കൊട്ടക

തുറവൂരിലെ
ഓലക്കൊട്ടകയിലിരുന്നാണ്‌
രജനീകാന്തിന്റെ സിനിമ ആദ്യമായി കണ്ടത്‌.

കാര്‍ത്തികയെന്നോ
ലക്ഷ്‌മിയെന്നോ ആയിരുന്നു
കൊട്ടകയുടെ പേര്‌.

അമരത്തിലെ തിരയടിക്കുന്ന രംഗംകണ്ട്‌
എഴുന്നേറ്റോടിയതൊരു കൂട്ടുകാരന്‍
ഏതോ തമിഴ്‌ സിനിമയിലെ കത്തിയേറുകാരന്റെ മുമ്പില്‍
നെഞ്ചുപൊത്തി കരഞ്ഞതൊരു കൂട്ടുകാരന്‍.

രാത്രിയില്‍ കയറുപിരിക്കുന്ന പെണ്ണുങ്ങള്‍ക്കായി
ബെറ്റുവങ്കിള്‍ സിനിമാക്കഥ പറയുന്നുണ്ട്‌.
കൗരവറില്‍ അപ്പന്‍ മകളെ തിരിച്ചറിയുന്ന രംഗം വിവരിക്കുമ്പോള്‍
കരയാത്തവരായി അവിടെ ആരുമുണ്ടാവില്ല.
സിനിമ കണ്ട്‌ കണ്ട്‌ സോഡാക്കുപ്പിയുടെ അടപ്പുപോലത്തെ
കണ്ണട വെക്കേണ്ടിവന്ന ഒരു നാടന്‍ രജനീകാന്താണ്‌
ബെറ്റുവങ്കില്‍.

ചേര്‍ത്തല ഭവാനിയില്‍
അഞ്ചുരൂപായ്‌ക്ക്‌ ഒട്ടീരുപടങ്ങള്‍ കാണുമ്പോള്‍
അരികിലിരിക്കുന്നവരുടെ കുലുക്കങ്ങള്‍
സ്വന്തം കുലുക്കങ്ങളായി തിരിച്ചറിഞ്ഞത്‌.
(തിരിഞ്ഞുനോക്കുമ്പോള്‍
കൂതുഹലങ്ങളുടെ കുഞ്ഞാടുകളെ
എത്ര പേരാണ്‌ കെട്ടഴിച്ചുവിട്ടിരുന്നത്‌.)

പൊന്നാംവെളി ജയലക്ഷ്‌മിയില്‍
രാത്രിപ്പടങ്ങള്‍ കുളിച്ചൊരുങ്ങുന്നു.
കിന്നാരത്തുമ്പികളുടെ അമ്പതാം ദിവസം
ആഘോഷിക്കുന്നവരുടെ കൂട്ടത്തില്‍
കൂട്ടുകാരനുണ്ട്‌.
കടയുടെ ഉള്ളിലിരുന്ന്‌ സിഗരറ്റ്‌ വലിക്കുന്ന
ചളുങ്ങിയ മുഖമുള്ള അവന്റെ അപ്പനുണ്ട്‌.

കട്ടപ്പന സന്തോഷില്‍ കണ്ട ചൈനീസ്‌ സിനിമ
മറന്നിട്ടില്ല.
അവസാനം മുലകള്‍ മുയലുകളായി രൂപംമാറിയ
മൂന്നു പെണ്ണുങ്ങളെയും.

ഫോര്‍ട്ടുകൊച്ചി ഗ്യാലക്‌സി തീയറ്ററില്‍ നിന്നിറങ്ങിപ്പോയത്‌
മതിയായതുകൊണ്ടാണ്‌.
ജീവിതം മടുത്തതുകൊണ്ടാണ്‌.

3 comments:

Rejeesh Sanathanan said...

തീയറ്ററില്‍ തെന്നെയാണോ താമസം...........:)

ശ്രീകുമാര്‍ കരിയാട്‌ said...

EZHUPATHUKALUDE RAASHTTREEEYA PRABUDDHATHAYODOPPAM
KAMPIPPADAMGALUM PRABUDDHAMAAAYIRUNNATHINEPPATTI
ORU EXLITE BUDDHIJEEVIYUM EZHUTHIYITTILLA CRISPIN!

Steephen George said...

Kariyade Ningalkku thetti... V. G Thambiyude smitha oru nadiyude peru aaa elite varthamanam thanne alle?

Post a Comment