ജീവിതത്തിന്റെ പുനരാഖ്യാനങ്ങള്‍

തബല

പടയോട്ടത്തിന്റെ
വാദ്യോപകരണത്തെ നെടുകെ മുറിച്ചാണ്‌
തബല കേള്‍വിയുടെ
ആകാശത്തിലേക്ക്‌
കുതിരക്കുളമ്പടികളെറിഞ്ഞ്‌ തരുന്നത്‌.

പുല്‍മേടുകളിലലഞ്ഞ്‌ തിരിയുന്ന
ആട്ടിന്‍പ്പറ്റങ്ങളെ ബയ സ്വതന്ത്രമാക്കുന്നു.
അണയ്‌ക്കുന്ന വിരലുകള്‍ക്ക്‌
ഒരുപാട്‌ പറയാനുണ്ട്‌

നൃത്തമാടുന്ന പെണ്‍കുട്ടിയുടെ പാദം
ഭൂമിയില്‍ തൊടുന്നതിന്നിടയില്‍ ചിതറുന്നത്‌ ഏത്‌
ചഷകലഹരിയാണെന്ന്‌
അരികിലിരുന്ന്‌ ഹുക്ക വലിക്കുന്നവന്റെ ഓര്‍മ്മ
കുടമുല്ലയുടെ ഏതിതളിലാണ്‌
ഒളിഞ്ഞിരിക്കുന്നതെന്ന്‌
വളകള്‍ക്കിടയിലൂടെയുള്ള നോട്ടം ആരുടെ
ഏതവയവത്തെയാണ്‌ മുറിച്ചുകളയുന്നതെന്ന്‌

ഈണങ്ങള്‍


പാട്ടുകാരന്‍ വീണ്ടും
ഒരു കുലപ്പൂവുകൊണ്ട്‌ നമ്മെ എറിയുന്നു
ആഴത്തിലാഴത്തിലേക്ക്‌

പല്ലവിയും ചരണവും ചേര്‍ന്ന്‌ വിരിഞ്ഞ
മണത്തെ നമുക്ക്‌ കൈമാറുന്നു
അയാള്‍ വീണ്ടും പാട്ടില്‍ ലയിക്കുന്നു
മേടയിലിരുന്ന്‌ കേള്‍ക്കുന്നവരുടെ തലയാട്ടം
പൂക്കളോ പൂന്തോട്ടമോ ആണെന്ന്‌
അയാള്‍ വിശ്വസിച്ചുപോയിരിക്കുന്നു.
താരസ്ഥായിലേക്ക്‌ പാടിക്കേറുമ്പോള്‍
സാരംഗി ഒരിളം മഞ്ഞകൂടി
വരച്ചുചേര്‍ക്കുന്നു.
സിത്താറില്‍നിന്ന്‌ നിന്നിലേക്കുള്ള ദൂരം
മേഘമല്‍ഹാറിന്റെ ദൂരമാണെന്നറിയുന്നു
എത്രാമത്ത രാത്രിയിലാണ്‌ നീ
പാടിനിര്‍ത്തിയത്‌
അതുകേട്ട്‌ ശബ്‌ദത്തിന്റെ വീടുകളില്‍നിന്ന്‌
പെണ്‍കുട്ടികള്‍ പൊട്ടിച്ചിരിച്ചിറങ്ങിവരുന്നു.
ഒരു ജനത ഉറക്കത്തില്‍നിന്ന്‌
വസന്തത്തിലേക്ക്‌ എഴുന്നേറ്റുപോകുന്നു.

ബാംസുരി

താഴ്‌വാരങ്ങളെ കാട്ടിതരാമെന്ന്‌
പറഞ്ഞിരുന്നയാള്‍ ഇന്നലെ ഇതുവഴി നടന്നുപോയി
കുന്നിന്‍മുകളിലെ ചുവന്ന പൂമരവും മാഞ്ഞുപോയി
ആദ്യത്തെ പാട്ടുകാരന്റെ
പേര്‌ ചോദിക്കുമ്പോഴെല്ലാം
ഏതോ ഗ്രാമത്തിന്റെ പേര്‌ പറഞ്ഞിരുന്ന
വേഴാമ്പലും പറന്നുപോയ്‌

ഇനി വരാനുള്ളത്‌ കടുംനിറങ്ങളുടെ
മഴക്കാലമാണെന്ന്‌
ബാംസുരി പറഞ്ഞുകൊണ്ടിരുന്നു

ഈറക്കുഴലില്‍നിന്ന്‌
കറുകച്ചെടിയുടെയും പേരറിയാത്ത
പൂവുകളുടെയും മണം നമ്മെ
രാത്രികളിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നു.

ഒരാള്‍ വരാനുണ്ടെന്നും
അയാളുടെ കയ്യിലാണീ വീടുകളുടെ താക്കോലെന്നും
നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

കവിത


കനംകുറഞ്ഞ വാക്കുകള്‍കൊണ്ട്‌
മഞ്ഞപ്പട്ടമുണ്ടാക്കുന്ന കുട്ടിക്ക്‌
വരമ്പുകളുടെ ഒരു നൂലുകൊടുത്താലോ
അല്ലെങ്കില്‍ ഉറുമ്പുകളുടെ ഒരു നൂറ്റാണ്ടിനെ
അവന്റെ ദിവസങ്ങളോട്‌
കൂട്ടിച്ചേര്‍ത്താലോ
താരാട്ടുപാട്ടകളെ കാണിച്ചുകൊടുത്താലോ
കരയുന്ന പാവകളുമായി വരുന്ന അപ്പൂപ്പനെ
അവനില്‍നിന്ന്‌ മായിച്ചുകളഞ്ഞാലോ

നാരക മരങ്ങളില്‍നിന്നും ഒരു ഋതുവിനെ
പൊതിഞ്ഞുകൊണ്ടുവന്ന്‌
ആരോ വിശ്ചികകാറ്റിന്‌ കൊടുക്കുന്നു.

