നാട്‌, കുട്ടിക്കാലം - ചില മനക്കോടം സ്‌കെച്ചുകള്‍

മനക്കോടം പള്ളി

കുന്തോം പിടിച്ച്‌
ഏപ്രില്‍ പെരുനാളിന്‌ കറങ്ങാനിറങ്ങുന്ന
ഗീവര്‍ഗ്ഗീസുപുണ്യാളന്‍
ഷാപ്പിന്റെ പരിസരത്ത്‌ നില്‍ക്കുന്ന പിള്ളാരുസെറ്റിനെ
മുത്തുക്കൊട പിടിക്കാനായി വിളിച്ചോണ്ട്‌ വരും.
ബാന്റുസെറ്റുകാരുടെ അടുത്ത്‌ ചുമ്മാ തലയാട്ടിനില്‍ക്കുന്ന
കിളവന്മാരെ വീട്ടിലേക്ക്‌ പറഞ്ഞുവിടും.
മരിയപുരത്തുനിന്നും വന്ന പെണ്ണുങ്ങളുടെ അടുത്ത്‌
വട്ടമിട്ടുപറക്കുന്ന ആണുങ്ങളെ കൈയ്യില്‍വെച്ച്‌ കതിന പൊട്ടിക്കുന്ന
വെടിക്കെട്ടുകാരന്റെ അടുത്തേക്ക്‌ പറഞ്ഞുവിടും.

പെരുനാള്‌ കൊളമാകരുത്‌
പുണ്യാളന്‌ അതുമതി.

വില്ലും കെഴന്നും എടുക്കാനായി
രാവിലെ ചെണ്ടക്കാര്‍ വരും.
കാട്ടുറമ്മിന്റെ കുപ്പികള്‍ കാലിയാകുമ്പോള്‍
അവര്‍ ഏതെങ്കിലും സിനിമാപ്പാട്ട്‌ കൊട്ടിതുടങ്ങും.

അവരുടെ പുറകെ ഞങ്ങള്‌
പള്ളിയില്‍ പോകും.

മനക്കോടത്തിന്റെ സുന്ദരികളുമായി
ഡിസംബറില്‍ മാതാവിന്റെ പെരുനാള്‍ വരും
പതിവുപോലെ.
പെരുനാള്‍ക്കാരന്റെ വീട്ടിലേക്ക്‌ കാപ്പികുടിക്കാനായി
പോകുന്നവര്‍ക്ക്‌ മാതാവ്‌ ലഡുവിന്റെയും ഉണ്ണിയപ്പത്തിന്റെയും
ഞാലിപ്പൂവന്‍ പഴത്തിന്റെയും രൂപത്തില്‍ പ്രത്യക്ഷപ്പെടും.

കന്യാസ്‌ത്രീകള്‍ അതിരാവിലെ അള്‍ത്താര
അലങ്കരിക്കാനായി പോകുമ്പോള്‍ ഇറച്ചിയും മീനും വാങ്ങിക്കോണ്ട്‌
വരുന്നവര്‍ സ്‌തുതി പറയും.
ചില കന്യാസ്‌ത്രീകള്‍ സുന്ദരികളുമാണ്‌.
അവരെകാണുമ്പോള്‍ തോന്നും
കര്‍ത്താവേ
അള്‍ത്താരയായി ജനിച്ചാ മതിയായിരുന്നു.

വേദപാഠക്ലാസ്സിലിരുന്ന്‌
പെണ്‍കുട്ടികളെ കമന്റടിക്കുന്നവരെ
ചെവിക്കുപിടിച്ച്‌ സ്വര്‍ഗസ്ഥനായ
ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥന തെറ്റുകൂടാതെ
ചൊല്ലിക്കുന്നുണ്ട്‌ ബര്‍ണാഡച്ചന്‍.
ആ പ്രാര്‍ത്ഥന കാണാതെ ചൊല്ലുന്നവര്‍ക്ക്‌
പെണ്‍കുട്ടികളെ ദാനം കൊടുക്കാന്‍വരെ അച്ഛന്‍ തയ്യാറായിരുന്നു.

കുര്‍ബാനയ്‌ക്ക്‌ കയറാതെ കരിയില്‍ വള്ളമുന്താന്‍ പോകുന്നവരെ
പിടിക്കാനായി കൊച്ചച്ചന്‍ വെളിയില്‍ നില്‍പ്പുണ്ടാകും.
ഞാന്‍ വള്ളമുന്താന്‍ പോയിട്ടുണ്ട്‌
നല്ല കീറും കൊണ്ടിട്ടുണ്ട്‌.

