(ഒന്നാമന്റെ കുറിപ്പുകള്ക്കുശേഷമാണ് കാര്യങ്ങളെല്ലാം
കീഴ്മേല്‍ മറിഞ്ഞതെന്ന് കരുതപ്പെടുന്നു.
മൂവാണ്ടന്‍ മാവുകള്‍ക്കു കീഴിലൂടെ മണിയനീച്ചകള്‍
തീട്ടത്തിന്റെ ചെറിയ ഉരുള ഉരുട്ടികൊണ്ടുപോകുന്നു.)
1
H2O ഏറ്റവും നിശ്ശബ്ദമായ ഒരു യാത്രയാണെന്ന്
നമ്മളറിയുമ്പോഴേക്കും എല്ലാം അവസാനിച്ചിരിക്കും.
കള്ളുഷാപ്പിലേക്കുള്ള വഴികളെല്ലാം
പാടവരമ്പത്തൂന്ന് വഴുതിവീണിരിക്കും.
2
നിന്റെ കൊഴുത്ത തുപ്പല്
എനിക്കും മണ്ണിരകള്‍ക്കും ഭക്ഷണമാകുന്നു.
ഭൂമിയിലെ ആദ്യ കാല്‍വെപ്പില്‍തന്നെ
നിന്റെ നാഭിയിലെ പച്ചമണ്ണില്‍ ഞാന്‍ പുതഞ്ഞുപോകുന്നു.
നിന്റെ ഉടല്
രണ്ട് ശത്രുരാജ്യങ്ങള്‍ക്കിടയിലെ എന്റെ ഇടത്താവളമാണെന്ന്
ആരോ വിളിച്ചുപറയുന്നു.
നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വണ്ടിയില്‍
രണ്ട് നാവുകള്‍ കുടിപ്പക തീര്‍ക്കുന്നത് നാം കാണുന്നു.
ഒരുവള്‍ ആരുടെയോ അരക്കെട്ടിലിരുന്ന്
നദി നീന്തിക്കടക്കുന്നത് നാം കാണുന്നു.
3
നമിതയെന്ന തമിഴ്നടിയുമായി
എനിക്ക് ചില രഹസ്യബന്ധങ്ങളുണ്ട്.
രഹസ്യബന്ധങ്ങളിലെ കുട്ടിയുമായി
ഞാന്‍ ഊരുചുറ്റാനിറങ്ങുന്നു.
കമ്പം, തേനി വഴിപോകുന്ന ഒരു രാത്രിവണ്ടിക്ക്
അവനെ നാടുകടത്തുന്നു.
4
ആല്‍മരങ്ങളല്ലെങ്കിലും പണ്ടേ പാവങ്ങളാണ്.
കീറിപ്പറിഞ്ഞ വിശറികളുമായി ആടിതിമിര്‍ക്കുന്നവര്‍
പടര്‍ന്നുകയറാനുള്ള വേരുകളുടെ ആഗ്രഹങ്ങളെ
ഒരുതരത്തിലും തടഞ്ഞുനിര്‍ത്താത്തവര്‍.
തിരുമ്മിത്തിരുമ്മി എല്ലാവരെയും ഒരു കുന്നോളം വലുതാക്കുന്നവര്‍.
5
ഏതോ സിനിമയില്‍
റഷ്യന്‍ ഉപചാരവാക്കുകള്‍ പറഞ്ഞുകൊണ്ട്
മദ്യപിക്കുന്ന രണ്ടുപേരെ നാം കാണുന്നു.
ഒരാള്‍ ഷാംപെയ്ന്‍ വേണ്ടെന്നു പറയുമ്പോള്‍
ജീവിതമാണ് വേണ്ടെന്ന് പറയുന്നതെന്ന്
ജൂലിയന്‍ പറയുന്നു.
വിവാഹപാര്‍ട്ടിയില്‍ നവവധുവിനോടൊപ്പം
നൃത്തം ചെയ്യാനുള്ള അവസരം ആരും പാഴാക്കുന്നില്ല.
6
മുറിയില്‍ നിറഞ്ഞുനില്ക്കുന്ന ഒരാപ്പിളാണ്
എപ്പോഴും ഉണര്‍ന്നിരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.
മുന്തിരിത്തോപ്പുകളിലെ എന്റെ ചാരവനിതകളെ
ആരോ വില്‍പനക്കുവെച്ചിരിക്കുന്നു.
കൈനിറയെ ഗോതമ്പുമണികളുമായി
ഒരു വയല്‍ ആര്‍ക്കോ കിടന്നുകൊടുക്കുന്നു.
