മെഴുകുതിരികള്‍


മെഴുകുതിരികളെക്കുറിച്ച്‌ പറയുമ്പോള്‍ മാത്രമാണ്‌ നീ നിശ്ശബ്‌ദയായിരുന്നത്‌. അതുകൊണ്ടുതന്നെയാണ്‌ നീ വരുമ്പോഴെല്ലാം മെഴുകുതിരികള്‍ കത്തിച്ചതും, സംസാരിച്ചതും- നിന്നെ നിശബ്‌ദയാക്കുകയെന്നതിലുപരി മെഴുകുതിരികളോടുള്ള പേടിയെക്കുറിച്ചറിയുകയെന്നതായിരുന്നു ലക്ഷ്യം.

കത്തിച്ച മെഴുകുതിരി
അണഞ്ഞ മെഴുകുതിരി
ഒരിക്കലുമണയാത്ത മെഴുകുതിരി
ഉരുകിതീര്‍ന്ന മെഴുകുതിരി- ഇവയിലേതാണ്‌ നിന്നെ പേടികളുടെയും നിശ്ശബ്‌ദതയുടേയും ലോകങ്ങളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയിരുന്നത്‌. ഒരിക്കലുമണയാത്ത മെഴുകുതിരി ഏത്‌ കിടപ്പറയുടേയും ശാപമാണെന്ന്‌ നീയെന്നോ പറഞ്ഞതോര്‍ക്കുന്നു. അതാണ്‌ കാരണമെന്നുതന്നെ കരുതട്ടെ.

എന്നാലും വിവാഹിതയല്ലാത്ത നീയെന്തിനാണ്‌ കിടപ്പറയിലെ മെഴുകുതിരിയെ ഭയപ്പെടുന്നത്‌. രാത്രികളില്‍ നിന്നെ ഭോഗിക്കാനെത്തുന്നവന്‍ നിന്റെ നഗ്നതകണ്ട്‌ തണുത്തുറഞ്ഞ ഒരു ദ്വീപായി മാറുമെന്ന്‌ ഭയപ്പെടുന്നുണ്ടോ? അല്ലെങ്കില്‍ എല്ലാ രാത്രിയിലും ഒരേ മെഴുകുതിരി വെട്ടത്തില്‍ ഒരേ പുരുഷന്റെ നഗ്നത നിനക്ക്‌ തണുത്തുറഞ്ഞ ദ്വീപിന്റെ ഓര്‍മ്മയാണോ നല്‍കുന്നത്‌?

കത്തിച്ച മെഴുകുതിരികള്‍ നഗരത്തില്‍ ഒറ്റയ്‌ക്ക്‌ നില്‍ക്കുന്ന പെണ്‍കുട്ടികളെ ഓര്‍മ്മിപ്പിക്കുന്നുവെന്ന്‌ പറഞ്ഞത്‌ നീയാണ്‌. അതുകൊണ്ടാണ്‌ മെഴുകുതിരികള്‍ കത്തിച്ചുവെക്കാനിടയുള്ള നഗരവഴികളില്‍നിന്ന്‌ നീയെപ്പോഴും അകന്നുനിന്നത്‌.

(ഒരു ചുഴിയില്‍നിന്ന്‌ മറ്റൊരു ചുഴിയിലേക്കുള്ള
യാത്രയാണ്‌ ജീവിതമെന്ന്‌ പറയുന്നവര്‍
തമാശയ്‌ക്കുപോലും ഒരു കപ്പിത്താനെ ഓര്‍ത്തിരിക്കാനിടയില്ലെന്ന്‌ പറഞ്ഞത്‌
നീയാണ്‌.)

പിന്നീടാണ്‌ മെഴുകുതിരികളെക്കുറിച്ച്‌ നീയെഴുതാന്‍ തുടങ്ങിയത്‌.
അതില്‍നിന്നാണ്‌ നിന്റെ പേടികള്‍ ഞാന്‍ വായിച്ചെടുത്തത്‌.

