ഒരു പാലമാകണമെന്നാഗ്രഹിച്ചവരാണ്
നമ്മള്.
അതുകൊണ്ട് മാത്രമാണ്
നമ്മുടെ വീടുകള്‍ക്ക് ജനലുകള്‍ ഇല്ലാതെപോയത്.
ഇവിടെ സംഗീതംകൊണ്ട് തിരിച്ചറിയാവുന്ന
തെരുവുകളുണ്ട്.
അവിടെ മുഖംമൂടികള്‍ ധരിച്ചവര്‍ക്കിടയില്‍നിന്നും
നിന്നെ ഗന്ധംകൊണ്ട് തിരിച്ചറിയുന്ന
പെണ്‍കുട്ടികളുണ്ട്.
ബാറിലെ അരണ്ടവെളിച്ചത്തില്‍ പാട്ടുകാരന്
പാടുന്നത് അവരെക്കുറിച്ച് മാത്രമാണ്.
നിതംബങ്ങളെക്കുറിച്ച് പാടുമ്പോള്‍
അയാളുടെ ശബ്ദം കനക്കുന്നത് നമ്മളറിയുന്നുണ്ട്.
മുലകളെക്കുറിച്ച് പാടുമ്പോള്‍ തേന്‍നിറഞ്ഞ
പാടങ്ങളിലേക്ക് വെയില് വീഴുന്നത് കാണുന്നുണ്ട്.
(എന്നന്നേക്കുമായി
നിലച്ചുപോയ ഒരു തൊണ്ടയാണ് ആ പാട്ടുകാരനെന്ന്
നമ്മളിപ്പോള്‍ തിരിച്ചറിയുന്നു.
നിലച്ചുപോയ തൊണ്ടകള്‍
ഒഴുക്ക് നഷ്ടപ്പെട്ട നദികള്‍
പാതിരാനേരങ്ങളില്‍ മാത്രം വീശുന്ന ചുള്ളന് കാറ്റുകള്‍- നീ പറയുന്നു.)
അടിവയറ്റില്‍ ഭ്രൂണത്തിന്റെ
ചിത്രം വരച്ച അവിവാഹിതകളായ അമ്മമാരുമായി
ഞാന്‍ ഊരുചുറ്റുന്നു.
ഒരുവള്‍ അടിവയറ്റില്‍
ഭ്രൂണത്തിന്റെ ചിത്രം വരച്ചുചേര്‍ക്കുന്നത്
ഞാന്‍ കാണുന്നുപോലുമുണ്ട്.
(അവളാണ് നമ്മുടെ സിനിമയിലെ നായിക. അവളോടൊപ്പം പോയാല്‍ നഗരം കണ്ടുതീര്‍ക്കാമെന്ന് നമുക്കറിയാം. എന്നാല്‍ ഏതുനിമിഷം വേണമെങ്കിലും തെരുവില്‍ അലിഞ്ഞില്ലാതാകാന്‍ സാധ്യതയുള്ളവരുടെ കൂടിച്ചേരലാണ് അതെന്ന് വൈകിയാണ് നമ്മള് തിരിച്ചറിഞ്ഞത്.)
എനിക്കുവേണം
വീഞ്ഞിന്റെയും അത്തിപ്പഴങ്ങളുടെയും
വീടുകള്‍.
കൊട്ടാരങ്ങളെക്കുറിച്ചും
രാജ്ഞിമാരുടെ കിടപ്പറകളെക്കുറിച്ചും മാത്രം
സംസാരിക്കുന്നവരുടെ കാലം കഴിഞ്ഞുപോകുകയാണ്.
ആ കൂട്ടത്തിലെ അവസാനത്തെയാളും കുന്നുകയറി മറയുന്നത്
നമ്മള് കാണുന്നുണ്ട്.
(കുന്നിറങ്ങിപ്പോകുന്നവരുടെ
ചിത്രം പകര്‍ത്താന്‍ മരങ്ങള്‍ ശ്രമിക്കുന്നുണ്ട്.)
രണ്ട്
പതാകകള്‍
ജീവിതത്തിലേക്ക് വീണുപോയ തുവാലകളാണ്.
മഞ്ഞപൂക്കള്‍ക്കൊണ്ട്
നദി അലങ്കരിച്ചിരുന്ന ഒരാളെ എനിക്ക് പരിചയമുണ്ട്.
അയാളുടെ വീടിന്
നദിയിലൂടെ ഒഴുകിപ്പോയ മഞ്ഞപൂക്കളുടെ
ഗന്ധമായിരുന്നു.
