Showing posts with label ഗിത്താര്‍. Show all posts
Showing posts with label ഗിത്താര്‍. Show all posts

പക്ഷിക്കൂടുകളുടെയും ചെറിയയിനം മീനുകളുടെയും രാത്രികള്‍

നമുക്ക് നോട്ടങ്ങളെക്കുറിച്ച്
സംസാരിക്കാം
ഉറങ്ങിക്കിടക്കുന്ന വഴികളെക്കുറിച്ചും
അവയുടെ പാതിരാകാഴ്ചകളെക്കുറിച്ചും
സംസാരിക്കാം

ഒരു പക്ഷിക്കൂട്
അതിന് മുകളില്‍ ശിഖരങ്ങള്‍
വേരുകള്‍
കടപുഴകിവീണ ഒരു മരം.

ഒഴുക്കിനെതിരെ നീന്തുന്ന മരങ്ങളെക്കുറിച്ച് മാത്രമാണ്
സംസാരിക്കുന്നത്.
വരിക്കപ്ളാവിന്റെ കൊമ്പുകളില്‍നിന്ന് പറന്നുയര്‍ന്ന
കിളികളിലാണ് നിന്റെയുന്നം.
ചിറകടികള്‍ നിനക്കുള്ള ക്ഷണക്കത്തുകളാണെന്ന്
നീ കരുതുന്നു.

ആരാണ്
ഇതിലും വലിയൊരു പക്ഷി ഇനിയിതിലെ പറക്കില്ലെന്ന്
പറഞ്ഞത്
വാശിപിടിച്ചത്
യാചിച്ചത്

രണ്ട്- മണ്ണിരയുടെ വിയര്‍പ്പില്‍ കുതിര്‍ന്ന നഗരം

മണ്ണിരയുടെ വിയര്‍പ്പ്
എന്ന രൂപകത്തില്‍വെച്ചാണ്
നമ്മള്‍ കണ്ടുമുട്ടിയത്.
വൈന്‍ഗ്ളാസുകളുമായുള്ള നിന്റെ കാത്തിരിപ്പ്
എനിക്കോര്‍മ്മയുണ്ട്.
മുന്തിരിത്തോട്ടത്തിന്റെ നടുവിലെ
നിന്റെ വീടുപോലെ നീ മുഷിഞ്ഞിരിക്കുന്നു.
ജനക്കൂട്ടത്തെ ഉണര്‍ത്തിയിരുന്ന
നിന്റെ അരക്കെട്ടും മുലകളും
മണ്ണിരയുടെ വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നു.

മുലയും യോനിയുമുള്ള
പുരുഷന്മാരെ തേടിയാണ് നഗരത്തിലിറങ്ങിയത്.
യാത്രയ്ക്കിടയിലെ നിന്റെ നോട്ടങ്ങള്‍ എനിക്കോര്‍മ്മയുണ്ട്.
മുലകളുണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചുപോയ നോട്ടങ്ങള്‍.
എന്റെ നോട്ടങ്ങള്‍ക്കിടയില്‍ യോനി ഉണ്ടായിരുന്നുവെങ്കിലെന്ന്
നീയും ആഗ്രഹിച്ചു കാണണം.

റെയില്‍വേ സ്റേഷന്‍ വീടായിമാറിയ
കാലത്തേക്കൊരു യാത്ര നടത്തിയാലോ- അടുത്ത കൂട്ടുകാരന്‍ ചോദിക്കുന്നുണ്ട്.
അവന്റെ ചെപ്പക്കുറ്റിക്ക് ഒരെണ്ണം കൊടുക്കണമെന്നുണ്ട്. പണ്ട് യാത്ര തുടങ്ങിയ റെയില്‍വേ സ്റേഷനില്‍തന്നെയാണ് ഇപ്പോഴും വൈകുന്നേരങ്ങള്‍ ചെലവഴിക്കുന്നത്. ഒരു ബിയറും രണ്ട് ലാര്‍ജുമുണ്ടെങ്കില്‍ കാര്‍ലോസ് സന്താനയ്ക്ക് കൂട്ടുകിടക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുന്ന ഉന്മാദം എന്നെ വിട്ടുപോയിട്ടില്ല.