ആള്‍ത്തിരക്കില്‍ അരക്കെട്ടുലച്ച്‌ നീ പായുമ്പോള്‍
നിന്റെ വേഗം അരക്കെട്ടിലേക്ക്‌ കൈമാറുന്നത്‌
ഞാനറിയുന്നുണ്ട്‌.
നീയിപ്പോള്‍ യുദ്ധത്തിന്‌ പോയ കാമുകനോടൊപ്പം
കൊല്ലപ്പെട്ട ഒരു വെള്ളക്കുതിരയാണ്‌
അതിന്റെ കുളമ്പടിയൊച്ചയാണ്‌.

തെരുവില്‍ വസ്‌ത്രാക്ഷേപം ചെയ്യപ്പെടുമ്പോള്‍
ഒരിക്കലുമുണരാത്ത ഒരുവനാല്‍ ഭോഗിക്കപ്പെടുന്നതുപോലെ
നീ വേദനകൊണ്ട്‌ പുളയുന്നു.

ഒരു കൊട്ട പൂക്കളോ വീഞ്ഞോ നല്‍കി
നിന്റെ വേഗം ഞാനെടുക്കുകയാണ്‌.
ഇപ്പോള്‍ നിനക്കുപകരം ആടിയുലയുന്നത്‌ ഞാനാണ്‌.

എന്റെ അരക്കെട്ടുലയുമ്പോള്‍ നഗരം അടിമുടി
തണത്തുവിറയ്‌ക്കുന്നത്‌ ഞാനറിയുന്നുണ്ട്‌.
എന്നാലും ആര്‍ത്തലയ്‌ക്കുന്ന കാണികള്‍ അവരെതന്നെ
എനിക്ക്‌ സമ്മാനിക്കുന്നു.
സ്വയംഭോഗം ചെയ്‌തുതുടങ്ങിയിട്ടില്ലാത്ത
അവരുടെ മക്കളെ
തെരുവില്‍ത്തന്നെ ഉപേക്ഷിക്കുന്നു.

രാത്രികള്‍ രാത്രികളുമായി
ആണുങ്ങള്‍ ആണുങ്ങളുമായി
കുട്ടികള്‍ കുട്ടികളുമായി
ഇണചേരുന്നു.

നഗരം- രാത്രി

കിടപ്പറ കത്തിപ്പോകുംവരെ
രതിയിലേര്‍പ്പെട്ട രണ്ടുപേരുടെ സംഭാഷണങ്ങള്‍
ഇവിടെ അവസാനിക്കുകയാണ്‌.
നമുക്കിനി അധികം പ്രായമില്ലാത്ത
അമ്മൂമ്മമാരുടെ കഥകളിലെ നായികനായകന്മാരാകാം
നീളന്‍ ലിംഗങ്ങളുമായി സ്വപ്‌നങ്ങളിലെത്തുന്ന
അവരുടെതന്നെ പേരക്കുട്ടികളാകാം.

എത്ര പുതുക്കിപണിതാലും
പഴയതുപോലെ നില്‍ക്കുന്ന നഗരമാണിത്‌.
ഇവിടെ എത്രകാലം നോക്കിയിരുന്നാലാണ്‌ നമ്മളുപേക്ഷിച്ച
നമ്മുടെതന്നെ കുട്ടിക്കാലം പടികടന്നുവരുന്നത്‌.

കൈവെള്ളയില്‍ അവസാനിക്കുന്ന നഗരമെന്നാണ്‌
ഇതിന്റെ പേര്‌.
അതിനുമുമ്പ്‌ ഇതിന്റെ പേരെന്തായിരുന്നുവെന്ന്‌
ഞാനോര്‍ത്തുനോക്കുകയാണ്‌?
അമ്മമാരുടെ സ്വപ്‌നങ്ങളില്‍ കുഞ്ഞുങ്ങള്‍ക്കുള്ളത്ര
കോമളത്തം ഈ നഗരത്തിനുമുണ്ട്‌.

