നദിയുടെ മൂന്നാംകര

കവണയുടെ അറ്റത്തെ കല്ലിനെപ്പോലെ
നീയെന്നെ ത്രസിപ്പിച്ച് നിര്‍ത്തുകയാണ്
വിസ്‌കി മണക്കുന്ന മുലക്കണ്ണുകളില്‍
എനിക്ക് എന്നെതന്നെ നഷ്ടമാകുന്നു.

പേരുകള്‍ക്കപ്പുറവും നദികളുണ്ട്
നിശ്ശബ്ദമായി ഒഴുകുന്ന വീടുകളില്‍
അവരുറങ്ങുന്നു.

വീട്ടില്‍ കുഞ്ഞുങ്ങളുണ്ട്
അവരുടെ കരച്ചിലുണ്ട്
ചിരികളുണ്ട്.

എല്ലാത്തിനുംമീതെ നദി തിളച്ച് മറിയുകയാണ്.

എല്ലാ പേരിലും നദികളുണ്ട്.
ആ നദിയുടെ പേരിടാന്‍
നമ്മള്‍ പോകുന്നു.

കിടക്കയില്‍ കെട്ടിമറിയുന്ന
രണ്ടുപേര്‍ക്കിടയില്‍
ഒഴുക്ക് നിലച്ചുപോയ നദി
വീര്‍പ്പുമുട്ടുന്നു.

നഗ്നരായി ഉറങ്ങുന്ന നമ്മളെ ഉപേക്ഷിച്ച്
നദി കടന്നുകളയുന്നു.

ഞാന്‍ നിന്നെ എന്റെ കോളനിയാക്കുന്നു
കൃഷിയിടങ്ങിലേക്ക് ആട്ടിത്തെളിച്ച് കൊണ്ടുവന്ന
അടിമകള്‍ നിന്നെ ഉഴുതു മറിക്കുകയാണ്.
മുത്തും പവിഴവും ലഭിക്കുമെന്ന്
അവരോട് കള്ളം പറഞ്ഞതാരാണ്.
അടിക്കാടുകളില്‍ തെച്ചിപൂക്കുന്ന
സന്ധ്യകളില്‍ നമ്മള്‍ ഇണചേരുന്നതുനോക്കി
ഒരു പൂച്ചയിരിക്കുന്നു.

എന്നിട്ടും നദിയുടെ വേര്
മാത്രം തെളിഞ്ഞില്ല.

എനിക്ക് കാണാന്‍
നീ മാറിടത്തില്‍ പൂക്കള്‍ സൂക്ഷിക്കുന്നു.
ഞാന്‍ നോക്കുമ്പോള്‍
പൂക്കള്‍ മാത്രമാണ് കാണുന്നത്
വിത്തുകള്‍ എവിടെയാണ്
ഒളിച്ചിരിക്കുന്നത്.

വിത്തുകളില്‍ എഴുതിയിരിക്കുന്ന പേര്
ഏത് നദിയുടേതാണ്.

എനിക്കിപ്പോള്‍ നിന്റെ ശരീരമറിയാം,
എന്റെ വീടുപോലെ.
അതിന്റെ ആശാരിയും
കല്‍പ്പണിക്കാരനും
ഞാന്‍ തന്നെയാണ്.
അതിരുകളില്‍ ഞാന്‍ എന്നെത്തന്നെ
കുഴിച്ചിട്ടിരിക്കുന്നു.

നദിയെ ആരോ വഴിതിരിച്ച്
വിടുകയായിരുന്നു.

നിന്റെ നിഷേധമാണ് നിന്റെ പ്രേമം
ഒരു ജനത നിഷേധിക്കുന്നയാള്‍
അവരുടെ ഭരണാധികാരി ആകുന്നതുപോലെ
നീ ഏറ്റവും കൂടുതല്‍ നിഷേധിക്കുന്നയാള്‍
നിന്റെ കാമുകനാകുന്നു.
നിഷേധങ്ങളില്‍ നിന്നാണ്
നിന്നെ കണ്ടെത്തുന്നത്.

ഒരു ചെറുകാറ്റ് നദിയെ കുഴമറിച്ചിടുന്നു

ഭാര്യയും കുഞ്ഞുങ്ങളുമുള്ള ഒരാള്‍
പൂര്‍ണ്ണ ഗര്‍ഭിണിയായ
കാമുകിയെ ഓര്‍ക്കുന്ന പോലെ
ഞാനെന്റെ നാടിനെ ഓര്‍ക്കുന്നു.
അടുത്ത കവലയില്‍ എന്നെ കാത്ത്
ഒരു പട്ടാളവണ്ടി കിടപ്പുണ്ട്.