നഷ്ടപ്പെട്ടുപോയ വസന്തക്കാലത്തെക്കുറിച്ചും
പൂക്കളുടെ ഗന്ധങ്ങളെക്കുറിച്ചുമാണ്
അയാള്‍ സംസാരിക്കുന്നത്.
ജീവിതം കൈവിട്ടുപോയവര്‍
സംസാരിക്കുന്നത് ഒഴുകുന്ന നദിയുടെ ഭാഷയിലാണെന്ന്
നീ പറയുന്നു.
(നിന്റെ ശബ്ദം പലപ്പോഴും ചിലന്തിവലയില്‍ കുരുങ്ങിക്കിടക്കുന്ന നദികളെ ഓര്‍മ്മിപ്പിക്കുന്നു)
ഒഴുക്കില്‍പ്പെടുമ്പോള്‍ മാത്രം
സ്വന്തമായി ഒരു ജീവിതമുണ്ടായിരുന്നുവെന്ന് തിരിച്ചറിയുന്ന
ഇലകളെപ്പോലെയാണ് നമ്മളെന്ന്
നാംതന്നെ പറയുന്നു.
ജീവിതത്തിനുപകരം നമ്മള്
കൈമാറിയിരുന്നത് കല്ലുകളാണ്.
അതുകൊണ്ടുമാത്രമാണ്
ശിലായുഗങ്ങളിലെ പാട്ടുകാരുടെ ജീവിതം
നമുക്ക് ഓര്‍ക്കാന്‍ സാധിക്കുന്നത്.
മരിച്ചുപോയവര്‍ ചുംബനങ്ങള്‍ കൈമാറാന്‍
എത്തുന്ന തുറമുഖങ്ങളാണ്
നമുക്ക് ചുറ്റമുള്ളത്.
സമുദ്രാതിര്‍ത്തിയില്‍ മഴ നനയുന്ന
പായ്ക്കപ്പലുകള്‍ അവര്‍ ഉപേക്ഷിച്ചുപോയ
അവരുടെതന്നെ ജീവിതങ്ങളാണ്.
ശീതസമരകാലത്തെ തുറമുഖങ്ങള്‍പോലെ
സംശയങ്ങള്‍ മാത്രം കയറ്റി അയക്കുന്ന ഒന്നായി
നമ്മുടെ ജീവിതം മാറിയിരിക്കുന്നു.
പ്രവാഹങ്ങളോടൊപ്പം യാത്രചെയ്യാമെന്ന്
നമ്മള് തിരിച്ചറിഞ്ഞത് നദിയില്‍നിന്ന്
തിരിച്ചുകയറിയപ്പോള്‍ മാത്രമാണ്.
(നീന്തലറിയാത്തതുകൊണ്ട് മാത്രമാണ്
ഇങ്ങനെ ഒഴുകിനീങ്ങേണ്ടിവരുന്നതെന്ന്
നദിയോടാരും പറഞ്ഞില്ല.)
നദിയെ
അതിന്റെ ഒഴുക്കില്‍നിന്ന് അഴിച്ചെടുത്തുകൊണ്ടുപോകുന്നു.
മൂന്ന്
തീവണ്ടിയില്‍ മാത്രമെത്താനാകുന്ന
ഒരു നഗരമാണ് നീ.
ഒറ്റദിവസംകൊണ്ട് പുതുക്കിപ്പണിത വീടുപോലെ
നീ എല്ലാവരെയും മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു.
കിടപ്പറയില്‍മാത്രം മാറുന്ന പേടികളെക്കുറിച്ചാണ്
നമ്മള് സംസാരിക്കുന്നത്.
രാത്രികള്‍ കൈവിട്ടുപോയവരുടെ പാട്ടുകളാണ്
പാടുന്നത്.
പാട്ടുകളില്‍ പുതച്ചെടുത്ത വീടുകള്‍
നദിയിലേക്ക് നോക്കവേ
ചുവന്നുപോയ നാരകമരങ്ങള്‍
ഭൂമിയിലേക്കുള്ള യാത്രയ്ക്കിടയില്‍
കൊള്ളയടിക്കപ്പെട്ട മഴ- ഇതിലാരാണ് നമ്മളെ ആവിഷ്കരിക്കുന്നത്.
(ഉലഞ്ഞ വസ്ത്രങ്ങളില്‍ യാത്ര തുടരാമെന്നുതന്നെ
നമ്മള് തീരുമാനിക്കുന്നു.)
നമുക്കിനി കടലിന്റെ അച്ചില്‍ വീടുപണിയുന്നവരെക്കുറിച്ച്
സംസാരിക്കാം.
