്‍
ചുരുങ്ങിപ്പോകുന്നു.
നോട്ടം മുറിഞ്ഞുപോകുന്ന ആ കാലത്തിനപ്പുറത്തുനിന്നും
നമ്മള്‍ മടങ്ങുകയാണ്.

മരിച്ചുപോയവരെല്ലാം തിരിച്ചുവരുകയാണ്.
തിരിച്ചുവരുന്ന
പടയാളിയുടെ പക്കല്‍ ഇപ്പോഴുള്ളത്
പൂക്കളാണ്.
വാതില്‍പ്പടിയില്‍ പൂക്കള്‍വെച്ച് അയാള്‍ കാത്തിരിക്കുന്നു.
ആ പൂക്കളുടെ ഗന്ധം അമ്മയും ഭാര്യയും തിരിച്ചറിയുന്നുണ്ട്.

നാല്

രണ്ട് മരങ്ങള്‍ ചുംബിക്കുമ്പോള്‍
തുപ്പലുകളുടെ ഒരു നദി ഒഴുകിത്തുടങ്ങുന്നു
ചിത്രങ്ങള്‍ ഒട്ടിച്ചുവെച്ച് തെരുവുകുട്ടികളുണ്ടാക്കിയ
നഗരങ്ങളിലൂടെയാണ് നദി ഒഴുകുന്നത്
ആ നദിക്കരയിലിരുന്ന്
നമ്മളും ചുംബിക്കുകയാണ്.

ദൂരെനിന്ന് നോക്കുമ്പോള്‍
നമ്മള്‍ ഒരേമരത്തിന്റെ വേരുകള്‍
ചെറിയയിനം മീനുകളുടെയും പുഴുക്കളുടെയും
ലോകങ്ങളെക്കുറിച്ച് സംസാരിക്കുന്നവര്‍.

തുറന്നുവെച്ച പിയാനോകളില്‍ മാമ്പഴങ്ങള്‍ ശേഖരിക്കുന്ന
മുയലുകളാണ് താഴ്വാരം നിറയെ.
പിയാനോകള്‍ നിറച്ച കപ്പലുകള്‍ തീരംവിടുന്ന
ചൂളംവിളികേട്ടാണ് നഗരം ഉണരുന്നത്.

യാത്ര, സംഗീതം എന്നിവയെക്കുറിച്ച് ഒരുപന്യാസം

രണ്ട് രാജ്യങ്ങള്‍ക്കിടയില്‍
ഒരു പാലമാകണമെന്നാഗ്രഹിച്ചവരാണ്
നമ്മള്‍.
അതുകൊണ്ട് മാത്രമാണ്
നമ്മുടെ വീടുകള്‍ക്ക് ജനലുകള്‍ ഇല്ലാതെപോയത്.

ഇവിടെ സംഗീതംകൊണ്ട് തിരിച്ചറിയാവുന്ന
തെരുവുകളുണ്ട്.
അവിടെ മുഖംമൂടികള്‍ ധരിച്ചവര്‍ക്കിടയില്‍നിന്നും
നിന്നെ ഗന്ധംകൊണ്ട് തിരിച്ചറിയുന്ന
പെണ്‍കുട്ടികളുണ്ട്.

ബാറിലെ അരണ്ടവെളിച്ചത്തില്‍ പാട്ടുകാരന്‍
പാടുന്നത് അവരെക്കുറിച്ച് മാത്രമാണ്.
നിതംബങ്ങളെക്കുറിച്ച് പാടുമ്പോള്‍
അയാളുടെ ശബ്ദം കനക്കുന്നത് നമ്മളറിയുന്നുണ്ട്.
മുലകളെക്കുറിച്ച് പാടുമ്പോള്‍ തേന്‍നിറഞ്ഞ
പാടങ്ങളിലേക്ക് വെയില്‍ വീഴുന്നത് കാണുന്നുണ്ട്.

(എന്നന്നേക്കുമായി
നിലച്ചുപോയ ഒരു തൊണ്ടയാണ് ആ പാട്ടുകാരനെന്ന്
നമ്മളിപ്പോള്‍ തിരിച്ചറിയുന്നു.

