നദിക്കരയിലെ പാട്ടുകാരികള്‍ ഒന്നിച്ചിരുന്ന്‌ പാടിയത്‌
നിശ്ശബ്‌ദയെക്കുറിച്ച്‌ മാത്രമായിരുന്നു


ഒച്ച്‌ തുഴഞ്ഞ ദൂരങ്ങള്‍
കൂട്ടിവെച്ച്‌ നാം കണ്ടെത്തിയ അകലങ്ങള്‍
എങ്ങനെയാണ്‌ നമുക്കിടയിലെ അകലങ്ങളാകുന്നത്‌.

അകലങ്ങളില്‍ നാം പരസ്‌പരം തിരിച്ചറിഞ്ഞിരുന്നു.
അടുക്കുംന്തോറും അപരിചിതമായ എന്തോ ഒന്ന്‌
നമ്മുക്കിടയില്‍ അടിഞ്ഞുകൂടി.
അതിനെയാണ്‌ നാം സ്‌നേഹമെന്നും
പ്രണയമെന്നുമൊക്കെ വിളിച്ചഹങ്കരിച്ചത്‌.

മരിക്കുന്നതിന്‌ മുമ്പ്‌ പള്ളീലച്ചന്‍ എഴുതിവെച്ചത്‌
പാട്ടുകാരികളോടുള്ള ആവേശങ്ങള്‍ മാത്രമായിരുന്നു.
ഉച്ചസ്ഥായിയില്‍ കര്‍ത്താവിനെ വിളിച്ചു പാടുമ്പോള്‍
മറിയ എന്ന പാട്ടുകാരിയുടെ മാറിടം എത്രത്തോളം ഉയര്‍ന്നിരുന്നുവെന്ന്‌
അച്ചന്‍ കൃത്യമായി മനസ്സിലാക്കിയിരുന്നു.
മുലക്കണ്ണുകളുടെ തരിപ്പുകള്‍പോലും തിരിച്ചറിഞ്ഞിരുന്നു.

അഴുകി തീര്‍ന്ന നഗരങ്ങളെ
തുവാലയില്‍ പൊതിഞ്ഞെടുക്കുന്നു.
അന്നും പതിവുപോലെ പൊതുകക്കൂസിന്റെ മുമ്പില്‍
തമിഴന്മാരുടെ നീണ്ടനിര കാണാമായിരുന്നു.

തിരികെ വീട്ടിലേക്ക്‌ പോയപ്പോള്‍
തൂവാലയില്‍ അലിഞ്ഞില്ലാതെയായത്‌
ഒരു നഗരമാണെന്ന്‌ അയാള്‍ ആരോടും പറഞ്ഞില്ല.

അപ്പോഴാണ്‌ നഗരം രണ്ടുപേര്‍ക്കിടയില്‍ ചെറിയ
വിടവുകളുമായി ചുറ്റിത്തിരിയുന്നത്‌ കണ്ടത്‌.
കൂടെപോകുന്ന ആര്‍ക്കും ആവശ്യത്തിന്‌ മറവ്‌
വാഗ്‌ദാനം ചെയ്യുന്നുണ്ടായിരുന്നു.
വെയിലുമൂത്തപ്പോള്‍ വിടവുകളില്‍നിന്നും
പുറത്തിറങ്ങിയവരുടെ കൂട്ടത്തില്‍ നീയും ഞാനുമുണ്ടായത്‌
അങ്ങനെയാണ്‌.

ഭൂതകാലങ്ങളില്‍ നാം പുഴുക്കളായിരുന്നെന്ന്‌
പറയുന്നവരുടെ ലോകമാണ്‌ നമ്മുടേത്‌.
നമുക്ക്‌ പഴതാരകളുടെയും പുല്‍ച്ചാടികളുടെയും
ജീവിതത്തെക്കുറിച്ച്‌ പറയാം.
അവരുടെ പാട്ടുകളില്‍ മനുഷ്യരെക്കുറിച്ചുള്ള രസകരങ്ങളായ
ചില ഓര്‍മ്മകളുണ്ട്‌.

പക്ഷികള്‍ക്ക്‌ ആകാശം ഒരു വീടാണ്‌

പക്ഷികള്‍ ഇത്രയും ഉയരത്തില്‍ പറക്കുന്നത്‌
ഭൂമിയെ കാണുന്നതിനുവേണ്ടിയാണെന്ന്‌ തിരിച്ചറിഞ്ഞിരുന്നില്ല.
അതുകൊണ്ടാണ്‌ ഓരോ ചിറകടിയും ഭൂമിയിലേക്കുള്ള
യാത്രകളാണെന്ന്‌ പറഞ്ഞത്‌.

പക്ഷികളുടെ യാത്രകള്‍ ചിറകുകളില്ലാത്ത യുഗങ്ങളിലേക്കാണ്‌.
മഞ്ഞുപുതഞ്ഞ തടാകത്തിനക്കരെ
അങ്ങനെയൊരു കാലമുണ്ടെന്ന്‌ അവരോട്‌
കള്ളം പറഞ്ഞതാരാണ്‌.

2 comments:

Latheesh Mohan said...

നിന്റെ കവിതയ്ക്ക് എത്ര കിട്ടിയാലും മതിയാകില്ലേ, പെണ്‍ശരീരങ്ങള്‍? ഇല്ലേ?
രാമായണം ഒഴിച്ച് ബാക്കിയെല്ലാം എനിക്ക് സുഖിച്ചു

Anonymous said...

പരസ്പര വൈരുദ്യങ്ങളായ കൽ‌പ്പനകളിൽ തുടക്കം. പക്ഷികള്‍ ഇത്രയും ഉയരത്തില്‍ പറക്കുന്നത്‌
ഭൂമിയെ കാണുന്നതിനുവേണ്ടിയാണെന്ന നിരീക്ഷണത്തോടെ അവസാനം... ക്രിസ്പിനേ... പെൺകുട്ടികളെ പറ്റി നീയെഴുതുന്വൊൾ എത്ര പെൺശരീരങ്ങളെ ആണെന്നോ ഞാൻ സ്വന്തമാക്കുന്നത്

Post a Comment