7
നിന്റെ മുടിയിഴകളുമായി
സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍
ഒന്നാംക്ലാസ്സിലെ ആദ്യദിവസം
സ്വന്തം പേരുപറയുന്ന കുട്ടിയെപ്പോലെ
നീ ചുളുങ്ങിക്കൂടുന്നു.
ഏതോ മരത്തിന്റെ വേരുകളുമായി അവസാനം
നാം തിരിച്ചെത്തുന്നു.
8
പൂത്തുനില്ക്കുന്ന ഒരു തോടിന്റെ ഒറ്റക്കൊമ്പിലാണ്
മാനത്തുകണ്ണിയും വരാക്കണ്ണനും നീന്തിത്തുടിക്കുന്നത്.
9
ഒരു കുരുവിയും നെന്മണി തേടിവരുന്നില്ലല്ലോ
ഒരു കൊറ്റിയും വരമ്പുതേടി വരുന്നില്ലല്ലോ
ഒരു ആട്ടിന്‍കുട്ടിയും വഴിതെറ്റി വരുന്നില്ലല്ലോ
ഈ വയലുകളിലേക്ക്.
10
പ്ലാവിലകളില്‍നിന്ന് നാണം വേര്‍തിരിച്ചെടുക്കുന്ന വിദ്യകൊണ്ട്
നദിയെ അരിച്ചരിച്ച് ഒരു തുള്ളിയാക്കുന്നു.
11
ശരീരത്തിന്റെ വാതിലാണ്
കണങ്കാലിലെ വിളര്‍ത്ത ചെമ്പന്‍ രോമങ്ങളെന്ന് തിരിച്ചറിയുന്നു.
ഇലകള്‍ക്കായി നീക്കിവെച്ചിരിക്കുന്ന രാത്രികളില്‍നിന്ന്
ആരോ നടന്നുമറയുന്നു.
മുറിയില്‍നിന്നുള്ള പാട്ടുകള്‍ക്കായി കാതോര്‍ത്തിരുന്ന
പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയിരിക്കുന്നു.
എന്നിട്ടും ചെതുമ്പലുകള്‍കൊണ്ട് നിര്‍മിക്കപ്പെട്ട
ആ വാദ്യോപകരണം നീ ഉപേക്ഷിക്കുന്നില്ല.
ഭൂമിയിലെ ആദ്യത്തെ ഭാഷ ഏതെന്നറിയുവാന്‍
ഞാന്‍ നിന്നെ വീണ്ടും വീണ്ടും ചുംബിക്കുന്നു.
12
ദൂരെ കുന്നിന്ചെരുവില് മഴനനയുന്ന
ഒറ്റമരത്തെ വരയ്ക്കാനെളുപ്പമാണ്
ഉറങ്ങിക്കിടക്കുന്ന ഒരു പെണ്‍കുട്ടിയുടെ അരുകില്‍
ഒരു രാത്രി മുഴുവന്‍ ഉണര്ന്നിരുന്നാല് മതി.
13
റാന്തല്വിളക്കന്റെ അരികിലിരുന്ന്
വൃദ്ധരായ പരിചാരികമാര്‍
കുട്ടിയുടുപ്പിന്റെ ഭംഗിനോക്കുന്നു.
6 comments:
ഈയടുത്ത് എന്നെയാരും ഇങ്ങനെ വായിച്ചിട്ടില്ല. ഞാനും ഇങ്ങനെയാരെയും വായിച്ചിട്ടില്ല
അവിശ്വസനീയം!
wow....!thanks krispin 4 writing like dis.
ക്രിസ്പ്നെ എന്താ പറയ....ഇതൊന്നുമെന്താ ഡി ആര് ആര് മരോന്നും ഒന്ന് കാണാത്തെ ....ഞാനും കാണുന്നു...നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വണ്ടിയില്‍
രണ്ട് നാവുകള്‍ കുടിപ്പക തീര്‍ക്കുന്നത് നാം കാണുന്നു.
ഒരുവള്‍ ആരുടെയോ അരക്കെട്ടിലിരുന്ന്
നദി നീന്തിക്കടക്കുന്നത് നാം കാണുന്നു.... ഗുഡ് ഡാ....
കവിയും ക്രിസ്പിനുമായ ഒരു യുവാവ്
incredible words ...!!! enthoru ezhuthhaanithu Mr.krispin..??jst unleasing the hell :)
Post a Comment