മരങ്ങളിലേക്ക് ചേക്കേറിയ ഇലകള്‍

കുട്ടികള്‍ 
പുലര്‍കാലങ്ങളില്‍ 
നീലനിറമുള്ള വീടുകളില്‍നിന്ന് 
പുറത്തിറങ്ങുന്നു. 
അവരുടേതായ ഭാഷയില്‍
തണുത്തുറഞ്ഞ തെരുവുകളേയും 
ഉറങ്ങുന്ന ചീവിടുകളേയും 
വിളിച്ചുണര്‍ത്തുന്നു. 

അവ്യക്തമായ ഭാഷയിലുള്ള 
അവരുടെ ചിരികേട്ട്
മരങ്ങള്‍ ഉലഞ്ഞുണരുന്നു.

എവിടെ തിരഞ്ഞാലാണ് 
ഓരോ വായുടേയും താക്കോല്‍ കിട്ടുകയെന്ന് 
അവര്‍ക്കറിയാം
ആരുമറിയാതെ അവരത് കണ്ടെത്തുന്നു
ഒളിച്ചുവെയ്ക്കുന്നു. 

കുട്ടികള്‍ ഉണരുമ്പോള്‍
കോട്ടവായിട്ടുകൊണ്ട്
ഓരോ വീടും
ഉറക്കമുണരുകയാണ്. 

കുട്ടികള്‍ അവരുടെ ഗോത്രത്തിലെ 
മരിച്ചിട്ടും വിട്ടുപോകാത്ത 
മുത്തശ്ശിമാരുമായി സംസാരിക്കാറുണ്ട്. 
ചീരവിത്തുകള്‍ മുളപ്പിക്കേണ്ടതെങ്ങനെയന്നും
ആഞ്ഞിലിയുടെ വേരുകളെ തഴുകേണ്ടതെങ്ങനെയെന്നും
പഠിക്കുന്നതങ്ങനെയാണ്.  

പച്ചമുളക് പാകിയ തോട്ടങ്ങളിലൂടെ 
നടക്കേണ്ടതെങ്ങനെയെന്ന്
പഠിപ്പിച്ചുകൊടുക്കുന്നു. 

അവര്‍ നീന്താന്‍ തുടങ്ങുമ്പോള്‍ 
എല്ലാ മീനുകളും നീന്താന്‍ തുടങ്ങുന്നു. 
തിമിംഗലങ്ങള്‍ അതിന്റെ ചിറകുകള്‍ അവര്‍ക്ക്
കൊടുക്കുന്നു.
ഒരു പവിഴപ്പുറ്റ് അതിന്റെ തിളക്കം കൊടുക്കുന്നു.    
2

മുദ്രകള്‍ മറന്ന്
വേദിയില്‍ ആടിയുലയുന്ന നര്‍ത്തകിയെയാണ് 
നീയോര്‍മ്മിപ്പിക്കുന്നത്. 
എത്ര വേഗത്തിലാണ് അപരിചിതനായ 
ഒരാളുടെ കുട്ടിക്കാലത്തിലേക്ക് 
നീ ഓടിമാറിയത്. 
ഒരു മുറിയില്‍നിന്ന് മറ്റൊരു മുറിയിലേക്ക്
ഓടിമറയുമ്പോഴുള്ള ചലനങ്ങളുടെ
കൃത്യതപോലും നിനക്കിപ്പോള്‍ നഷ്ടമായിരിക്കുന്നു. 

സംശയാസ്പദമായ നിഴലുകളുമായുള്ള
കളികള്‍ നിര്‍ത്തുന്നതാണ് നല്ലതെന്ന്
നിന്റെ ചലനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.  

3

അതിരാവിലെ കൈ വിറച്ചുകൊണ്ട് 
കള്ളുഷാപ്പില്‍ കയറിയ ഒരു സൈക്കിള്‍ യാത്രികന്‍
മടക്കയാത്ര തുടങ്ങിയത് 
ഉച്ചയോടെയാണ് 

ഇപ്പോള്‍ വിറയ്ക്കുന്നത് 
അയാളുടെ ശരീരം മുഴുവനുമാണ്
കൈവിറ അതില്‍ മുങ്ങിപ്പോയിരിക്കുന്നു 

4

ഇനിയൊരിക്കലും തുറക്കില്ലെന്ന്
ഉറപ്പുള്ളൊരു ശവപ്പെട്ടിയിരുന്ന്
നാം സംസാരിക്കുകയാണ്. 

