കള്ളങ്ങളുടെ പരിചാരികമാര്‍

വീണ്ടും പഴയകാലത്തിലേക്ക്‌
ഊണുമുറിയിലെ പഴയ കസേരയിലേക്ക്‌
മടങ്ങിയെത്തിയ
ഒരാളെ കാണുകയാണ്‌.

ഒരുപാട്‌ വളര്‍ന്നുപോയ
രൂപവുമായി
നമ്മുടെതന്നെ കുട്ടിക്കാലം തിരിച്ചെത്തിയതുപോലെ
നാം ഭയന്നുവിറയ്‌ക്കുന്നു.

കൂട്ടത്തില്‍ കുറിയ പരിചാരികയില്‍ നോട്ടമിട്ട്‌
അയാള്‍ പറയുന്നു-

പണ്ട്‌ കുണ്ടിക്കുപിടിച്ച്‌ കളിച്ച സമയത്തെ ആളെയല്ല ഞാന്‍,
ഒരുപാട്‌ മാറിയിരിക്കുന്നു.
പഴയ കണ്ണടകള്‍, കള്ളം പറയുന്ന പഴയകാലങ്ങള്‍
ഉപേക്ഷിക്കാറായിരിക്കുന്നു.

**
ഒരു പരിചാരികയ്‌ക്കും തിരിച്ചറിയാനാകാത്തവിധം
പകിട്ടുനഷ്‌ടപ്പെട്ട വിവാഹവസ്‌ത്രമായി മാറിയാല്‍
പിന്നെന്ത്‌ ചെയ്യും.

**

അടികളുടെ ചൂട്‌ മാറാത്ത
കവിളുകളായിരുന്നു ഏക അടയാളം.
പരാജയപ്പെട്ട ഒരു രാജ്യത്തിന്റെ
പാട്ടുകാരനെപ്പോലെ നീ വിങ്ങിപ്പൊട്ടുന്നത്‌
പലതവണ കണ്ടിട്ടുണ്ട്‌.

(നിനക്കുള്ള കളിപ്പാട്ടങ്ങളുമായാണ്‌
ഞാനീ നഗരം ചുറ്റുന്നത്‌.
നിന്റെ ഓര്‍മ്മകളില്‍
എടുക്കാന്‍ മറന്നുപോയ
ഭീമന്‍ കളിപ്പാട്ടങ്ങളുമായി ഊരുചുറ്റുന്ന ഈ കിഴവനുണ്ടാകുമോ?)

രക്തത്തെക്കുറിച്ചും വെള്ളത്തെക്കുറിച്ചുമുള്ള
കഥകള്‍ പറഞ്ഞുകൊണ്ട്‌
നാം നദിക്കരയിലിരിക്കുകയാണ്‌.

നദിയിലൂടെ ഒഴുകുന്നത്‌ രക്തമാണെന്നും
വെള്ളമാണെന്നും നാം തര്‍ക്കിക്കുന്നു.
എന്നാല്‍ മുന്തിരിപ്പാടങ്ങളില്‍ വീഴുന്ന വെയിലിനെക്കുറിച്ചും
വീഞ്ഞിനെക്കുറിച്ചുമാണ്‌ തോണിക്കാര്‍ പറയുന്നത്‌.

(ഇത്രനേരമിരുന്നിട്ടും
വീഞ്ഞിന്റെ പ്രാചീനസംഗീതം തിരിച്ചറിയാത്ത
നാം ഏത്‌ വീട്ടിലെ പരിചാരികമാരാണ്‌.)

പാട്ടുപാടുന്നത്‌ അവരുടെ ഭാഷയിലല്ല
അവര്‍ക്കായി ഒരുഭാഷയും ഒരുങ്ങിയിരുന്നില്ല.
എന്നാലും പാട്ടുകാര്‍ പാടുകയും
അതുകേട്ട്‌ ആരൊക്കയോ ആടുകയും ചെയ്യുന്നുണ്ടായിരുന്നു.

കള്ളങ്ങളുടെ പരിചാരികമാരെന്ന
പേരാണ്‌ നമുക്ക്‌ കൂടുതല്‍ ചേരുക.
ഭാഷകള്‍ക്കപ്പുറത്തേക്ക്‌ വിനിമയസാധ്യതകളുള്ള
നിന്റെ കള്ളങ്ങളെ അവസാനം ഞാന്‍ കണ്ടെടുക്കുകയാണ്‌.
ഭാഷകള്‍ മാറിവന്നിട്ടും
നിന്റെ കള്ളങ്ങളുടെ പകിട്ട്‌ കുറയുന്നില്ല.