2

കോഫിഷോപ്പിലെ ഉമ്മയില്‍ തുടങ്ങി
അരണ്ട വെളിച്ചമുള്ള കിടപ്പുമുറിയില്‍ ഒടുങ്ങുന്ന
ഒരു രംഗം എന്റെ എല്ലാ സിനിമകളിലുമുണ്ട്
പ്രേമം ആദ്യം തലച്ചോറിലും പിന്നെ അരക്കെട്ടിലുമാണ്
സംഭവിക്കുന്നതെന്ന് നീ പറയുന്നു
ചുണ്ട് പൊള്ളിക്കുന്ന ഉമ്മകളുടെ തോണി
നമ്മുടെ കിടക്കയില്‍ തകര്‍ന്നടിയുകയാണ്.

ആശുപത്രികള്‍ക്ക് വേണ്ടി രൂപകല്പന
ചെയ്ത കെട്ടിടം പോലെയാണ്
നമ്മുടെ ജീവിതം
അത്ര ഇടുങ്ങിയ മുറികള്‍
അത്ര ഇടുങ്ങിയ വഴികള്‍.

ഞാനൊരു നാഴ്‌സിസാണ്
നദിക്കരയിലിരുന്ന് ഞാന്‍ മരിക്കുമെന്ന്
പറയുന്ന ഒരാള്‍ എന്നില്‍ ജീവിച്ചിരിക്കുന്നു
മീനുകളുടെ പാട്ടുകള്‍
അയാള്‍ക്കുവേണ്ടിയാണ്.

3

ഒരു ദിവസം രണ്ട് ചെവിയും
പൊട്ടിയൊലിക്കുന്ന ഒരു വൃദ്ധന്‍
അവരുടെ ഗ്രാമത്തിലേക്ക്
കയറിവന്നു.
അയാളുടെ രണ്ട് തോളിലും
ഓരോ മുയലുകള്‍.
അയാള്‍ക്കുവേണ്ടി മുയലുകള്‍
കാത് കൂര്‍പ്പിക്കുന്നു
കേള്‍ക്കുന്നു
തലയാട്ടുന്നു.

ശബ്ദങ്ങളുടെ ലോകവുമായുള്ള
ബന്ധം അവസാനിക്കുകയാണ്.
ഇനി നിശബ്ദതയുടെ കാലമാണ്
ഉപേക്ഷിക്കപ്പെട്ട നീന്തല്‍ക്കുളം
അവസാനത്തെ നീന്തല്‍ക്കാരനെ
ഓര്‍ക്കുന്നതുപോലെ
അവസാനം കേട്ട വാക്ക്
ഞാന്‍ ഓര്‍ത്ത് നോക്കുകയാണ്.
അതിന്റെ പുളകങ്ങളില്‍
മതിമറക്കുകയാണ്.

4

ഇണചേരുമ്പോള്‍
തീയുണ്ടാകുന്ന കാലം
പെട്ടെന്ന് ഇല്ലാതാകും
പിന്നെ
അവിഞ്ഞ മണമുള്ള കാറ്റിന്റെ
കാലമാണ്
ആ കാലത്തേയും നമ്മള്‍
മറികടക്കുന്നു

5

മരിച്ചാല്‍ മാത്രമേ ഉറങ്ങാന്‍
സാധിക്കൂ എന്ന് പറയുന്ന ഒരാള്‍
എന്നില്‍
ഉണര്‍ന്നിരിക്കുന്നു.
നദിയെ അതിന്റെ ഒഴുക്കിലേക്ക് തിരിച്ചു കൊണ്ടുവരാന്‍
പോയവര്‍ മടങ്ങിവന്നിട്ടില്ല.
മീനുകള്‍ക്ക് ഉറങ്ങാനായി
കിടക്കയില്‍ നീയിറക്കിയ
കടലാസുതോണികള്‍ നനഞ്ഞു
കുതിരുകയാണ്.

