ഓഫ്‌സൈഡ്

കണ്ടുനില്‍ക്കുന്ന ആര്‍ക്കുവേണമെങ്കിലും
ഓഫ്‌സൈഡ് വിസില്‍ മുഴക്കാവുന്ന ഒരു നീക്കമാണ്
ഞാനിപ്പോള്‍ നടത്തുന്നത്.
രണ്ട് കാലുകള്‍ ഗോള്‍മുഖം ലക്ഷ്യമാക്കി
കുതിക്കുകയാണ്.
ആരവങ്ങള്‍ക്കിടയില്‍ ഒരു ഗോളിയുടെ ഏകാന്തത
ഞാനറിയുന്നുണ്ട്.
എനിക്ക് മാത്രം കേള്‍ക്കാവുന്ന ഒച്ചയില്‍
അയാള്‍ യാചിക്കുന്നുണ്ട്.

പൂച്ചക്കണ്ണന്‍ ഗോളിയെ കബളിപ്പിക്കുക
ഗോളടിക്കാന്‍ പാകത്തിന് മറ്റാര്‍ക്കെങ്കിലും
പാസ് കൊടുക്കുക.

ഗോള്‍പോസ്റ്റിന് കീഴില്‍ പീലിവിടര്‍ത്തിയാടുന്ന
മയിലിന്റെ ചിത്രത്തിന്
ഒരു ഗോളിയുടെ ഏകാന്തതയെന്നെഴുതാന്‍
നിനക്ക് മാത്രമാണ് കഴിയുക.

2

നിന്റ മണമുള്ള ബറോഡ
നീ നടന്ന വഴികളില്‍ മാത്രം കാണാനിടയുള്ള
പൂക്കള്‍
വെബ്കാമിലൂടെ നീ കൈമാറിയ
രഹസ്യങ്ങള്‍,
മൂക്കുത്തി.


3

കാറ്റ് മലര്‍ത്തിയടിച്ച കാറ്റിന്റെ തന്നെ വീടുകളാണ്
ഗ്രാമം മുഴുവന്‍


ആരുമില്ലാത്ത വീട്ടിലെ
അടച്ചിട്ട മുറിയില്‍ വീട്ടുകാരിയെ മലര്‍ത്തിയടിക്കുകയാണ്
യുദ്ധത്തില്‍ തോറ്റോടിയ ഒരു പട്ടാളക്കാരന്‍.
തന്റെ പരാജയപ്പെട്ട ജീവിതത്തിന്
ഇനിയെങ്കിലും ഒരു അര്‍ത്ഥമുണ്ടാകുമെന്ന്
അയാള്‍ പ്രതീക്ഷിക്കുന്നു.

ഗ്രാമത്തിലെ ചതിയന്‍ തടാകങ്ങളുടെ
ഓര്‍മ്മകളില്‍ നിന്നാണ്
ചീഞ്ഞളിഞ്ഞ മീനുകള്‍ യാത്ര തുടങ്ങുന്നത്
എത്ര ഉയരത്തില്‍ പറന്നിട്ടും വിട്ടുപോകാത്ത
ചീഞ്ഞഗന്ധം അവരെ ചേര്‍ത്ത് നിര്‍ത്തുന്നു. 

മേഘങ്ങള്‍ക്ക് വിശറിയുടെ വലുപ്പമുള്ള
ചെതുമ്പലുകള്‍ സമ്മാനിക്കുന്നു
ഉളുമ്പുമണമുള്ള ഉമ്മകള്‍ സമ്മാനിക്കുന്നു 


ഏത് നേരത്തും കയറിവരാവുന്ന അതിഥികളുടെ
ഗ്രാമമെന്ന പേരിലാണ് നീയിപ്പോള്‍ അറിയപ്പെടുന്നത്.
അവിടെ യാത്രാരേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍
ഉറുമ്പുകള്‍ പുറത്താക്കപ്പെടുന്നു. 

4

കുട്ടികള്‍ വലുതാകുമ്പോള്‍ കളിപ്പാട്ടങ്ങള്‍ ആത്മഹത്യ ചെയ്യുന്ന
മുനമ്പുകളുണ്ട് എല്ലാ വീട്ടിലും


പുറംലോകം കണ്ടിട്ടില്ലാത്ത കുതിരക്കുളമ്പടികള്‍
പമ്മിനില്‍ക്കുന്ന അടുക്കളയില്‍നിന്ന്
ഇറങ്ങിയോടാന്‍ ശ്രമിക്കുകയാണ് കാറ്റുപോയ ബലൂണുകള്‍.
കീ കൊടുത്താല്‍ മാത്രം അനങ്ങിയിരുന്ന
പാവകളും കോഴികളും
ഒരു ഷോര്‍ട്ട് സര്‍ക്യൂട്ടിനെ സ്വപ്നം കാണുന്നുണ്ട്. 