മനക്കോടം എല്‍.പി സ്‌കൂള്‍

ആനന്ദവല്ലി ടീച്ചറുടെ ചൂരലിന്റെ
ഓര്‍മ്മകളുള്ള ഇടവഴികളെ ഒറ്റയോട്ടത്തിന്‌ മറികടക്കുന്നു.
തറയെന്നും പനയെന്നും എഴുതിപ്പഠിച്ച സ്‌കൂളിന്റെ
വരാന്തയില്‍ സ്ലേറ്റും പെന്‍സിലും മഷിത്തണ്ടുമായി നില്‍ക്കുന്ന
കുട്ടിയെത്തേടി അവന്റെ അമ്മ ഇതുവരെ വന്നിട്ടില്ല.

പാടത്തിന്റെ അരികിലൂടെയുള്ള പൂഴിറോഡിലൂടെ
നിക്കറേട്ട്‌ തൂറി ഓടുന്ന കൂട്ടുകാരന്‌ കൂട്ടിനോടുന്നു.
അവന്റെ തീട്ടത്തിന്‌ ഭയങ്കര മണം
മൂക്ക്‌ പൊത്തി കൂടെയോടുന്നു.

മീര ടീച്ചര്‍ പഠിപ്പിക്കുന്നത്‌
നാലും മൂന്ന്‌ ഏഴ്‌ എന്നാണ്‌
നാല്‍മൂന്ന്‌ പന്ത്രണ്ടെന്നും.
ശരിയാണ്‌ എല്ലാ കണക്കും ശരിയാണ്‌.

ഗുണന പട്ടിക പഠിക്കാത്തവരെയും
ഹരണ പട്ടിക പഠിക്കാത്തവരെയും ഓഫീസുമുറിയില്‍
കൊണ്ടുപോയി നിര്‍ത്തും.
എല്ലാവരും മാറിമാറി ചെവി പൊന്നാക്കും.
ചെവി പൊന്നായിട്ടും ഇപ്പോഴും നാലും മൂന്നും ഏഴാകുന്നില്ലല്ലോ
ടീച്ചറേ.

കുട്ടിമാളുവിനെ കാണാനായി
ഏറുകണ്ണിട്ട്‌ നോക്കുമ്പോള്‍ അവളെ മാത്രമല്ല
അവളുടെ വീടിനടുത്തുള്ള അവനെയും കാണും.
അവന്‌ നല്ല മസിലുണ്ട്‌.
നന്നായിട്ട്‌ ഇടിക്കാനറിയാം
ഞാന്‍ കൊണ്ടിട്ടുണ്ട്‌.

എപ്പോള്‍ വേണമെങ്കിലും പൊളിഞ്ഞുവീഴാവുന്ന
മൂത്രപ്പുരയുടെ ഭിത്തിയിലാണ്‌
എഴുതിപഠിക്കുന്നത്‌.
ആദ്യം പേരെഴുതി പഠിച്ച പെണ്ണിനെ പിന്നെ കണ്ടിട്ടില്ല.
(വേറെ ആരെങ്കിലുമെഴുതി മായ്‌ച്ച്‌ കളഞ്ഞിരിക്കാം.)

പള്ളിക്കൂടത്തില്‍
ഏറുപന്തുകളിക്കുമ്പോള്‍
കൂട്ടുകാര്‍ വളഞ്ഞിട്ട്‌ എറിഞ്ഞ്‌ പുറംപൊളിക്കുന്ന അനിയനെ
രക്ഷിക്കാനായില്ലല്ലോ
ഇതുവരെ.

കുളിക്കടവ്‌

ടി.ഡി സ്‌കൂളിന്ന്‌ ഉച്ചയ്‌ക്ക്‌
ഉണ്ണാന്‍ വരുമ്പോള്‍
പത്മാക്ഷിയുടെ കുളത്തില്‍ ആരെങ്കിലും
കുളിക്കുന്നുണ്ടാകും.

അന്നും പതിവുപോലെ
ക്ലാസ്സിലെത്താന്‍ വൈകും.

കള്ളുഷാപ്പ്‌

ടി.ഡി സ്‌കൂളിനടുത്ത്‌ കള്ളുഷാപ്പുണ്ട്‌.
നല്ല കപ്പയും മൂത്ത തെങ്ങിന്‍കള്ളും കിട്ടും.
വിളമ്പുകാരന്‌ ഞങ്ങളെ അറിയാം
അതുകൊണ്ട്‌ സിലോപ്പിയാക്കറിയുടെ ചാറുകിട്ടും.
പ്രശാന്തും വിനുവും മാത്യൂവും കൂട്ടത്തിലുണ്ടാകും.
കുഴഞ്ഞ ശബ്‌ദത്തില്‍ പ്രേമത്തെക്കുറിച്ചും
അടുത്ത വീട്ടിലെ ചേച്ചിമാരുടെ ചന്തിയെക്കുറിച്ചും
സംസാരിച്ചിരിക്കും.

