മനുഷ്യനില്‍നിന്ന് മനുഷ്യനെ കണ്ടെത്താനുള്ള
ശ്രമങ്ങളാണ് നാമിപ്പോള്‍ നടത്തുന്നത്.
ആരുടെ മുഖമാണ് നിനക്ക് കൂടുതലായി ചേരുകയെന്ന്
എപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുന്നു.
എനിക്കിപ്പോള്‍ നിന്റെ മുഖവും
മുലകളുമറിയാം.
ഒന്ന് വലിച്ച് നീട്ടിയാല്‍ പതാകപോലെ തോന്നിപ്പിക്കുന്നതാണ്
നിന്റെ പ്രണയമെന്നും അറിയുന്നുണ്ട്.
വലിയ വീഞ്ഞുപെട്ടികള്പോലെ വിശാലമാണ്
നിന്റെ നഗരങ്ങള്‍.
പാവകളെയും
വിചിത്രരൂപികളായ മനുഷ്യരെയും മാത്രമാണ്
അവിടെ കാണുന്നത്.
ഹൃദയങ്ങള്‍ക്ക്
ഒരുമുറിയുടെ അത്രപോലും വലുപ്പമില്ലാത്തതാണ്
നമ്മുടെയൊക്കെ പ്രശ്നം.
തെരുവിലെ പഴക്കച്ചവടക്കാരന്റെ വീടിന്റെത്രപോലുമില്ല
നമ്മുടെ ഹൃദയങ്ങള്‍.
എന്നിട്ടും നമ്മള്
ദൂരെ നഗരങ്ങളില്‍നിന്നുള്ള പാട്ടുകാരെ
വിളിച്ചുകൊണ്ടിരുന്നു.
അവര്‍ക്ക് പാര്‍ക്കാന്‍ ചില്ലകള്‍ കൊടുക്കാമെന്നുതന്നെയാണ്
ചിന്തിക്കുന്നത്.
നഗരം നിന്നെ ശ്രവിക്കുന്നതെങ്ങനെയെന്ന്
ഇപ്പോളാണ് തിരിച്ചറിയുന്നത്.
നിന്റെ വഴികള്‍ ഒച്ചുകളുടെയും ഉറുമ്പുകളുടെയും
വഴികളുമായി കൂടിപ്പിണഞ്ഞുക്കിടക്കുന്നു.
ഉടുപ്പണിയുമ്പോള്
നീ പൂര്‍ണ്ണമായും വേറൊരാളായി മാറുന്നു.
ഇത്രനേരം എന്റേതായിരുന്ന
നഗ്നത വേറെ ആരുടെയോ ആയിമാറുന്നത്
ഞാനറിയുന്നുണ്ട്.
ലൈലാക്ക് നിറമുള്ള ഉള്‍വസ്ത്രങ്ങളില്‍
നിന്നെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്.
(ഉടുപ്പിനെക്കുറിച്ചും ശരീരത്തെക്കുറിച്ചുമുള്ള നിന്റെ ഓര്‍മ്മകളില്‍നിന്നാണ് അതിര്‍ത്തിയിലെ കാവല്‍ക്കാര്‍ക്കുള്ള കഥകള്‍ മെനഞ്ഞെടുത്തത്. നിന്റെ ഉടുപ്പിന്റെ അതിരുകളില്‍ ഒരിക്കലും ഞാനുണ്ടായിരുന്നില്ല. എന്നാല്‍ കഥകളില്‍ ഞാന്‍ നിന്റെ ഉടുപ്പായി മാറുന്നു.)
ശരീരം തേഞ്ഞുതീരുമെന്ന പേടിയിലാണ്
നാം ആലിംഗനം ചെയ്യാതെ മാറിയിരിക്കുന്നത്.
അതിനിടയിലും മന്ത്രവാദിനികളുടെ മണംനിറഞ്ഞ
ഭൂമിയില്‍നിന്ന് ഒളിച്ചോടാനുള്ള ശ്രമങ്ങള്‍
നാം നടത്തുന്നു.