പരവതാനികള്‍കൊണ്ട് 
അലങ്കരിക്കപ്പെട്ട തെരുവുകളില്‍
സമയംകൊല്ലികളായ പറവകളുമായി
ചുറ്റിയടിക്കുന്നവര്‍
നദീമുഖങ്ങളില്‍ നഷ്ടപ്പെട്ടുപ്പോയ
ഉറവകളെക്കുറിച്ച് സംസാരിക്കുന്നു. 

5

നമ്മള്‍ ഇത്രകാലം ഉണ്ടാക്കിയിരുന്നത്
ചെരുപ്പുകളായിരുന്നില്ല
അവയ്ക്ക് അനുയോജ്യമായ പാദങ്ങളായിരുന്നു. 
അതുകൊണ്ടാണ് 
നമ്മുടെ യാത്രകളെല്ലാം മറ്റൊരാളുടേതായി മാറിയത്. 

6

ചില ഓര്‍മ്മകള്‍
മറ്റുചിലതരം ഓര്‍മ്മകളെ
കാലകത്തി കാണിക്കുന്നു
തുണിപ്പൊക്കി കാണിക്കുന്നു

തീട്ടത്തിന്റെ ചെറിയ ഉരുള
മുകളിലേക്കെറിഞ്ഞ് വായില്‍പ്പിടിച്ച്
കാണിക്കുന്നു. 

7

അടഞ്ഞുകിടക്കുന്ന വാതില്‍ തുറക്കാതെതന്നെ
ആര്‍ക്കും കയറിവരാവുന്ന
വീടാണ് നാം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്
എത്ര വാതില്‍ കടന്നാലാണ്
ഒരാള്‍ക്ക് സ്വീകരണമുറിയിലെങ്കിലും എത്താനാകുകയെന്ന്
ആരും പറഞ്ഞിരുന്നില്ല.  

8

പച്ചയുടെ ഓര്‍മ്മയില്‍നിന്ന്
എത്ര വേഗമാണ് നമ്മള്‍ പുറത്താക്കപ്പെടുന്നത്.
ഒരു പഴുതാരയുടെ വേഗത്തിലേക്ക്
നമ്മള്‍ ചുരുങ്ങിപ്പോകുകയാണോ? 
അതോ ഒരു കുതിപ്പിന് നാല് നൂറ്റാണ്ടിനപ്പുറം
നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സിലേക്ക് ചാടിക്കയറുകയാണോ? 


ചില സംഗീത ആല്‍ബങ്ങളില്‍
കാണുന്ന വിജനതയാണ്
നമുക്ക് മുമ്പില്‍ നീണ്ടുനിവര്‍ന്നങ്ങനെ
കിടക്കുന്നത്.
വണ്ടികാത്ത് നില്‍ക്കുന്ന ജീന്‍സിട്ട പെണ്‍കുട്ടിക്കും
അവളെനോക്കി വെള്ളമിറക്കുന്ന
ട്രക്ക് ഡ്രൈവര്‍ക്കുമിടയില്‍
മിന്നുന്ന വണ്ടിയില്‍ ഞാന്‍ പറന്നിറങ്ങുകയാണ്
പതിവുപോലെ. 

പെട്രോള്‍ക്കാശും
ബിയറുമായി തിരിച്ചുപോകുമ്പോള്‍
ട്രക്ക് ഡ്രൈവര്‍ അവിടെതന്നെ നില്‍പ്പുണ്ട്. 
വെള്ളമിറക്കിയതിന്റെ കൂലി 
അയാള്‍ക്ക് കിട്ടിയിട്ടില്ലെന്നുറപ്പാണ്. 

(അഴിഞ്ഞാട്ടക്കാരികളുടെ ചന്തിയില്‍ 
അലഞ്ഞുതിരിഞ്ഞ വിരലുകള്‍ 
പണിനിര്‍ത്തി വീട്ടില്‍ പോയിരിക്കുകയാണ്.) 

