അല്പകാലമെങ്കിലും
വണ്ടുകളുടെ സായാഹ്നങ്ങള്‍ ആസ്വദിച്ചാലോയെന്ന
ചോദ്യത്തിന് പിന്നാലെയാണ്
നമ്മളിപ്പോള്‍.
വണ്ടുകളെക്കുറിച്ച് ഒന്നും പറയാനില്ലാത്ത
ഒരു തലമുറ ഇവിടെ ജീവിച്ചിരുന്നു എന്നതിന്
ഇതില്‍പ്പരമെന്ത് തെളിവാണ് വേണ്ടത്.
വാതിലുകള്‍കൊണ്ട് നിര്‍മ്മിച്ച വീടാണ് നീയെന്ന്
വണ്ടുകളുടെ രാജ്യത്തെ കഥകള്‍ വെളിപ്പെടുത്തുന്നു.
എന്തോ പറയാന്‍ വാതുറന്നപ്പോള്‍
കൊല്ലപ്പെട്ടതുപോലെയാണ് നമ്മുടെ തലമുറയുടെ ജീവിതം.
അതിന്റെ വേരുകള്‍ അജ്ഞാതദേശങ്ങളില്‍ കുടിപാര്‍ക്കുന്നു.
അവിടെ ഏറ്റവും അപരിചിതമായ ഭാഷയില്‍
നാണയങ്ങളും കൈയ്യുറകളും കൈമാറുന്നത് നമ്മളാണ്.
വണ്ടുകളുടെ രാജ്യം
മറ്റേത് രാജ്യംപോലെയുമാണെന്ന് നമ്മള്
കരുതുന്നു.
അവിടെ പരിചയപ്പെട്ടവരുടെ സംഭാഷണങ്ങള്‍
പുഴുങ്ങിയ മുട്ടകളുടെയും മുല്ലപ്പൂക്കളുടെയും
തെരുവില്‍ കണ്ടുമുട്ടിയവരുടേതുപോലെയായിരുന്നു.
എന്നോ മുങ്ങിപ്പോയ
ഒരു കപ്പലിന്റെ ചിത്രം തുന്നിയ കുപ്പായമാണ്
നമ്മള് കൈമാറുന്നത്.
വണ്ടുകളുടെയും തോറ്റുപ്പോയ കടല്‍ക്കൊള്ളക്കാരുടെയും
ഓര്‍മ്മകളില്‍ മാത്രമാണ്
ആ കപ്പലിനെക്കുറിച്ച് പറയുന്നത്.
(ആ കുപ്പായം രാജ്യങ്ങളില്ലാത്തവരുടെ അടയാളമായി മാറിയത് പൊടുന്നനെയാണ്.)
വണ്ടുകളുടെ ആത്മാക്കള്‍
ആത്മാക്കളെ ആവിയില്‍
പുഴുങ്ങിയെടുക്കുന്ന വീടുകളുടെ തെരുവിലേക്കാണ്
നമ്മള് യാത്ര ചെയ്യുന്നത്.
അവിടെ
മുഖത്തോട് മുഖംനോക്കിനിന്ന് ഗിത്താര്‍ വായിക്കുന്ന
രണ്ടുപേരെ നമ്മള് കാണുന്നു.
അവര്‍ ഗേകളാണെന്നും ഡ്രം വായിക്കുന്നയാളുടെ
കണ്ണുതെറ്റിയാല്‍ ചുംബിക്കുമെന്നും നമ്മള് മനസിലാക്കുന്നുണ്ട്.
ഗിത്താറുകളുടെ രാത്രിയില്‍
വണ്ടുകള്ക്കെന്താണ് കാര്യമെന്ന് ചോദിക്കാന്‍പ്പോലും
നമ്മുക്ക് സാധിക്കുന്നില്ല.
വസന്തം വരുമ്പോള്‍ കുപ്പായം മാറുന്ന
വണ്ടുകളാണ് നമ്മുടെ യാത്രകളെ നിറമുള്ളതാക്കി മാറ്റിയത്.
നിറങ്ങളില്‍ മുങ്ങാതെ ഈ തെരുവുകളില്‍നിന്നും
പുറത്തിറങ്ങാനാവില്ലെന്ന് നമ്മള് തിരിച്ചറിയുന്നുണ്ട്.