തുരുമ്പിച്ച ആണികളുടെയും
പഴകിയ കുപ്പായങ്ങളുടെയും ഗന്ധമാണ്
നിന്റെ നഗരത്തിന്.
അവിടെ രണ്ട് തീവണ്ടികള്‍ക്കിടയില്‍
കണ്ടുമുട്ടുമെന്ന് നമ്മള് പ്രതീക്ഷിച്ചിരുന്നു.
ഞാന്‍ നടത്തിയ ഏറ്റവും ദീര്‍ഘമായ യാത്ര
നിന്റെ ചുണ്ടുകളിലേക്കും
ദൂരെനിന്ന് നോക്കുമ്പോള്‍ ഗോപുരങ്ങള്‍പോലെ തോന്നിപ്പിക്കുന്ന
തുടകളിലേക്കുമുള്ളതായിരുന്നു.
ചുംബിക്കുമ്പോള്‍ കൈമാറിയിരുന്ന
അജ്ഞാതമായ ഭാഷയില്‍ തന്നെയാണ്
നാം പ്രണയിക്കുന്നത്.
തെരുവില്‍ നമ്മുടെ ഭാഷ മുഴങ്ങിക്കേള്‍ക്കുന്നത്
നാമറിയുന്നുണ്ട്.
(ഗൂഗിള്‍ സ്റാറ്റസ്- നാവില്‍ ചെറിപ്പഴങ്ങളുടെ രുചിയാണിപ്പോഴും...)
നാവില്‍ ചെറിപ്പഴങ്ങളുടെ രുചിയാണിപ്പോഴും.
നമ്മുക്കിടയില്‍ ചെറിമരങ്ങള്‍ നട്ടുപിടിപ്പിച്ചതാരാണെന്നറിയില്ല.
എത്ര ചുംബിച്ചിട്ടും
ചെറിപ്പഴങ്ങളുടെ രുചി നാവില്‍നിന്ന് പോകുന്നില്ല.
രണ്ട് ദിശയിലേക്ക് നടത്തിയ ദീര്‍ഘയാത്രയുടെ ക്ഷീണമാണ്
നമ്മെ ഒന്നിപ്പിച്ചത്.
നീ അന്വോഷിച്ചുകൊണ്ടിരുന്നതുതന്നെയാണ്
ഞാനും അന്വേഷിച്ചിരുന്നത്.
അതുകൊണ്ടുതന്നെയാവണം
ആ തെരുവില്‍വെച്ച് നാം കണ്ടുമുട്ടിയത്.
എനിക്ക് വഴങ്ങിത്തരാത്ത
നിന്റെ രാത്രികളെക്കുറിച്ച് മാത്രമാണ് ചിലസമയങ്ങളില്‍
ഓര്‍ക്കുന്നത്.
(ഗൂഗിള്‍ സ്റാറ്റസ്- നെരൂദ ചിലിയോട് ചെയ്തത് എനിക്ക് നീയുമായി ചെയ്യണം...)
രണ്ട്
മനുഷ്യരില്‍നിന്നും പാവക്കുട്ടികളെ കണ്ടെത്താനുള്ള
ശ്രമങ്ങള്‍ ഇപ്പോഴും നാം ഉപേക്ഷിച്ചിട്ടില്ല.
ആദ്യം മനുഷ്യനെ കണ്ടെത്തുന്നത് നീയാണെങ്കില്‍
എന്നില്‍നിന്നുള്ള മോചനമാണ് നിനക്കുള്ള സമ്മാനം.
ആദ്യം മനുഷ്യനെ കണ്ടെത്തുന്നത് ഞാനാണെങ്കില്‍
ഇനിയുള്ള നിന്റെ ജന്മങ്ങളാണ് സമ്മാനമായി വേണ്ടത്.
നഗരത്തിലെ നിന്റെ വേഗമാണ്
ഇപ്പോളോര്‍ക്കുന്നത്.
തെരുവില്‍നിന്ന് തെരുവിലേക്കുള്ള
നിന്റെ വേഗങ്ങള്‍ സര്‍ക്കസ് കൂടാരങ്ങളെ
ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
നീ പൂക്കാരിയുടെ ചിത്രമെടുക്കുമ്പോള്‍
ഒരു പൂവിനെ ഞാനടുത്തുകാണുകയായിരുന്നു.