നിറങ്ങള്‍, ചിത്രങ്ങള്‍

ആകാശം നിറയെ വെള്ളംനൃ നിറച്ച്‌
അതിലേക്ക്‌ ഒരു കുഴലിലൂടെ
കുറച്ച്‌ പച്ചയെ ഊതിവിട്ടാലെന്താണ്‌.
ഞാറു നടന്നു പെണ്‍കുട്ടിയെ
ആ കുഴലിലൂടെ കരുത്തുള്ള കിടപ്പറയിലേക്ക്‌
ഉണര്‍ത്തിവിട്ടാലൊ
നിറങ്ങളുടെ വിത്തുകള്‍ സൂക്ഷിച്ച അവള്‍ക്ക്‌
ഞങ്ങള്‍ ഇലഞ്ഞിമരം സമ്മാനിക്കുന്നു.
മഴയത്ത്‌ കയറിനില്‍ക്കാന്‍ ചാര്‍ക്കോളില്‍
ഒരു കുടില്‌ കെട്ടിക്കൊടുക്കുന്നു.
പിഞ്ച്‌ വാഴപ്പോളകള്‍ കൊണ്ടുണ്ടാക്കിയ
മൂന്ന്‌ ഗന്ധര്‍വന്മാരെക്കൂട്ടി
നിറങ്ങളുടെ മനുഷ്യരെ കാണാന്‍ വിടുന്നു.
അവസാനത്തെ ചുംബനം പരുത്തിയിലകളുടെ ജീവനെ
നിഴലുകളില്‍നിന്നും വേര്‍തിരിച്ചെടുക്കുന്നു.
ഇലയെ വരയ്‌ക്കുന്നവര്‍
ജീവന്റെ പ്രതീക്ഷയെ കോര്‍ക്കുന്നതെവിടെയാണ്‌.

ഏത്‌ നിറമായിരിക്കും ഒരു ബ്രഷിനെ
ഏറ്റവുമധികം ശല്യപ്പെടുത്തിയത്‌.

മരണം

കോവണിയിറങ്ങിവരുന്ന തണുത്തകാറ്റ്‌
മേശമുകളിലെ മെഴുകുതിരികളെ അണയ്‌ക്കുന്നതെന്തിന്‌

ഉണക്കിലകളും മരവാതിലുകളും
നിശബ്‌ദമായ മുറികളെ
ഉപേക്ഷിച്ചുപോകാന്‍ തീരുമാനിച്ചതെന്ത്‌

വരില്ലായെന്നോര്‍മ്മപ്പെടുത്താന്‍ കിടക്കയിലേക്ക്‌
വരാതിരുന്നതെന്താണ്‌.
ജാലകത്തിന്നപ്പുറത്ത്‌ നിന്ന്‌ നിന്നെനോക്കി
മുഖം കുനിച്ചതാരാണ്‌.

കുഞ്ഞുങ്ങള്‍

പഴച്ചാറുകള്‍ കൊണ്ട്‌ ചിരിയൊച്ചകള്‍
തീര്‍ക്കുകയാണ്‌ നമ്മള്‍
കവിളിലെ മിനുസത്തിന്‌ വാഴക്കൂമ്പിന്റെ മണം കൊടുക്കാം

ഒരു മരം അവരുടെ രാത്രികള്‍ക്ക്‌
ഉറക്കം തുന്നിക്കൊടുക്കുന്നു.
മുയലുകളുടെ സ്വപ്‌നങ്ങളില്‍നിന്നും
കുഞ്ഞുങ്ങള്‍ ഉണര്‍ന്നേഴുന്നേല്‍ക്കുന്നു.
സൂര്യന്റെ വിരലുകള്‍ ദൈവത്തിന്റെ
വിരലുകളാണെന്ന്‌ നമ്മോട്‌ പറഞ്ഞുതരുന്നു.
കിളികളെ കളിപ്പാട്ടമാക്കേണ്ടതെങ്ങനെയെന്ന്‌
പറഞ്ഞുതരുന്നു.
ദേശാടനത്തിന്റെ ഈണങ്ങളില്‍നിന്ന്‌
ഓലേഞ്ഞാലികള്‍ മാന്തളിരുകള്‍ അടര്‍ത്തിയിടുന്നു.
അമ്മൂമ്മയുടെ മണം അവര്‍ക്ക്‌ പരാജയപ്പെട്ട
രാജാവിന്റെ കഥ പറഞ്ഞുകൊടുക്കുന്നു.

ക്രിസ്‌പിന്‍ ജോസഫ്‌, ബിനു എം പള്ളിപ്പാട്‌

4 comments:

Unknown said...

ethu niramayirikkukm oru brushine
eettavum adhikam salyappeduthiyathu????

Anonymous said...

ഒരാള്‍ വരാനുണ്ടെന്നും
അയാളുടെ കയ്യിലാണീ വീടുകളുടെ താക്കോലെന്നും
നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ജയിംസ് സണ്ണി പാറ്റൂർ said...

ബാംസുരിയ്ക്കൊരു സ്വര്‍ണ്ണപ്പതക്കം
വായനായനുഭവങ്ങളുടെ ഏതേതോ
ലോകത്തേക്കു കൊണ്ടു പോകുന്നു

Steephen George said...

I have been reading your poems in this blog for last 3 days. Materialist poems!! Looking, observing, indulging by spreading wings beyond sense. You are reaching beyond transcendence through your aesthetic sense. It is an amazing experience. Even though I have seen few old roots here and there, the branches and leaves that you made yourself is more stronger than old roots.

Post a Comment