10

നര്‍ത്തകിമാരാണ് തടാകങ്ങള്‍ക്ക് 
ഇത്ര പതിഞ്ഞതാളം നല്‍കിയത്. 
പൂര്‍വ്വികരുടെ ഓര്‍മ്മകളിലേക്ക് മടങ്ങിപ്പോയ
കുയിലുകളാണ് അവര്‍ക്ക് ചില മധുരമുള്ള വാക്കുകള്‍
കടംനല്‍കിയത്. 
ചാറ്റല്‍മഴ പെയ്യുമ്പോള്‍ കൂമ്പിപ്പോകുന്ന ആ കണ്ണുകള്‍
തങ്ങളുടെതാണെന്ന് ഓരോ മരവും വിളിച്ച് പറയുന്നുണ്ട്. 

മേഘങ്ങള്‍ ഭൂമിയെ പൊതിഞ്ഞുപിടിച്ചിരിക്കുന്നത്
കണ്ട് വളര്‍ന്ന മരങ്ങളാണ് വഴിനിറയെ. 
അവയുടെ വേരുകള്‍ വിദൂരഗ്രാമങ്ങളിലെ നദികളെ 
പൊതിഞ്ഞുപിടിച്ചിരിക്കുന്നു. 

11

പേടിച്ചരണ്ട കാറ്റുമായുള്ള
സന്ധിസംഭാഷണങ്ങളില്‍ നമ്മള്‍ കൊഴിഞ്ഞുതീരുകയാണ്. 
കൂടാരങ്ങളില്‍നിന്ന് ഏറെ അകലെയുള്ള 
ആരുടേയോ ഓര്‍മ്മകളിലാണ് ഇപ്പോള്‍ മഴ പെയ്യുന്നത്. 

വേരുകള്‍ക്ക് സമയം നഷ്ടമാകുന്ന
രാത്രിയാണ് കടന്നുപോകുന്നത്. 
മഴ നനയുന്നവരുടെ ഓര്‍മ്മകളില്‍നിന്ന്
ജലം കവരാന്‍ വന്നവര്‍ 
വരിവരിയായി നില്‍ക്കുകയാണ്. 

(യാത്രികര്‍ക്കുള്ള മുന്നറിയിപ്പ്
ഭയങ്കര ചന്തിയുള്ള ഒരു പൂമരം വളവില്‍ നില്‍പ്പുണ്ട്,
സൂക്ഷിക്കണം!!)

12

കൊഴുത്ത തുപ്പലുകളുടെ അരുവി 
കടന്നുവരുകയാണ് 
നമ്മുടെതന്നെ നാവുകള്‍. 
ഏറ്റവും സമീപഭാവിയില്‍ മുങ്ങിമരിക്കാനിടയുള്ള
ഒരാളുമായുള്ള ചങ്ങാത്തമാണ്
അവരെ ഇത്ര ഒറ്റയ്ക്കാക്കിയത്. 

13

മറ്റൊരാളുടെ ഹൃദയം തിന്നാന്‍
എനിക്കാഗ്രഹമില്ല.
ഹൃദയം പൊതിഞ്ഞുപിടിച്ച്
ഭൂമിക്കടിയിലൂടെ യാത്ര ചെയ്യാനുമാവില്ല. 

ചില സിനിമകളിലെ ഹാസ്യനടന്മാരുടെ രൂപമാണ്
നിന്റെ ഹൃദയത്തിന്.
അന്യസംസ്ഥാന തൊഴിലാളികളുടെ
സ്വപ്നങ്ങളുടെ അത്രപോലും ഭാരമില്ലാത്ത നിന്റെ ഹൃദയമാണ് 
പഞ്ഞിക്കെട്ടുകള്‍ കടത്തികൊണ്ടുപോകുന്നവര്‍ക്ക് കാവല്‍നില്‍ക്കുന്നത്. 

അവിഞ്ഞ മണമുള്ള 
ഗ്രഹങ്ങളിലേക്ക് നിനക്ക് എപ്പോഴും പ്രവേശനം ലഭിച്ചിരുന്നു.   

(ചീവീടുകളുമായി രഹസ്യബന്ധം പുലര്‍ത്തുന്ന 
ഒരുവന്റെ കൂടെ നിന്റെ ഹൃദയം നാടുവിടുന്നു.)  