ചേര്‍ന്ന് നടക്കുമ്പോള്‍
തൊട്ടുമുമ്പില്‍ ചേര്‍ന്ന് നടക്കുന്ന രണ്ടുപേര്‍ മാത്രമായിരുന്നു
മനസില്‍.
മൂന്ന്
മന്ത്രവാദിനിയാകാന്‍ പുറപ്പെട്ടുപോയതാണ്
നിന്റെ ജീവിതമെന്ന് അറിയുന്നുണ്ട്.
എന്നാല്‍ ജീവിതത്തെ അളന്നെടുക്കാന്‍
നിന്റെ പക്കലുണ്ടായിരുന്നത് അണിയം തകര്‍ന്നുപോയ
കപ്പലുകള്‍ മാത്രമായിരുന്നു.
ഏത് യാത്രികനും പകച്ചുപോകുന്ന
സമയങ്ങളിലാണ് നിന്റെ യാത്ര തുടങ്ങുന്നത്.
ആ സമയങ്ങളില്‍ മാത്രമാണ് നീയൊരു യാത്രികനാണെന്ന്
ഞാന്‍ തിരിച്ചറിഞ്ഞിട്ടുള്ളതും.
പ്രണയത്തിന്റെയും വീഞ്ഞുപെട്ടികളുടെയും
സമാഹാരവുമായി കടല്‍ കടക്കുകയാണ്
നമ്മള്.
ഭ്രാന്തിന്റെ നേര്‍ത്ത ആവരണത്താല്‍ നമ്മുടെ ജീവിതം
കൂടിപ്പിണഞ്ഞ് കിടക്കുന്നു.
അതുകൊണ്ടാവണം ചിലസമയങ്ങളില്‍ നമ്മള് യക്ഷിക്കഥകളിലെ
കഥാപാത്രങ്ങളെപ്പോലെ പെരുമാറുന്നത്.
രൂപമില്ലാതാകുന്ന
നദിയെക്കുറിച്ചുള്ള ചിന്തകള്‍ തുടങ്ങുന്നത്
നമ്മുടെ യാത്രകള്‍ക്കിടയിലാണ്.
നദിക്കരയിലിരുന്ന് മുഖംമിനുക്കുന്നത്
മരങ്ങളാണെന്നും
പുറത്താക്കപ്പെട്ട കന്യാസ്ത്രീകളാണെന്നും
നമ്മള് തര്ക്കിച്ചുകൊണ്ടിയിരിക്കുന്നു.
ഇപ്പോള്‍ പുറത്താക്കപ്പെട്ട കന്യാസ്ത്രീകളുമായാണ്
നമ്മള് യാത്ര ചെയ്യുന്നത്.
അവര്‍ വീഞ്ഞിനെയും അപ്പത്തേയുംക്കുറിച്ച് വാതോരാതെ
സംസാരിക്കുന്നു.
ഉപവാസങ്ങള്‍ക്കൊണ്ടൊന്നും മെഴുകുതിരികള്‍ ലിംഗമായി
രൂപംമാറില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
നാല്
ഉമ്മകള്‍കൊണ്ട് തീര്‍ത്ത കൊട്ടാരങ്ങളെക്കുറിച്ചും
ആടിയുലയുന്ന മരങ്ങളുടെ ഉദ്യാനങ്ങളെക്കുറിച്ചുമാണ്
നമ്മള് സംസാരിക്കുന്നത്.
ഒരിക്കലും പൂക്കാത്ത മരങ്ങളുടെ ഉദ്യാനമെന്ന
പേരാണ് നമ്മുടെ സന്ധ്യകള്‍ക്ക് ചേരുകയെന്ന് നീ പറയുന്നു.
പൂക്കള്‍ നിറഞ്ഞ തെരുവിലൂടെയുള്ള
സൈക്കിള്‍ സവാരിയെക്കുറിച്ചും
ഫതിക് അകിന്റെ സിനിമകളിലെ പെണ്ണുങ്ങളെക്കുറിച്ചും
നമ്മള് സംസാരിക്കുന്നു.
