വീഞ്ഞ് എന്ന നഗരത്തിലെ ഒരു രാത്രി

(ഒരു കോഴിക്കോടന്‍ സ്വപ്നത്തിന് സമര്‍പ്പണം...)

മീന്‍ ചെതുമ്പലുകള്‍ കൂട്ടിവെച്ച്
കടലിലേക്ക് നാം പണിത
പടവുകളില്‍
തിരമാലകള്‍ കാറ്റ് കൊള്ളാനിരിക്കുകയാണ്.

മരിച്ചവര്‍ വിരുന്നിനെത്തുന്ന
ദ്വീപുകളിലെ അമ്മമാരെപ്പോലെ
തിരക്കുകളില്‍നിന്ന് തിരക്കുകളിലേക്ക്
പോകുകയാണ് നമ്മള്‍. 

കല്‍പ്പണിക്കാരുടെ ഇടയില്‍ കിടന്ന്
വിയര്‍ക്കുന്നുണ്ട്
ഒരു വീട്.


ഓര്‍മ്മകളില്‍ ചതുപ്പുനിലങ്ങള്‍ ഇല്ലാത്തതാണ്
നമ്മുടെ പ്രശ്നം.
ഒന്നിലേക്കും ആണ്ടുപോകാന്‍ സാധിക്കാത്തവരായി
നമ്മള്‍ മാറിയിരിക്കുന്നു.

(നാരകത്തിന്റെ ഇലകള്‍കൊണ്ട്
നാണം മറച്ചിരുന്ന
ഒരു വീടുണ്ട് എന്റെ ഗ്രാമത്തില്‍. 
അവിടെനിന്ന് ഇടയ്ക്ക് ഞാനും
ഇടയ്ക്ക് അനിയനും ഇറങ്ങിപ്പോകാറുണ്ട്.
എന്റെ അമ്മയാണ്
ആ വീടിന്റെ മുറ്റം തൂക്കുന്നത്)

സദസിലെ ആദ്യത്തെ ആളെയും
അവസാനത്തെ ആളെയും തമ്മില്‍ ബന്ധിപ്പിക്കുകയാണ്
ഗിത്താറിസ്റ്.
ആദ്യത്തെയാള്‍ക്ക് രണ്ടാമത്തെയാളുടെ വീട്ടിലേക്കുള്ള
വഴി പറഞ്ഞുകൊടുക്കുകയാണ്.
അവിടെ നല്ലയിനം വീഞ്ഞുണ്ടെന്നും
വീട്ടമ്മ സത്കാര പ്രിയയാണെന്നും
പറയുകയാണ്.

ഒരു വീഞ്ഞുപാത്രത്തില്‍നിന്നും
ഉന്മത്തരായവര്‍
ഒരു മരത്തിന്റെ ചില്ലയില്‍നിന്നും
നാണം മറച്ചവര്‍

(നഗരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണുന്ന ഫ്രിഡ്ജും വാദ്യോപകരണങ്ങളും എന്തിന്റെ സൂചനയാണ്)  


മരിച്ചവരുടെ ഉറക്കങ്ങള്‍ വില്‍പ്പനയ്ക്ക്
വെച്ചിരിക്കുന്ന തെരുവിലാണ്
നാം കണ്ടുമുട്ടിയത്
തീവണ്ടിയപകടത്തില്‍ മരിച്ചവര്‍
ഒരു ചൂളംവിളിയിലേക്ക്
ചുരുങ്ങിപ്പോയത് ഇവിടെയാണ്.

(മരിച്ചവര്‍ അവസാനത്തെ വണ്ടി കാത്തുനില്‍ക്കുന്ന
സ്ഥലമെന്നാണ്
മറ്റൊരു ഭാഷയില്‍ നിന്റെ പേരിനര്‍ത്ഥം.)

സ്വയം ഒരു രാജ്യമായി പ്രഖ്യാപിക്കുകയാണ്
ചുവന്ന സിംഹാസനങ്ങളുടെ
അധിപനായി പ്രഖ്യാപിക്കുകയാണ്
കന്യകമാരെയെല്ലാം
വെപ്പാട്ടിമാരുടെ മേലങ്കി അണിയിക്കുകയാണ്.