മരിച്ച വീടിനെ ഓര്‍മ്മിപ്പിക്കുന്ന ടെഡിബെയര്‍
ആകാശം നഷ്ടമായ പട്ടങ്ങള്‍
ഉറുമ്പ് തിന്ന് തീര്‍ക്കാറായ പാവകള്‍


ഒരു കൈയ്യടിപോലും ലഭിക്കാതെ വേദിയില്‍നിന്ന്
ഇറങ്ങിപ്പോയ പാട്ടുകാരെ
ഓര്‍ക്കുകയാണ് തൊണ്ടപ്പൊട്ടി പാടുന്ന
വിദൂഷകന്‍.

5

ഒറ്റപ്പെട്ട്
ഒറ്റപ്പെട്ട്
ഒറ്റപ്പെട്ട്
ആള്‍ത്താമസമില്ലാത്ത ഒരു ദ്വീപായി മാറണം.


ദൂരെ നഗരങ്ങളില്‍നിന്ന് വരുന്ന തൂപ്പുകാര്‍
പൊടിയും വിയര്‍പ്പും നിറഞ്ഞ കിടക്കവിരികള്‍
മാറ്റാതെ തിരിച്ചുപോകുകയാണ്.
ഒരു രാത്രിക്കുള്ളില്‍ മറ്റൊരു രാത്രിയുണ്ടെന്ന് അവര്‍
സാക്ഷ്യപ്പെടുത്തുന്നു.

എന്നിട്ടും ഉപഗ്രഹങ്ങള്‍ തമ്മിലുള്ള കുടിപ്പക
തീര്‍ക്കാന്‍ നീലശലഭപ്പുഴുക്കളെയാണ്
നാം പറഞ്ഞയച്ചത്.

തെരുവില്‍ കിടന്നുറങ്ങുന്നവര്‍
രാത്രി ജോലിക്കാരെ തിരിച്ചറിയുന്നതുപോലെ
നമ്മള്‍ പരസ്പരം തിരിച്ചറിയുകയാണ്.

തന്റേതല്ലാത്ത കാരണത്താല്‍
വീട് വിടേണ്ടിവന്നവര്‍ സംസാരിക്കുന്ന
ഭാഷയുണ്ട്.
അവര്‍ മാത്രം അലഞ്ഞ് തിരിയുന്ന
ചില വഴികളുണ്ട്.

എത്ര ആഞ്ഞ് പിടിച്ചാലും
വേറൊരാള്‍ക്ക് എത്തിച്ചേരാനാകില്ല
അവരുടെ സ്വപ്നങ്ങളില്‍.


6

ശുക്‌ളം നിറഞ്ഞ് തുളുമ്പുന്ന കക്കൂസ് കുഴികള്‍ക്ക്
എന്താണ് പറയുവാനാകുക.


രൂപകങ്ങള്‍ നദിയിലേക്ക് മറിഞ്ഞുവീണ
കൂറ്റന്‍ മഷിക്കുപ്പികളാണെന്ന് പറഞ്ഞവര്‍
തോണിയാത്ര അവസാനിപ്പിച്ച് തിരികെ പോകുകയാണ്.
ഭൂമിക്കടിയിലെ മരങ്ങളാണ് നദിക്കരയില്‍
നൃത്തം ചെയ്യുന്നതെന്ന് തോണിക്കാരന്‍ പറയുന്നു.
നദിയുമായുള്ള  നിന്റെ രഹസ്യസംഭാഷണങ്ങള്‍
ഞാന്‍ ചോര്‍ത്തിയെടുക്കുകയാണ്.

നിന്റെ ഓര്‍മ്മകളിലൂടെ
ആര്‍ത്തലച്ചുകൊണ്ട് ഒരു തെരുവ് കടന്നുപോകുന്നു.
ആണുങ്ങള്‍ മാത്രം താമസിക്കുന്ന
വീട്ടിലെ ചില മുറികള്‍പോലെ ഞാന്‍
അലങ്കോലപ്പെട്ടു കിടക്കുകയാണ്.