ഞരമ്പ് മുറിക്കുന്നതിന് തൊട്ടുമുന്‍പ് ഹെഡ് ഓണിലെ
നായിക പറഞ്ഞതെന്താണെന്ന് നീയെനിക്ക് പറഞ്ഞുതരുന്നു.
(ചുംബനം
ജിന്‍
ബാബാ സുല-ഇതിലാരാണ് നമ്മളെ ആദ്യം കീഴടക്കിയത്.)
തെരുവിനപ്പുറം ജ്വലിക്കുന്ന കുതിരകളുടെ വീടുണ്ട്.
അവിടെ നിന്ന് നോക്കുമ്പോള്‍ കാണാനാകുന്ന
മുന്തിരിത്തോട്ടമാണ് നമ്മുടെ
ജീവിതത്തെ മാറ്റിമറിക്കാന്‍ പോകുന്നത്.
അഞ്ച്
പാവകളുടെയും
ഒരിക്കലും വിളഞ്ഞുപഴുക്കാത്ത മുന്തിരികളുടെയും നഗരമാണ് നിന്റേതെന്ന്
നീ പറയുന്നു.
അവിടെ വിളക്കുകാലുകള്‍ക്കു താഴെ നാം ആലിംഗനം
ചെയ്തുനില്‍ക്കുന്നത് എല്ലാവരും കണ്ടതാണ്.
എന്നിട്ടും മുന്തിരികള്‍ വിളഞ്ഞുപാകമാകുന്നില്ല.
ആറ്
കൂട്ടത്തിലുള്ളയാള്‍ ഇറങ്ങിപ്പോകുമ്പോള്‍
മാത്രം തുടങ്ങുന്ന ഒന്നായി എന്റെ യാത്ര മാറിയിരിക്കുന്നു.
മെഴുകുതിരിയണയുമ്പോള് തെറ്റിക്കയറുന്ന മുറിപോലെ
ആ യാത്ര എന്നെ ഭയപ്പെടുത്തുന്നുണ്ട്.
ചെമ്മരിയാടുകള്‍ പൂത്തുനില്ക്കുന്ന
ഉദ്യാനങ്ങളാണ് ഞാനിപ്പോള്‍ ലക്ഷ്യം വെയ്ക്കുന്നത്.
ക്രിസ്പിന് ജോസഫ്
24 comments:
പ്രണയം എഴുതിയാല്‍ തീരാത്ത വിഷയം.നന്നായി ക്രിസ്പിന്.
നീ അന്വോഷിച്ചുകൊണ്ടിരുന്നതുതന്നെയാണ്
ഞാനും അന്വേഷിച്ചിരുന്നത്.
അതുകൊണ്ടുതന്നെയാവണം
ആ തെരുവില്‍വെച്ച് നാം കണ്ടുമുട്ടിയത്.
lover lunatic poet...!!!
മനോഹരം കൃസ്പിന്‍
ചുംബിക്കുമ്പോള്‍ കൈമാറിയിരുന്ന
അജ്ഞാതമായ ഭാഷയില്‍ തന്നെയാണ്
നാം പ്രണയിക്കുന്നത്. :)
നന്നായിരിക്കുന്നു.. വഴികള്‍ക്ക് തിരിവില്‍ കൈകൂപ്പി നില്ക്കുന്നവള് ആകുന്നു പ്രണയം. യാത്രയില്‍ കാണാതെ പോകാന്‍ ഒരുപാട് സാധ്യതയുള്ളവള്‍.
"ചെമ്മരിയാടുകള്‍ പൂത്തുനില്ക്കുന്ന
ഉദ്യാനങ്ങളാണ് ഞാനിപ്പോള്‍ ലക്ഷ്യം വെയ്ക്കുന്നത്. "
പ്രണയം പെയ്യ്തിറങ്ങട്ടെ ....!!!!
hey lover... lunatic... poet...!!!
It is fantastic.
