കാര്‍ലോസ് സന്താന


ഞാന്‍
കാര്‍ലോസ് സന്താനയുടെ
വെപ്പാട്ടി.
മെക്സിക്കോയിലേക്കുള്ള തീവണ്ടിയിലിരിക്കുന്നു.
ഇന്ന് ഞങ്ങള്‍ക്കൊരു കളിയുണ്ട്.
ഗിത്താറും ഡ്രമ്മും ചേര്‍ന്നാല്‍
ജനക്കൂട്ടം ഇളകിമറിയുന്നത് ഞങ്ങള്‍ പലതവണ
കണ്ടതാണല്ലോ?

തുണിയുടുകാത്ത ഒരുവന്റെ
ആടുന്ന ലിംഗംപോലുള്ള ജനക്കൂട്ടത്തെ മാത്രമാണ്
നിനക്ക് പരിചയം.
കൈയ്യില്‍ ബിയറോ ചുരുട്ടോ ഇല്ലാത്തവര്‍
നിന്റെ ആള്‍ക്കൂട്ടങ്ങളില്‍നിന്ന്
പുറത്താക്കപ്പെടാന്‍ തുടങ്ങിയത്
ഞാനുമായി കൂട്ടുകൂടിയതിനുശേഷമാണ്.

പാരീസിലെ ചില മുന്തിയ ബാറുകളിലെ
വീഞ്ഞുപാത്രങ്ങളുടെ മുഖമാണ് എനിക്കെന്ന്
നീ പറഞ്ഞിട്ടുണ്ട്.
നിന്നില്‍ ആടിയുലഞ്ഞ്
നിന്റെ പേരെഴുതിയ ബാനറുകള്‍ക്ക് കീഴില്‍നിന്ന്
നൃത്തമാടുന്ന ജനകൂട്ടമാകാന്‍
ആഗ്രഹിക്കുന്നുവെന്ന്
ഞാനും പറഞ്ഞിട്ടുണ്ട്.

വുഡ്സ്റോക്കില്‍നിന്ന്
ഭൂമിയെ മെരുക്കിയെടുക്കാനുള്ള നിന്റെ യാത്ര തുടങ്ങിയിട്ട്
വര്‍ഷങ്ങള്‍ പലതായിരിക്കുന്നു.
നീ കടന്നുപോയ പല രാജ്യങ്ങളും
ഇപ്പോള്‍ ഗിത്താറിന്റെ ഭാഷയിലാണ്
സംസാരിക്കുന്നത്.
ഭൂമിയും ഗിത്താറും തമ്മിലുള്ള രഹസ്യബന്ധത്തെക്കുറിച്ച്
നിന്റെ വിരലുകള്‍ക്ക് മാത്രമാണ്
അറിയാവുന്നത്.
ഭൂമിയും ഒരു ഗിത്താറായി മാറിക്കൊണ്ടിരിക്കുകയാണെന്ന്
നീ പറയാതെ പറയുന്നു.

ഭൂമി ഇനി ഉരുണ്ടതല്ല
ഒരു ഗിത്താറുപോലെ പരന്നതാണ്.
അതിന്റെ തന്ത്രികളില്‍ നമ്മള്‍ ഇണചേര്‍ന്ന
രാത്രികളെ രേഖപ്പെടുത്തിയിരിക്കുന്നു.
ജനക്കൂട്ടത്തെ ഇളക്കിമറിച്ച നിന്റെ വിരലുകളെ
രേഖപ്പെടുത്തിയിരിക്കുന്നു.

നീ മെക്സിക്കോയിലെ
ഒരു കാട്ടില്‍നിന്നാണ് വരുന്നത്.
കളിക്കൂട്ടുകാരായ മുയലുകളെക്കുറിച്ചും
പുല്‍ച്ചാടികളെക്കുറിച്ചുമുള്ള ഓര്‍മ്മകളാണ്
ഓരോ വേദിയിലും നീ പങ്കുവെയ്ക്കുന്നത്.
കാട്ടുമുയലുകളുടെ പാട്ടുകളെ
മനുഷ്യരുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള
ശ്രമങ്ങളാണ് നടത്തുന്നത്.

നീന്തല്‍ക്കുളം, സന്താന എന്നീ രൂപകങ്ങള്‍
ചെയ്തുകൂട്ടുന്ന വഷളത്തരങ്ങള്‍

രൂപകങ്ങളെക്കുറിച്ചുള്ള ആദ്യചിന്തകള്‍ തുടങ്ങുന്നത്
നീ ഉപേക്ഷിച്ചുപോയ
നീന്തല്‍ക്കുളങ്ങളില്‍നിന്നാണ്.
വൃത്തങ്ങള്‍ക്കും ചതുരങ്ങള്‍ക്കുമിടയില്‍
നീന്തല്‍ക്കാര്‍ക്ക് വഴിപിഴക്കുന്നതെവിടെയാണെന്ന്
ഞാനോര്‍ക്കുകയാണ്.
നിന്റെ നീന്തല്‍ക്കുളങ്ങളില്‍
എല്ലാവരും ചതിക്കപ്പെടുകയാണ്.
അടുത്ത ആയത്തിന് നീന്തല്‍ക്കാരെല്ലാം
പുറത്താക്കപ്പെടുകയാണ്.