ഏത്‌ രാജ്യത്തിനും എപ്പോള്‍വേണമെങ്കിലും
അഴിച്ചുമാറ്റാവുന്ന ഒന്നായി നീ മാറിയിരിക്കുന്നു.
അതിര്‍ത്തിപ്രദേശങ്ങളില്‍ പിഞ്ഞിത്തുടങ്ങിയ
ഒരു ഉള്‍വസ്‌ത്രം ഏറെക്കാലം തൂങ്ങിക്കിടക്കുന്നത്‌
ഏത്‌ രാജ്യമാണ്‌ സഹിക്കുക.

(രണ്ട്‌ രാജ്യങ്ങള്‍ക്കിടയില്‍ നീയൊരു പാലമാണെന്നും, അതല്ല വേശ്യകളും കള്ളക്കടത്തുകാരും കൈമാറുന്ന രഹസ്യസന്ദേശമാണെന്നും കേള്‍ക്കുന്നു).

(ഭിത്തിയില്‍ ചിത്രത്തില്‍ നിന്നിറങ്ങിവന്ന പെണ്‍കുട്ടി സംസാരിക്കുന്നു- മൂന്ന്‌ നൂറ്റാണ്ടുമുമ്പ്‌ ജീവിച്ചിരുന്ന ഒരു കുശവന്റെ മകളാണ്‌ ഞാന്‍. ഒരു മുന്തിരിപ്പാടത്തെ അപ്പാടെ വീഞ്ഞാക്കാന്‍ പറ്റിയ ഭരണിയുണ്ടാക്കിയ ദിവസംതന്നെയാണ്‌ ഞാന്‍ കൊല്ലപ്പെട്ടത്‌.)

പരിചാരികമാരുടെ ദിവാസ്വപ്‌നങ്ങളില്‍
ഒരൊറ്റ നോട്ടത്താല്‍ തീന്‍മേശയെ സമ്പന്നമാക്കുന്ന
അത്ഭുതവിളക്കിന്റെ കഥകളാണുള്ളത്‌.
ഏത്‌ പാതിരാത്രിയിലും
തുറന്നുകൊടുക്കേണ്ടിവരുന്ന
പിന്‍വാതിലിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരുവളെ പേടിപ്പിക്കുന്നു.

അവളുടെ അരികിലിരുന്ന്‌ ദിവസ്വപ്‌നം കാണുന്ന
മറ്റൊരു പരിചാരികയും ആ വാതിലിനെക്കുറിച്ച്‌ തന്നെ
ആലോചിക്കുകയാണ്‌.
അതിലൂടെ കയറിവരുന്നത്‌ കാട്ടുക്കുതിരയാണെന്നും
ഒറ്റക്കൊമ്പനാണെന്നും അവള്‍ വിചാരിക്കുന്നു.

(ഒറ്റവാതില്‍ മാത്രമുള്ള തുറമുഖങ്ങള്‍
ഏത്‌ നഗരത്തിന്റെയും ശാപമാണെന്ന്‌ ഇപ്പോള്‍ തിരിച്ചറിയുന്നു.)

ആകാശത്തുനിന്നും തൂക്കിയിട്ടിരിക്കുന്ന
വിളക്ക്‌ എന്നര്‍ത്ഥം വരുന്ന പേരാണ്‌
നിനക്കിട്ടിരിക്കുന്നത്‌.
പാപങ്ങളില്‍നിന്ന്‌ പാപങ്ങളിലേക്ക്‌ നീന്തിക്കയറുന്ന
നിന്റെ ചിറകുകളില്‍ എനിക്ക്‌ ചുംബിക്കണമെന്നുണ്ട്‌.

നഗരത്തില്‍ ഒരു വീടുണ്ട്‌.
രണ്ട്‌ പുരുഷന്മാര്‍ ചുംബിക്കുന്നത്‌
ഓര്‍ത്തുകൊണ്ട്‌ ആര്‍ക്കുവേണമെങ്കിലും കയറിവരാവുന്ന
ഒരുവീട്‌.

ചില അപസര്‍പ്പക നോവലുകളിലെ
കഥാപാത്രങ്ങളെപ്പോലെ അവിടെയുള്ളവര്‍ നിന്നെ ഭീതിയോടെ
നോക്കുന്നു. എപ്പോള്‍ വേണമെങ്കിലും പറന്നുവരാവുന്ന ഒരു മൂങ്ങയോ
കഴുകനോ അവിടെയുണ്ടെന്ന്‌ അവരിലൊരാള്‍ നിന്നോട്‌ പറയുന്നുമുണ്ട്‌.