ഉപ്പുകാറ്റിന്റെ ഗന്ധമുള്ള വൈകുന്നേരങ്ങള്‍
വാതിലുകളായി മാറുന്നത്
നമ്മള് കണ്ടുനിന്നു.
ഒരു മുക്കുവനും കണ്ടിട്ടില്ലാത്ത ആഴങ്ങളാണ്
മേല്‍ക്കൂരയായി രൂപംമാറിയത്.
തിരകളില്‍നിന്ന് ചുവരുകളുണ്ടാകുന്നതെങ്ങനെയെന്ന് മാത്രം
ആരും നമുക്ക് കാണിച്ചുതന്നില്ല.
നാല്
രാത്രികള്‍ മാത്രമുള്ള നശിച്ച നഗരമാണിത്.
പബ്ബുകളില്‍നിന്ന് ഒഴുകിയിറങ്ങുന്നത്
നദികളാണെന്നും
ഊതിവീര്‍പ്പിച്ച മുലകളുള്ള പെണ്ണുങ്ങളാണെന്നും
നമ്മള് തര്‍ക്കിക്കുന്നു.
മുലഞെട്ടിലിരിക്കുന്ന
തുമ്പികള്‍
നാടുകടത്തപ്പെട്ട ചെറുവിമാനങ്ങളാണെന്ന്
നമ്മള് തിരിച്ചറിയുന്നുണ്ട്.
ഭൂമിയിലെ ഏറ്റവുമധികം
കൊഴുത്ത കന്യകമാരുള്ള ഗ്രാമമാണ്
നമ്മുടെ ലക്ഷ്യം.
പനയോലകളുടെ ചുംബനം നല്കിയ മുറിവുകളുമായി
അവിടെ ചെന്നുകയറാമെന്നാണ് നമ്മള് പ്രതീക്ഷിക്കുന്നത്.
അഞ്ച്
ചുംബിക്കുമ്പോള്‍
നദിയിലേക്ക് അഴിഞ്ഞുവീഴുന്ന നിന്റെ മുടിയിഴകളുമായി
സംസാരിക്കുന്നു.
ആലിംഗനങ്ങളില്‍ ആടിയുലയുന്നത്
എത്ര ചേര്‍ത്തുപിടിച്ചിട്ടും കൈവിട്ടുപോകുന്ന
നമ്മുടെ തോണിയാത്രയാണെന്ന്
തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്.
പറക്കുംതളികകളെ മാത്രം സ്വപ്നം കാണുന്നവരാണ്
ഈ നദിയില്‍ തോണി തുഴയാനെത്തുന്നത്.
അവരുടെ വേഗങ്ങളില്‍ പടര്‍ന്ന് പന്തലിച്ച
കാറ്റാടിമരത്തിന്റെ വേരുകള്‍ തിണര്‍ത്തുകിടക്കുന്നു.
എനിക്കറിയാം
വായില്‍നിന്ന് വായിലേക്ക്
തുപ്പല് കയറ്റിക്കൊണ്ടുപോകുന്ന കപ്പലുകളെ
പിഞ്ഞാണങ്ങളില്‍ നിറയെ കഫവുമായി വരുന്ന
തൈക്കിളവികളെ
തളിരിലകളില്‍നിന്ന്
ജലം ശേഖരിക്കുന്നവരുടെ
ഓര്‍മ്മകളില്‍നിന്നാണ്
നിന്നെ ഒരു തടാകം പോലെ കുടിച്ച് വറ്റിക്കാന്‍
ആഗ്രഹിച്ചവനെക്കുറിച്ച് കേട്ടത്.
ആറ്
പൊള്ളിയടര്‍ന്നുപോയ
വീടുകള്‍കൊണ്ട് നിര്‍മ്മിക്കപ്പെട്ട നഗരങ്ങളില്‍
ആരെയാണ് കാത്തിരിക്കുന്നതെന്ന്
നമ്മള് ചോദിച്ചുപോകുന്നു.
ഉരുകിയൊലിക്കുന്ന നഗരമാണ് നമ്മുടേതെന്ന് പറഞ്ഞ
വിദൂഷകന് തെരുവില്‍ നമ്മളെത്തന്നെ നോക്കിനില്ക്കുന്നത്
കാണുന്നുണ്ട്.
പഴകിയ കുപ്പായങ്ങളിലും ചെളിയിലുമുണ്ടാക്കിയ
അയാളുടെ വീട് നമുക്ക് സമ്മാനിക്കുന്നു.
1 comment:
love n bouquets of marijuana from the mountains...
Post a Comment