(തെരുവിലെ അണ്ടിവില്‍പ്പനക്കാരും
നീന്തല്‍ക്കുളത്തിലെ തെമ്മാടികളും
അവിശുദ്ധമായതെന്തോ ചെയ്തുകൂട്ടുന്നുണ്ട്.
പുത്തന്‍ അടിവസ്ത്രങ്ങള്‍ ശേഖരിക്കുന്ന
കുട്ടികളാണ് അവര്‍ക്കിടയില്‍.

അവരുടെ ചുണ്ടില്‍ ബീഡി പുകയുന്നു
കഞ്ചാവിന്റെ മണമുള്ള അവരുടെ പുറകെ
അടിവസ്ത്രങ്ങള്‍ക്കായി
പായുന്ന ജലയാത്രികരുടെ
ദൃശ്യങ്ങളാണ് നഗരത്തിന്
ഒരു കാഴ്ചബംഗ്ളാവിന്റെ രൂപംനല്‍കുന്നത്.)

നിന്റെ വിരലുകള്‍ ചുഴറ്റിയെറിഞ്ഞ
ഏത് രാത്രിയുടെ പ്രലോഭനമാണ്
ജലയാത്രികരുടെ തുറമുഖങ്ങളെ തെറ്റിച്ചുകളയുന്നത്.
അവരുടെ വഴികളില്‍ പാട്ടിന്റെ ഏത് വരികളാണ്
നീ വാരിവിതറിയിരിക്കുന്നത്.

രഹസ്യവേഴ്ചക്കിടയിലെ ആലിംഗനങ്ങളിലാണ്
നമ്മള്‍ ജീവിക്കുന്നത്.
അടയ്ക്കാന്‍ മറന്നുപോയ വാതില്‍വിടവിലൂടെ വരുന്ന
വെളിച്ചത്തില്‍ നമ്മള്‍ ചുംബിക്കുകയാണ്.

ഒഴുവുനേരങ്ങളില്‍
നിന്റെ കൂട്ടത്തില്‍ നഗരത്തിലിറങ്ങി
ചെറ്റത്തരങ്ങള്‍ കാണിക്കണം.
കഞ്ചാവോ മറ്റേതെങ്കിലും മുന്തിയയിനങ്ങളോ വീശിയെറിഞ്ഞ്
നാട്ടുകാരെ വിറപ്പിക്കണം.
ഒരു ഗിത്താര്‍കൊണ്ട് നഗരത്തെ
പൊളിച്ചടുക്കണം.

-നീയും പുല്‍ച്ചാടികളും തമ്മിലുള്ള ബന്ധത്തിന്റെ
അത്രപോലും വലുതല്ല ഞാനും നീയും തമ്മിലുള്ളതെന്ന്
ആരും പറയാതെതന്നെ എനിക്കറിയാം.

നീ എറിക് ക്ളാപ്ടനെ ആലിംഗനം ചെയ്യുന്ന
വേഗത്തില്‍ എനിക്ക് നിന്നെ ആലിംഗനം ചെയ്യാനാവില്ല
നീ ആമി വൈന്‍ഹൌസിനോട് പിറുപിറുക്കുന്ന ഭാഷയില്‍
എനിക്ക് നിന്നോട് സംസാരിക്കാനാവില്ല.

നമ്മുടെ ഭാഷ
ജനക്കൂട്ടത്തിന് മാത്രം മനസിലാകുന്നതാണ്.
നമ്മള്‍ സംഭാഷണം തുടങ്ങുമ്പോള്‍
ജനകൂട്ടം ആടിയുലഞ്ഞ് തുടങ്ങുന്നു-

എന്നാലും സന്താന
എന്റെ തെരുവിന് ഞാന്‍ നിന്റെ പേരിടുന്നു.
എന്റെ ചുവപ്പന്‍ കുപ്പായങ്ങളിലെ കുടുക്കുകള്‍ക്ക്
നിന്റെ ഗന്ധം നല്‍കുന്നു.
പുറത്തുപറയാന്‍ കൊള്ളാത്ത
എല്ലാത്തരം കളികള്‍ക്കും നിന്റെ ഓര്‍മ്മകള്‍ പകുത്തു നല്‍കുന്നു.

(രൂപകങ്ങളുടെ ലോകം
ഒരു മൂന്നാംകിട ലോകമാണ്
അവിടെ നിറയെ ചീഞ്ഞമണമുള്ള
കുളങ്ങളാണ്.)

ഒരു കുളവും നീന്തല്‍ക്കാരനും
ഗിത്താറുമുണ്ടെങ്കില്‍ ആര്‍ക്കും
നീയും ഞാനുമാകാം.
എന്നാല്‍ പിരിഞ്ഞുപോകുന്ന ജനകൂട്ടത്തെ
തിരിച്ചുകൊണ്ടുവരാന്‍ എനിക്കും നിനക്കുമല്ലാതെ
ആര്‍ക്ക് സാധിക്കും.