6

ഡാന്‍സ് ബാറിലെ സ്റ്റീല്‍ കമ്പിയില്‍
നഗ്‌നത മറയ്ക്കുന്ന യുവതിക്കും
അവളെ നോക്കി വോഡ്ക നുണയുന്ന
വൃദ്ധനുമിടയില്‍ എന്റെ
ഞരമ്പുകള്‍ വലിഞ്ഞ് മുറുകുന്നു

7

മഴ വന്നു
വീട് കഴുകി
കമഴ്ത്തിവെച്ചു

8

പുറകിലേക്ക് കൈകുത്തി
ഇരിക്കുന്ന
മുലയുള്ള ഒരപ്പന്‍
അയാളുടെ മടിയിലിരിക്കുന്ന
ഒന്നര വയസുകാരി
അവരെ നോക്കിയിരിക്കുന്ന
മാമ്പഴ ഗന്ധമുള്ള ഒരു വൈകുന്നേരം

വായു സഞ്ചാരമില്ലാത്ത വീടുകളില്‍
താമസിക്കുന്നവരെപ്പോലെ
നമ്മള്‍ വീര്‍പ്പുമുട്ടുകയാണ്.
ക്രൂരനായ ഒരു ഭരണാധികാരിയുടെ
വീട്ടിലെ വെപ്പുകാരന്റെ വേഷത്തില്‍
നിനക്ക് ശോഭിക്കാനാകുന്നില്ല
എന്നിട്ടും നീ ആ കുപ്പായത്തിന്റെ
കുടുക്കുകള്‍ അഴിക്കുന്നില്ല.

ഒരു മലഞ്ചെരുവിനെ
അലങ്കരിക്കുകയാണ്
പൂക്കാലം
മുയലുകള്‍ അത് നോക്കി രസിക്കുന്നു.

9

ഏത് വിദഗ്ദനായ തുന്നല്‍ക്കാരനാണ്
നദിയുടെ ഉടുപ്പുകള്‍ തുന്നിയത്.
ഉടുപ്പില്‍ അല്പംപോലും ചെളിപറ്റാതെ
അവള്‍ നാടുനീളെ തെണ്ടി നടക്കുന്നു.

10

നിന്നെ ഭ്രാന്ത് പിടിച്ച് പ്രണയിക്കാന്‍
ഞാനുണ്ടാകും.
നീ പോയാല്‍
ഭ്രാന്ത് മാത്രമായിരിക്കും അവശേഷിക്കുക.

നമുക്കിടയില്‍ നടക്കുന്നത്
വലിയ യന്ത്രങ്ങളുടെ പ്രവര്‍ത്തനമാണ്
ഒരുപാട് ഇന്ധനം അതിനാവശ്യമുണ്ട്.

ഭൂമിയെക്കുറിച്ച് പറയുന്നതുപോലെ
ഞാന്‍ നിന്നെക്കുറിച്ച് പറയുന്നു.
അന്യഗ്രഹങ്ങളില്‍ നിന്ന് നോക്കുമ്പോള്‍
നാം ഒരു വള്ളിച്ചെടി.

ആലിംഗനം ചെയ്ത് നില്‍ക്കുന്ന നമുക്കിടയില്‍
ഒരു വള്ളിച്ചെടി പടര്‍ന്ന് പന്തലിച്ചിരിക്കുന്നു.
വള്ളിച്ചെടിക്ക് പടര്‍ന്ന് കയറാനും മാത്രം സമയം
നമ്മള്‍ ആലിംഗനം ചെയ്തുകാണുമോ?
അതോ മറ്റൊരു വള്ളിച്ചെടിയെന്ന്
കരുതിക്കാണുമോ?

നമ്മളില്‍ ഇനിയും തുറക്കാത്ത
പ്രണയത്തിന്റെ വലിയ ഖനികളുണ്ടെന്ന്
നാം തിരിച്ചറിയുകയാണ്.

അതിന്റെ താക്കോലുകള്‍
തിരയുകയാണ്

6 comments:

ajith said...

കവിതാരതി ആസ്വാദ്യകരമായ വായന

vettathan said...

പല ബിംബങ്ങളും ചേതോഹരം..കവിത ആസ്വദിച്ചു.

Junaiths said...

Nalla Kavitha

പ്രകാശ് ചിറക്കൽ said...

Kavitha nannayi...vayichu theeruvolam ente manassu rathi aaswadikkunna poochayaayirunnu.. nandi..

പ്രകാശ് ചിറക്കൽ said...

Kavitha nannayi...vayichu theeruvolam ente manassu rathi aaswadikkunna poochayaayirunnu.. nandi..

ajith said...

വരികളുടെയും കല്പനകളുടെയും ആലിംഗനത്തിനിടയിൽ കവിത എന്ന വള്ളി പടർന്നു പൂവിടുന്നു

Post a Comment