പുല്ലുചെത്തുകാരി രാധ

നാല്‍പത്‌ വര്‍ഷം പുല്ലുകളോട്‌
സംസാരിച്ചിട്ടും അവരുടെ ഭാഷ പഠിക്കാന്‍
രാധ ശ്രമിച്ചില്ല.

പോളേട്ടന്റെ കശുമാവുകള്‍

പോളേട്ടന്റെ വീട്ടില്‍ ഒരുപാട്‌ കശുമാവുകളുണ്ട്‌
കശുവണ്ടി പെറുക്കാനായി ഞങ്ങള്‍ അവിടെ പോകാറുണ്ട്‌.
അണ്ടി വിറ്റുകിട്ടുന്ന കാശിന്‌ പന്ത്‌ മേടിക്കാറുണ്ട്‌
മുപ്പതുപൈസയുടെ സിഗരറ്റ്‌ മേടിക്കാറുണ്ട്‌.
അത്‌ വലിച്ചിട്ട്‌ ചുമച്ച്‌ ചുമച്ച്‌ ......റുണ്ട്‌.

ഷെല്‍മ

അവളുടെ കൈയ്യില്‍ പിടിച്ച്‌ സ്‌കൂളില്‍ പോയ
വഴികള്‍ ഇതുവരെ മറന്നിട്ടില്ല.
അവളുടെ കൈകളുടെ ചൂട്‌ ഇതുവരെ കൈയ്യില്‍നിന്ന്‌
പോയിട്ടില്ല.

10 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നാട്, കുട്ടിക്കാലം , പെറുക്കിവെച്ച ചില സ്നാപ്പ്ഷോട്ടുകള്‍.. നല്ല അവതരണം

'ചെവി പൊന്നായിട്ടും ഇപ്പോഴും നാലും മൂന്നും ഏഴാകുന്നില്ലല്ലോ
ടീച്ചറേ. '

Anonymous said...

ചില കന്യാസ്‌ത്രീകള്‍ സുന്ദരികളുമാണ്‌.
അവരെകാണുമ്പോള്‍ തോന്നും
കര്‍ത്താവേ
അള്‍ത്താരയായി ജനിച്ചാ മതിയായിരുന്നു.

പെരുനാള്‍ക്കാരന്റെ വീട്ടിലേക്ക്‌ കാപ്പികുടിക്കാനായി
പോകുന്നവര്‍ക്ക്‌ മാതാവ്‌ ലഡുവിന്റെയും ഉണ്ണിയപ്പത്തിന്റെയും
ഞാലിപ്പൂവന്‍ പഴത്തിന്റെയും രൂപത്തില്‍ പ്രത്യക്ഷപ്പെടും.

ആദ്യം പേരെഴുതി പഠിച്ച പെണ്ണിനെ പിന്നെ കണ്ടിട്ടില്ല.
(വേറെ ആരെങ്കിലുമെഴുതി മായ്‌ച്ച്‌ കളഞ്ഞിരിക്കാം.)

inganeyokke ezhuthaan thudangiyaa njangal paavangal kuthupaalayedukkumallo,he.
:)
gambheeram ithellaam.

പകല്‍കിനാവന്‍ | daYdreaMer said...

മതി ഇത്രയും മതി .. !!!
കര്‍ത്താവേ :)

തണല്‍ said...

ധാരാളം.

Devadas V.M. said...

നന്നായി വരച്ചിട്ടുണ്ടെടാ :)

അനിലൻ said...

ക്രിസ്പിന്‍!!!!!!!!

അരുണ്‍ ടി വിജയന്‍ said...

ithu kalakkiyedaa...............

അസ്റ്റമയൻ said...

ഞാനോര്‍ത്തത് മറ്റൊരു ഷാപ്പാണ്‌. ഒന്ന് കയറിപ്പോകൂ.

Anonymous said...

എന്റെ ക്രിസ്പിനേ... നിനക്കൊരായിരം ഉമ്മകൾ...

Anonymous said...

എത്രയൊക്കെ വായിച്ചിട്ടും എനിക്ക് നിന്നെ മടുക്കുന്നില്ല പഹയാ‍...

Post a Comment