മുഴങ്ങാനായി കാഹളങ്ങള്‍ ഒരുപാട്
ബാക്കിയുള്ളപ്പോഴാണ്
നമ്മള്‍ നിശ്ശബ്ദമായ മുറികളന്വേഷിച്ച്
യാത്ര തിരിക്കുന്നതെന്ന് നീ പറഞ്ഞിട്ടുണ്ട്.

നിന്റെ ജനക്കൂട്ടം
നിറയെ ഇലകളുള്ള ഒരു മരമായി മാറുന്ന
കാഴ്ചയുണ്ട്.
അവസാനത്തെ ഇലയും കൊഴിഞ്ഞുവീഴുംവരെ
നീ ഗിത്താര്‍ വായിക്കുന്നു.

നൃത്തമാടുന്ന പെണ്‍കുട്ടികളുടെ
നനഞ്ഞ അടിവയറുപോലെ
നീയെനിക്ക് സുപരിചിതനാണ്.
നിന്റെ മുഖത്തിന് ഉറങ്ങിക്കിടക്കുന്ന ജിപ്സികളുടെ
മുഖവുമായി ഏറെ സാമ്യമുണ്ടെന്ന് ഞാന്‍ കണ്ടുപിടിച്ചിരിക്കുന്നു.
നീയുറങ്ങുമ്പോള്‍ ഒരു സിംഹത്തെ കാവല്‍നിര്‍ത്താന്‍
ഒരുങ്ങുകയാണ് ഞാന്‍.
അരികില്‍ ഒരു മണ്‍കൂജ നിറയെ വീഞ്ഞും
ഗിത്താറുണ്ടാകും.

പഴുത്തുനാറിയ മുറിവില്‍നിന്ന് വലിച്ചൂരിയെടുത്ത
മുള്ളുപോലെ നാം ഉപേക്ഷിക്കപ്പെടുകയാണ്.
നിലയ്ക്കാത്ത കൈയ്യടികള്‍ക്കൊടുവില്‍
നമ്മള്‍ ആലിംഗനം ചെയ്തുനില്‍ക്കുന്ന രംഗത്തോടെയാണ്
എല്ലാ നാടകങ്ങളും അവസാനിക്കുന്നത്.

പ്രാചീനനഗരങ്ങളില്‍നിന്ന് വിരുന്നെത്തിയവരാണ്
ഊണുമേശയ്ക്ക് ചുറ്റുമിരിക്കുന്നത്.
ഗിത്താറില്‍നിന്ന് നീ വിളിച്ചുണര്‍ത്തിയ
പെണ്‍കുട്ടികള്‍ എന്തിനും തയ്യാറായി നില്‍ക്കുന്നുണ്ട്.
പുള്ളിമാനിന്റെ നിലവിളിയും
തീയില്‍ ചുട്ടെടുത്ത പന്നിത്തുടകളുമെല്ലാമായി
വിരുന്ന് കൊഴുക്കുകയാണ്.

ഉപഗ്രഹങ്ങളില്‍നിന്ന് മടങ്ങിവന്നവരുടേതുപോലുള്ള
മുഖഭാവവുമായി നമ്മള്‍ കിടപ്പുമുറിയിലിരിക്കുന്നു.
നീയൊരു മെക്സിക്കന്‍ നാടോടിഗാനം മൂളുന്നുണ്ട്.
ഞാനത് കൊതിയോടെ കേട്ടിരിക്കുകയാണ്.
കന്യകമാരെ കുരുതികൊടുത്ത് വളര്‍ത്തിയെടുത്ത
ഓറഞ്ചമരങ്ങളെക്കുറിച്ചുള്ള പാട്ടാണ്.
വാറ്റുപുരകളിലെ കാവല്‍ക്കാരെക്കുറിച്ചും
അവരുടെ വലിയ ചന്തിയുള്ള ഭാര്യമാരെക്കുറിച്ചുമുള്ള
പാട്ടാണ്.
പാട്ടിനിടയിലും എനിക്കുള്ള ചുംബനങ്ങളില്‍
നീ പിശുക്കു കാണിക്കുന്നില്ല.

4 comments:

vettathan said...

ഗിറ്റാറിസ്റ്റ് കാര്‍ലോസ് സന്താനയുടെ പ്രൊഫൈല്‍ തേടിപ്പോകാന്‍ ഈ രചന കാരണമായി.മനോഹരമായ ബിംബങ്ങള്‍ കാഴ്ചവെക്കുന്ന സൃഷ്ടി.

Anonymous said...

koothara kavitha

Rukmini said...

hmmmm

ഹരിശങ്കരനശോകൻ said...

ഒരു സന്താനത്തെയും തേടി പോകാൻ വയ്യ...കവിത ഇഷ്ടമായി...ഇനിയും വായിക്കാം...ഉൾ‌രാഗം ഉറക്കച്ചടവിലും അറിഞ്ഞു റിഞ്ഞു റിഞ്ഞു ഞ്ഞു ഞ്ഞു അറി......

Post a Comment