(എല്ലാ നിറങ്ങളും മടുത്ത്
ബ്ളാക്ക് വൈറ്റ് ഫ്രെയിമിലേക്ക് ഒതുങ്ങിത്തരുന്ന
ഓന്തുകളോ
വിവസ്ത്രരാകുന്ന വണ്ടുകളോ ആണ്
ഈ തെരുവിനെ നിറങ്ങളുടെതാക്കിയത്.)
കടല്ക്കരയില് അരക്കെട്ട് ചേര്‍ത്ത്
നൃത്തമാടുന്ന രണ്ടുപേര്‍ക്കിടയില്‍
നമ്മള് പൂര്‍ണ്ണമായും ഒറ്റപ്പെട്ടുപോകുന്നു.
മറ്റാരെക്കാളും നന്നായി നൃത്തമാടാന്‍ നമുക്കറിയാമായിരുന്നു.
എന്നാലും ഒറ്റപ്പെട്ടുപോകുന്നു.
(കടല്ക്കരയില് ഒറ്റപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാനാണ് കുറഞ്ഞ മദ്യം മാത്രം വില്‍ക്കുന്ന നഗരത്തിലെ ബാറില്‍ മൂന്ന് രാവും പകലും നമ്മള് തുടര്‍ച്ചയായി നൃത്തം ചെയ്തത്.)
എല്ലാവര്ക്കും മുഖംനോക്കാവുന്ന
ഒരു കണ്ണാടിയായി മാറണമെന്ന നിന്റെ ആഗ്രഹമാണ്
സാധിക്കാന്‍ പോകുന്നത്.
നീ നൃത്തമാടുന്നത് കാണുമ്പോള്‍
കണ്ണാടിയില്‍ സ്വന്തം മുഖം കാണുന്നതുപോലെ
തെരുവ് ഉണര്ന്നെഴുന്നേല്ക്കുന്നത് ഞാനറിയുന്നുണ്ട്.
നിന്റെ ചലനങ്ങള്‍ക്കിടയില്‍ രണ്ടുപേര്‍ക്ക് തടസമില്ലാതെ
സംസാരിക്കാനാകുന്നുണ്ട്.
ഒരുവേള അതിലൊരാള്‍ക്ക്
നിന്നിലൂടെ തെരുവ് മുറിച്ചുകടക്കാന്‍ പോലുമാകുന്നുണ്ട്.
വണ്ടുകളുടെ സായാഹ്നം
വീണ്ടും വണ്ടുകളുടെ
സായാഹ്നത്തിലേക്ക് മടങ്ങിവരുകയാണ്.
നഷ്ടപ്പെട്ടുപോയ മാമ്പഴക്കാലത്തെക്കുറിച്ചോര്ക്കുന്ന
ഗ്രാമങ്ങളെപ്പോലെയാണ് നമ്മളിപ്പോള്‍.
എറിഞ്ഞ കല്ലുകളെല്ലാം തിരിച്ചുവരുന്നത് കണ്ടുനില്ക്കുകയാണ്
നമ്മുടെ മാവുകള്‍.
തിരിച്ചുവരുന്ന കല്ലുകളുടെ കൂട്ടത്തില്‍
നമ്മള് പകുത്തെടുത്ത മാമ്പഴങ്ങളുമുണ്ട്.
വണ്ടുകളുടെയും മാമ്പഴങ്ങളുടെയും മുടിയിഴകളുടെയും
സായാഹ്നങ്ങളാണ് നമ്മുടെ ഓര്‍മ്മകളില്‍ നിറയെ.
നുണക്കുഴികളുമായി സന്ധിസംഭാഷണങ്ങള്‍
നടത്തിയിരുന്ന മാവിന്ത്തോപ്പുകളിലേക്ക് നമ്മള് മടങ്ങിപ്പോകുന്നു.
കല്ലുകളാണ് നഗരങ്ങളെ നിര്‍മ്മിച്ചതെന്ന് പഠിപ്പിച്ച
നീ തന്നെയാണ്
ഒരിക്കലുമെണ്ണിതീരാത്ത പൂച്ചരോമങ്ങളെക്കുറിച്ച്
ആദ്യമായി പറഞ്ഞത്.