No other words.
ഗൂഗിള്‍ സ്റാറ്റസ്- നെരൂദ ചിലിയോട് ചെയ്തത് വായനയില്‍ എനിക്ക് ഈ കവിതയുമായി ചെയ്യണം...
unbelievably magical.
rhythmic. visual.
love this lone loneliness.
nalla kavitha...itakku keri vanna cinema perum seinumonnum illaayirunnenkilum kuzhappamunaakumaayirunnilla...athokke 90-kalile noumber alledaaa...?varsham 20 kazhinjille...?
@ ശ്രീജിത്ത് അരിയല്ലൂര്‍. ചില നമ്പറുകള്‍ എല്ലാ കാലവും ചെയ്യാന്‍ തോന്നില്ലേ... വ്യക്തിപരമായ കാരണങ്ങളാല്‍ ആ സിനിമ എനിക്ക് ഏറ്റവും പുതിയതും അടുത്ത് നില്‍ക്കുന്നതുമാണ്. ചിലത് പറയാന്‍ പഴയ സങ്കേതങ്ങള്‍ (പഴയ രീതികള്‍) തന്നെ ഉപയോഗിക്കേണ്ടിവരുമെന്നും തോന്നുന്നു. അതില്‍ തെറ്റുണ്ടെന്ന് തോന്നുന്നുമില്ല.
ഹൃദയങ്ങള്‍ക്ക്
ഒരുമുറിയുടെ അത്രപോലും വലുപ്പമില്ലാത്തതാണ്
നമ്മുടെയൊക്കെ പ്രശ്നം.
നല്ല കവിത...
ചിന്തകൾക്ക് തീ പിടിക്കട്ടെ ഭാവുഗങ്ങൾ..............
നല്ല കവിത.
ഏതെങ്കിലും ഒരു കാര്യത്തെ പറയാന്‍ ഒരു മാധ്യമത്തെ ആശ്രയിക്കുമ്പോള്‍.. അതിനി കഥയായാലും കവിതയായാലും കലാപരമായ ഏതൊന്നിനെയും വിളക്കപ്പെടുകയും ചെയ്താല്‍.. ശേഷം ചില 'ടെക്നിക്കുകള്‍' ആവാം. അത് പലതിനെയും കാലത്തെയും സംഭവത്തെയും ചരിത്രത്തെയും എല്ലാം ഓര്‍മ്മകളിലേക്ക് മടക്കി കൊണ്ട് വരും. അത്തരമൊരു സാങ്കേതികതയാണ് ചില അക്കങ്ങളും നാമങ്ങളും.
ആദ്യമായാണ് ഇവിടെ. എന്റെ അനുഭവത്തില്‍ ഒരു സചിത്ര വായന തന്നെയായിരുന്നു.
ആശംസകള്‍.... !
nannayirikkunnu:)keep penning..expecting more:)
ആശംസകള്‍..
pathivu pole vismayippikkunnundu
valikalude pookkalam..roopamattathinu ottum idavela nalkathe ozhukunna varikalude oru puzhakkalam..
kudos...
വളരെ മികച്ച കവിത.....
"ഇപ്പോള്‍ പുറത്താക്കപ്പെട്ട കന്യാസ്ത്രീകളുമായാണ്
നമ്മള് യാത്ര ചെയ്യുന്നത്.
അവര്‍ വീഞ്ഞിനെയും അപ്പത്തേയുംക്കുറിച്ച് വാതോരാതെ
സംസാരിക്കുന്നു.
ഉപവാസങ്ങള്‍ക്കൊണ്ടൊന്നും മെഴുകുതിരികള്‍ ലിംഗമായി
രൂപംമാറില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്."
ഈയിടെ വായിച്ചതിൽ വെച്ച് ഇഷ്ടപ്പെട്ട നല്ലൊരു കവിത.
ബ്ലോഗുകളിൽ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന വായനാനുഭവം.നന്നായി കൂട്ടുകാരാ.ഇനിയും എഴുതുക.
pranayathinte choodu venam, munthiriku vilanju paakamavaan.....
Post a Comment