ഒരു ജാലവിദ്യക്കാരന്റെ മുഖഭാവമാണ് എനിക്കെന്ന്
നീ പറയുന്നു.
കാട്ടില്‍ ഒറ്റപ്പെട്ട് വളരുന്ന മരങ്ങളുടെ
ശിഖരങ്ങള്‍ തേടിപ്പോയവരാണ്
എന്നെ മാറ്റിമറിച്ചതെന്നും പറയുന്നു.
രാത്രിസത്രത്തിലെ പാറാവുകാരന്റെ നിഗൂഡതയാണ്
നിന്റെ മുഖത്ത്.
പതിവുകാര്‍ വരുമ്പോള്‍മാത്രം ചിരിക്കുന്ന
ഒരാളപ്പോലെ നീ അഴിഞ്ഞില്ലാതാകുന്നു.

ഉറുമ്പുകള്‍ നായകന്മാരാകുന്ന
ആനിമേഷന്‍ ചിത്രത്തില്‍
പുല്‍ച്ചാടികള്‍ വില്ലന്മാരാകുന്നത്
നമ്മള്‍ കണ്ട് നില്‍ക്കുകയാണ്.


പൊടിയും വിയര്‍പ്പും വില്‍ക്കാനിരിക്കുന്ന
മുഖം ചുളുങ്ങിയവര്‍
ഒരു വെടിയൊച്ചകൊണ്ട് വിജനതയെ
കൊന്ന് കുഴിച്ച് മൂടണമെന്ന് പറയുന്നു.


ഭൂമിയെ തകര്‍ത്ത് തരിപ്പണമാക്കുന്ന
ഭൂകമ്പം വരുന്നുണ്ട്. 
അതിന്റെ പ്രഭവകേന്ദ്രം
എന്റെ ഹൃദയമായിരിക്കും.
പ്രകമ്പനങ്ങള്‍ക്കുശേഷം ഏതാനം ചീട്ടുകൊട്ടാരങ്ങള്‍
മാത്രമായിരിക്കും അവശേഷിക്കുക. 

ചില ഹോളിവുഡ് സിനിമയിലെ ശവസംസ്‌കാര രംഗങ്ങളെ
ഓര്‍മ്മിപ്പിക്കുന്നുണ്ട് നമ്മുടെ ജീവിതം.
ഇത്ര നിശ്ശബ്ദമായി ഒരുകൂട്ടമാളുകള്‍ക്ക്
എങ്ങനെയാണ് ഒരുമിച്ച് നില്‍ക്കാനാകുക!
ഒന്ന് ചുംബിക്കുകപോലും ചെയ്യാതെ
എങ്ങനെയാണ് യാത്ര പറയാന്‍ സാധിക്കുക!


7

ചുവരില്‍ തൂങ്ങുന്ന ടീ ഷര്‍ട്ടില്‍
നിന്റെ മാറിടം വരച്ചിരിക്കുന്നു.
അതിനുള്ളില്‍നിന്ന് പുറത്തിറങ്ങാനാവാതെ
ഞാന്‍ വീര്‍പ്പുമുട്ടുകയാണ്.

അധികമുലയാത്ത ഒരു തീനാളത്തെ
ആലിംഗനം ചെയ്യുകയാണ്.
എത്ര അടക്കി പിടിച്ചിട്ടും പെയ്തുപോകുന്ന
മഴയുടെ കൂടെ വിരുന്ന് പോകുകയാണ്.

കോണിപ്പടിയില്‍ വിശ്രമിക്കുന്ന കാറ്റിന്
തീട്ടത്തിന്റെ മണമുണ്ട്.
അവനെ നിന്റെ മുറിയിലേക്ക് പറഞ്ഞുവിടുന്നു.


8

അളവുപാത്രത്തില്‍ കള്ളത്തരം
കാണിക്കുന്ന ബാറിലെ ഒഴിച്ചുകൊടുപ്പുകാരനെയാണ്
നീ ഓര്‍മ്മിപ്പിക്കുന്നത്.
നിന്റെ ചലനങ്ങളില്‍ നിഗൂഡമായ
ഒരു രഹസ്യം ഒളിപ്പിച്ചിരിക്കുന്നു.
രണ്ട് പെഗ്ഗ് വിട്ടാല്‍ നാവ് കുഴയുന്ന
ഒരാളുമായും നിനക്ക് ചങ്ങാത്തമില്ല.

കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്ന
കഥകളിലാണ് നിന്നെ കണ്ടിട്ടുള്ളത്.
ആ കഥകളില്‍നിന്ന് എനിക്ക് രക്ഷപെടാനാകുന്നില്ല.
കളിപ്പാട്ടങ്ങള്‍ക്ക് മുമ്പില്‍നിന്ന് കരയുന്ന
ഒരു കുഞ്ഞിനെയും മറികടക്കാനാകുന്നില്ല.

ചോരകള്‍ തമ്മില്‍ത്തല്ലി പിരിയുന്ന
ഒരു രംഗം എന്റെ തിരക്കഥയില്‍
ഉണ്ടായിരുന്നില്ല.
എന്നിട്ടും രക്തത്തിന്റെ നദി എനിക്ക് മുറിച്ച്
കടക്കാനാകുന്നില്ല.
കുന്നിറങ്ങി വരുന്ന ഒരു പാണ്ടിലോറി
എന്നെ അസ്വസ്തനാക്കുന്നുണ്ട്.

9

എത്ര ഉച്ചത്തില്‍ പാടിയാലാണ്
നിരാശഭരിതമായ ഒരു ഗാനത്തിന്
ജനക്കൂട്ടത്തെ കീഴ്‌പ്പെടുത്തനാകുക.

പ്രേമം ട്രാഫിക് ജാമില്‍പ്പെട്ടുപോയ
ഒരു ചടക്ക് വണ്ടിയാണെന്ന് നീ പാടുന്നു
അത് ശരിയാണെന്ന് ജനക്കൂട്ടം ഏറ്റുപാടുന്നു

10

അവിഹിതവേഴ്ചയ്ക്കുശേഷം പുറത്തുകടക്കുന്നവന്റെ
അഴിഞ്ഞുലഞ്ഞ വസ്ത്രംപോലെയാണ്
ജീവിതം.

കടിച്ചതിന്റെയും മാന്തിയതിന്റെയും പാടുകള്‍
കാതില്‍ നീ പറഞ്ഞ രഹസ്യങ്ങള്‍
കണ്ണില്‍ നിന്റെ നഗ്നത


പേനുകള്‍ നിറഞ്ഞ തലയില്‍നിന്ന്
വിരലുകള്‍ മടങ്ങുന്നതുപോലെ
ഞാന്‍ മടങ്ങുന്നു.

8 comments:

m p pratheesh said...

good...

Karthika said...

നദി പോലെയാണ് എപ്പോഴും അവന്റെ കവിത!!!! ആഴത്തിലെങ്ങനെ ഒഴുകിനടക്കുന്നു... ഓരോ വാക്കും കൂടെക്കൊണ്ടുപോകുന്നു!!! (ബീജ)

vettathan said...

ചില ബിംബങ്ങള്‍ മനോഹരമായി

ajith said...

പ്രണയം! യാത്ര!! രതി!!!

T.R.GEORGE said...

സ്വാസ്ഥ്യംതരാത്ത വരികൾ.പേൻ നിറഞ്ഞ തല പോലെ.എങ്കിലും മുടിയുടെ അഴകിൽ മനം നിറഞ്ഞു

Sarath Payyavoor said...

ശുക്‌ളം നിറഞ്ഞ് തുളുമ്പുന്ന കക്കൂസ് കുഴികള്‍ക്ക്
എന്താണ് പറയുവാനാകുക.

jayan said...

ചില സ്റ്റാന്‍സയില്‍ ഉടക്കി അവയെല്ലാം ഓരോരോ കവിതകളായി പാതാളത്തിലേക്കും കടലിനാഴങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോകുന്നു....

harikappil said...

വരികള്‍ മനോഹരം ഒരു ചിത്രകാരന്റെ അമൂര്‍ത്ത ചിത്രം പോലെ ഓരോ കോണിലും ഓരോ അര്‍ത്ഥം.ഒരു പന്തുകളിക്കാരന്റെ ലാഘവത്തോടെ ഒരറ്റത്ത്നിന്ന് മറ്റേ അറ്റത്തേക്ക് കുതിക്കുന്നു.അവലിനിടയില്‍ കടിക്കുന്ന കല്ലുപോലെ ചില പുതു തലമുറ വാക്കുകള്‍ ഒണ്ടെങ്കിലും.....ആശംസകള്‍ ക്രിസ്പിന്‍

Post a Comment