മുടിയിഴകളുടെ പൂന്തോട്ടമായി വൈകുന്നേരങ്ങളില്‍ നിറയുന്ന
ഒന്നിനെയാണ്‌ നീ പാപങ്ങള്‍ എന്ന പേരില്‍ വിളിച്ചത്‌.

പാപങ്ങളെ ഉണര്‍ത്തിയെടുക്കാനുള്ള
പാട്ടിന്റെ പണിപ്പുരയിലാണു നാം.
പ്രേതങ്ങളെ കൂട്ടിക്കൊണ്ടുവരാന്‍ പോയവന്‍
ഇതുവരെ തിരിച്ചുവന്നിട്ടില്ല.
ഏറ്റവും നിശ്ശബ്‌ദമായ പാട്ടാരുടേതെന്ന്‌
അവനിപ്പോള്‍ തിരിച്ചറിഞ്ഞുകാണും.

(ഇനി ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍
ഗിത്താര്‍ ഉപയോഗിക്കാമെന്ന്‌ പറഞ്ഞതാരാണ്‌.) ഗിത്താറില്ലാത്തവര്‍ക്ക്‌ പ്രവേശനമില്ലാത്ത തെരുവിലാണ്‌ നാം നില്‍ക്കുന്നത്‌. എല്ലാ പാട്ടുകാരും അവസാനത്തെ പാട്ടുപാടാനെത്തുന്ന കുട്ടാമ്പുറമെന്ന കള്ളുഷാപ്പ്‌ ഇവിടെയാണുള്ളത്‌. പാട്ടുകാരെല്ലാം വയലിനക്കരെയുള്ള ഒരു വീട്ടിലേക്ക്‌ നോക്കിയാണ്‌ പാടിയിരുന്നത്‌. ആ വീട്ടിലെ കിഴവനും അവസാനത്തെ പാട്ടുപാടാന്‍ അവിടെയാണെത്തിയത്‌.

പറഞ്ഞുപറഞ്ഞ്‌
ഏറ്റവും വലുത്‌ എന്റെയാണെന്ന്‌ നീയും
എന്റെയാണെന്നും ഞാനും തര്‍ക്കിച്ചിരുന്ന
കുട്ടിക്കാലത്തേക്കുതന്നെയാണ്‌
മടങ്ങിയെത്തുന്നത്‌.
എല്ലാവര്‍ക്കും മടങ്ങിയെത്താവുന്ന
ചില അശ്ലീലസന്ധ്യകളുടെ കുട്ടിക്കാലത്തേക്ക്‌.

സുഗന്ധവ്യജ്ഞനങ്ങളുടെ രാസനാമങ്ങളുമായി
പടികടന്നുവരുന്ന ആവിക്കപ്പലുകളെപ്പോലെയാണ്‌
നാം- നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ജീവിച്ചിരുന്ന രണ്ടുപേര്‍ പരസ്‌പരം പറഞ്ഞിരുന്ന കഥകളില്‍ ഇങ്ങനെയാണ്‌ നമ്മെ അടയാളപ്പെടുത്തിയിരിക്കുന്നത്‌.

അതുതന്നെയായിരുന്നോ നാം?

5 comments:

ഒരില വെറുതെ said...

പാപങ്ങളെ ഉണര്‍ത്തിയെടുക്കാനുള്ള
പാട്ടിന്റെ പണിപ്പുരയിലാണു നാം.

kamala said...

da, sundharam.. enikk manassilaakkiyedkkan kazhiyunnilla ninte chinthakal..

eccentric said...

പാപങ്ങളെ ഉണര്‍ത്തിയെടുക്കാനുള്ള
പാട്ടിന്റെ പണിപ്പുരയിലാണു നാം.
പ്രേതങ്ങളെ കൂട്ടിക്കൊണ്ടുവരാന്‍ പോയവന്‍
ഇതുവരെ തിരിച്ചുവന്നിട്ടില്ല.
ഏറ്റവും നിശ്ശബ്‌ദമായ പാട്ടാരുടേതെന്ന്‌
അവനിപ്പോള്‍ തിരിച്ചറിഞ്ഞുകാണും

nannayirikkunnu.:)all the best .keep penning:)

Manoj vengola said...

"ഒറ്റവാതില്‍ മാത്രമുള്ള തുറമുഖങ്ങള്‍
ഏത്‌ നഗരത്തിന്‍റെയും ശാപമാണെന്ന്‌ ഇപ്പോള്‍ തിരിച്ചറിയുന്നു."

ശ്രീകുമാര്‍ കരിയാട്‌ said...

writing alternate histories... so good..

Post a Comment