രാമായണം (ആനിമേഷന്‍)

അമ്പുംവില്ലും കാഞ്ഞിരക്കുരുവും
കൊണ്ട്‌ ആരാണ്‌ സീതയെ കളിപ്പിക്കുന്നത്‌
എന്നറിയാനാണ്‌ ഇത്രനാളും കാത്തിരുന്നത്‌.

കാട്ടിലേക്കെന്നുപറഞ്ഞ്‌
സീതയെ കൂട്ടികൊണ്ടുപോയത്‌ ഏത്‌ ദ്വീപിലേക്കാണ്‌
ആരാണ്‌ കാവല്‍നില്‍ക്കുന്നത്‌.

ഇതെല്ലാം
രാമന്റെ കളികളാണെന്ന്‌ എല്ലാവര്‍ക്കുമറിയാം.

സോഫിയാ ലോറനോ
ഹേമമാലിനിയോ
ശ്രീദേവിയോ
സീതയുടെ വേഷമഭിനയിക്കട്ടെ.

രാമനാകാന്‍ പറ്റിയ നടനെത്തപ്പി
വണ്ടിപോയിട്ടുണ്ട്‌.
വില്ലൊടിച്ചാന്‍ പാട്ടുകാരുടെ സംഘം പ്രാക്‌ടീസ്‌
ചെയ്യുന്നുണ്ട്‌.

ഗദായുദ്ധത്തില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്നാണ്‌
ഇപ്പോഴും രാവണന്‍ പറയുന്നത്‌.

കടല്‌ ചാടിക്കടക്കാനും കടുകുമണിയോളം ചെറുതാകാനും
മാത്രം ആരെയും കിട്ടുന്നില്ലല്ലോ.

കടലിന്‌ കുറുകെ നടപ്പാത പണിയാനുള്ളവര്‍
അണ്ണാനെ പിടിക്കാനുള്ള തിരക്കിലാണ്‌.

(ചക്കക്കുരുപ്പായസം കൊണ്ടൊന്നും സീതയെ
മയക്കാമെന്ന്‌ കരുതരുത്‌ രാമാ...)

< മൂന്നാമത്തെ ബെല്ലില്‍ നാടകം തുടങ്ങുന്നതാണ്‌.

പ്ലാവിന്റെയും ആലിഞ്ഞിലിയുടെയും
ചില്ലകള്‍ കുത്തി അശോകവനം ഉണ്ടാക്കിയാലുടന്‍
തുടങ്ങുന്നതാണ്‌.

പൂതന വേണമെന്നും
വേണ്ടെന്നുമുള്ള തര്‍ക്കം തീര്‍ന്നാലുടന്‍
തുടങ്ങുന്നതാണ്‌.

ആദ്യത്തെ അമ്പ്‌ ആര്‍ക്ക്‌ നേരെ എന്ന്‌
തീരുമാനിച്ചാലുടന്‍
തുടങ്ങുന്നതാണ്‌.

ദാ തുടങ്ങി.

4 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ദാ, കാണുന്നുണ്ട്..

Devadas V.M. said...

പൂതന വേണമെന്നും വേണ്ടെന്നുമുള്ള തര്‍ക്കം തീര്‍ന്നാലുടന്‍

ഡെയ് രാമായണത്തില്‍ താടകയോ അതോ ശൂര്‍‌പ്പഖയോ മത്യാവില്ലേ തല്‍‌‍ക്കാലം ?
:)

ക്ലിയോപാട്രയുടെ രാത്രികള്‍ said...
This comment has been removed by a blog administrator.
Devadas V.M. said...

ok Man :)

Post a Comment