മേഘങ്ങളില്‍ കെട്ടിയിട്ട
ചരടുകളിലാണ് ഗ്രാമത്തിലെ കുട്ടികള്‍
ഊഞ്ഞാലാടുന്നത്.


ഇലകള്‍കൊണ്ട് നീയൊരു ആനക്കൊമ്പ്
ഉണ്ടാക്കുന്നു
കാടിനെ വിറപ്പിച്ച് നിര്‍ത്തുന്നു.

(തുപ്പല് വിഴുങ്ങി മരിച്ചുപോയവരുടെ
നാട്ടിലേക്ക് യാത്ര ചെയ്യാന്‍ നിന്റെ കൂട്ട് ആവശ്യമുണ്ട്.
നാരങ്ങ വെള്ളത്തിനും മദ്യത്തിനും പകരം
മരിച്ചു പോയവരുടെ തുപ്പലും ശുക്ളവും വില്‍ക്കുന്ന
കടകളില്‍ നമ്മളെന്ത് ചെയ്യാണ്.)

തിമിംഗലങ്ങളുടെ
രാത്രിയില്‍
കടലിനെ തോര്‍ത്തിയെടുക്കുകയാണ്
ഉരുക്കുതോണികള്‍
നങ്കൂരമിട്ട വടുക്കളില്‍
തേന്‍ പുരട്ടുകയാണ്.

ഉറഞ്ഞുപോയ
കപ്പല്‍ച്ചാലുകള്‍ സൂക്ഷിക്കുന്ന
അലമാരകള്‍
നെടുവീര്‍പ്പിടുമ്പോള്‍ അപ്രത്യക്ഷമാകുന്ന
രക്തത്തിന്റെ രാത്രികള്‍


ഋതുക്കളെ മാറ്റിമറിക്കുന്ന
അലക്കുകാരന്റെ വീട്
ഈ തെരുവിലാണ്.
ഒരു പാന്റോ ഷര്‍ട്ടോ
അലക്കുമ്പോള്‍
മഴക്കാലം മാറി മഞ്ഞുകാലം
വരുന്നു.
ഒരു കുഞ്ഞുടുപ്പ് തിരുമിയെടുക്കുമ്പോള്‍
വസന്തം വാതിലില്‍ മുട്ടുന്നു.

(രതിയിലേര്‍പ്പെടുന്നവരുടെ വിയര്‍പ്പില്‍നിന്നും
നിശ്വാസങ്ങളില്‍നിന്നും
അരക്കെട്ടിലെ ചലനങ്ങളില്‍നിന്നും
കൊട്ടാരത്തിലെ ധാന്യപുരകള്‍
നിറയ്ക്കുകയാണ്.)

എന്റെ നഗരങ്ങള്‍ക്ക് കുപ്പായം തുന്നുകയാണ്
മരിച്ചുപോയ നെയ്ത്തുകാര്‍.
ഓരോ വളവിലും
അവരുടെ മക്കളുടെ ചിരിയും
കരച്ചിലും രാത്രികളും
തുന്നിചേര്‍ക്കുന്നുണ്ട്. 

നദിയില്‍
വെള്ളത്തിന്റെ വിത്തുകള്‍
ഉണക്കാനിടുന്നു


തൊലിപ്പുറത്തെ അസുഖങ്ങള്‍ക്കുള്ള
മരുന്നുകള്‍ സൂക്ഷിക്കുന്നതുപോലെ
ഞാന്‍ നിന്റെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്നു
ഇടയ്ക്ക് മാത്രമെടുത്ത് ലേപനം ചെയ്യുന്നു.

(ഒരു പ്രഭാതസവാരിക്കാരന്റെ
വേഗതയാണ് ഞാന്‍ നിന്നില്‍നിന്ന്
പ്രതീക്ഷിക്കുന്നത്.
ഗോള്‍ഫ് ഗ്രൌണ്ടില്‍നിന്ന് പൊടുന്നനെ കാണാതാകുന്ന
പന്തുപോലെ
വളവ് തിരിഞ്ഞ് നീ അപ്രത്യക്ഷയാകണം.)