14  

മാലിന്യങ്ങള്‍ നിറഞ്ഞ ചതുപ്പുനിലങ്ങളില്‍
ചീഞ്ഞുനാറിയ പഴവണ്ടിക്ക് എന്താണ് ചെയ്യാനുണ്ടാകയെന്ന് 
ചോദിക്കരുത്.

കണ്ണുതെറ്റിയാല്‍ മലകടന്നുപോകുന്ന കാറ്റാണ്
നമ്മുടെ തീവണ്ടികള്‍ക്ക് കാവല്‍ നില്‍ക്കുന്നത്.
(ഈ തീവണ്ടികളാണ് നീന്താന്‍ പഠിക്കുന്ന 
കുഞ്ഞുങ്ങളുടെ മുമ്പില്‍ പകച്ച് നില്‍ക്കുന്നത്.) 

പൊതിഞ്ഞുവെച്ച പ്രതിമകളുടെ നാട്ടില്‍നിന്ന് 
നമ്മള്‍ തിരിച്ചുവരുകയാണ്.  
തണുപ്പിന്റെ ശിഖരങ്ങള്‍ തേടിയുള്ള
യാത്ര തുടങ്ങുന്നതിന് മുമ്പ് 
അല്പനേരം മുത്തശ്ശിക്കഥകളില്‍ ഉറങ്ങാന്‍ കിടക്കുന്നു. 

15

മോര്‍ച്ചറിക്ക് കാവല്‍നില്‍ക്കുന്നവരാണ്
ഞാവല്‍മരങ്ങളിലേക്ക് തുഴഞ്ഞുകയറുന്ന
തോണിക്കാരനെക്കറിച്ച് ആദ്യമായി പറഞ്ഞത്. 
ഒഴുക്കില്‍പ്പെട്ട് മരിച്ചുപോയ
മഴക്കാലത്തെ അവരുടെ കഥകളില്‍നിന്ന്
നമ്മളടര്‍ത്തിയെടുക്കുന്നു. 
അവരുടെ ചോരയില്‍ കുതിര്‍ന്ന വാക്കുകള്‍
നമ്മുടെ ആത്മാവിനെ തൊടുന്നു. 

7 comments:

ഹരിശങ്കരനശോകൻ said...

വായിച്ചു!

vettathan said...

കവിതകള്‍ പലതും നല്ലതാണ്.ശ്ലഥ ചിന്തകളും നുറുങ്ങു കവിതകളും കവിയെ അനാവരണം ചെയ്യുന്നു.

Unknown said...

വേറിട്ട ചിന്തകള്‍....!,..!
അര്‍ഹിക്കപ്പെട്ട രീതിയില്‍ വായിക്കാതെ പോകുന്നുണ്ടോ...എന്നൊരു സംശയം.

ഷാജു അത്താണിക്കല്‍ said...

നമ്മള്‍ ഇത്രകാലം ഉണ്ടാക്കിയിരുന്നത്
ചെരുപ്പുകളായിരുന്നില്ല
അവയ്ക്ക് അനുയോജ്യമായ പാദങ്ങളായിരുന്നു.
അതുകൊണ്ടാണ്
നമ്മുടെ യാത്രകളെല്ലാം മറ്റൊരാളുടേതായി മാറിയത്.

ഇത് കൊള്ളാം കെട്ടൊ

കവിതൾ എല്ലാം നന്നായിരിക്കുന്നു

Unknown said...

ഭാവനാസമ്പന്നവും അര്‍ത്ഥവ്യാപ്തിയും ഉള്ള വരികള്‍
വേറിട്ടുനില്‍ക്കുന്ന ചിന്ത കവിതകളെ വേറിട്ട ഒരു തലത്തിലേക്ക് എത്തിക്കുന്നു.

ആശംസകള്‍

ajith said...

എന്തോ ഒരു അപകടം വരാനിരുന്ന നേരം
തല്‍ക്കാലം രക്ഷപ്പെട്ടു

Chinju said...

നല്ല ഒരു വായനാനുഭവം നൽകിയതിനു നന്ദി... (y)

Post a Comment