ഡ്രം വായിക്കുമ്പോള്‍ നീ മലമുകളിലെ
ഒറ്റമരത്തെ ഓര്‍മ്മിപ്പിക്കുന്നു.
കാറ്റിലാടിയുലയുന്ന നിന്റെ ശിഖരങ്ങളില്‍
തീപിടിക്കുമ്പോഴാണ്
ഞങ്ങള്‍ ഉന്മാദത്തിന്റെ വന്‍കരകള്‍
താണ്ടിയിരുന്നത്.

എന്റെ മുറിയില്‍നിന്നും
മെക്സിക്കോയിലേക്കും
അമേരിക്കയിലെ ചില തെരുവുകളിലേക്കും
ഗിത്താറില്‍ നിര്‍മ്മിച്ച ഒരു വഴിയുണ്ട്.

തെരുവിന്റെയറ്റത്ത് അവസാനിക്കുന്ന
രണ്ട് വീടുകളാണ് നമ്മള്‍.
ആകാശത്തുനിന്നും തൂക്കിയിട്ടിരിക്കുന്ന
വിളക്ക് എന്നര്‍ത്ഥം വരുന്ന പേരാണ്
നമ്മള്‍ പരസ്പരം വിളിക്കുന്നത്.

ഒരു ഓട്ടോറിക്ഷയില്‍ കൊണ്ടുപോകാവുന്നത്ര
ചെറുതാണ് എന്റെ നഗരങ്ങള്‍.

ഗ്രാമാതിര്‍ത്തിയിലെ
ഒരു മരത്തിന്റെ കീഴിലാണ്
നമ്മളെല്ലാവരും ജനിച്ച് വീഴുന്നതെന്ന് പറഞ്ഞത്
വായ്പുണ്ണ് വന്ന് മരിച്ച ഒരു കിഴവനാണ്.
അവിടെനിന്ന് ഓരോ രാത്രിയിലും
കൊതുമ്പുവള്ളങ്ങളില്‍ യാത്ര പോകുന്ന
ഇലകളാണ്
നമ്മുടെ നാട് നിശ്ചയിക്കുന്നതെന്നും
അയാള്‍ പറഞ്ഞിരുന്നു.

കഷണ്ടിയുള്ള രണ്ടുപേരുടെ സംസാരത്തില്‍നിന്നാണ്
ആ കിഴവനെക്കുറിച്ചും
കൊതുമ്പുവള്ളങ്ങള്‍ തുഴഞ്ഞുപോകുന്ന
ഇലകളെക്കുറിച്ചും നമ്മള്‍
ആദ്യമായി കേട്ടത്.

പാര്‍ക്കില്‍ രണ്ടാണുങ്ങള്‍
ചുംബിക്കുന്നത് നോക്കിനില്‍ക്കുന്ന
ഒരുവന്റെ മുഖത്തുനിന്നാണ്
നിരാശഭരിതനായ യുവാവിനെക്കുറിച്ചുള്ള
നമ്മുടെ ഗാനമാരംഭിക്കുന്നത്.

നിറയെ മീനുകള്‍ നീന്തുന്ന
ചിത്രത്തില്‍നിന്ന്
ഒരു പൊന്മാന്‍ ഇപ്പോഴാണ് പറന്നുപോയത്.
അവന്റെ ചിറകടിയില്‍
കുളം ഒന്നുലഞ്ഞ് നിവരുന്നുണ്ട്.

ചെറുവണ്ടുകളുടെ കൂട്ടമാണ്
ചുവന്ന താടിയുള്ളവരുടെ തെരുവില്‍വെച്ച്
നമ്മളെ വഴിതെറ്റിക്കാന്‍ ശ്രമിച്ചത്.
തളര്‍ന്ന് കിടക്കുന്ന
നര്‍ത്തകിമാരുടെ വീടുകള്‍ ആ തെരുവില്‍തന്നെയാണെന്ന്
അവര്‍ പറയുന്നു.

ഭൂമിയുടെ താക്കോല്‍ കുഴിച്ചിട്ടിരിക്കുന്ന
കിടപ്പറകള്‍ കണ്ടെത്താനാണ്
നമ്മളിറങ്ങിത്തിരിച്ചത്.
അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്നവരുടെ
ഹൃദയത്തിലാണ് ഭൂമി തിരിയുന്നതെന്ന് പറഞ്ഞത്
നര്‍ത്തകിമാരാണ്.

ഒരു നവവധുവിനെ അണിയിച്ചൊരുക്കുന്ന
വ്യഗ്രതയോടെയാണ്
നഗരം നമ്മളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നത്.