ഒരു കുതിരയെ നെടുകെ പിളര്‍ത്തി
നാം രണ്ട് യുഗങ്ങളിലേക്ക് യാത്ര തിരിക്കുകയാണ്.

തണുത്തുറഞ്ഞ ദ്വീപുകളില്‍നിന്ന്
യാത്ര തിരിക്കുന്നവര്‍
മരുഭൂമിയുടെ ശിഖരങ്ങളില്‍ കൂടുകൂട്ടുന്നു.

വൈകുന്നേരങ്ങളില്‍ കാറ്റുകൊള്ളാനിറങ്ങുന്ന
നിലച്ച വാച്ചുകളുടെ വീട്
അലിഞ്ഞ് തീരുന്ന തണുപ്പിന്റെ മേല്‍വസ്ത്രങ്ങളില്‍നിന്ന്
പുറത്താക്കപ്പെടുന്നവര്‍
പ്രാര്‍ത്ഥനകളുടെ കാലം കഴിഞ്ഞ്
വാതിലില്‍ മുട്ടുന്ന ഭീമന്‍ ഉറുമ്പുകള്‍
നിറയെ തുരങ്കങ്ങളുമായി ജീവിക്കുന്ന ഒരു യാത്രക്കാരിയുടെ
രാത്രികള്‍


പരാജയപ്പെട്ടവര്‍ക്ക്
പരാജയപ്പെട്ടവരുടെ പാട്ടുകാരുണ്ട്
വിജയിച്ചവര്‍ക്ക് വേണ്ടിയും
അവര്‍ പാടുന്നു.

(സ്വപ്നങ്ങളില്‍ കണ്ടുമുട്ടുന്നവര്‍ക്ക് മാത്രമാണ്
പാദങ്ങളില്ലാതെ നടക്കാനാവുന്നത്.
മറ്റൊരാളുടെ സ്വപ്നത്തില്‍ അറിയാതെ പെട്ടുപോയവരുടെ
പിറുപിറുക്കലുകള്‍ക്ക് കനം വെയ്ക്കുന്നുണ്ട്.

ദൂരെ ഗ്രാമത്തില്‍ മറ്റൊരാളുടെ സ്വപ്നത്തില്‍
കാത്തിരിക്കുന്ന രഹസ്യക്കാരിയെ കാണാനിറങ്ങിയ രണ്ടുപേര്‍
ഒരാളുടെ സ്വപ്നത്തില്‍ അറിയാതെ പെട്ടുപോകുന്നു.
അവസാനം അവര്‍ തമ്മില്‍ സൌഹൃദംപോലുമുണ്ടാകുന്നുണ്ട്.

ബീഡിക്ക് തീകൊളുത്തി അവര്‍ നാട്ടിലെ മഴക്കാലത്തെക്കുറിച്ചും
അമ്മയുണ്ടാക്കുന്ന മീന്‍കറിയെക്കുറിച്ചും സംസാരിക്കുകയാണ്.
സംസാരം പതുക്കെ
പ്രണയത്തിലേക്കും രഹസ്യക്കാരിയിലേക്കും തിരിയുന്നുണ്ട്.

സൂചനകളില്‍നിന്ന് ഇരുവരുടേയും
രഹസ്യക്കാരി ഒരാള്‍തന്നെയെന്ന്
ഇരുവരും തിരിച്ചറിയുന്നു.
 
സംസാരം കേട്ട് ഉറങ്ങിക്കിടന്നയാള്‍
എഴുന്നേക്കുന്നു
ഒരു ബീഡിക്ക് തീകൊളുത്തുന്നു

സൂചനകളില്‍നിന്ന്
സ്വപ്നത്തില്‍ സംസാരിച്ചവരുടെ
രഹസ്യക്കാരി തന്നെയാണ്
തന്റേതെന്ന് അയാളും തിരിച്ചറിയുന്നുണ്ട്.)