മറ്റാരെക്കാളും ഈ നഗരം നമ്മെ ഓര്‍ത്തിരിക്കുകയാണ്‌.
നമുക്കിടയിലെ അകലങ്ങളെ
ഇടുങ്ങിയമുറിയില്‍ ഇഴുകിചേരുമ്പോഴുള്ള ഉഷ്‌ണത്തെ
ഒഴുകിത്തീര്‍ന്ന വിയര്‍പ്പിന്റെ
പരവതാനികളെ- അങ്ങനെ എല്ലാത്തിനേയും ഈ നഗരം ഓര്‍ത്തിരിക്കുന്നു.

നഗരത്തില്‍നിന്ന്‌ വണ്ടികയറിയത്‌
തുടകളുരച്ചുരച്ച്‌ തീയുണ്ടാക്കിയിരുന്നവരുടെ
ഗ്രാമത്തിലേക്കായിരുന്നു.
അവിടെനിന്ന്‌ ഏറെ പുതുമകളുമായി തിരിച്ചെത്തിയ
വിദൂഷകരെപ്പോലെ നമ്മള്‍ കളംനിറയുന്നു.

നഗരങ്ങളെക്കുറിച്ചുമാത്രം പാടുന്ന പെണ്‍കുട്ടിയെ
നോക്കിയിരിക്കുമ്പോള്‍
വേറുതെ നോക്കിയിരിക്കുന്നു.

നഗരത്തെക്കുറിച്ചും മെഴുകുതിരികളെക്കുറിച്ചുമുള്ള
നിന്റെ പേടികള്‍ ഇവിടെ അവസാനിക്കുകയാണ്‌.
നീയിപ്പോള്‍ മെഴുകുതിരികളുടെ ശിരോവസ്‌ത്രമണിഞ്ഞ്‌
പടികടന്നുവരുന്ന നവവധുവിന്റെ വേഷമാണ്‌ അഭിനയിക്കുന്നത്‌.


ക്രിസ്‌പിന്‍ ജോസഫ്‌

5 comments:

ജയിംസ് സണ്ണി പാറ്റൂർ said...

തുടക്കത്തില്‍ ക്ലിയോപാട്രയെ പോലെ
സൌന്ദര്യവതിയായ ഈ കവിതയെ
സ്ഥൂലമാംസളത കൊണ്ടു പൊണ്ണത്തടിച്ചി
യാക്കിയതു അപരാധമല്ലേ. മാറ്റമറിഞ്ഞു
വരുത്തിയാല്‍ പുതു മാസത്തെ മികച്ച
കവിതയാകുമിതു്

പകല്‍കിനാവന്‍ | daYdreaMer said...

!! <3

Anonymous said...

നഗരത്തില്‍നിന്ന്‌ വണ്ടികയറിയത്‌
തുടകളുരച്ചുരച്ച്‌ തീയുണ്ടാക്കിയിരുന്നവരുടെ
ഗ്രാമത്തിലേക്കായിരുന്നു.

-----------------
രാത്രികള്‍ രാത്രികളുമായി
ആണുങ്ങള്‍ ആണുങ്ങളുമായി
കുട്ടികള്‍ കുട്ടികളുമായി
ഇണചേരുന്നു


അല്പം ലെസ്ബിയന്‍ ആകാം..
----------

എത്ര പുതുക്കിപണിതാലും
പഴയതുപോലെ നില്‍ക്കുന്ന നഗരമാണിത്‌

ഇത് സത്യം..
-------------

മെഴുകുതിരി വെളിച്ചം മാത്രമല്ല.. ഉരുകുന്ന സ്ത്രീയുമാണ്..

Sureshkumar Punjhayil said...

Kadha.. nagarathinteyum...!

Manoharam, Ashamsakal...!!!

ഒരില വെറുതെ said...

പെണ്‍ ഫാന്റസിയില്‍ കുടുങ്ങി കാലം കഴിക്കുന്ന
ലക്ഷണമൊത്ത അതേ കാഴ്ച.
ഈ ആണും പെണ്ണും കളിയില്‍നിന്ന്
എപ്പോ കരകയറും നമ്മളെല്ലാം.

Post a Comment