(പൂച്ചകളെ ചാക്കില്‍ക്കെട്ടി തോട്ടിലെറിഞ്ഞിരുന്ന കുട്ടിക്കാലത്തെ എത്രവേഗമാണ് നമ്മള് പുഴകടത്തിവിടുന്നത്.)
ഉന്മാദിനിയുമായി ഇണചേരാന്‍ ഇഷ്ടമില്ലെന്ന്
നിന്റെ ചലനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
വോഡ്കയില് വിരല്‍മുക്കി മൂന്നുവര്‍ഷം മുമ്പ്
നിര്‍ത്തിയിടത്തുനിന്നും ഗിത്താര്‍ വായിച്ചുതുടങ്ങാന്‍ സാധിക്കുമെന്ന്
നീ പറയുന്നു.
എന്റെ ഗന്ധം
ഗോതമ്പുപാടങ്ങള്‍ക്കിടയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന
തീവണ്ടിയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന്
പറഞ്ഞത് നീയാണ്.
എന്റെ ചുംബനങ്ങള്‍
പഴുതാരക്കാലുകള്കൊണ്ടലംങ്കരിച്ച
ഗ്ളാസില്‍ കിനഞ്ഞിറങ്ങുന്ന വോഡ്കയെ ഓര്‍മ്മിക്കുന്നുവെന്ന്
പറഞ്ഞതും നീ തന്നെ.
വണ്ടുകളുടെ പ്രണയം
ഭൂമിയിലെ ഏറ്റവും തിരക്കേറിയ
തുറമുഖമാണ് നീ.
അവിടെ കൈമാറ്റം ചെയ്യപ്പെടുന്ന ചരക്കുകള്‍
മറ്റൊരു ലോകത്തിലേക്കുള്ള കുറിപ്പുകളായിരുന്നു.
വണ്ടുകളുടെ പ്രണയം
നദികളുടെ കരയിലുള്ളവര്‍ക്ക് മാത്രം
മനസിലാകുന്ന ഭാഷയിലായിരുന്നു.
പാവനാടകങ്ങള്‍ കളിക്കുന്ന ഒരു ജനതയാണ്
അവര്‍ക്കുള്ള വസ്ത്രങ്ങള്‍ നെയ്തിരുന്നത്.
ആമസോണ്‍ നദിയിലൂടെ
ഒരു യുവതി ഒറ്റയ്ക്ക് തുഴഞ്ഞുവരുന്ന
ചങ്ങാടത്തിലാണ്
നമ്മുക്കുള്ള കഞ്ചാവും മയക്കുവെടികളും
കൊണ്ടുവരുന്നത്.
അവളുടെ രഹസ്യഭാഗങ്ങളില്‍ കൊത്തിവെച്ചിരിക്കുന്നത്
നമ്മുടെതന്നെ പേരുകളാണ്.
ചില ചിഹ്നങ്ങള്‍ ഗോത്രരാജ്യങ്ങളിലെ
രാജ്ഞിമാരുടെ കിടപ്പറയിലേക്കുള്ള വാതിലുകളാണ്.
ഓര്‍മ്മയിലേക്ക് കോവണികള്‍ ചാരിവെച്ച്
നമ്മുക്ക് യാത്ര തുടരാം.
ഏത് കോവണിയില്‍ കയറിയാലാണ്
നിന്നിലേക്കെത്തുകയെന്ന് നീ പറഞ്ഞിട്ടില്ലെങ്കിലും
നമ്മള് യാത്ര തുടരുകയാണ്.
രാത്രിസത്രങ്ങളും ചൂതാട്ടകേന്ദ്രങ്ങളും
നിറഞ്ഞ ഒരു തെരുവിലാണ് നാമിപ്പോള്‍ നില്‍ക്കുന്നത്.
അവിടെവെച്ചാണ്് നമ്മള്
ആദിമജനത നട്ടുവളര്‍ത്തിയ പാട്ടുകള്‍ കേള്‍ക്കുന്നത്.