(ചില അപസര്‍പ്പക നോവലുകളിലെ
അന്വേഷണ ഉദ്യോഗസ്ഥരെപ്പോലെ നഗരം നമ്മളെ
വളഞ്ഞുപിടിച്ചിരിക്കുന്നു.)

അദൃശ്യമായ ചിറകുകളാണ് പക്ഷികളെക്കാള്‍ വേഗത്തില്‍ പറക്കാന്‍ സഹായിച്ചിരുന്നത്.

മൂന്ന്

വേരൊടെ പിഴുതെറിയപ്പെട്ട ഒരുവനാണ്
കണ്ണില്‍ തേനീച്ചകള്‍ കൂടുകൂട്ടിയ
ഒരു വിചിത്രജീവിയെക്കുറിച്ച് പാടുന്നത്.
പാട്ട് തീരുമ്പോള്‍ തേന്‍ കിനിഞ്ഞിറങ്ങിയ
മുഖവുമായി ഞാന്‍ യാത്ര തുടരുന്നു.

ശിലായുഗങ്ങള്‍ക്കരുകില്‍ മറ്റൊരു യുഗമുണ്ടായിരുന്നു.
അവിടെയാണ്
രാത്രികാലങ്ങളില്‍ നമ്മള്‍ മഞ്ഞുകാഞ്ഞിരുന്നത്.

അടിക്കുറിപ്പുകളില്ലാത്ത ചായക്കോപ്പകളുമായി
കത്തുന്ന കാലങ്ങളിലേക്ക് തിരിച്ചുപോകുന്നു.

വഴിതെറ്റിവഴിതെറ്റിവഴിതെറ്റിയാണ്
നേരെയായതെന്ന് പറയുന്ന
പുല്‍ച്ചാടികളാണ് വഴിനിറയെ.
നൂറ്റാണ്ടുകളായി
കൊറ്റികള്‍ കാത്തിരിക്കുന്ന
വയല്‍ക്കരകള്‍ ഒരു അരിമണിയുടെ വലുപ്പത്തില്‍
ചുരുങ്ങിപ്പോകുന്നു.
നോട്ടം മുറിഞ്ഞുപോകുന്ന ആ കാലത്തിനപ്പുറത്തുനിന്നും
നമ്മള്‍ മടങ്ങുകയാണ്.

മരിച്ചുപോയവരെല്ലാം തിരിച്ചുവരുകയാണ്.
തിരിച്ചുവരുന്ന
പടയാളിയുടെ പക്കല്‍ ഇപ്പോഴുള്ളത്
പൂക്കളാണ്.
വാതില്‍പ്പടിയില്‍ പൂക്കള്‍വെച്ച് അയാള്‍ കാത്തിരിക്കുന്നു.
ആ പൂക്കളുടെ ഗന്ധം അമ്മയും ഭാര്യയും തിരിച്ചറിയുന്നുണ്ട്.

നാല്

രണ്ട് മരങ്ങള്‍ ചുംബിക്കുമ്പോള്‍
തുപ്പലുകളുടെ ഒരു നദി ഒഴുകിത്തുടങ്ങുന്നു
ചിത്രങ്ങള്‍ ഒട്ടിച്ചുവെച്ച് തെരുവുകുട്ടികളുണ്ടാക്കിയ
നഗരങ്ങളിലൂടെയാണ് നദി ഒഴുകുന്നത്
ആ നദിക്കരയിലിരുന്ന്
നമ്മളും ചുംബിക്കുകയാണ്.

ദൂരെനിന്ന് നോക്കുമ്പോള്‍
നമ്മള്‍ ഒരേമരത്തിന്റെ വേരുകള്‍
ചെറിയയിനം മീനുകളുടെയും പുഴുക്കളുടെയും
ലോകങ്ങളെക്കുറിച്ച് സംസാരിക്കുന്നവര്‍.

തുറന്നുവെച്ച പിയാനോകളില്‍ മാമ്പഴങ്ങള്‍ ശേഖരിക്കുന്ന
മുയലുകളാണ് താഴ്വാരം നിറയെ.
പിയാനോകള്‍ നിറച്ച കപ്പലുകള്‍ തീരംവിടുന്ന
ചൂളംവിളികേട്ടാണ് നഗരം ഉണരുന്നത്.