വീഞ്ഞ് എന്ന നഗരം
വീഞ്ഞ് എന്ന നഗരത്തിലെ രാത്രികള്‍
തെരുവിലെ മെഴുകുതിരികളെപ്പോലെ
അഴിഞ്ഞുലയുന്നു.
എല്ലാവരും നോട്ടമിടുന്ന
കുള്ളന്റെ സുന്ദരിയായ ഭാര്യയെപ്പോലെ
ചുളുങ്ങിക്കൂടുന്നു.

ട്രപ്പീസ് കളിക്കാര്‍ക്ക് മാത്രം കയറിവരാവുന്ന
ഒരു വീട്ടിലാണ് താമസിക്കുന്നത്.
കോണിപ്പടിക്ക് ചുവട്ടില്‍നിന്ന്
കുട്ടിക്കരണം മറിഞ്ഞ് കിടപ്പുമുറിയിലേക്കെത്തുന്ന
വിരുന്നകാര്‍ക്ക് മാത്രമാണ്
എന്റെ കന്യകമാരുടെ ആലിംഗനം ലഭിക്കുക. 
 
മുകളിലേക്കെറിഞ്ഞ തൊപ്പികള്‍ക്ക് തിരിച്ചെത്താന്‍
പാകത്തിന് കൈകളെ ക്രമീകരിക്കുകയാണ്.
തുവാലയില്‍നിന്ന് പറത്തിയ പ്രാവുകള്‍
ഇതുവരെ തിരിച്ചെത്തിയിട്ടില്ല. 

(ഈ നഗരത്തില്‍
വീഞ്ഞ്
രഹസ്യങ്ങളുടെ താക്കോലാണ്.

വിദൂഷകന്റെ വീട്
ഇലകള്‍ പൊഴിഞ്ഞുതീര്‍ന്ന
ഒരു മരത്തിന് കീഴേയാണ്.)

ക്ഷണിക്കപ്പെടാത്ത അതിഥികള്‍
നിറഞ്ഞിരിക്കുന്ന വീട്ടില്‍നിന്നും
പരിചാരികമാര്‍ ഒളിച്ചോടുകയാണ്.

കുഴിയിലേക്ക് കാലുംനീട്ടി ഇരിക്കുന്നവരുമായി
എനിക്ക് ബന്ധമില്ല.
ബീഡി മണക്കുന്ന അവരുടെ പാട്ടുകള്‍
എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നില്ല.
വ്രണം പൊതിഞ്ഞ അവരുടെ കാലുകള്‍ക്ക്
കാവല്‍ നില്‍ക്കുന്ന ഈച്ചകളുടെ നേതാവ് മാത്രമാണ്
ഞാന്‍.


വീഞ്ഞ് എന്ന ഗ്രാമം
തിരക്ക് പിടിച്ച ബസിലേക്ക് കയറുമ്പോള്‍
അനാവൃതമാകുന്ന നിന്റെ കണങ്കാലുകളുടെ കാഴ്ചയാണ്
എന്റെ ഏറ്റവും വില പിടിച്ച ഓര്‍മ്മ.

(ഒരു ഗുണ്ടാനേതാവിന്റെ ഇടിവളയാണ്
ഞാന്‍.
പോലീസ് സ്റേഷന്‍ ആക്രമിക്കാനോ
എതിര്‍സംഘത്തിലെ ഒരുവനെ
കുനിച്ച് നിര്‍ത്താനോ എനിക്ക് മടിയില്ല.
ഒത്തുതീര്‍പ്പ് മേശയില്‍
കപ്പിനും ചുണ്ടിനുമിടയില്‍
എന്റെ ഇടികൊണ്ട് നീ തൂറും.)

എന്തെന്നാല്‍
ചുംബനം മുഖം മുറിഞ്ഞുപോയ
രണ്ടുപേര്‍ തമ്മിലുള്ള സന്ധിസംഭാഷണമാകുന്നു.

1 comment:

ശിഹാബ് മദാരി said...

കവിത മനസ്സിലാവാൻ എനിക്ക് ഒരു പാട് വായന വേണ്ടി വരും ... വായിക്കാൻ രസമുണ്ട് ... എന്തായാലും ഇപ്പോൾ ഒരഭിപ്രായം ഇല്ല. നോക്കട്ടെ .

Post a Comment