കടല്‍ ശാന്തമാകുന്നത് അഴിമുഖങ്ങളില്‍ മാത്രമാണെന്ന്
പാട്ടുകാരന് പാടിക്കൊണ്ടേയിരിക്കുന്നു.
പായ്ക്കപ്പലുകളില്‍
വിദൂരനഗരങ്ങളിലേക്ക് പോകാനാണ് നമ്മളിവിടെയെത്തിയത്.
അവിടെ ഒരിക്കലും തിരിച്ചുവരാത്ത കപ്പലുകളിലെ നാവികര്‍
നമ്മളെ കാത്തിരിക്കുന്നു.
അപകടം പിടിച്ച മണങ്ങള്‍ പതുങ്ങിയിരിക്കുന്ന
ഒന്നായി നമ്മുടെ ജീവിതങ്ങള്‍ മാറിയിരിക്കുന്നു.
നശിച്ച മണങ്ങളുമായി എപ്പോള്‍ വേണമെങ്കിലും കയറിവരാവുന്നവര്‍ക്കായി
തുറന്നിട്ടിരിക്കുന്ന വാതിലാണ് ഞാന്‍.
(നിന്റെ മണമുള്ളതുകൊണ്ടുമാത്രമാണ് ആ നഗരത്തില്‍ ഇത്രയും കാലം ജീവിച്ചതെന്ന് ഒരു പെണ്‍കുട്ടിയും എന്നോട് പറഞ്ഞിട്ടില്ല.)
നമ്മുക്കിനി നാടോടികളെക്കുറിച്ചും
അവര്‍ ചെന്നുകയറുന്ന ഗ്രാമങ്ങളെക്കുറിച്ചും സംസാരിക്കാം.
കവിളില്‍ ജിപ്സികളുടെ ചിഹ്നം പതിപ്പിച്ച പെണ്‍കുട്ടിയുമായി
തെരുവിലലഞ്ഞു നടക്കാം.
കുന്നിന്മുകളിലെ അവളുടെ വീട്ടിലേക്ക്
ഉരുളക്കിഴങ്ങും ചീരയിലകളുമായി ചെന്നുകയറാം.
ഏത് ചിത്രകാരന്റെ ഭാവനയാണ്
അവള്‍ക്ക് ജിപ്സികളുടെ ജീവിതം സമ്മാനിച്ചതെന്നാണ്
ഇപ്പോളാലോചിക്കുന്നത്.
പൂക്കളുമായി കുന്നിറങ്ങുന്ന വൃദ്ധ പറയുന്നത്
അവളുടെ ചെമ്പന്‍ മുടികളെക്കുറിച്ചും
മുറിയില്‍ ഒളിച്ചിരിക്കുന്ന വസന്തത്തെക്കുറിച്ചുമാണ്.
കുതിരച്ചാണകത്തിന്റെ മണമുള്ള മുറികളില്‍നിന്നും
ഉണര്ന്നേഴുന്നേല്ക്കാത്ത പ്രവാചകന്മാരാണ്
നമ്മളെ നാടോടികളാക്കി മാറ്റിയത്.
ഗിത്താറില്‍നിന്ന് ഓറഞ്ചിന്റെ വിത്തുകളുമായി
ഒരാള്‍ ഇറങ്ങിവരുമെന്ന് തന്നെയാണ് നമ്മള് പ്രതീക്ഷിക്കുന്നത്.
17 comments:
wat an imagery...got gipsyed dear...!!!!!!!!!!
നന്നായിരിക്കുന്നു ക്രിസ്പിന്. ആമസോണ്‍ നദിയിലൂടെ ഒറ്റയ്ക്ക് ചങ്ങാടം തുഴഞ്ഞു വരുന്ന പെണ്‍കുട്ടി നല്ല ഇമേജ്.
"ഒരുവേള അതിലൊരാള്‍ക്ക്
നിന്നിലൂടെ തെരുവ് മുറിച്ചുകടക്കാന്‍ പോലുമാകുന്നുണ്ട്." ഓരോ വഴിയും നമ്മുടെ ബോധാബോധങ്ങളില്‍ നെടുകയും കുറുകയും പായുന്നു. എന്തായാലും നമ്മുടെ യുവതയുടെ ജീവിത സമസ്യകള്‍ക്ക് ചില രീതിയില്‍ നിന്റെ കവിതകള്‍ ഉത്തരം തേടുന്നു.