നിലച്ചുപോയ തൊണ്ടകള്‍
ഒഴുക്ക് നഷ്ടപ്പെട്ട നദികള്‍
പാതിരാനേരങ്ങളില്‍ മാത്രം വീശുന്ന ചുള്ളന്‍ കാറ്റുകള്‍- നീ പറയുന്നു
.)

അടിവയറ്റില്‍ ഭ്രൂണത്തിന്റെ
ചിത്രം വരച്ച അവിവാഹിതകളായ അമ്മമാരുമായി
ഞാന്‍ ഊരുചുറ്റുന്നു.
ഒരുവള്‍ അടിവയറ്റില്‍
ഭ്രൂണത്തിന്റെ ചിത്രം വരച്ചുചേര്‍ക്കുന്നത്
ഞാന്‍ കാണുന്നുപോലുമുണ്ട്.

(അവളാണ് നമ്മുടെ സിനിമയിലെ നായിക. അവളോടൊപ്പം പോയാല്‍ നഗരം കണ്ടുതീര്‍ക്കാമെന്ന് നമുക്കറിയാം. എന്നാല്‍ ഏതുനിമിഷം വേണമെങ്കിലും തെരുവില്‍ അലിഞ്ഞില്ലാതാകാന്‍ സാധ്യതയുള്ളവരുടെ കൂടിച്ചേരലാണ് അതെന്ന് വൈകിയാണ് നമ്മള്‍ തിരിച്ചറിഞ്ഞത്.)

എനിക്കുവേണം
വീഞ്ഞിന്റെയും അത്തിപ്പഴങ്ങളുടെയും
വീടുകള്‍.


കൊട്ടാരങ്ങളെക്കുറിച്ചും
രാജ്ഞിമാരുടെ കിടപ്പറകളെക്കുറിച്ചും മാത്രം
സംസാരിക്കുന്നവരുടെ കാലം കഴിഞ്ഞുപോകുകയാണ്.
ആ കൂട്ടത്തിലെ അവസാനത്തെയാളും കുന്നുകയറി മറയുന്നത്
നമ്മള്‍ കാണുന്നുണ്ട്.

(കുന്നിറങ്ങിപ്പോകുന്നവരുടെ
ചിത്രം പകര്‍ത്താന്‍ മരങ്ങള്‍ ശ്രമിക്കുന്നുണ്ട്.)

രണ്ട്

പതാകകള്‍
ജീവിതത്തിലേക്ക് വീണുപോയ തുവാലകളാണ്.


മഞ്ഞപൂക്കള്‍ക്കൊണ്ട്
നദി അലങ്കരിച്ചിരുന്ന ഒരാളെ എനിക്ക് പരിചയമുണ്ട്.
അയാളുടെ വീടിന്
നദിയിലൂടെ ഒഴുകിപ്പോയ മഞ്ഞപൂക്കളുടെ
ഗന്ധമായിരുന്നു.

നഷ്ടപ്പെട്ടുപോയ വസന്തക്കാലത്തെക്കുറിച്ചും
പൂക്കളുടെ ഗന്ധങ്ങളെക്കുറിച്ചുമാണ്
അയാള്‍ സംസാരിക്കുന്നത്.

ജീവിതം കൈവിട്ടുപോയവര്‍
സംസാരിക്കുന്നത് ഒഴുകുന്ന നദിയുടെ ഭാഷയിലാണെന്ന്
നീ പറയുന്നു.

(നിന്റെ ശബ്ദം പലപ്പോഴും ചിലന്തിവലയില്‍ കുരുങ്ങിക്കിടക്കുന്ന നദികളെ ഓര്‍മ്മിപ്പിക്കുന്നു)

ഒഴുക്കില്‍പ്പെടുമ്പോള്‍ മാത്രം
സ്വന്തമായി ഒരു ജീവിതമുണ്ടായിരുന്നുവെന്ന് തിരിച്ചറിയുന്ന
ഇലകളെപ്പോലെയാണ് നമ്മളെന്ന്
നാംതന്നെ പറയുന്നു.


