ഷറപോവ

ഉറഞ്ഞുപോയ കടലിലൂടെ
കപ്പിത്താന്റെ മകള്‍ നടന്നുപോകുന്നു
ഒരൊറ്റ ചുംബനംകൊണ്ട്‌
നൂറു കപ്പലുകളെ അതിര്‍ത്തികടത്തിയവള്‍
നമ്മുക്കവളെ
ഷറപോവ എന്നുവിളിക്കാം
ആരുവിളിച്ചാലും
കൂടെ വരും
എത്രനേരം വേണമെങ്കിലും
പിടിച്ചുനില്‍ക്കും
ടെന്നീസ്‌, ക്രിക്കറ്റ്‌, ഫുട്‌ബോള്‍
എന്തുമാവാം

വൈക്കോലുമേഞ്ഞ
തുറമുഖത്തെ
നീലമുഖമുളള വാതിലുകളെ വിശ്വസിക്കരുത്‌
എപ്പോള്‍ വേണമെങ്കിലും
അകത്തേക്ക്‌ കയറ്റിവിടാം
തിമിംഗലങ്ങളെ
നീരാളികളെ
ഒട്ടകങ്ങളെ

മുച്ചുണ്ടുകൊണ്ടവളെ ചുംബിച്ചത്‌
ഏത്‌ കപ്പല്‍ ജോലിക്കാരനാണ്‌
തുരുമ്പിച്ച മുലക്കണ്ണുകളില്‍നിന്ന്‌
പായ്‌ക്കപ്പലുകളെ അടര്‍ത്തിമാറ്റിയതാരാണ്‌

ചുവന്ന പാവാടയുടുത്ത്‌
അവള്‍ ചരിഞ്ഞുകിടക്കുന്നത്‌ കണ്ടാണ്‌
ഏതോ നാവികന്‍?
ഭൂമി ഉരുണ്ടതാണെന്ന്‌ വിളിച്ചു പറഞ്ഞത്‌

ഷറപോവ,
നൂറ്റാണ്ടുകളായി ഒരു ടെന്നീസ്‌ ബോള്‌ മാത്രമാണ്‌
അവളുരുണ്ടു പൊയ്‌ക്കോട്ടെ
എങ്ങോട്ടെങ്കിലും!!!!

5 comments:

simy nazareth said...

great! വളരെ നന്നായി

ഇട്ടിമാളു അഗ്നിമിത്ര said...

ഇന്നലെയാണ് വന്നതല്ലെ?

ഇന്നാണ് അറിഞ്ഞത്..

നാളെ വീണ്ടും വരാം..

അനിലൻ said...

നീ ബ്ലോഗ് തുടങ്ങുമ്പോള്‍ അതിന്‌ ഷറപ്പോവ എന്ന് പേരിടണമെന്ന് പറയണമെന്ന് വിചാരിച്ചിരുന്നു. നിന്റെ കവിതകളിലെ ചിലര്‍ (ലതീഷിന്റെ, ഹസന്റെ) ഇടയ്ക്കെന്നെ ഉറക്കത്തില്‍ വന്ന് കൊത്താറുണ്ട്. അവരൊക്കെ ഞാന്‍ ജനിച്ചു മരിച്ചതിനു ശേഷമുള്ള കാലത്തെ മനുഷ്യരായതിനാല്‍, ആ കൊത്തല്‍ ഉമ്മ വയ്ക്കലായേ തോന്നിയിട്ടുള്ളൂ. ലതീഷ് ഈയടുത്ത് വായനക്കാരുമായുണ്ടായ അപകടത്തില്‍ മരിച്ചു. നിനക്കും നല്ലൊരു അപകടമരണം ആശംസിക്കുന്നു.

Melethil said...

good one!
anilettaa :)

നജൂസ്‌ said...

ഇവിടെ കണ്ടതില്‍ സന്തോഷം.

Post a Comment