കടല്ക്കരയില് അരക്കെട്ട് ചേര്‍ത്ത്
നൃത്തമാടുന്ന രണ്ടുപേര്‍ക്കിടയില്‍
നമ്മള് പൂര്‍ണ്ണമായും ഒറ്റപ്പെട്ടുപോകുന്നു.
മറ്റാരെക്കാളും നന്നായി നൃത്തമാടാന്‍
നമുക്കറിയാമായിരുന്നു.
എന്നാലും ഒറ്റപ്പെട്ടുപോകുന്നു.
എല്ലാ നിറങ്ങളും മടുത്ത്
ബ്ളാക്ക് വൈറ്റ് ഫ്രെയിമിലേക്ക് ഒതുങ്ങിത്തരുന്ന
ഓന്തുകളോ
വിവസ്ത്രരാകുന്ന വണ്ടുകളോ ആണ്
ഈ തെരുവിനെ നിറങ്ങളുടെതാക്കിയത്.nee manoharamaakkiyirikkunnu,raajiangal ullavarudeyum kuppaayam.........bhavukangalode........kc.
Paradoxukalute mahapralayam oro variyilum... great Krispin.. Orupaatu naalukalaayi inganeyonnu vaayichchittu...
ഓര്‍മ്മയിലേക്ക് കോവണികള്‍ ചാരിവെച്ച്
നമ്മുക്ക് യാത്ര തുടരാം.
ഏത് കോവണിയില്‍ കയറിയാലാണ്
നിന്നിലേക്കെത്തുകയെന്ന് നീ പറഞ്ഞിട്ടില്ലെങ്കിലും
നമ്മള് യാത്ര തുടരുകയാണ്....
veendum...
'എന്തോ പറയാന്‍ വാ തുറന്നപ്പോള്‍
കൊല്ലപ്പെട്ടതുപോലെയാണ് നമ്മുടെ തലമുറയുടെ ജീവിതം'.......
'അപകടം പിടിച്ച മണങ്ങള്‍ പതുങ്ങിയിരിക്കുന്ന
ഒന്നായി നമ്മുടെ ജീവിതങ്ങള്‍ മാറിയിരിക്കുന്നു.
നശിച്ച മണങ്ങളുമായി എപ്പോള്‍ വേണമെങ്കിലും കയറിവരാവുന്നവര്‍ക്കായി
തുറന്നിട്ടിരിക്കുന്ന വാതിലാണ് ഞാന്‍.'
മനസില്‍ എന്തൊക്കെ നിക്ഷേപിക്കാന്‍ ശ്രമിക്കുന്നുണ്ട്......ഈ കവിത....
നിന്റെ വരികളിലൂടെയുള്ള യാത്രയുടെ താളം; മറ്റെവിടെയും കിട്ടാത്തത്...!
ഒരുപാട് തുറമുഖങ്ങളിലൂടെ യാത്ര ചെയ്യുന്ന പായ്ക്കപ്പലാണ് നിന്റെ കവിതകൾ..ഇഷ്ടം..
good....:)
വിചിത്രചിത്രങ്ങളുടെ വിഹ്വല സമ്മെളനം.
മോഹനം.
വായിച്ചു.. കൂടുതൽ മനസ്സിലാക്കാനുണ്ടെന്നു തോന്നുന്നു.മൊത്തതിൽ മനോഹരം..
sree parjjapole iniyum manasilakkanund
vyatyasthamaya rachanashaily
raihan7.blogspot.com
enthoru rasamaaneda...
കവിത വശമില്ല ... എങ്കിലും ഓർമ്മപ്പെടുത്തലുകൾ ചോദി ചിഹ്നങ്ങൾ .... ഒഴുക്കുണ്ട് ക്രിസ്പിൻ .... വിഡ്ഢിമാൻ ഒരാളെക്കൂടി ചൂണ്ടിക്കാണിച്ചു തന്നിരിക്കുന്നു . നന്ദി
nannaayi.
Post a Comment