ജീവിതത്തിനുപകരം നമ്മള്‍
കൈമാറിയിരുന്നത് കല്ലുകളാണ്.
അതുകൊണ്ടുമാത്രമാണ്
ശിലായുഗങ്ങളിലെ പാട്ടുകാരുടെ ജീവിതം
നമുക്ക് ഓര്‍ക്കാന്‍ സാധിക്കുന്നത്.

മരിച്ചുപോയവര്‍ ചുംബനങ്ങള്‍ കൈമാറാന്‍
എത്തുന്ന തുറമുഖങ്ങളാണ്
നമുക്ക് ചുറ്റമുള്ളത്.
സമുദ്രാതിര്‍ത്തിയില്‍ മഴ നനയുന്ന
പായ്ക്കപ്പലുകള്‍ അവര്‍ ഉപേക്ഷിച്ചുപോയ
അവരുടെതന്നെ ജീവിതങ്ങളാണ്.

ശീതസമരകാലത്തെ തുറമുഖങ്ങള്‍പോലെ
സംശയങ്ങള്‍ മാത്രം കയറ്റി അയക്കുന്ന ഒന്നായി
നമ്മുടെ ജീവിതം മാറിയിരിക്കുന്നു.


പ്രവാഹങ്ങളോടൊപ്പം യാത്രചെയ്യാമെന്ന്
നമ്മള്‍ തിരിച്ചറിഞ്ഞത് നദിയില്‍നിന്ന്
തിരിച്ചുകയറിയപ്പോള്‍ മാത്രമാണ്.

(നീന്തലറിയാത്തതുകൊണ്ട് മാത്രമാണ്
ഇങ്ങനെ ഒഴുകിനീങ്ങേണ്ടിവരുന്നതെന്ന്
നദിയോടാരും പറഞ്ഞില്ല.)

നദിയെ
അതിന്റെ ഒഴുക്കില്‍നിന്ന് അഴിച്ചെടുത്തുകൊണ്ടുപോകുന്നു.


മൂന്ന്

തീവണ്ടിയില്‍ മാത്രമെത്താനാകുന്ന
ഒരു നഗരമാണ് നീ.
ഒറ്റദിവസംകൊണ്ട് പുതുക്കിപ്പണിത വീടുപോലെ
നീ എല്ലാവരെയും മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു.

കിടപ്പറയില്‍മാത്രം മാറുന്ന പേടികളെക്കുറിച്ചാണ്
നമ്മള്‍ സംസാരിക്കുന്നത്.
രാത്രികള്‍ കൈവിട്ടുപോയവരുടെ പാട്ടുകളാണ്
പാടുന്നത്.

പാട്ടുകളില്‍ പുതച്ചെടുത്ത വീടുകള്‍
നദിയിലേക്ക് നോക്കവേ
ചുവന്നുപോയ നാരകമരങ്ങള്‍
ഭൂമിയിലേക്കുള്ള യാത്രയ്ക്കിടയില്‍
കൊള്ളയടിക്കപ്പെട്ട മഴ- ഇതിലാരാണ് നമ്മളെ ആവിഷ്കരിക്കുന്നത്.


(ഉലഞ്ഞ വസ്ത്രങ്ങളില്‍ യാത്ര തുടരാമെന്നുതന്നെ
നമ്മള്‍ തീരുമാനിക്കുന്നു.)

നമുക്കിനി കടലിന്റെ അച്ചില്‍ വീടുപണിയുന്നവരെക്കുറിച്ച്
സംസാരിക്കാം.


ഉപ്പുകാറ്റിന്റെ ഗന്ധമുള്ള വൈകുന്നേരങ്ങള്‍
വാതിലുകളായി മാറുന്നത്
നമ്മള്‍ കണ്ടുനിന്നു.
ഒരു മുക്കുവനും കണ്ടിട്ടില്ലാത്ത ആഴങ്ങളാണ്
മേല്‍ക്കൂരയായി രൂപംമാറിയത്.
തിരകളില്‍നിന്ന് ചുവരുകളുണ്ടാകുന്നതെങ്ങനെയെന്ന് മാത്രം
ആരും നമുക്ക് കാണിച്ചുതന്നില്ല.

നാല്

രാത്രികള്‍ മാത്രമുള്ള നശിച്ച നഗരമാണിത്.
പബ്ബുകളില്‍നിന്ന് ഒഴുകിയിറങ്ങുന്നത്
നദികളാണെന്നും
ഊതിവീര്‍പ്പിച്ച മുലകളുള്ള പെണ്ണുങ്ങളാണെന്നും
നമ്മള്‍ തര്‍ക്കിക്കുന്നു.

മുലഞെട്ടിലിരിക്കുന്ന
തുമ്പികള്‍
നാടുകടത്തപ്പെട്ട ചെറുവിമാനങ്ങളാണെന്ന്
നമ്മള്‍ തിരിച്ചറിയുന്നുണ്ട്.


ഭൂമിയിലെ ഏറ്റവുമധികം
കൊഴുത്ത കന്യകമാരുള്ള ഗ്രാമമാണ്
നമ്മുടെ ലക്ഷ്യം.
പനയോലകളുടെ ചുംബനം നല്‍കിയ മുറിവുകളുമായി
അവിടെ ചെന്നുകയറാമെന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്.

അഞ്ച്

ചുംബിക്കുമ്പോള്‍
നദിയിലേക്ക് അഴിഞ്ഞുവീഴുന്ന നിന്റെ മുടിയിഴകളുമായി
സംസാരിക്കുന്നു.
ആലിംഗനങ്ങളില്‍ ആടിയുലയുന്നത്
എത്ര ചേര്‍ത്തുപിടിച്ചിട്ടും കൈവിട്ടുപോകുന്ന
നമ്മുടെ തോണിയാത്രയാണെന്ന്
തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്.

പറക്കുംതളികകളെ മാത്രം സ്വപ്നം കാണുന്നവരാണ്
ഈ നദിയില്‍ തോണി തുഴയാനെത്തുന്നത്.
അവരുടെ വേഗങ്ങളില്‍ പടര്‍ന്ന് പന്തലിച്ച
കാറ്റാടിമരത്തിന്റെ വേരുകള്‍ തിണര്‍ത്തുകിടക്കുന്നു.

എനിക്കറിയാം
വായില്‍നിന്ന് വായിലേക്ക്
തുപ്പല് കയറ്റിക്കൊണ്ടുപോകുന്ന കപ്പലുകളെ
പിഞ്ഞാണങ്ങളില്‍ നിറയെ കഫവുമായി വരുന്ന
തൈക്കിളവികളെ


തളിരിലകളില്‍നിന്ന്
ജലം ശേഖരിക്കുന്നവരുടെ
ഓര്‍മ്മകളില്‍നിന്നാണ്
നിന്നെ ഒരു തടാകം പോലെ കുടിച്ച് വറ്റിക്കാന്‍
ആഗ്രഹിച്ചവനെക്കുറിച്ച് കേട്ടത്.

ആറ്

പൊള്ളിയടര്‍ന്നുപോയ
വീടുകള്‍കൊണ്ട് നിര്‍മ്മിക്കപ്പെട്ട നഗരങ്ങളില്‍
ആരെയാണ് കാത്തിരിക്കുന്നതെന്ന്
നമ്മള്‍ ചോദിച്ചുപോകുന്നു.

ഉരുകിയൊലിക്കുന്ന നഗരമാണ് നമ്മുടേതെന്ന് പറഞ്ഞ
വിദൂഷകന്‍ തെരുവില്‍ നമ്മളെത്തന്നെ നോക്കിനില്‍ക്കുന്നത്
കാണുന്നുണ്ട്.
പഴകിയ കുപ്പായങ്ങളിലും ചെളിയിലുമുണ്ടാക്കിയ
അയാളുടെ വീട് നമുക്ക് സമ്മാനിക്കുന്നു.